UPDATES

സയന്‍സ്/ടെക്നോളജി

നാസയുടെ ഉപഗ്രഹം കാസിനി ശനിയില്‍ പൊട്ടിത്തെറിച്ചു

ദൗത്യം വലിയ വിജയമായിരുന്നുവെന്നും ഏറ്റവും അവസാന നിമിഷം വരെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും കാസിനിയുടെ പ്രോഗ്രാം മാനേജര്‍ ഏള്‍ മെയ്‌സ് പ്രതികരിച്ചു.

ശനിയുടെ ഉപരിതലത്തിലേക്ക് പതിച്ചതോടെ നാസയുടെ ബഹിരാകാശപേടകമായ കാസിനിയ്ക്ക് സ്വഭാവിക അന്ത്യം സംഭവിച്ചു. ഉപരിതലത്തില്‍ പതിച്ചയുടന്‍ പേടകം പൊട്ടിത്തെറിച്ചു. കഴിഞ്ഞ 13 വര്‍ഷമായി ലഭിച്ചുകൊണ്ടിരുന്ന പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ആദ്യമായി നിലച്ചതോടെയാണ് കാസിനിക്ക് അന്ത്യം സംഭവിച്ചു എന്ന് ഉറപ്പിച്ചത്. നാസയുടെ ഏറ്റവും വിജയകരമായ ബഹിരാകാശപേടകങ്ങളില്‍ ഒന്നായാണ് കാസിനി വിലയിരുത്തപ്പെടുന്നത്. ദൗത്യം വലിയ വിജയമായിരുന്നുവെന്നും ഏറ്റവും അവസാന നിമിഷം വരെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും കാസിനിയുടെ പ്രോഗ്രാം മാനേജര്‍ ഏള്‍ മെയ്‌സ് പ്രതികരിച്ചു.

ശനിക്കും അതിന്റെ ചുറ്റുമുള്ള വളയങ്ങള്‍ക്കും ഇടയിലൂടെ ആദ്യ സഞ്ചരിക്കുന്ന മനുഷ്യനിര്‍മ്മിത ഉപഗ്രഹമായിരുന്നു കാസിനി. അവസാന ആഴ്ചയില്‍ ഒരിക്കല്‍ കൂടി വളയങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയും ശനിയുടെ വമ്പന്‍ ഉപഗ്രഹമായ ടൈറ്റാന്‍ കടന്നുപോവുകയും ചെയ്തതിന് ശേഷമാണ് പേടകം ശനിയുടെ അന്തരീക്ഷത്തിലേക്ക് മണിക്കൂറില്‍ 1,20,000 കിലോമീറ്റര്‍ വേഗതയില്‍ പതിച്ചത്. പേടകത്തിന്റെ ഉപരിതലത്തില്‍ നിന്നും വാതകങ്ങള്‍ പ്രവഹിക്കുകയും അനിയന്ത്രിതമായി തിരുഞ്ഞുമറിയാന്‍ തുടങ്ങിയ പേടകത്തില്‍ നിന്നും ഭൂമിയിലേക്കുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെടുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പേടകത്തിന്റെ അലൂമിനിയം ബോഡി ഉരുകിപ്പോയി.

ശനിയുടെ ഉപഗ്രഹമായ ടൈറ്റാന്റെ അതിപുരാതനമായ അന്തരീക്ഷത്തെ കാസിനി മലിനപ്പെടുത്താനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് കൂടിയാണ് നാല് ബില്യണ്‍ ഡോളറിന്റെ ദൗത്യം തിരക്കിട്ട് അവസാനിപ്പിച്ചതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ശനിയുടെ ചുറ്റുമുള്ള വളയങ്ങളുടെ ഏറ്റവും അടുത്ത നിന്ന് ചിത്രങ്ങള്‍ എടുക്കാനും കാസിനിയ്ക്ക് സാധിച്ചിരുന്നു. കാസിനി അവസാന ദിവങ്ങളില്‍ അയച്ച വിവരങ്ങള്‍ വരും നാളുകളില്‍ ശാസ്ത്രജ്ഞര്‍ വിലയിരുത്തും. ശനിയില്‍ ദിവസത്തിന്റെ ദൈര്‍ഘ്യത്തെ കുറിച്ചും മറ്റും പുതിയ കണ്ടെത്തലുകള്‍ നടത്താനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും മഹത്തായ ശാസ്ത്രീയ, എഞ്ചിനീയറിംഗ് നേട്ടങ്ങളാണ് കാസിനി കൈവരിച്ചതെന്ന് ശാസ്ത്രജ്ഞനായ പ്രഫസര്‍ മാര്‍ട്ടിന്‍ റീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍