UPDATES

സയന്‍സ്/ടെക്നോളജി

ബഹിരാകാശത്ത് ഇന്ത്യക്കാരനോ ചൈനക്കാരനോ ഇല്ല, ഭൂമിയില്‍ നിന്നുള്ള മനുഷ്യന്‍ മാത്രം: ആദ്യ ഇന്ത്യന്‍ യാത്രികന്‍ രാകേഷ് ശര്‍മ്മ

“ബഹിരാകാശത്ത് നിങ്ങള്‍ എന്ത് കണ്ടെത്തിയാലും അത് എല്ലാവരുമായും പങ്കുവയ്ക്കണം എന്ന് പറയേണ്ടി വരും. അവിടെ സംഘര്‍ഷം തുടങ്ങും”.

ഐക്യരാഷ്ട്ര സംഘടനയെ സംബന്ധിച്ച് ബഹിരാകാശം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേതല്ല. അത് മാനവരാശിയുടെ ആകെയാണ്. ബഹിരാകാശത്ത് നിങ്ങള്‍ എന്ത് കണ്ടെത്തിയാലും അത് എല്ലാവരുമായും പങ്കുവയ്ക്കണം എന്ന് പറയേണ്ടി വരും. അവിടെ സംഘര്‍ഷം തുടങ്ങും – ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ അഴിമുഖത്തോട് പറഞ്ഞു. തിരുവനന്തപുരം കനക്കുന്നില്‍ നടക്കുന്ന ഡിസി ബുക്‌സിന്റെ സ്‌പേസസ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് അദ്ദേഹം അഴിമുഖവുമായി സംസാരിച്ചത്.

പിന്നീട് നടന്ന A Space in the Sun: When Sky is no longer limit – reaching out planetary habitats എന്ന സെഷനിലും സ്വകാര്യ മേഖലയുടെ ബഹിരാകാശ രംഗത്തെ ഇടപെടലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഇക്കാര്യം പറഞ്ഞു. സ്വകാര്യ മേഖല ബഹിരാകാശ രംഗത്തേയ്ക്ക് കടന്നിട്ടുണ്ട്. തുടക്കത്തില്‍ ടൂറിസം എന്ന നിലയിലാണുള്ളത്. സ്വകാര്യ കമ്പനികള്‍ ബഹിരാകാശത്ത് നിന്ന് വസ്തുക്കള്‍ ശേഖരിച്ച് തുടങ്ങും. അപ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങും. ഒരു കാലത്ത് ബഹിരാകാശ പരിപാടി എന്നത് രണ്ട് വന്‍ ശക്തി രാജ്യങ്ങള്‍ – യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള പ്രത്യയശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോളത്തെ ബഹിരാകാശ പരിപാടിക്ക് അത്തരത്തിലൊരു പ്രത്യയശാസ്ത്ര മാനമില്ലെന്നും രാകേഷ് ശര്‍മ പറഞ്ഞു.

പങ്കുവയ്ക്കാതെ എല്ലാം കയ്യടക്കി വയ്ക്കുന്ന അവസ്ഥയും ഭിന്നിച്ച സമൂഹവും സംഘര്‍ഷങ്ങളും ബഹിരാകാശത്തുണ്ടാകുന്ന അവസ്ഥയുണ്ടാകരുത്. ഭൂമിയില്‍ നിന്ന് നമ്മള്‍ സംഘര്‍ഷം ബഹിരാകാശത്തേയ്ക്ക് കയറ്റി അയയ്ക്കരുത്. ഇത് സമൂഹം മുന്നോട്ടുപോകുമ്പോള്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ബഹിരാകാശത്ത് നിങ്ങള്‍ക്ക് ഏതെങ്കിലുമൊരു രാജ്യത്തിന്റേതായ സ്വത്വമല്ല ഉള്ളത്. അവിടെ നിങ്ങള്‍ ഭൂമിയില്‍ നിന്നുള്ള ഒരാള്‍ മാത്രമാണ്. മാസങ്ങള്‍ സഞ്ചരിച്ച് നിങ്ങള്‍ ചൊവ്വയിലെത്തുകയാണെങ്കില്‍, അവിടെ നിങ്ങളുടെ രാജ്യത്തിന് പ്രസക്തിയില്ല. നിങ്ങള്‍ അവിടെ ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ ഉള്ള ആളല്ല. ചന്ദ്രനിലോ, ഏതെങ്കിലും ഗ്രഹങ്ങളിലോ മനുഷ്യവാസത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ സഹകരണത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്.

ചൊവ്വയിലേയ്ക്ക് പോയാല്‍ തിരിച്ചുവരാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. ഒരു ജര്‍മ്മന്‍ കമ്പനി പറയുന്നത് ചൊവ്വയിലേയ്ക്ക് നിങ്ങളെ കൊണ്ടുപോകാം. എന്നാല്‍ പിന്നെ നിങ്ങള്‍ അവിടെ ജീവിക്കാന്‍ തയ്യാറായിക്കോളണം. ഞങ്ങള്‍ക്ക് നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല എന്ന്. സ്വകാര്യ ഗ്രൂപ്പുകള്‍ വരുമ്പോള്‍ അവര്‍ പണം നിക്ഷേപിക്കും. അവര്‍ക്ക് മുടക്കുമുതല്‍ തിരിച്ചുപിടിക്കേണ്ടി വരും. ഓഹരി ഉടമകള്‍ ലാഭവിഹിതം വീതിച്ചെടുക്കും. ഏതായാലും ഭൂമി തന്നെയാണ് മനുഷ്യവാസത്തിന് ഏറ്റവും നല്ലത്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍