UPDATES

സയന്‍സ്/ടെക്നോളജി

ചരിത്രനേട്ടമായി ഫാല്‍ക്കണ്‍ ഹെവി

ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിക്ഷേപണം വിജയകരം; സ്‌പേസ് എക്‌സിന് ഇത് ചരിത്ര നിമിഷം

ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ച് സ്‌പേസ് എക്‌സ്. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഫ്‌ളോറിഡയിലെ സ്‌പേസ് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപണം. ഇതോടെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റിനെ വിജയകരമായി വിക്ഷേപിച്ചു എന്ന നേട്ടം എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് സ്വന്തമാക്കി. 2004 ല്‍ വിക്ഷേപിച്ച ഡെല്റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കോര്‍ഡാണ് ഫാല്‍ക്കന്‍ മറികടന്നത്. പുനരുപയോഗത്തിനു സാധിക്കുന്ന മൂന്നു ഭാഗങ്ങളും റോക്കറ്റിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. ഇതു ഭൂമിയിലേക്ക് തിരിച്ചിറക്കിയതും ഫാല്‍ക്കണ്‍ ഹെവിയുടെ വന്‍ വിജയമാണ്.

27 എഞ്ചിനുകളാണ് ഫാല്‍ക്കന്‍ ഹെവി റോക്കറ്റിലുണ്ടായിരുന്നത്. ടെസ്‌ല കാറും വഹിച്ചായിരുന്നു ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം. ഇവയില്‍ ഘടിപ്പിച്ച മൂന്ന് റോക്കറ്റ് ബൂസ്റ്ററുകള്‍ ഭൂമിയില്‍ ഇറക്കാനുളള ശ്രമം വിജയം കണ്ടില്ല എന്നതു മാത്രമാണ് വിക്ഷേപണത്തിലുണ്ടായ ഏക പോരായ്മ. 18 ബോയിങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജമാണ് ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണത്തിലൂടെ കത്തിത്തീര്‍ന്നത്.

എന്താകും ഫാല്‍ക്കണ്‍ ഹെവിയുടെ ഉപയോഗം
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയയ്ക്കുക എന്ന അനന്തസാധ്യതയാണ് ഫാല്‍ക്കണ്‍ മുന്നോട്ടു വെയ്ക്കുന്നത്. 63,500 കിലോ ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാന്‍ ശേഷിയുണ്ട് ഫാല്‍ക്കണിന്.

ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഫാല്‍ക്കണ്‍ ഹെവിയിലൂടെ കഴിയും എന്നത് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്.

കൂടുതല്‍ കഴിവുള്ള റോബോട്ടുകളെ ശനി, വ്യാഴം പോലുള്ള ഗ്രഹങ്ങളിലേക്ക് എത്തിക്കാന്‍ ഫാല്‍ക്കണ്‍ ഹെവി സഹായിക്കും.

ഭാരമേറിയ ദൂരദര്‍ശിനികള്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന വലിയ ദൗത്യം ഫാല്‍ക്കണിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ സാധ്യമാകും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

സ്‌പേസ് എക്‌സിനെ അറിയാം
എലന്‍ മസ്‌കാണ് 2002ല്‍ സ്‌പേസ് എക്‌സ് എന്ന കമ്പനി സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തേക്കുള്ള ചരക്കു നീക്കമാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതുവരെയുള്ള സ്‌പേസ് എക്‌സിന്റെ ഏറ്റവും വലിയ ദൗത്യമാണ് ഫാല്‍ക്കണ്‍ ഹെവി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍