UPDATES

സയന്‍സ്/ടെക്നോളജി

കാട്ടുതീയും ചൂടുകാറ്റും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷഫലം

യൂറോപ്പിലുടനീളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരദൃശ്യങ്ങള്‍ കാണാം. ആര്‍ട്ടിക് സര്‍ക്കിള്‍ മുതല്‍ ഗ്രീസില്‍ വരെയും വടക്കേ അമേരിക്ക മുതല്‍ ജപ്പാന്‍ വരെയും അതിന്റെ അനുരണനങ്ങള്‍ പ്രകടമാണ്.

ലോകമെമ്പാടും നാശം വിതച്ചുകൊണ്ടിരുന്ന കാട്ടുതീയും ചൂടുകാറ്റും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷഫലമാണ്. തത്സമയം നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ് ആഗോളതാപനത്തിന്റെ പ്രത്യാഘാതമെന്ന് ലോകത്തെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായ പ്രൊഫ. മൈക്കിള്‍ മാന്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാക്കുമെന്ന് നേരെത്തെതന്നെ പ്രവചിക്കപ്പെട്ട കാര്യമാണ്. ഈ പ്രവചനങ്ങള്‍ ശരിയാണെന്ന് ശാസ്ത്രജ്ഞന്മാര്‍ ഇപ്പോള്‍ ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കന്‍ യൂറോപ്പിലും യുകെയിലും അനുഭവപ്പെടുന്ന കഠിനമായ ചൂട് ആഗോളതാപനത്തിന്റെ പ്രകടമായ തെളിവാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ തീര്‍ച്ചപ്പെടുത്തുന്നു.

‘ഇത് കാലാവസ്ഥാ മാറ്റത്തിന്റെ മുഖമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അഭാവത്തില്‍ ഇത്ര തീവ്രമായ ഒരന്തരീക്ഷം നമുക്ക് കാണാന്‍ കഴിയില്ല. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം അത്ര നിസ്സാരമല്ല. ഈ വേനല്‍ക്കാലത്ത് നമ്മള്‍ തത്സമയം കണ്ടുകൊണ്ടിരിക്കുന്നത് അതിന്റെ ഉത്തമ ഉദാഹരണമാണ്. നമ്മുടെ പ്രവചനങ്ങള്‍ ശരിയാണെന്ന് നാം തിരിച്ചറിയുന്നു. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍, ഭൂമിയിലെ ഒരു പൗരന്‍ എന്ന നിലയില്‍, ആവശ്യമായ നടപടികള്‍ സ്വീകരിക്കപ്പെടുന്നില്ല എന്ന് കാണാന്‍ വളരെ ബുദ്ധിമുട്ട് തോന്നുന്നു എന്ന് മൈക്കിള്‍ മാന്‍ ‘ദ ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

യൂറോപ്പിലുടനീളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരദൃശ്യങ്ങള്‍ കാണാം. ആര്‍ട്ടിക് സര്‍ക്കിള്‍ മുതല്‍ ഗ്രീസില്‍ വരെയും വടക്കേ അമേരിക്ക മുതല്‍ ജപ്പാന്‍ വരെയും അതിന്റെ അനുരണനങ്ങള്‍ പ്രകടമാണ്. വടക്കന്‍ യൂറോപ്പിലെ ഉഷ്ണതരംഗത്തെ കുറിച്ച് ശാസ്ത്രീയ വിലയിരുത്തല്‍ നടത്തിയ റോയല്‍ നെതര്‍ലാന്റ്‌സ് കാലാവസ്ഥാ സ്ഥാപനത്തിലെ ഗീര്‍ട്ട് ജാന്‍ വാന്‍ ഓള്‍ഡന്‍ ബര്‍ഗും, ലോക കാലാവസ്ഥാ വ്യതിയാന കണ്‍സോര്‍ഷ്യത്തിലെ സഹപ്രവര്‍ത്തകരും കാലാവസ്ഥാ മാറ്റത്തിന്റെ വിരലടയാളങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ നമുക്ക് കാണാം എന്ന് സാക്ഷ്യപ്പെടുത്തുന്നു.

ജെറ്റ് സ്ട്രീമില്‍ വന്ന കാര്യമായ മാറ്റമാണ് യൂറോപ്പില്‍ കണ്ടുകൊണ്ടിരിക്കുന്ന തീവ്രമായ ഉഷ്ണ തരംഗത്തിന് കാരണം. ഇത് രണ്ടുമാസം അസാധാരണമാംവിധം ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ സൃഷ്ടിച്ചു. ആര്‍ട്ടിക് സമുദ്രത്തില്‍ ചൂട് കൂടുകയും മഞ്ഞുപാളികള്‍ ഉരുകാന്‍ തുടങ്ങുകയും ചെയ്തു. ഉത്തരാര്‍ദ്ധ ഗോളത്തെ വലയം ചെയ്യുന്ന ജെറ്റ് സ്ട്രീമിന് ആഗോള താപനവുമായി വലിയ ബന്ധമാണുള്ളത്. കാലാവസ്ഥാ വ്യതിയാനം ഈ സംഭവങ്ങളെ സ്വാധീനിക്കുകയും അവരെ കൂടുതല്‍ തീവ്രമാക്കുകയും ചെയ്യുന്നുണ്ടോ എന്ന പ്രസക്തമായ ചോദ്യവവും പ്രൊഫ. മൈക്കിള്‍ ഉന്നയിച്ചു. ആഗോള താപനത്തെത്തുടര്‍ന്നുള്ള ആഘാതം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗ്രീന്‍ഹൗസ് വാതകം പുറന്തള്ളുന്നത് ഗണ്യമായി വെട്ടിച്ചുരുക്കാന്‍ ഇനിയും വൈകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതല്‍ വായിക്കൂ: ദി ഗാര്‍ഡിയന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍