UPDATES

സയന്‍സ്/ടെക്നോളജി

നെപ്റ്റ്യൂണിന്‌ ചുറ്റും കുതിക്കുന്ന കുഞ്ഞൻ ഉപഗ്രഹത്തെ കയ്യോടെ പിടികൂടി

22 മണിക്കൂറിൽ ഒന്നെന്ന നിരക്കിലാണ് ഈ കുഞ്ഞൻ ഉപഗ്രഹം നെപ്ട്യൂണിനെ ചുറ്റുന്നത്.

നിഗൂഢതകൾ ഏറെയുള്ള ഗ്രഹമെന്ന് ഗവേഷകർ തന്നെ വിശേഷിപ്പിച്ച നെപ്റ്റ്യൂൺ ഗ്രഹത്തിന് ചുറ്റും അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞൻ ഉപഗ്രഹത്തെ കയ്യോടെ പിടിച്ചതിന്റെ ആഹ്ളാദത്തിലാണ് ഇപ്പോൾ ശാസ്ത്രലോകം. ആ ഇത്തിരിക്കുഞ്ഞന് ഒരു പേരും നൽകി- ഹിപ്പോക്യാമ്പ്. അമേരിക്കയിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ബഹിരാകാശഗവേഷകരുടെ വർഷങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഈ ഉപഗ്രഹത്തിന്റെ നെപ്റ്യൂണിനു ചുറ്റുമുള്ള സഞ്ചാരപഥത്തെയും വേഗതയേയും കുറിച്ച് കൂടുതൽ അറിയാനായത്. ദി നേച്ചർ മാസികയിലാണ് ഗവേഷകർ തങ്ങളുടെ നീണ്ട അന്വേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

ഈ കുഞ്ഞൻ ഉപഗ്രഹത്തെ കണ്ടെത്തുകയും കൂടുതൽ എന്തെങ്കിലും അറിയാൻ ശ്രമിക്കുകയും ചെയ്യുന്നത് വളരെ ശ്രമകരമായ ജോലിയായിരിക്കുമെന്ന് ശാസ്ത്രലോകം മുഴുവൻ അംഗീകരിക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹമാണ് നെപ്ട്യൂൺ. ഹിപ്പോക്യാമ്പ് ആണെങ്കിലോ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ചെറിയ ഉപഗ്രഹം. അപകടകരമായ വേഗതയിലാണ് അത് ഭ്രമണം ചെയ്യുന്നത്. 22 മണിക്കൂറിൽ ഒന്നെന്ന നിരക്കിലാണ് ഈ കുഞ്ഞൻ ഉപഗ്രഹം നെപ്ട്യൂണിനെ ചുറ്റുന്നത്. ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ ചന്ദ്രനെക്കാൾ പത്ത് മടങ്ങ് അധിക വേഗതയിലാണ് ഈ ഉപഗ്രഹം കുതിക്കുന്നതെന്നാണ് പഠനത്തലവൻ മാർക്ക് ഷോആൾട്ടർ പറയുന്നത്. നെപ്ട്യൂൺ നിഗൂഢതകളുടെ ഒരു ഗ്രഹമാണെന്നും ഇനിയും പലതും കണ്ടെത്താനുണ്ടെന്നും അദ്ദേഹം നേച്ചർ മാസികയിൽ എഴുതുന്നു.

2004ൽ തന്നെ ഈ കുഞ്ഞൻ ഉപഗ്രത്തെ കണ്ടെത്തിയിരുന്നെങ്കിലും ഈ ഉപഗ്രഹത്തിന്റെ സവിശേഷതകളോ കൃത്യമായ ഫോട്ടോഗ്രാഫുകളോ സഞ്ചാരപഥത്തെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഇതേകുറിച്ച് കൂടുതൽ അറിയാൻ 2009 ലും 2016 ലും ശ്രമങ്ങൾ ഉണ്ടായി. ഇപ്പോഴാണ് വ്യക്തമായ ചിത്രങ്ങളുടെ സഹായത്തോടെ ഈ ഉപഗ്രഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടുന്നത്.

എന്താണ് ഹിപ്പോക്യാമ്പ്?

നെപ്ട്യൂണിനെ ചുറ്റുന്ന മിക്കവാറും ഉപഗ്രഹങ്ങൾക്കൊക്കെ പേര് ലഭിച്ചത് കടലുമായി ബന്ധപ്പെട്ട പുരാണങ്ങളിൽ നിന്നും കഥകളിൽ നിന്നുമാണ്. പുരാണങ്ങളിലെ പാതി കുതിരയും പാതി മൽസ്യവുമായ ജീവിയുടെ പേരാണ് ഹിപ്പോക്യാമ്പ്. കടൽ കുതിരയുടെ ശാസ്ത്രീയ നാമത്തിലും ഈ പേര് കാണാം. കടലിലെ അത്ഭുതങ്ങൾ അറിയാൻ അടങ്ങാത്ത ആഗ്രഹമുള്ള ഷോആൾട്ടർ നിർദേശിച്ച ഈ പേര് പിന്നീട് ഇന്റർനാഷണൽ അസ്‌ട്രോണോമിക് യൂണിയൻ അംഗീകരിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍