UPDATES

സയന്‍സ്/ടെക്നോളജി

ആ പ്രചരണങ്ങള്‍ വിശ്വസിക്കരുത്; ഇത് സുനാമിയല്ല, ഭീതി വേണ്ട

വാട്ടര്‍സ്പൗട്ട് ഒരു അസാധാരണ പ്രതിഭാസമല്ലെന്നും മിക്കപ്പോഴും കടലിലും കായലിലും രൂപപ്പെടുന്ന ഒരു സാധാരണ പ്രതിഭാസം മാത്രമാണെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്

വേളിയില്‍ ഞായറാഴ്ചയുണ്ടായ പ്രകൃതി പ്രതിഭാസം സുനാമി മുന്നറിയപ്പല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. വേളിയിലുണ്ടായ വാട്ടര്‍സ്‌പോട്ട് എന്ന പ്രതിഭാസം സുനാമിയ്ക്കും ചുഴലിക്കാറ്റിനുമുള്ള മുന്നറിയിപ്പാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാട്ടര്‍സ്പൗട്ട് ഒരു അസാധാരണ പ്രതിഭാസമല്ലെന്നും മിക്കപ്പോഴും കടലിലും കായലിലും രൂപപ്പെടുന്ന ഒരു സാധാരണ പ്രതിഭാസം മാത്രമാണെന്നുമാണ് അദ്ദേഹം പറയുന്നത്.

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതായും സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ അറിയിച്ചു. വാട്ടര്‍സ്പൗട്ട് കഴിഞ്ഞ വര്‍ഷവും വര്‍ക്കല-പാപനാശം ഭാഗത്തും ഉണ്ടായിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ചിരപരിചിതമായ ഒരു പ്രതിഭാസമാണെന്നും കെഎസ്ഡിഎംഎയില്‍ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ആയ പാര്‍വതി അഴിമുഖത്തോട് വ്യക്തമാക്കി. ഇടിമിന്നല്‍ വരുമ്പോള്‍ രണ്ട് മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിഭാസമാണിതെന്നും അവര്‍ വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം മൂലമാണ് ഇപ്പോള്‍ മഴ പെയ്യുന്നത്. ഈമാസം 29 വരെ ഈ ന്യൂനമര്‍ദ്ദം തുടരുമെന്നാണ് കരുതുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് വിഎസ്എസ്‌സിയുടെ ഭാഗമായ ടേള്‍സിന് സമീപം ഉള്‍ക്കടലില്‍ വാട്ടര്‍സ്പൗട്ട് രൂപപ്പെട്ടത്. ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് ഫൗണ്ടന്‍ പോലെ മേഘം താഴേക്ക് വരികയും കടലില്‍ വലിയ തിരയിളക്കമുണ്ടാകുകയുമായിരുന്നു. ഇതിന്റെ ശക്തിയില്‍ കടല്‍ വെള്ളം ഫണല്‍ പോലെ മുകളിലേക്ക് ഉയരുകയും ചെയ്തു. കടലിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങിയ പ്രതിഭാസം അഞ്ച് മിനിറ്റോളം ദൃശ്യമായി. ടെക്‌നോപാര്‍ക്ക് അടക്കം വിവിധ ഭാഗങ്ങളില്‍ നിന്നും പലരും ദൃശ്യം മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിച്ചതോടെയാണ് ഇത് സുനാമിയാണെന്നും കൊടുങ്കാറ്റാണെന്നും ചുഴലിക്കാറ്റാണെന്നുമൊക്കെയുള്ള ആശങ്കയും പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

തുലാവര്‍ഷക്കാലത്ത് ഈ പ്രതിഭാസം പതിവാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍