UPDATES

സയന്‍സ്/ടെക്നോളജി

38 വർഷങ്ങൾക്കു മുൻപ് മിസ്സിങ്ങായ ഭീമൻ ഈച്ചകളെ കണ്ടെത്തി

കഴിഞ്ഞ ദിവസം ഇൻഡോനേഷ്യൻ കാടുകളിൽ നിന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ കണ്ടെത്തിയ ഈച്ചകൾക്ക്  പ്രത്യേകതകൾ ഏറെയായിരുന്നു. രണ്ടര ഇഞ്ചോളം നീളമുള്ള ചിറകുകളുള്ള, സാധാരണ യൂറോപ്യൻ തേനീച്ചകളുടെ നാലിരട്ടിയോളം വലിപ്പമുള്ള, കരിവണ്ടിന്റെതുപോലുള്ള കൊമ്പുകളുള്ള അതിഭീമൻ ഈച്ച. 38 വർഷങ്ങൾക്കുമുൻപ് ഏതാണ്ട് പൂർണ്ണമായും വംശനാശം സംഭവിച്ചു എന്ന് ശാസ്ത്രലോകമാകെ വിശ്വസിച്ച ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അതേ  ഈച്ചകളെയാണ് കഴിഞ്ഞ ദിവസം കയ്യോടെ പിടികൂടിയത്. ഇൻഡോനേഷ്യയിലെ കാടിനുനടുവിൽ ഒരു മരത്തിലെ ചെറിയ പൊത്തിൽ താമസിച്ച് വന്ന ഈ പെണ്ണീച്ച 38 വർഷം മുൻപ് കാണാതെപോയ വാലീസ് ജൈൻറ്റ് ബീ തന്നെയെന്ന് സ്ഥിരീകരിച്ചു.

1858 ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആൽഫ്രെഡ് റസ്സൽ വാലിസ്‌ കണ്ടെത്തിയ ഈ അപൂർവയിനം ഈച്ചകളെ കുറിച്ച് പിന്നീട് ആദം മെസ്സർ എന്ന ശാസ്ത്രജ്ഞനാണ് കൂടുതലായി പഠിക്കുന്നത്. ഈ ഭീമൻ ഈച്ചകൾ എങ്ങനെ ഇരപിടിക്കുന്നു, എങ്ങനെയാണ് ഇവ മരത്തിൽ പൊത്തുകളുണ്ടാക്കുന്നത് മുതലായ കാര്യങ്ങളെകുറിച്ചാണ് അന്ന് അന്വേഷണങ്ങൾ നടന്നത്. എന്നാൽ 1981 ന് ശേഷം ഈ ഈച്ചകളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

“ശ്വാസമടക്കിപ്പിടിച്ചാണ് ഈ പറക്കുന്ന ബുൾഡോഗുകളെ ഞങ്ങൾ നോക്കി നിന്നത്, ഇവ ഇപ്പോഴും നിലനിൽക്കുന്നുവെന്നത് വലിയ അത്ഭുതമായിരുന്നു,” 38 വർഷങ്ങൾക്കു ശേഷം ഭീമൻ ഈച്ചകളെ വീണ്ടും കണ്ടെത്തി ക്യാമറയിൽ പകർത്തിയ ക്ലേ ബോൾട്ട് പറയുന്നു. “ഈ ഈച്ചകളെ കാണാൻ എന്ത് രസമാണ്, എത്ര വലുതാണവ. അവയുടെ  ചിറകടി സ്വരം ഞാൻ കേട്ടുവെന്നും അവ എന്റെ തൊട്ടടുത്തുകൂടിയാണ് പറന്നുപോയതെന്നും വിശ്വസിക്കാൻ തന്നെ കുറച്ച് സമയമെടുത്തു.” -അമ്പരപ്പ് മാറാതെ ബോൾട്ട് പറയുന്നു. ഇത്തരം അത്യപൂർവമായ ഈച്ചകളെയും ചെറുജീവികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ വിളിച്ചോതുന്ന ഒരു അഭിമാന നിമിഷമാണിതെന്ന് ശാസ്ത്രലോകം ഒരേ സ്വരത്തിൽ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍