UPDATES

സയന്‍സ്/ടെക്നോളജി

ചാന്ദ്ര യാത്രികന്‍ ജോണ്‍ യംഗ് അന്തരിച്ചു

1972ല്‍ അപ്പോളോ 16ന്റെ കമാന്‍ഡറായാണ് ജോണ്‍ യംഗ് ചന്ദ്രനിലറങ്ങിയതും നടന്നതും. ആറ് തവണ ബഹിരാകാശ യാത്ര നടത്തി.

ബഹിരാകാശ ശാസ്ത്രജ്ഞനും യാത്രികനുമായ ജോണ്‍ യംഗ് (87) അന്തരിച്ചു. ചന്ദ്രനില്‍ ഇറങ്ങിയ ഒമ്പതാമത്തെ മനുഷ്യനാണ് ജോണ്‍ യംഗ്. നാസയുടെ ആദ്യ സ്പേസ് ഷട്ടില്‍ ഫ്ലൈറ്റിന്‍റെ കമാണ്ടര്‍ പൈലറ്റും. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജോണ്‍ യംഗ് ഹൂസ്റ്റണിലെ വീട്ടിലാണ് അന്തരിച്ചത്.

1972ല്‍ അപ്പോളോ 16ന്റെ കമാന്‍ഡറായാണ് ജോണ്‍ യംഗ് ചന്ദ്രനിലറങ്ങിയതും നടന്നതും. ആറ് തവണ ബഹിരാകാശ യാത്ര നടത്തി. ജെമിനി, അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. 1962ല്‍ നീല്‍ ആംസ്‌ട്രോംഗിനും പീറ്റ് കോണ്‍റാഡിനും ഒപ്പം നാസയുടെ സെക്കണ്ട് അസ്‌ട്രോണറ്റ് ക്ലാസിന്റെ ഭാഗമായിരുന്നു. 1980കളില്‍ കൊളംബിയ സ്‌പേസ് ഷട്ടിലുകളിലും ജോണ്‍ യംഗ് ഉണ്ടായിരുന്നു. 2004 വരെ നാസയില്‍ പ്രവര്‍ത്തിച്ചു.

ജീവിതത്തിന്റെ അവസാനത്തെ 17 വര്‍ഷങ്ങള്‍ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലായിരുന്നു. സുരക്ഷാപ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ചു. ജോണ്‍ യംഗിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് സന്തോഷകരമായ അനുഭവമാണെന്നും ബഹിരാകാശ യാത്രികരെല്ലാം ആരാധിക്കുന്ന വ്യക്തിയാണ് യംഗ് എന്നും 1981ല്‍ കൊളംബിയ ദൗത്യത്തില്‍ യംഗിന്റെ സഹപൈലറ്റ് ആയിരുന്ന റോബര്‍ട്ട് ക്രിപ്പന്‍ പറയുന്നു. ബഹിരാകാശ പര്യവേഷണങ്ങളില്‍ ജോണ്‍ യംഗ് അമേരിക്കയ്ക്ക് നല്‍കിയ വലിയ സംഭാവനകള്‍ സംബന്ധിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് അടക്കമുള്ളവര്‍ അനുസ്മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍