UPDATES

സയന്‍സ്/ടെക്നോളജി

ഇനി വൈകിയാല്‍ കേരളം തകരും; സോയില്‍ പൈപ്പിങ് മണ്ണിടിച്ചില്‍ മാത്രമല്ല, കടുത്ത വരള്‍ച്ചയും സൃഷ്ടിക്കും; ഭീഷണി കൂടുതല്‍ വടക്കന്‍ ജില്ലകളിലെന്ന് ഭൌമ ശാസ്ത്രജ്ഞര്‍

കേരളത്തിന് ഭീഷണിയായി സോയില്‍ പൈപ്പ് പ്രതിഭാസം മാറുമ്പോള്‍ ഇതിനെ തടുക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല

കുഴലീകൃത മണ്ണൊലിപ്പ് (സോയില്‍ പൈപ്പ്) കേരളത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നതായി പഠനം. ഭൗമശാസ്ത്രജ്ഞര്‍ ‘ഭൂമിയുടെ കാന്‍സര്‍’ എന്ന് വിശേഷിപ്പിക്കുന്ന സോയില്‍ പൈപ്പ് പ്രതിഭാസം കേരളത്തിന്റെ മലയോര മേഖലകള്‍ക്ക് ഭീഷണിയെന്നും വിദഗ്ദ്ധര്‍. ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനായിരുന്ന ജി.ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. കാലവര്‍ഷത്തിന്റെ ഭാഗമായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലങ്ങളും മറ്റിടങ്ങളും സന്ദര്‍ശിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് കൈമാറും.

ആലപ്പുഴ, കോട്ടയം ജില്ലകളൊഴികെ മറ്റ് ജില്ലകളിലെല്ലാം സോയില്‍ പൈപ്പ് പ്രതിഭാസം വളരെയധികം വര്‍ധിച്ച് വരുന്നതായാണ് പഠനത്തിലെ കണ്ടെത്തല്‍. ഇതില്‍ വെട്ടുകല്ലിന്റെ സാന്നിധ്യമുള്ള വടക്കന്‍ ജില്ലകളിലാണ് സോയില്‍ പൈപ്പ് ഭീഷണി ഏറെയും നിലനില്‍ക്കുന്നത്. ഭൂമിക്കടിയിലെ ക്ലേ അതിന്റെ പ്രതലത്തില്‍ നിന്ന് ഒലിച്ച് പോവുന്നതാണ് സോയില്‍ പൈപ്പ്. ഇത് കാലക്രമേണ വലുതും ചെറുതുമായ തുരങ്കങ്ങള്‍ ഭൂമിക്കടിയിലുണ്ടാക്കും. ക്ലേയുടെ കനത്തിനനുസരിച്ച് തുരങ്കത്തിന്റെ വലുപ്പവും വ്യത്യാസപ്പെടും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഇടങ്ങള്‍ പരിശോധിക്കുമ്പോള്‍ ആ സ്ഥലങ്ങളില്‍ സോയില്‍ പൈപ്പ് ഉണ്ടായിരുന്നതായും പഠനത്തില്‍ വ്യക്തമായതായി ജി.ശങ്കര്‍ പറയുന്നു. സോയില്‍ പൈപ്പ് ഒരു വിധത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാവുന്നു. ഖനനം മണ്ണിന്റെ സുസ്ഥിരതയെ കാര്യമായി ബാധിക്കുന്നതായും അദ്ദേഹം പറയുന്നു. ‘മനുഷ്യരുട ഭൂവിനിയോഗം തന്നെയാണ് സോയില്‍ പൈപ്പിങ്ങിന്റെ ആക്കം കൂട്ടുന്നത്. കേരളത്തില്‍ വര്‍ഷങ്ങളായി ഈ പ്രതിഭാസം നടക്കുന്നുണ്ട്. എന്നാല്‍ അത് വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഇത് തീര്‍ച്ചയായും കേരളത്തിന്റെ ഭൂസുസ്ഥിരതയ്ക്ക് ദോഷമാണ്. മലയോരമേഖലകള്‍ക്ക് സോയില്‍ പൈപ്പ് ഭീഷണിയുമാണ്. വെട്ടുകല്ല് കൂടുതലായുള്ള സ്ഥലങ്ങളിലാണ് സോയില്‍ പൈപ്പിന്റെ സാന്നിധ്യം കൂടുതലും കാണുന്നത്. വെട്ടുകല്ല് ഖനനം ഇതിന് പ്രധാന കാരണമാണ്. വെട്ടുകല്ല് ഖനനം ചെയ്യുന്ന രീതിയും ഇതില്‍ പ്രധാനമാണ്. മലയുടെ നടുവില്‍ നിന്ന് തുരന്നെടുക്കുന്നതാണ് രീതി. ക്ലേ പ്രതലം വരെ ഖനനം ചെയ്തതിന് ശേഷമാണ് വെട്ടുകല്ല് ഖനനം നിര്‍ത്തുന്നത്. മഴപെയ്യുമ്പോള്‍ ഒരു അണക്കെട്ടിന് സമാനമായ രീതിയില്‍ ഈ കുന്നിനുള്ളില്‍ വെള്ളം സംഭരിക്കപ്പെടും. ക്ലേ പ്രതിലത്തിന് മുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വഴി ക്ലേയുടെ സ്വഭാവത്തില്‍ മാറ്റം വരും. അത് പിന്നീട് സോയില്‍ പൈപ്പ് ആയി മാറാനും സാധ്യതയുണ്ട്. മരങ്ങള്‍ വെട്ടുമ്പോള്‍ വേര് പിഴുതെറിയാതെ വച്ചിരിക്കുന്നതിലൂടെ ഇറങ്ങുന്ന വെള്ളം പോലും സോയില്‍ പൈപ്പിന് കാരണമാവും.’

കേരളത്തിന് ഭീഷണിയായി സോയില്‍ പൈപ്പ് പ്രതിഭാസം മാറുമ്പോള്‍ ഇതിനെ തടുക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ‘ക്ലേയിലടങ്ങിയ സോഡിയത്തിന്റെ അംശമാണ് പ്രശ്‌നം. വെള്ളം ഒലിച്ച് ചെല്ലുമ്പോള്‍ ക്ലേയുടെ സ്ട്രക്ചര്‍ ഇല്ലാതാവും. സോയില്‍ പൈപ്പ് കാണപ്പെടുന്നയിടങ്ങളില്‍ സോഡിയം മാറ്റി ജിപ്‌സമോo, ചുണ്ണാമ്പ് ക്ലേ ഡെപ്പോസിറ്റ് ചെയ്യുന്നത് വഴിയേ ഇതിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാനാവൂ. എന്നാല്‍ അത് ദീര്‍ഘകാല പരിഹാരമാണ്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഉടനടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സോയില്‍ പൈപ്പ് കാണുന്ന സ്ഥലങ്ങളില്‍, പൈപ്പ് രൂപപ്പെട്ടിരിക്കുന്ന ഇടത്തേക്ക് വെള്ളം എത്താതെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സോയില്‍ പൈപ്പ് വഴിയുണ്ടായേക്കാവുന്ന ദുരന്തത്തെ നിയന്ത്രിക്കാവുന്നതാണ്.’

വയനാട് പുത്തുമലയിലെ വലിയ ദുരന്തത്തിന് പിന്നില്‍ സോയില്‍ പൈപ്പ് ഒരു കാരണമായി വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുത്തുമലയ്ക്ക് പുറമെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മറ്റ് പലയിടങ്ങളിലും ഭൂമിക്കുള്ളില്‍ വിള്ളലും തുരങ്കങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ചില മേഖലകളില്‍ ഭൂമി മീറ്ററുകളോളം വിണ്ടുകീറുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു. ഇതിനു കാരണം സോയില്‍ പൈപ്പിങ് പ്രതിഭാസമാകാമെന്നു ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

സോയില്‍ പൈപ്പിങ്- പഠന റിപ്പോര്‍ട്ടുകള്‍

സോയില്‍ പൈപ്പിങ് കേരളത്തില്‍ പുതിയ പ്രതിഭാസമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ടെത്തുകയും അപകടവും ഗൗരവവും തിരിച്ചറിഞ്ഞ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തതാണ്. 2005ല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടത്തലച്ചി മലയിലാണ് സോയില്‍ പൈപ്പ് കേരളത്തില്‍ ആദ്യമായി ശ്രദ്ധയില്‍പെടുന്നത്. പിന്നീട് തിരുമേനി, പെരിങ്ങോം മേഖലകളിലും ഇതു കണ്ടെത്തി. ഇതു സംബന്ധിച്ചു പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെയും സെസിലെയും വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇത്തരം ഭൗമപ്രതിഭാസങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു വ്യക്തമാക്കി. ഡോ. എസ്. ശ്രീകുമാറും മണ്ണുത്തി ഫോറസ്ട്രി കോളജ് ഡീന്‍ ഡോ.കെ. വിദ്യാസാഗറും നടത്തിയ മറ്റൊരു പഠനത്തിലും കേരളത്തില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം വ്യാപകമാണെന്നു സ്ഥിരീകരിച്ചിരുന്നു. വനനശീകരണവും വ്യാപക കരിങ്കല്‍ഖനനവും മണ്ണിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതായി പഠനത്തില്‍ പറയുന്നു. സോയില്‍ പൈപ്പിങ് രേഖപ്പെടുത്തിയ ഭൂപ്രദേശങ്ങളിലുണ്ടാകുന്ന കനത്തമഴ വന്‍ദുരന്തത്തിനു കാരണമായേക്കാം എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സോയില്‍ പൈപ്പിങ് തുടര്‍ന്നാല്‍ അയ്യായിരം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് 2012 മേയ് 30-നു സംസ്ഥാനസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ കൊട്ടത്തലച്ചി മലയിലും, തിരുമേനിയിലും നടത്തിയ പഠനറിപ്പോര്‍ട്ടായിരുന്നു അത്. തളിപ്പറമ്പ് താലൂക്കിലെ തിരുമേനി, പെരിങ്ങോം വില്ലേജുകളില്‍ മണ്ണിടിച്ചിലിനും മണ്ണിരിക്കലിനും സോയില്‍ പൈപ്പിങ് കാരണമാണെന്ന് പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ക്വാറികളുടെ പ്രവര്‍ത്തനവും ഖനനവും പാറപൊട്ടിക്കലും എല്ലാം ദുരന്തത്തിന് ആക്കം കൂട്ടുന്നതായും പഠനം കണ്ടെത്തി. ക്വാറികളുടെ പ്രവര്‍ത്തനവും ഖനനവും ഭൂജല ചൂഷണവും ഒഴിവാക്കണമെന്ന ശുപാര്‍ശയാണ് റിപ്പോര്‍ട്ട് പ്രധാനമായും മുന്നോട്ട് വച്ചത്. ഈ രണ്ട് വില്ലേജുകളിലും ഖനനം ഇനിമേല്‍ അനുവദിക്കരുത്, കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്, സോയില്‍ പൈപ്പ് ഉണ്ടോ എന്ന് കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ വീടുകളോ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്താന്‍ പാടുള്ളൂ എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.

2016ല്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് വേണ്ടിയും പഠനം നടന്നു. കേരളത്തില്‍ സോയില്‍ പൈപ്പിങ് ബാധിക്കപ്പെട്ട മേഖലകളെല്ലാം സന്ദര്‍ശിച്ച് വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനകളില്‍ മലയോര പ്രദേശങ്ങളില്‍ വ്യാപകമായി സോയില്‍ പൈപ്പ് പ്രതിഭാസം സംഭവിക്കുന്നതായി കണ്ടെത്തി. കേരളത്തിന് പുറമെ അതിര്‍ത്തി പ്രദേശങ്ങളായ വാല്‍പ്പാറ, കുടക് തുടങ്ങിയ സ്ഥലങ്ങളിലും വലിയ തോതില്‍ സോയില്‍ പൈപ്പിങ് നടന്നിരിക്കുന്നതായി പഠനത്തില്‍ പറയുന്നു. പഠനത്തിലെ കണ്ടെത്തലുകള്‍ ഇങ്ങനെയായിരുന്നു- പശ്ചിമഘട്ടത്തില്‍ സംഭവിക്കുന്ന മണ്ണൊലിപ്പ് ഗൗരവമേറിയ ഒന്ന്. പശ്ചിമഘട്ടത്തില്‍ മണ്ണിരിക്കലിന് പ്രധാന കാരണം സോയില്‍ പൈപ്പിങ്. വനമില്ലാതായ പ്രദേശങ്ങളിലാണ് സോയില്‍ പൈപ്പിങ് കൂടുതലും സംഭവിക്കുന്നത്. ആലപ്പുഴ, കൊല്ലം, തിരുവവന്തപുരം ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും സോയില്‍ പൈപ്പിങ് ഭീഷണി നിലനില്‍ക്കുന്നു. പല സ്ഥലങ്ങളിലും സോയില്‍ പൈപ്പിങ് മൂലം വലിയ തുരങ്കങ്ങള്‍ രൂപപ്പെട്ടു. മണ്ണിന്റെ അമ്ലാംശവും കീടനാശിനികളുടെ പ്രയോഗവും ഇതിന് എത്രത്തോളം ബാധിക്കുന്നു എന്നത് പഠനം നടത്തേണ്ടിയിരിക്കുന്നു. സോയില്‍ പൈപ്പ് പ്രതിഭാസം ഉണ്ടായയിടങ്ങളില്‍ ഭൂജല നിരപ്പില്‍ കാര്യമായ വ്യത്യസമുണ്ടായി.

കുമ്മായവും ജിപ്‌സവും നിക്ഷേപിച്ച് സോയില്‍ പൈപ്പ് നടന്ന പ്രദേശങ്ങളെ ഒരു പരിധിവരെ രക്ഷിക്കാം എന്ന ശുപാര്‍ശ റിപ്പോര്‍ട്ട് മുന്നോട്ട് വച്ചു. സോയില്‍ പൈപ്പിങ് കണ്ടെത്താന്‍ വില്ലേജ് അടിസ്ഥാനത്തില്‍ സംസ്ഥാനമൊട്ടാകെ സര്‍വേ നടത്തണം. മണ്ണിന്റെ ഗുണമേന്‍മ പരിശോധിക്കാതെ മലയോര മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. സോയില്‍ സര്‍വേ വിഭാഗം ഏതെല്ലാം ഭാഗങ്ങള്‍ ബാധിക്കപ്പെട്ടെന്ന പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കണം. അണക്കെട്ടുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ സൂക്ഷ്മമായി പരിശോധന വേണം. ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാവുന്ന തരത്തില്‍ തീരുമാനം ഉണ്ടാവണം തുടങ്ങിയ ശുപാര്‍കളടങ്ങിയ റിപ്പോര്‍ട്ട് സംഘം സര്‍ക്കാരിന് കൈമാറി.

തുടര്‍ന്ന് 2016 ഒക്ടോബര്‍ 10ന് ചേര്‍ന്ന യോഗത്തില്‍ സോയില്‍ പൈപ്പിങ് സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. ഇതോടെ സോയില്‍ പൈപ്പിങ് മൂലമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. എന്നാല്‍ ഈ നഷ്ടപരിഹാരത്തിനപ്പുറം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്ന പ്രശ്‌നങ്ങളും ശുപാര്‍ശകളും പരിഗണിക്കപ്പെട്ടില്ല. ഇത് ദുരന്ത നിവാരണ അതോറിറ്റിയുടേയും സര്‍ക്കാരിന്റെയും വീഴ്ചയാണെന്ന് വിമര്‍ശനം ഒരു ഭാഗത്ത് ഉയരുമ്പോള്‍ സോയില്‍ പൈപ്പിങ് മൂലം നാശനഷ്ടമുണ്ടായാല്‍ അത് നല്‍കുക എന്ന തങ്ങളുടെ ദൗത്യം കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറയുന്നു.

പരിസ്ഥിതി പ്രവര്‍ത്തകനായ മോഹന്‍ദാസ് പറയുന്നു, ‘കേരളത്തിന്റെ മലയോരമേഖലകളിലെ അടിമണ്ണ് ഒലിച്ച് പോവുന്ന, പരിസ്ഥിതിക്കും മനുഷ്യരുടെ ജീവിതത്തിനും ഭീഷണിയാവുന്ന ഒന്ന് വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താനോ ഉചിതമായ നടപടികള്‍ സ്വീകരിക്കാനോ ആളുകളെ ബോധവല്‍ക്കരിച്ച് അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനോ സര്‍ക്കാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ വേണ്ടത് ചെയ്തില്ല. സോയില്‍ പൈപ്പ് മണ്ണിടിച്ചിലും മണ്ണിരിക്കലും ഉരുള്‍പൊട്ടലിനും വരെ സാധ്യതയാവുന്നു എന്ന പഠനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന മലയോര മേഖലകളുടെ സംരക്ഷണത്തിനായി ഇതേവരെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കോ സര്‍ക്കാരിനോ ഒന്നും ചെയ്യാനായിട്ടില്ല. കേരളത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്ന ഒന്നാണെന്ന് വിദഗ്ദ്ധര്‍ക്കെല്ലാം അറിയാം. എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ എഴുതിവച്ചിരിക്കുന്ന ഗൗരവം പിന്നീടുള്ള നടപടികളിലുണ്ടായില്ല.’

എന്നാല്‍ മണ്ണ്, വെള്ളത്തിന്റെ ഒഴുക്ക്, ഭൂവിനിയോഗം അങ്ങനെ വിവിധ വശങ്ങള്‍ പഠിച്ച് മാത്രമേ ഇക്കാര്യത്തിന് പരിഹാരം കാണാനാവൂ എന്ന് ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍ ഡോ.ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ‘ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പ്രാഥമിക പഠനത്തിന്റെ റിപ്പോര്‍ട്ട് ആണ് സര്‍ക്കാരിന് കൈമാറിയത്. സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം എന്ന അതിലെ ശുപാര്‍ശ മാത്രമാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ചെയ്യാനാവുക. കൂടുതല്‍ പഠനങ്ങള്‍ക്കായും നടപടികള്‍ക്കായുമുള്ള ശുപാര്‍ശകള്‍ നിരവധിയുണ്ട്. അത് അതത് വകുപ്പുകള്‍ ചെയ്യേണ്ടതാണ്.’

പെട്ടെന്നുള്ള ഒരു പരിഹാര മാര്‍ഗം സോയില്‍ പൈപ്പിങ് നിയന്ത്രിക്കാനില്ല എന്നതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഭൗമശാസ്ത്രജ്ഞനും സംസ്ഥാന പാരിസ്ഥിതിക വിദഗ്ദ്ധ സമിതി അംഗവുമായ ഡോ.എസ് ശ്രീകുമാര്‍ പറയുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇക്കാര്യങ്ങള്‍ പഠിക്കാന്‍ അമ്പത് പേരുടെ സംഘത്തെ നിയോഗിച്ചതായും പഠനം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ‘മഴയുള്ള സമയങ്ങളില്‍ ക്വാറി പ്രവര്‍ത്തനം നിരോധിക്കാന്‍ പറയുന്നുണ്ട്. അതാണ് ഇപ്പോള്‍ ചെയ്ത് വരുന്നത്. സോയില്‍ പൈപ്പിങ് കണ്ടെത്തിയ സ്ഥലങ്ങളില്‍ ക്വാറികള്‍ക്ക് അനുമതി കൊടുക്കാറില്ല. പക്ഷെ ഇപ്പോള്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായയിടങ്ങള്‍ പരിശോധിച്ചപ്പോള്‍ സോയില്‍ പൈപ്പിങ് ഉണ്ടായയിടങ്ങളില്ല, മറിച്ച് ആ മലയുടെ മറുവശങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്നത് പരിശോധിക്കണം. റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സോയില്‍ പൈപ്പിങ് കണ്ടുപിടിക്കുന്നതിനും അതിന് പരിഹാരം കാണുന്നതിയും പ്രായോഗികമായ പ്രശ്‌നങ്ങള്‍ ഉണ്ട്. അതിന് കാര്യമായ പഠനം ആവശ്യമാണ്. എന്നാല്‍ അതെങ്ങനെ സാധ്യമാവും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഭൂമിയുടെ അടിയില്‍ സ്‌കാന്‍ ചെയ്ത് വിശദമായി പഠിക്കണം. പക്ഷെ എത്രയിടത്ത് അങ്ങനെ സ്‌കാന്‍ ചെയ്യാന്‍ കഴിയും എന്നത് തന്നെ അതിന്റെ പ്രായോഗികതയെ കുറക്കുന്നു. പക്ഷെ ഇത്തവണത്തെ മഴയ്ക്കും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം അമ്പത് പേരുടെ സംഘത്തെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഭൗമശാസ്ത്രജ്ഞര്‍, സോയില്‍ എക്‌സ്‌പേര്‍ട്‌സ്, ഹൈഡ്രോളജി എക്‌സ്‌പേര്‍ട്‌സ് അങ്ങനെ എല്ലാവരും ചേര്‍ന്നുള്ള പഠനം തുടങ്ങി. അവരുടെ പഠനം വന്നതിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇതിന് പരിഹാര നിര്‍ദ്ദേശവും ഉണ്ടാവും എന്നാണ് കണക്കാക്കുന്നത്.’

വരള്‍ച്ചയുടെ ആക്കം കൂട്ടും

പ്രളയത്തിന് ശേഷം കേരളത്തിലെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടതിനും ഭൂജല നിരപ്പ് ക്രമാതീതമായി താഴ്ന്നതിനും സോയില്‍ പൈപ്പുകള്‍ ഒരു പ്രധാന കാരണമായതാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മഴ വെള്ളം ഭൂമിയില്‍ സംഭരിക്കപ്പെടാതെ സോയില്‍ പൈപ്പുകള്‍ വഴി അതിവേഗം പുറത്തേക്ക് ഒഴുകുന്നതാണ് ഭൂജല നിരപ്പ് കുറയാന്‍ കാരണമായതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കേരളം നേരിട്ട വരള്‍ച്ചയ്ക്ക് കാരണമായതും ഇതാണ്. പലവിധത്തില്‍ ഭീഷണിയായി വളരുന്ന സോയില്‍ പൈപ്പുകളെ നിയന്ത്രിക്കാനും ഭൂമിയുടെ സുസ്ഥിരത ഉറപ്പ് വരുത്താനും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന അഭിപ്രായമാണ് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും മുന്നോട്ട് വക്കുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍