UPDATES

സയന്‍സ്/ടെക്നോളജി

ശനിയുടെ ചന്ദ്രനിലേക്ക് നാസയുടെ ‘ഡ്രാഗണ്‍ ഫ്ളൈ’

ഭൂമിയുടെയും ടൈറ്റന്റെയും അന്തരീക്ഷം മാത്രമാണ് നൈട്രജന്‍ വാതകംകൊണ്ട് സമൃദ്ധമായിട്ടുള്ളത്. ഉപരിതലത്തില്‍ ഒഴുകുന്ന ദ്രാവകമുള്ള ഗോളങ്ങള്‍ ടൈറ്റനും ഭൂമിയും മാത്രമാണ്.

ശനിയുടെ ചന്ദ്രനായ ടൈറ്റനിലേക്ക് നാസ അയക്കുന്ന പേടകമാണ് ‘ഡ്രാഗണ്‍ ഫ്‌ളൈ’. ക്വാഡ്കോപ്റ്റര്‍, സാങ്കേതികമായി ഒക്ടോകോപ്റ്റര്‍ അല്ലെങ്കില്‍ 8 റോട്ടര്‍വീലുകളുള്ള സവിശേഷവാഹനം എന്ന് അതിനെ വിളിക്കാം. ‘ഡ്രാഗണ്‍ ഫ്‌ളൈ’ക്ക് ഏകദേശം ഒരു കോംപാക്റ്റ് കാറിന്റെ അത്രയും വലുപ്പമുണ്ട്. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പേടകം എല്ലാ കാര്യങ്ങളും സ്വയം ചെയ്യും.

ഡ്രോണുകളുടെ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്വാഡ്കോപ്റ്ററുകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ആമസോണില്‍ നിന്നും ആര്‍ക്കും വാങ്ങാം. സ്വയം നിയന്ത്രിത കാറുകളും അതിവേഗം വികസിച്ചുവരുന്നു. ന്യൂക്ലിയര്‍ പവര്‍ മാത്രമാണ് ലഭിക്കാന്‍ ബുദ്ധിമുട്ട്. പറഞ്ഞുവരുന്നത് ‘ഡ്രാഗണ്‍ഫ്‌ളൈ’-യില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ വളരെ സിമ്പിളാണ് എന്നാണ്.

‘പുതിയ സാങ്കേതികവിദ്യകളൊന്നും പരീക്ഷിക്കാത്ത’ സാധാരണ പേടകം മാത്രമാണ് അതെന്നു ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലെ ഗവേഷകയും പര്യവേഷണത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളുമായ എലിസബത്ത് ടര്‍ട്ടില്‍ പറയുന്നു. ഭൂമിയിലും ടൈറ്റനിലും സമാനമായുള്ള ജൈവ രാസസംയുക്തങ്ങള്‍ കണ്ടെത്തുകയും അതുവഴി ജീവസാധ്യത വിലയിരുത്തുകയും ചെയ്യലാണ് ഡ്രാഗണ്‍ഫ്‌ളൈ-യുടെ പ്രധാന ലക്ഷ്യം.

ഭൂമിയുടെ അന്തരീക്ഷത്തെക്കാള്‍ കട്ടികൂടിയ അന്തരീക്ഷമാണ് ടൈറ്റനിലേത്. അതുകൊണ്ടുതന്നെ പറന്നുനടന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാകും ഡ്രാഗണ്‍ഫ്‌ളൈ പിന്തുടരുക. പേരില്‍ തന്നെ സൂചിപ്പിക്കുന്നതുപോലെ 8 പങ്കകളാണ് പറക്കാന്‍ സഹായിക്കുന്നത്. ചൊവ്വയിലും മറ്റും പേടകങ്ങള്‍ ഇറക്കിയ അതേ രീതിയിലാണ് ടൈറ്റനിലും പേടകം ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. ടൈറ്റനിലെ ഷാങ്ഗ്രില മേഖലയിലുള്ള സേല്‍ക്ക് ട്രഞ്ചില്‍ ഇറക്കാനാണ് ഉദ്ദേശ്യം. ഇവിടെയാണ് ജീവന് അനുകൂലമെന്ന് കരുതുന്ന ജൈവ-രാസ ഘടകകളുടെ സാന്നിധ്യം കൂടുതല്‍ കാണപ്പെടുന്നത് എന്നാണ് അനുമാനം. സോളാര്‍പാനലുകള്‍ക്കു പകരം തെര്‍മോ ഇലക്ട്രിക് ജനറേറ്ററുകളാണ് ഊര്‍ജം നല്‍കുക.

സൂര്യനില്‍ നിന്നും 140 കോടി കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശനിയുടെ 56 ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ടൈറ്റന്‍. ഭൂമിയുടെ പിറവി സംഭവിച്ച കാലത്തെ അവസ്ഥയിലാണ് ടൈറ്റന്‍ എന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. അവിടെ മണ്‍കൂനകള്‍, പര്‍വതങ്ങള്‍, ഗല്ലികള്‍ തുടങ്ങി നദികളും തടാകങ്ങളും പോലും ഉണ്ട്. പക്ഷെ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ പ്രയാസമായിരിക്കും. കാരണം മീഥെന്‍ മേഘങ്ങളാല്‍ മൂടപ്പെട്ട അന്തരീക്ഷമാണ് ടൈറ്റന് ഉള്ളത്.

ടൈറ്റന് ഭൂമിയുമായി വലിയ സാദൃശ്യമുണ്ട്. ഭൂമിയുടെയും ടൈറ്റന്റെയും അന്തരീക്ഷം മാത്രമാണ് നൈട്രജന്‍ വാതകംകൊണ്ട് സമൃദ്ധമായിട്ടുള്ളത്. ഉപരിതലത്തില്‍ ഒഴുകുന്ന ദ്രാവകമുള്ള ഗോളങ്ങള്‍ ടൈറ്റനും ഭൂമിയും മാത്രമാണ്. ഭൂമിയിലെ ജലചക്രത്തിന് സമാനമാണ് ടൈറ്റനിലെ ദ്രാവകചക്രത്തിനുമുള്ളത്. ഭൂമിയിലെ ജലചക്രം പരിഗണിച്ചാല്‍ സമുദ്രങ്ങളിലെ ജലം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് ഉയരുകയും തുടര്‍ന്ന് മേഘങ്ങള്‍ രൂപീകരിക്കപ്പെടുകയും ഒടുവില്‍ മഴയായി തിരിച്ചെത്തുകയും ചെയ്യും. ടൈറ്റനിലെ ഹൈഡ്രോകാര്‍ബണ്‍ സമുദ്രങ്ങളില്‍നിന്നും ബാഷ്പീകരിക്കപ്പെടുകയും ഒടുവില്‍ മഴയായി പെയ്യുകയും ചെയ്യുന്നത് ജലമല്ല, മീഥൈനും ഈഥൈനുമാണ്.

അതുകൊണ്ടൊക്കെയാണ് ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചിലവഴിച്ചുകൊണ്ടുള്ള ടൈറ്റനിലെക്കുള്ള ഈ പ്രയാണം ‘വലിയൊരു രാജ്യം ചെയ്യുന്ന വലിയൊരു കാര്യമാകുന്നത്’ എന്ന് നാസയുടെ അഡ്മിനിസ്‌ട്രേറ്ററായ ജിം ബ്രിഡെന്‍സ്‌റ്റൈന്‍ പറയുന്നു. ദൗത്യം 2026-ലാകും ഭൂമിയില്‍ നിന്നു യാത്ര തിരിക്കുക. 2034-ല്‍ ടൈറ്റന്റെ ഉപരിതലത്തിലെത്തും. തുടര്‍ന്ന് മൊത്തം 175 കി.മീ. താണ്ടി സാംപിളുകള്‍ ശേഖരിക്കും. ഫോട്ടോകളടക്കമുള്ള വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കുകയും ചെയ്യും. ഭൂമിയില്‍ നിന്ന് ടൈറ്റനിലേക്കും, അവിടെനിന്നു തിരിച്ചും സിഗ്‌നലുകള്‍ എത്താന്‍ ഒന്നര മണിക്കൂറോളം സമയമെടുക്കും. അതുകൊണ്ടാണ് കാര്യങ്ങളെല്ലാം സ്വയം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പേടകം സജ്ജീകരിച്ചിരിക്കുന്നത്.

Read: 30 വര്‍ഷം മുമ്പ് കണ്ടെത്തിയ ‘ഫ്രോസണ്‍ ഡ്രാഗണ്‍’ ഭൂമിയില്‍ ഇതുവരെ ഉണ്ടായതില്‍വച്ച് പറക്കാന്‍ കഴിവുള്ള ഏറ്റവും വലിയ ജീവിയാണെന്ന് ഗവേഷകര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍