UPDATES

സയന്‍സ്/ടെക്നോളജി

പതിനഞ്ച് വർഷത്തെ പര്യവേഷണം അവസാനിച്ചു; റോവർ ഓപ്പർച്യുണിറ്റി മരിച്ചെന്ന് സ്ഥിരീകരിച്ച് നാസ

ചൊവ്വ ഗ്രഹത്തിൽ നിന്നുള്ള രണ്ട് ലക്ഷത്തിലധികം ചിത്രങ്ങളാണ് ഈ കാലയളവിൽ ഈ പേടകങ്ങൾ അയച്ചിരുന്നത്.

ഒടുവിൽ  ഓപ്പർച്യുണിറ്റി മരിച്ചത് തന്നെയെന്ന്  നാസ സ്ഥിരീകരിച്ചു. നീണ്ട  15 വർഷക്കാലം ചൊവ്വയിൽ നിന്ന് കൃത്യമായി വിവരങ്ങൾ എത്തിച്ചേരുന്ന റോവർ ഓപ്പർച്യുണിറ്റി എന്ന ചെറുപേടകത്തിന്‍റെ പ്രവർത്തനമാണ് പൂർണ്ണമായി നിലച്ചതായി നാസ ഔദ്യോഗികമായി അറിയിച്ചത്. പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയെന്നും ഇപ്പോൾ സന്ദേശങ്ങൾ അയക്കുമ്പോൾ ഓപ്പർച്യുണിറ്റി പ്രതികരിക്കുന്നില്ലെന്നും നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഓഫ് സയൻസ് ഡയറക്ടർ തോമസ് സർബച്ചൻ പറയുന്നു.

ജനുവരി 2004 മുതലാണ് റോവർ സ്പിരിറ്റ് എന്ന മറ്റൊരു പേടകത്തോടൊപ്പം ഓപ്പർച്യുണിറ്റി ചൊവ്വയിലുള്ള പര്യവേഷണം ആരംഭിക്കുന്നത്. ചൊവ്വയുടെ രണ്ട് വശങ്ങളിലാണ് ഓപ്പർച്യുണിറ്റിയും സഹറോവറായ സ്പിരിറ്റും ഭ്രമണം നടത്തിയത്. എന്നാൽ എട്ടു വർഷങ്ങൾക്ക് മുൻപ് സ്പിരിറ്റ് മണലിൽ പൂണ്ട് പ്രവർത്തനരഹിതമായി. പിന്നീടുള്ള വർഷങ്ങൾ ഓപ്പർച്യുണിറ്റി ഒറ്റയ്ക്കായിരുന്നു ചൊവ്വയിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിൽ എത്തിച്ചിരുന്നത്. 3 മാസക്കാലയളവിലേക്കാണ്  സ്പിരിറ്റും ഓപ്പർച്യുണിറ്റിയും നിർമ്മിക്കപ്പെട്ടത്. ലക്ഷ്യം വച്ച സമയത്തേക്കാൾ വളരെ അധികകാലം, നീണ്ട പതിനഞ്ച് വർഷങ്ങൾ ഭ്രമണം നടത്തിയ ഓപ്പർച്യുണിറ്റി വൻ വിജയമായിരുന്നുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 31ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തിലൂടെ പര്യവേഷണം നടത്തുകയും, ഇക്കാലയളവിനുള്ളിൽ 45.16 കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു ഈ ചെറുപേടകം.

ഈ വർഷങ്ങൾക്കിടയിൽ ചൊവ്വയിലുണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്ന രണ്ട് ലക്ഷത്തിലധികം ചിത്രങ്ങളെങ്കിലും ഇവ ഭൂമിയിലേക്കയച്ചു കാണും. ഭൂമിയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന ചൊവ്വ ഗ്രഹത്തിന്റെ വിശദാംശങ്ങൾ വ്യക്ത മാക്കുന്ന ത്രിമാന ചിത്രങ്ങൾ അയക്കാനായത് പേടകത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണ്. ഹേമടെയ്റ്റ് എന്ന ധാതു ചൊവ്വയിൽ ഉണ്ടെന്ന് അറിയിച്ചതോടെ ഇവിടെ വെള്ളമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രലോകം ജാഗരൂകമായി.

“2018 ജൂണിൽ ഉണ്ടായ ശക്തമായ പൊടിക്കാറ്റിൽ പെട്ടാണ് ഓപ്പർച്യുണിറ്റി തകരാറിലാകുന്നത്. പിന്നീട്  പല സന്ദേശങ്ങളും അയച്ച് നോക്കിയെങ്കിലും പ്രതികരണങ്ങൾ ഉണ്ടാകാതായതോടെയാണ് ഇത് പൂർണ്ണമായും പ്രവർത്തന രഹിതമായെന്ന് നാസ അറിയിച്ചത്. നമുക്ക് ചൊവ്വ ഗ്രഹത്തെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഈ പേടകം സഹായിച്ചതിന് പരിധികളില്ല”, നാസയിലെ ഉന്നത ശാസ്ത്രജ്ഞർ പറയുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍