UPDATES

സയന്‍സ്/ടെക്നോളജി

ഇന്ന് രക്തചന്ദ്രനെ കാണൂ; സ്വന്തം നിഴലുകളെ ഭയപ്പെട്ട് ഈ മഹാവിസ്മയം പാഴാക്കരുത്

പൂര്‍ണചന്ദ്രന്‍ ഭൂമിയുടെ നിഴലിലൂടെ നീങ്ങുമ്പോള്‍ അതിനെ കുറച്ചു മണിക്കൂറുകള്‍ ഗ്രഹണം ബാധിക്കും. ഇതൊരു സമ്പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും, ഇന്ത്യയില്‍ ഏതാണ്ടെല്ലായിടത്തുനിന്നും കാണാനാകും.

ജനുവരി 31 വൈകുന്നേരം കിഴക്കന്‍ ആകാശത്തേക്ക് നോക്കുമ്പോള്‍ നമ്മുടെ സൌരയൂഥം ഇടയ്ക്കിടെ കാണിക്കുന്ന ഇന്ദ്രജാലത്തില്‍, നമ്മുടെ ഭൂമിയും ചന്ദ്രനും വിട്ടുവീഴ്ച്ചയില്ലാതെ സൂര്യന് ചുറ്റുമുള്ള അവയുടെ ഭ്രമണപഥത്തിലൂടെ നീങ്ങുമ്പോള്‍, നാം ഒരു നിഴല്‍നൃത്തത്തിന് സാക്ഷിയാകും. പൂര്‍ണചന്ദ്രന്‍ ഭൂമിയുടെ നിഴലിലൂടെ നീങ്ങുമ്പോള്‍ അതിനെ കുറച്ചു മണിക്കൂറുകള്‍ ഗ്രഹണം ബാധിക്കും. ഇതൊരു സമ്പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും, ഇന്ത്യയില്‍ ഏതാണ്ടെല്ലായിടത്തുനിന്നും കാണാനാകും. പ്രകൃതി ഒരുക്കുന്ന ഈ മഹേന്ദ്രജാലത്തിന് സാക്ഷിയാകാന്‍ നമ്മള്‍ വീട്ടുകാരും കൂട്ടുകാരുമായി പുറത്തുപോകണം എന്നുമാത്രം.

ഗ്രഹണങ്ങള്‍ മനുഷ്യരാശിയെ ആയിരക്കണക്കിന് കൊല്ലങ്ങളായി ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്താണ് ഗ്രഹണമെന്ന് നമുക്കറിയാത്ത കാലത്ത്, മാറ്റമില്ലാത്ത ആകാശത്തു കുറെ നേരം ചന്ദ്രനെയും സൂര്യനെയും എന്തോ അജ്ഞാത വസ്തു മറയ്ക്കുന്നത് ഭയപ്പെടുത്തുന്ന സംഭവമായിരുന്നു. എല്ലാ സംസ്കാരങ്ങളിലും, ഏതോ വിചിത്ര ജന്തു സൂര്യനേയോ ചന്ദ്രനെയോ വിഴുങ്ങുന്ന കഥകളുണ്ട്- ചൈനയില്‍ വ്യാളി, വിയത്നാമില്‍ തവള, ഹംഗറിയില്‍ ഒരു പക്ഷി, സൈബീരിയയില്‍ കരടി, മായന്‍മാര്‍ക്ക് ഒരു പാമ്പ്, പിന്നെ ഇന്ത്യയില്‍ രാഹുവും കേതുവും. എന്നാല്‍, ഈ സംസ്കാരങ്ങളിലെല്ലാം പ്രാദേശിക ശാസ്ത്രജ്ഞര്‍ ഗ്രഹണത്തിന്റെ വസ്തുതകള്‍ മനസിലാക്കിയതോടെ ഭയവും അമ്പരപ്പും തിരിച്ചറിവിനും ആസ്വാദനത്തിനും വഴിമാറി.

ഇന്ത്യയില്‍ ആദ്യകാല കഥകള്‍ സ്വര്‍ഭാനു എന്ന രാക്ഷസനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. രാഹുവും കേതുവും അമൃത് കടഞ്ഞെടുക്കലുമായി ഈ കഥകള്‍ മാറി. ധൂമകേതുക്കളുടെയും ഉല്‍ക്കകളുടെയും പേരായ കേതു, ഗ്രഹണവുമായും ബന്ധപ്പെട്ടു പറഞ്ഞിരുന്നു. ഗ്രീക്കുകാരില്‍ നിന്നും ജ്യോതിഷം കൈമാറിയതോടെ ഈ തിരിച്ചറിവ് കൂടുതലുറച്ചു. ഇന്നത്തെ പാറ്റ്നയില്‍ ജനിച്ച മഹാപ്രതിഭയായ ആര്യഭട്ടനാണ് (476-550 സി ഇ) ഗ്രഹണത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയും അവ കണക്കാക്കുന്നതിനുള്ള രീതി ഉണ്ടാക്കുകയും ചെയ്തത്. അടുത്ത പല നൂറ്റാണ്ടുകളിലായി അദ്ദേഹത്തിന്റെ രീതി ഉന്ത്യയിലെ ജ്യോതിശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ പരിഷ്ക്കരിച്ചു. ഇപ്പോഴുമിത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉപയോഗിക്കുന്നു.

വിദ്യാലയത്തില്‍ നമ്മളെല്ലാം പഠിക്കുന്നത് ചന്ദ്രന്റെ നിഴല്‍ ഭൂമിയുടെ മുകളില്‍ വീഴുമ്പോള്‍ സൂര്യ ഗ്രഹണവും, ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ മേല്‍ വീഴുമ്പോള്‍ ചന്ദ്രഗ്രഹണവും ഉണ്ടാകുന്നു എന്നാണ്. അപ്പോളെന്തുകൊണ്ടാണ് എല്ലാ പൌര്‍ണമിക്കും അമാവാസിക്കും നമുക്ക് ഗ്രഹണങ്ങള്‍ കാണാന്‍ പറ്റാത്തത്? ഭൂമിയുടെ ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥവും സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥവും ഒരേ തലത്തിലല്ല. ഇവ ഒന്നു മറ്റൊന്നിനോട് 5 ഡിഗ്രി ചെരിഞ്ഞാണ് ഇരിക്കുന്നത്. അതിനാല്‍, സാധാരണ നിലയിലുള്ള അമാവാസിക്കോ പൌര്‍ണമിക്കോ സൂര്യനും ഭൂമിയും ചന്ദ്രനും കൃത്യം ഒരേ രേഖയില്‍ വരില്ല. ഉദാഹരണത്തിന്, മിക്കവവാറും അമാവാസി ദിവസങ്ങളില്‍ ചന്ദ്രന്‍ ആകാശത്തു സൂര്യന് അടുത്തുകൂടെ നീങ്ങുന്നു, പക്ഷേ അതിനെ മറയ്ക്കാനാവുന്നത്ര അടുത്തെത്തുന്നില്ല. ഇതുതന്നെ പൌര്‍ണമിക്കും സംഭവിക്കുന്നു.

ജനുവരി 31-നു സംഭവിക്കുന്നത് സൂര്യനും ഭൂമിയും ചന്ദ്രനും ഒരിക്കല്‍ക്കൂടി നേര്‍രേഖയില്‍ വരുന്നു എന്നാണ്. അങ്ങനെ നമുക്കൊരു സമ്പൂര്‍ണ ചന്ദ്രഗ്രഹണം കാണാനാകും. ഭൂമിയുടെയും ചന്ദ്രന്റേയും നിഴലിന് ഒരു കല/ഗ്രഹച്ഛായയുണ്ട്. ഇതാണ് ശരിക്കും ഇരുണ്ട ഭാഗം. പിന്നെയുള്ള, നിഴലും വെളിച്ചവും ലയിക്കുന്ന അല്പച്ഛായയില്‍ മുഴുവനായും ഇരുണ്ടതല്ല. ഒരു കഷ്ണം കടലാസില്‍ നിന്നും കുറച്ചു ദൂരത്തില്‍ ഒരു വസ്തു പിടിച്ച് നിഴലിലേക്ക് നോക്കിയാല്‍ നിങ്ങള്‍ക്കിത് മനസിലാകും. ഈ ചന്ദ്രഗ്രഹണത്തില്‍ പൂര്‍ണ ചന്ദ്രന്‍ ആദ്യം അല്പച്ഛായയില്‍ പ്രവേശിക്കുകയും കുറച്ചു മങ്ങിക്കാണുകയും ചെയ്യും. ഈ ഘട്ടം കാണാതെ പോകാന്‍ എളുപ്പമാണ്. പിന്നീട് ചന്ദ്രന്‍ ഗ്രഹച്ഛായയില്‍ പ്രവേശിക്കും, അപ്പോളാണ് ഭാഗിക ചന്ദ്രഗ്രഹണം. അപ്പോള്‍ ഭൂമിയുടെ നിഴലിന്റെ ആകൃതി സാവധാനത്തില്‍ ചന്ദ്രനെ മറയ്ക്കുന്നത് നമുക്ക് വ്യക്തമായി കാണാം. വലിയ അളവില്‍ ചന്ദ്രനെ മറച്ചുകഴിയുമ്പോള്‍ ചന്ദ്രന്റെ നിറം മങ്ങിയ ചുവപ്പായി മാറിയത് നാം ശ്രദ്ധിക്കും. ചന്ദ്രന്‍ പൂര്‍ണമായും മായുമ്പോള്‍ അതിന്റെ നിറം ചുവപ്പായി (quire red) മാറുന്നു. അങ്ങനെയാണ് അതിനു രക്തചന്ദ്രന്‍ (blood moon) എന്ന പേര് വന്നത്. പിന്നെ ചന്ദ്രന്‍ ഭൂമിയുടെ ഭ്രമണപഥം പൂര്‍ണമായും വിടുന്നതുവരെ ഈ പ്രക്രിയ മുഴുവനും തിരിച്ചും നടക്കുന്നു. ജനുവരി 31-നു ഭാഗിക ഗ്രഹണം വൈകുന്നേരം 5.18-നു ആരംഭിക്കും. പൂര്‍ണ ഗ്രഹണം വൈകീട്ട് 6.22 മുതല്‍ 7.38 വരെയാണ്. ഭാഗിക ഗ്രഹണം രാത്രി 8.41-നു അവസാനിക്കും. അല്പച്ഛായ ഗ്രഹണം രാത്രി 9.39നു തീരും.

നിര്‍ഭാഗ്യവശാല്‍, മുഴുവന്‍ ഗ്രഹണവും നമുക്ക് ഇന്ത്യയില്‍ നിന്നും കാണാനാകില്ല- ഗ്രഹണം തുടങ്ങിയതിന് ശേഷമേ ചന്ദ്രന്‍ ഉദിക്കൂ. എന്നാലും, നമ്മള്‍ പടിഞ്ഞാട്ടു നീങ്ങുന്തോറും ചന്ദ്രോദയം വൈകുന്നതിനാല്‍, നിങ്ങള്‍ എത്ര കിഴക്കാണോ അത്രയും കൂടുതല്‍ ഗ്രഹണം നിങ്ങളുടെ പ്രദേശത്തുനിന്നും കാണാനാകും. ഇറ്റാനഗറില്‍ വൈകീട്ട് 4.47, കൊല്‍ക്കത്ത 5.16, പാറ്റ്ന 5.25, ഡല്‍ഹി 5.53, ചെന്നൈ 6.04, മുംബൈ 6.27 എന്നിങ്ങനെയാണ് ചന്ദ്രോദയ സമയം. നിങ്ങളുടെ പ്രദേശത്തുനിന്നും എപ്പോഴാണ് ഗ്രഹണം കാണാന്‍ സാധിക്കുക എന്ന് ഇതില്‍നിന്നും കണക്കാക്കാം.

ഈ ഗ്രഹണത്തെ ‘Super Blue Blood Moon’ എന്നു വിളിക്കുന്നു. നമുക്കീ വിശേഷണത്തെ ഒന്നു നിവര്‍ത്തിനോക്കാം. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത് ഒരു അണ്ഡാകൃതിയായ ഭ്രമണപഥത്തിലാണ്. നമ്മെ ചുറ്റുമ്പോള്‍ വിവിധ സമയങ്ങളില്‍ അതിന് നമ്മളില്‍ നിന്നുള്ള അകലം വ്യത്യസ്തമായിരിക്കും എന്നാണ് ഇതിനര്‍ത്ഥം, എന്നാല്‍ വളരെ വലിയ വ്യത്യാസമില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഭൂമിയില്‍ നിന്നുള്ള കുറഞ്ഞ ദൂരത്തിലെത്തുമ്പോള്‍ (perigee) അത് നമ്മില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരത്തുള്ള (apogee) സമയത്തെക്കാള്‍ 14% വലുത് മാത്രമാണതിന് തോന്നുക.

ചന്ദ്രന്റെ ഏറ്റവും അടുത്തുവരുന്ന ഭ്രമണപഥം എല്ലാ 27.3 ദിവസത്തിലൊരിക്കലും സംഭവിക്കും. ഇത് പൂര്‍ണ ചന്ദ്രനുമായി ഒത്തുവരുമ്പോള്‍ അതിനെ നമ്മള്‍ Super Moon എന്നുവിളിക്കും. ഇത്തവണ ഇത് സംഭവിച്ചത് ജനുവരി 30-നായിരുന്നു. അതുകൊണ്ട് ഈ ഗ്രഹണം ഒരു ‘Super Moon’ ഗ്രഹണമാണ്. എന്നാലും വലിപ്പത്തിലോ തിളക്കത്തിലോ സാധാരണയില്‍ നിന്നും വലിയ വ്യത്യാസം എളുപ്പത്തില്‍ പ്രകടമായി കാണില്ല. ഒരു നീല ചന്ദ്രന്‍ (Blue Moon) വാസ്തവത്തില്‍ നീലയല്ല. ഒരു മാസത്തില്‍ രണ്ടു പൌര്‍ണമി ലഭിക്കുമ്പോള്‍ നമ്മളതിനെ നീല ചന്ദ്രന്‍ എന്നു വിളിക്കുന്നു. ഈ മാസം ഇതുപോലെ രണ്ടെണ്ണമുണ്ട്. അവസാനമായി, ഗ്രഹണചന്ദ്രന്‍ ചുവന്ന നിറത്തിലായതിനാല്‍ നമ്മളതിനെ രക്തചന്ദ്രന്‍ എന്നു വിളിക്കുന്നു. ഒട്ടും വിചിത്രമല്ല എന്നിപ്പോള്‍ മനസിലായില്ലേ!

വലിയ വെളിച്ചമില്ലാത്ത കിഴക്കന്‍ ആകാശം ശരിക്ക് കാണാനാകുന്ന ഒരു സ്ഥലം നേരത്തെ കണ്ടെത്തിവെച്ചോളൂ. ചന്ദ്രന്‍ ചക്രവാളത്തില്‍ ഉദിക്കുന്ന സ്ഥാനവും നോക്കിവെക്കണം. എന്നിട്ട് ജനുവരി 31-നു കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം ചന്ദ്രഗ്രഹണത്തിന്റെ പല ഘട്ടങ്ങള്‍ കാണാന്‍ തയ്യാറായിപ്പോവുക. ആകാശത്തിലുയരത്തിലേക്ക് ചന്ദ്രന്‍ പോകുന്തോറും നിങ്ങള്‍ക്ക് മുന്നില്‍ നിഴലും വെളിച്ചവുമായി വിരിയുന്ന വാനമായാജാലത്തിന് സാക്ഷിയാവുക. ഇതൊക്കെ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ കഴിക്കാന്‍ മറക്കരുത്-അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല!

ഗ്രഹണം കാണുന്നതില്‍ നിന്നും ആളുകളെ ഭയപ്പെടുത്തി അകറ്റുന്ന ഓരോ ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ഇന്ത്യയിലടക്കം ഓരോ സംസ്കാരത്തിലുമുണ്ട്. ഗ്രഹണം ഒരു നിഴല്‍ പ്രതിഭാസം മാത്രമാണ്. ഗ്രഹണസമയത്ത് അധികമായി ആണവ പ്രസരണം ഒന്നുമുണ്ടാകുന്നില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ അത് ആണവപ്രസരണത്തിലെ കുറവാണ്. ഗുരുത്വാകര്‍ഷണത്തിലും ഒരു മാറ്റവും ഉണ്ടാകുന്നില്ല. സൂര്യനും, ഭൂമിയും, ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴുള്ള ഗുരുത്വാകര്‍ഷണ മാറ്റം ഒരു കുന്നിനോ, വലിയ ബഹുനിലകെട്ടിടത്തിനോ അടുത്തുനില്‍ക്കുമ്പോള്‍ ഉള്ളത്രയെ വരൂ. ഗ്രഹണത്തിന്റെ ദോഷങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ക്ക് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ഇത്തരം വിശ്വാസങ്ങള്‍ പലപ്പോഴും ദോഷകരമായി മാറാം. ഉദാഹരണത്തിന് പ്രസവമടുത്ത സ്ത്രീകള്‍ ഗ്രഹണ സമയത്ത് ചികിത്സയ്ക്ക് വിസമ്മതിക്കുക, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ഈ സമയത്ത് വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും ഇരിക്കുക തുടങ്ങിയവ. പകരം കുടുംബവും കൂട്ടുകാരുമായി പുറത്തിറങ്ങി ഭയം കൂടാതെ ഗ്രഹണം കണ്ടാസ്വദിക്കൂ!

ഗ്രഹണത്തിന്റെ സമയക്രമവും വസ്തുതകളും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് Public Outreach and Education Committee of the Astronomical Society of India ഒരു വെബ് പേജ് തുറന്നിട്ടുണ്ട്. ഇതില്‍ ഗ്രഹണനിരീക്ഷണ വിരുന്നുകളുടെ വിവരവുമുണ്ട്. ഇതില്‍ നോക്കി നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഗ്രഹണം നിരീക്ഷിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിയ്ക്കും. ഇപ്പോള്‍ത്തന്നെ അത്തരം നൂറിലേറെ പരിപാടികളുടെ വിവരമുണ്ട്. http://bit.ly/eclipse31jan എന്ന വെബ്സൈറ്റിലാണ് വിവരങ്ങള്‍.

Cosmos എന്ന തന്റെ പുസ്തകത്തില്‍ കാള്‍ സാഗന്‍ പറയുന്നു, “അമാവാസിക്ക് ശേഷമുള്ള ചന്ദ്രക്കലയുടെ വരവ്; പൂര്‍ണഗ്രഹണത്തിന് ശേഷമുള്ള സൂര്യന്റെ മടങ്ങിവരവ്; ലോകത്തെങ്ങും ആളുകള്‍ നോക്കിവെച്ച രാത്രിയിലെ അസ്വസ്ഥജനകമായ അസാന്നിധ്യത്തിന് ശേഷമുള്ള സൂര്യോദയം; ഈ പ്രതിഭാസം നമ്മുടെ പൂര്‍വികന്‍മാരോട് മരണത്തെ മറികടക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചു. ആകാശത്തിന്റെ അനന്തതയില്‍ അനശ്വരതയുടെ അലങ്കാരം കൂടിയുണ്ടായിരുന്നു.”

പ്രപഞ്ചത്തെക്കുറിച്ച് പോട്ടെ ലോകത്തെക്കുറിച്ചുപോലും ചിന്തിക്കാതെയാണ് നാം നമ്മുടെ ജീവിതങ്ങളില്‍ മുഴുകുന്നത്. ഇടയ്ക്കൊക്കെ പ്രപഞ്ചം നമ്മുടെ ജീവിതത്തിലേക്ക് ഇറങ്ങിവരുന്നു. ബഹിരാകാശത്തിന്റെ മഹാ അപാരതയെക്കുറിച്ച് മാത്രമല്ല, മാറ്റമില്ല എന്നു തോന്നിക്കുന്ന ആകാശം വാസ്തവത്തില്‍ നിരന്തരമായ ചലനത്തിന്റെ അരങ്ങാണെന്നും നമ്മെ മനസിലാക്കിക്കുന്നു. നമ്മെക്കാള്‍ എത്രയോ വലിയ, ഈ സൌരയൂഥത്തിന്നത്രയും വലിയ, ഇത്തരം സന്ദര്‍ഭങ്ങള്‍ അപൂര്‍വമായാണ് വരുന്നത്. ഭയപ്പെട്ട്, അതും നമ്മുടെ സ്വന്തം നിഴലിനെ, വീട്ടിലിരുന്ന് ഈ മഹാപ്രപഞ്ച വിസ്മയങ്ങള്‍ കാണാതെ പാഴാക്കിക്കളയരുത്!

(കടപ്പാട്:ഇന്ത്യന്‍ സയന്‍സ് വയര്‍)

Avatar

ഡോ. നീരജ് രാമാനുജന്‍

ആസ്ട്രോണമിക്കല്‍ സോസെറ്റി ഓഫ് ഇന്ത്യയുടെ നാഷണല്‍ സെന്‍റര്‍ ഫോര്‍ റേഡിയോ അസ്ട്രോഫിസിക്സ് ആന്‍ഡ് പബ്ലിക് ഔട്രീച്ച് ആന്‍ഡ് എഡുക്കേഷന്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍