UPDATES

സയന്‍സ്/ടെക്നോളജി

ഹിമയുഗത്തിലേതെന്ന് കരുതപ്പെടുന്ന കടല്‍ജലം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും കണ്ടെത്തി

കാലാവസ്ഥ പഠനത്തില്‍ സഹായകരമെന്ന് ഗവേഷകര്‍

ഹിമയുഗത്തിലേതെന്ന് കരുതപ്പെടുന്ന കടല്‍ജലം കണ്ടെത്തിയതായി ഗവേഷകര്‍. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മധ്യഭാഗത്തുള്ള പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ചരിത്രത്തിലാദ്യമായി ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മാലിദ്വീപ് രൂപപ്പെടുന്നതിന് കാരണമായ ചുണ്ണാമ്പുകൽ നിക്ഷേപത്തെ കുറിച്ച് ഒരുമാസമായി പര്യവേക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

സമുദ്ര ശാസ്ത്ര വിശകലനത്തിന് പ്രത്യേകമായി നിർമിച്ച ‘ജോയിഡീസ് റെസലൂഷന്‍’ എന്ന കപ്പലാണ് ദൌത്യത്തിനായി ഉപയോഗിച്ചത്. കടലിന്‍റെ അടിത്തട്ടിലേക്ക് മൂന്നു മൈല്‍ ദൂരംവരെ ചെന്ന് പാറയുടെ അന്തര്‍ഭാഗത്തേക്ക് ഒരു മൈലോളം തുളച്ചു കയാറ്റാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ കപ്പലിലുണ്ട്. പാറയുടെ ഉള്ളിലുള്ള ജലം ഒന്നുകില്‍ വലിച്ചെടുത്ത് പുറന്തള്ളും അല്ലെങ്കില്‍ ഹൈഡ്രോളിക്ക് പ്രസ്‌ ഉപയോഗിച്ച് പിഴിഞ്ഞെടുക്കും.

മേഖലയിൽ എക്കല്‍പ്പാളികള്‍ എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് കണ്ടെത്തുകയായിരുന്നു ശാസ്ത്രജ്ഞരുടെ പ്രധാന ലക്ഷ്യം. എക്കല്‍പ്പാളികളാണ്‌ ഏഷ്യയില്‍ വർഷംതോറും ഉണ്ടാകുന്ന കാലവര്‍ഷത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. അതിനിടെയാണ് പാറയില്‍നിന്നും വലിച്ചെടുത്ത വെള്ളം അവര്‍ പരിശോധിക്കുന്നത്. സാധാരണ കടല്‍വെള്ളത്തേക്കാള്‍ ഉപ്പുരസം കൂടുതലായിരുന്നു അതിന്. അതാണ്‌ ഇതിലെന്തോ അസാധാരണമായത് അടങ്ങിയിട്ടുണ്ടെന്ന സംശയത്തിലേക്ക് അവരെ നയിച്ചത്.

ശാസ്ത്രജ്ഞര്‍ ആ വെള്ളം ലാബിലെത്തിച്ച് അതിലെ  രാസഘടകങ്ങളെയും ഐസോടോപ്പുകളെയും കുറിച്ച് നിരവധി പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. ഈ വെള്ളം ഇന്നത്തെ സമുദ്രത്തിൽ നിന്നല്ലെന്നും, മറിച്ച് കഴിഞ്ഞ കാലഘട്ടത്തെ അവസാനത്തെ ശേഷിപ്പുകളാണെന്നുമാണ് അവരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഹിമയുഗവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇതുവഴി സഹായകരമാകുമെന്ന് അവര്‍ കരുതുന്നു. അത് ഭാവിയിലെ കാലാവസ്ഥയെകുറിച്ചുള്ള കൃത്യമായ നിഗമനങ്ങളിലെത്താനും സഹായിക്കും.

‘മുന്‍പ്, ഫോസിലുകള്‍, പവിഴപ്പുറ്റുകള്‍, എക്കല്‍മണ്ണ് തുടങ്ങിയവയില്‍നിന്നും ലഭിച്ചിരുന്ന രാസകണികകള്‍ പരിശോധിച്ച് പരോക്ഷമായ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഹിമയുഗത്തെ കുറിച്ചുള്ള അനുമാനങ്ങളില്‍ എത്തിയിരുന്നത്. എന്നാൽ 20,000 വർഷം പഴക്കമുള്ള സമുദ്രത്തിന്‍റെ ഒരു യഥാർത്ഥ ഭാഗമാണ് നമുക്കിപ്പോൾ ലഭിച്ചിരിക്കുന്നതെന്ന്’ ചിക്കാഗോ സർവകലാശാലയിലെ ജിയോഫിസിക്കൽ സയൻസസിലെ അസിസ്റ്റന്റ് പ്രൊഫസറായ ക്ലാര ബ്ലറ്റ്ലർ പറഞ്ഞു.

കാലാവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ കടലിന്‍റെ സ്വാധീനം വളരെ വലുതാണ്‌. ഹിമയുഗത്തിലെ കാലാവസ്ഥയെ കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇന്നും ഒരുപാട് സംശയങ്ങളുണ്ട്. ഒരുപരിധിവരെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ഇത് സഹായിച്ചെക്കുമെന്നും ബ്ലറ്റ്ലർ പറഞ്ഞു.

Read More: ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍