UPDATES

സയന്‍സ്/ടെക്നോളജി

ചുട്ടുതിളച്ച ജൂണ്‍; ലോകം കടന്നുപോയത് 1880-ന് ശേഷം അനുഭവപ്പെട്ട ഏറ്റവും ചൂടേറിയ മാസം

ഒരു നൂറ്റാണ്ട് മുന്‍പുണ്ടായതിനേക്കാള്‍ നാല് ഡിഗ്രി അധികം ചൂടാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്

യൂറോപ്യന്‍ രാജ്യങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്നതെന്ന് ശാസ്ത്രജ്ഞര്‍. കാലാവസ്ഥാ വ്യതിയാനമാണെന്ന് ഇതിന് കാരണം. ഒരു നൂറ്റാണ്ട് മുന്‍പുണ്ടായതിനേക്കാള്‍ നാല് ഡിഗ്രി അധികം ചൂടാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, യൂറോപ്പിനെ ബാധിച്ചിരിക്കുന്ന ഈ ഉഷ്ണ തരംഗത്തിന് നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ തീവ്രതയും വേഗവും കൂടുതലാണ്.

യൂറോപ്യൻ യൂണിയന്‍റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കു പ്രകാരം, യൂറോപ്പടക്കം ലോകത്താകമാനം 1880-ന് ശേഷം അനുഭവപ്പെട്ട ഏറ്റവും ചൂടേറിയ മാസമാണ് കഴിഞ്ഞു പോയത്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ജർമ്മനി, സ്പെയിൻ എന്നിവിടങ്ങളിൽ യൂറോപ്യൻ ഹീറ്റ് വേവ് ഇതുവരെയുള്ള എല്ലാ താപനില റെക്കോർഡുകളും തകര്‍ത്തു. വടക്കൻ സ്‌പെയിനിലെ ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രിയിലും കൂടുതലായിരുന്നു. സരഗോസ നഗരത്തില്‍ 42 സി-യാണ് രേഖപ്പെടുത്തിയത്. കറ്റാലൻ പട്ടണങ്ങളായ വിനെബ്രെക്കും മാസ്‌റോയിഗിനുമിടയിലുള്ള ഒരു കാലാവസ്ഥാ കേന്ദ്രം 43.3 സി ചൂട് റെക്കോർഡു ചെയ്തിരുന്നു. ഫ്രാൻസിലെ തെക്കൻ ഗ്രാമമായ ഗല്ലാർഗ്യൂസ്-ലെ-മോണ്ട്യൂക്സിലാണ് ഏറ്റവും ഉയർന്ന താപനില – 45.9 സി – രേഖപ്പെടുത്തിയത്.

കനത്ത ചൂട് സ്പെയിനിലും ജർമ്മനിയിലും കാട്ടുതീയിലേക്കും ഭൂഖണ്ഡത്തിലുടനീളം കനത്ത നാഷനഷ്ടങ്ങളിലേക്കും നയിച്ചു. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി. 2003-ലെ ഹീറ്റ് വേവ് യൂറോപ്പിലുടനീളം 70,000 അകാല മരണങ്ങൾക്ക് കാരണമായിരുന്നു. ‘കാലാവസ്ഥാ വ്യതിയാനം ഇവിടെ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന ശക്തമായ ഓര്‍മ്മപ്പെടുത്തലാണിതെന്ന്’ പുതിയ വിശകലങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞരിൽ ഒരാളായ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ. ഫ്രീഡെറിക് ഓട്ടോ പറഞ്ഞു.
മനുഷ്യന്‍റെ ഇടപെടലുകള്‍ നിമിത്തം കാർബൺ പുറന്തള്ളൽ ക്രമാതീതമായി ഉയരുന്നതോടെ കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന പങ്കുവഹിക്കുന്ന ഉഷ്ണ തരംഗങ്ങൾ കൂടുതൽ കഠിനമായി അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. 2018-ൽ വടക്കൻ അർദ്ധഗോളത്തിലുടനീളമുണ്ടായ അഭൂതപൂർവമായ ചൂടും കാട്ടുതീയും ‘മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനമില്ലാതെ’ മറ്റൊന്നുമല്ലെന്നാണ് കണ്ടെത്തിയത്.

ജൂൺ 26 മുതൽ 28 വരെയുള്ള ഫ്രാൻസിലെ ഏറ്റവും ചൂടേറിയ മൂന്ന് ദിവസങ്ങളാണ് പുതിയ പഠനങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ആ മൂന്ന് പകലുകളിലും രാത്രികളിലും ശരാശരി 27.5 സി ആയിരുന്നു ചൂട്. 1901 വരെയുള്ള കാലയളവിലെ ദൈനംദിന ശരാശരി താപനിലകളുമായാണ് അവര്‍ അതിനെ തുലനം ചെയ്തത്. ആഗോള താപനത്തിന്റെ ആഘാതം വിലയിരുത്തുന്നതിനായി കാലാവസ്ഥാ വ്യതിയാന മാതൃകകളും അവർ പരിശോധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍