UPDATES

നവനീത് കൃഷ്ണന്‍ എസ്

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

നവനീത് കൃഷ്ണന്‍ എസ്

സയന്‍സ്/ടെക്നോളജി

ഒരു ഗ്രാം മാസുള്ള ഒരു സ്ക്രൂ മതി ഒരു ഉപഗ്രഹത്തെ തകര്‍ക്കാന്‍; എന്താണ് ബഹിരാകാശ മാലിന്യങ്ങള്‍?

ഒരു ഉപഗ്രഹത്തെ മിസൈലുകളോ മറ്റോ ഉപയോഗിച്ച് മനപ്പൂര്‍വ്വം തകര്‍ത്താല്‍ ഇതല്ല അവസ്ഥ. ഉപഗ്രഹത്തിന്റെ അനേകം അവശിഷ്ടങ്ങള്‍ സൃഷ്ടിക്കപ്പെടും. ഓരോന്നും ഏതേത് പാതയിലൂടെ സഞ്ചരിക്കും എന്ന് മുന്‍കൂട്ടി പറയാനാകില്ല.

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിക്കു ചുറ്റും കറങ്ങാന്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. ഈ നിലയത്തിലുള്ളവരുടെ പേടി സ്വപ്നങ്ങളിലൊന്നാണ് മറ്റ് ഉപഗ്രഹങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍! ബഹിരാകാശമാലിന്യം എന്നാണ് ഇവയെ പൊതുവായി വിളിക്കുന്നത്. മനുഷ്യരായിട്ട് ബഹിരാകാശത്ത് ഉണ്ടാക്കുന്ന മാലിന്യങ്ങളാണിവ. ലോകത്തെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതു മുതല്‍ ബഹിരാകാശമാലിന്യത്തിന്റെ കഥയും ആരംഭിച്ചു എന്നു ചുരുക്കം!

ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളും അവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇത്തരം ഉപഗ്രഹങ്ങളുടെ കാലാവധി കഴിയുമ്പോള്‍ അവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഗതിമാറ്റിവിട്ട് കത്തിച്ചുകളയുകയാണ് പലപ്പോഴും ചെയ്യാറ്. ഉയര്‍ന്ന പരിക്രമണപഥങ്ങളിലുള്ളവയെ ഭൂമിക്കു പുറത്തേക്ക് ഗതിമാറ്റി വിടാറും ഉണ്ട്. രണ്ടായാലും അല്പം ഇന്ധനം അതിനു ചിലവുവരും. ഉപഗ്രഹങ്ങളില്‍ അതിന്റെ പാത ക്രമീകരിക്കാന്‍ വേണ്ടി സൂക്ഷിച്ചിരിക്കുന്ന ഇന്ധനമാണ് ഇതിനും ഉപയോഗിക്കുക. ഭൂസ്ഥിര ഉപഗ്രഹങ്ങളെപ്പോലെ ഉയര്‍ന്ന പരിക്രമണപഥങ്ങളില്‍ ഉള്ള ഉപഗ്രഹങ്ങളെ തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലെത്തിച്ച് നശിപ്പിക്കുക എന്നത് ഏറെ ചിലവുള്ള കാര്യമാണ്. ഉപഗ്രഹത്തിന്റെ വേഗത വലിയതോതില്‍ കുറച്ചാലേ ഇവയുടെ ഡീ ഓര്‍ബിറ്റിങ് നടക്കൂ. എന്നാല്‍ ഭൂമിക്ക് അകലേക്കുള്ള ഓര്‍ബിറ്റിലേക്ക് മാറ്റാന്‍ വലിയ ചിലവില്ലതാനും. അതിനാല്‍ മിക്കപ്പോഴും ഈ രീതിയാണ് പ്രയോഗിക്കാറ്. ഗ്രേവ്‌യാര്‍ഡ് ഓര്‍ബിറ്റ് എന്നറിയപ്പെടുന്ന ഇത്തരം ഇടങ്ങളിലേക്കു മാറ്റുന്ന ഉപഗ്രഹങ്ങള്‍ പിന്നീട് എക്കാലവും അവിടെത്തന്നെ കാണും.

പക്ഷേ ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ആ ഉപഗ്രഹം ഭൂമിക്കു ചുറ്റും ഏറെക്കാലം കറങ്ങിക്കൊണ്ടേയിരിക്കും. കാലക്രമത്തില്‍ ഇവയുടെ പാതയ്ക്ക് പല വ്യതിയാനങ്ങളും വരാം. പക്ഷേ അവയെ ഭൂമിയില്‍നിന്ന് നിയന്ത്രിക്കാന്‍ പോയിട്ട്, അത്തരം ഉപഗ്രഹങ്ങളുടെ പാതപോലും നമുക്ക് അറിയാന്‍ കഴിയണമെന്നില്ല. ഇത്തരം ഉപഗ്രഹങ്ങളോ അവയുടെ അവശിഷ്ടങ്ങളോ ഒക്കെ പിന്നീട് മറ്റേതെങ്കിലും ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാന്‍ സാധ്യത ഇല്ലാതെയില്ല! ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശത്തിന്റെ വ്യാപ്തിവച്ചു നോക്കിയാല്‍ നിലവില്‍ ആ സാധ്യത കുറവാണ് എന്നു മാത്രം. സാധ്യത കുറവാണ് എന്നേയുള്ളൂ. പക്ഷേ കൂട്ടിയിടിക്കില്ല എന്നു പറയാനാകില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ സംബന്ധിച്ചും ഇതേ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളിലൊന്ന് ഈ നിലയത്തില്‍ വന്ന് ഇടിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം.

ഒരു ഗ്രാം മാത്രം മാസുള്ള ഒരു സ്‌ക്രൂവോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു മെറ്റല്‍കഷണമോ ഇങ്ങനെ ബഹിരാകാശത്തുകൂടി പരിക്രമണം ചെയ്യുന്നുണ്ട് എന്നു കരുതുക. ചെറിയ വേഗതയിലൊന്നുമാവില്ല ഈ കറക്കം. ഒരു സെക്കന്‍ഡില്‍ എട്ടു മുതല്‍ പത്തു കിലോമീറ്റര്‍ വരെയൊക്കെ വേഗതയില്‍ ഇവ സഞ്ചരിച്ചെന്നിരിക്കാം. ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു കുഞ്ഞുകഷണം അവശിഷ്ടംപോലും വലിയ നാശനഷ്ടം ഒരു ഉപഗ്രഹത്തിനു വരുത്താം. ഒരു ഗ്രാം മാസുള്ള അത്തരമൊരു കഷണം സെക്കന്‍ഡില്‍ പത്ത് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നു എന്നു കരുതുക. ആ വേഗതയില്‍ അതിന്റെ ഊര്‍ജ്ജം അതിഭീമമായിരിക്കും. 5000 കിലോഗ്രാം വരുന്ന ഒരു കല്ല് ഒരു മീറ്റര്‍ മുകളില്‍നിന്നും താഴേക്കു വീഴുമ്പോഴുള്ള ഇംപാക്റ്റ് ഉണ്ടാക്കാന്‍ ഇതിനു കഴിയും!

ഉപഗ്രഹാവശിഷ്ടങ്ങളുടെ എണ്ണം ഭൂമിക്കു ചുറ്റും കൂടുംതോറും ഇത്തരമൊരു കൂട്ടിയിടിക്കുള്ള സാധ്യതയും കൂടും. ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ ഇത്തരം സാധ്യതയെ വര്‍ദ്ധിപ്പിക്കുകയാണു ചെയ്യുക. വളരെ വേഗതയില്‍ സഞ്ചരിക്കുന്ന ചെറിയൊരു കഷണം ഉപഗ്രഹാവശിഷ്ടം മതി മറ്റൊരു ഉപഗ്രഹത്തെ തകര്‍ക്കാന്‍! താഴ്ന്ന പരിക്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള മിസൈല്‍ശേഷിയാണ് ഇപ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉള്ളത്. താഴ്ന്ന പരിക്രമണപഥം എന്നു പറഞ്ഞാല്‍ ഏതാണ്ട് 200 മുതല്‍ 2000കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള പരിക്രമണപഥം. ഇതില്‍ത്തന്നെ 300നും 500നും ഇടയിലാണ് മിക്ക ഉപഗ്രഹങ്ങളും. അന്താരാഷ്ട്ര ബഹിരാകാശനിലയവും ഏതാണ്ട് ഇതേ ഉയരത്തിലാണ്. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഉള്ള മേഖല എന്നതുപോലെ തന്നെ ഏറ്റവും കൂടുതല്‍ ബഹിരാകാശ മാലിന്യങ്ങള്‍ കാണപ്പെടുന്നതും ഇവിടെയാണ്. മിക്ക ദിവസവും ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഉപഗ്രഹവിക്ഷേപണം കാണാം.

നാനോ സാറ്റ്‌ലൈറ്റുകളുടെ വരവോടെ ലോ എര്‍ത്ത് ഓര്‍ബിറ്റിലെ അംഗങ്ങളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. വളരെ ചെറിയ ഉപഗ്രഹങ്ങളാണ് നാനോ സാറ്റ്‌ലൈറ്റുകള്‍. കോളെജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന പരീക്ഷണ നാനോ സാറ്റ്‌ലൈറ്റുകള്‍ വരെ ബഹിരകാശത്തുണ്ട്. ഏതാനും ആഴ്ചകളോ മാസങ്ങളോ ആവും ഇവയുടെ ആയുസ്സ്. അതിനുശേഷം ഗതിമാറ്റി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇറക്കി എരിച്ചുകളയാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ ബഹിരാകാശത്ത് ചുറ്റിക്കറങ്ങിക്കൊണ്ടേ ഇരിപ്പുണ്ടാവും. വലിയ ഉപഗ്രഹങ്ങളിലേതുപോലെ ഇത്തരം നാനോ സാറ്റ്‌ലൈറ്റുകളില്‍ ഇന്ധനശേഖരം ഉണ്ടാവാറില്ല. അതിനാല്‍ അവയെ ഗതിമാറ്റാന്‍ ബുദ്ധിമുട്ടാണ്. കാലക്രമത്തില്‍ പരിക്രമണപഥത്തില്‍ വരുന്ന മാറ്റമാവും അവയെ നശിപ്പിക്കുക. അതുവരെ ഇവ ഏതാണ്ട് അതേ പരിക്രമണപഥത്തില്‍ വരുന്ന മറ്റ് ഉപഗ്രഹങ്ങള്‍ക്കു ഭീഷണിയാണ്.

ചെറിയ സാറ്റ്‌ലൈറ്റുകളില്‍ ഗതി മാറ്റാന്‍ കഴിയുന്നവയെ എളുപ്പം നശിപ്പിക്കാം. ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നാല്‍ വായുവുമായുള്ള ഘര്‍ഷണം മൂലമുണ്ടാകുന്ന ചൂട് മതി ഉപഗ്രഹത്തെ എരിയിച്ചുകളയാന്‍. പക്ഷേ വലിയ ഉപഗ്രഹങ്ങളുടെ കാര്യത്തില്‍ ഇത് നടക്കണമെന്നില്ല. ഘര്‍ഷണം മൂലം കത്തിത്തീരാത്ത ഭാഗങ്ങള്‍ ഭൂമിയിലെത്തും. ജനവാസ പ്രദേശങ്ങളില്‍ വീണാല്‍ ഇത് അപകടകരമായേക്കാം. ഇത്തരം ഉപഗ്രഹങ്ങളുടെ ഡീ-ഓര്‍ബിറ്റിങ് ഏറെ കരുതലോടെയാവും നടത്തുക. പസഫിക് സമുദ്രംപോലെ ആള്‍ത്താമസമില്ലാത്ത വിശാലപ്രദേശത്ത് അവശിഷ്ടങ്ങള്‍ വീഴുന്ന വിധത്തിലാവും ഇവയെ ഭൂമിയിലേക്കു വീഴ്ത്തുന്നത്.

എന്നാല്‍ ഒരു ഉപഗ്രഹത്തെ മിസൈലുകളോ മറ്റോ ഉപയോഗിച്ച് മനപ്പൂര്‍വ്വം തകര്‍ത്താല്‍ ഇതല്ല അവസ്ഥ. ഉപഗ്രഹത്തിന്റെ അനേകം അവശിഷ്ടങ്ങള്‍ സൃഷ്ടിക്കപ്പെടും. ഓരോന്നും ഏതേത് പാതയിലൂടെ സഞ്ചരിക്കും എന്ന് മുന്‍കൂട്ടി പറയാനാകില്ല. ഇവയെ ട്രാക്ക് ചെയ്യുക എന്നതും നടപ്പുള്ള കാര്യമല്ല. ചിലവയുടെ പരിക്രമണപഥം ഉയര്‍ന്നേക്കാം. ചിലതിന്റെ താഴ്‌ന്നേക്കാം. ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ച് ചൈന ഒരു ഉപഗ്രഹത്തെ തകര്‍ത്തത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ഉപഗ്രഹത്തിന്റെ എണ്ണമറ്റ അവശിഷ്ടങ്ങളാണ് അതിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഓരോന്നും ഓരോ പാതയിലൂടെയാവും ഭൂമിക്കു ചുറ്റും സഞ്ചരിക്കുക. താഴ്ന്ന പാതയിലേക്ക് ഗതി മാറുന്നവ മിക്കവയും അല്പകാലത്തിനുള്ളില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്ന് കത്തിപ്പോവും. അല്ലാത്ത കുറെ അവശിഷ്ടം പരിക്രമണപഥത്തില്‍ തുടരും. ഇത് ബഹിരാകാശ മാലിന്യങ്ങളുടെ അളവ് കൂട്ടും! കാലക്രമത്തില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്യും.

ഗ്രാവിറ്റി എന്ന സിനിമയില്‍ ഇത്തരമൊരു കൂട്ടിയിടി കാണിക്കുന്നുണ്ട്. അതില്‍ അല്പംകൂടി കടന്ന് ഒരു ചെയിന്‍ റിയാക്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഗ്രഹാവശിഷ്ടം വന്ന് ഇടിക്കുന്നതു മൂലം മറ്റൊരു ഉപഗ്രഹം തകരുന്നു. പുതിയ അവശിഷ്ടങ്ങള്‍ രൂപം കൊള്ളുന്നു. കഷണങ്ങള്‍ കൂട്ടിയിടിയുടെ എണ്ണം കൂട്ടുന്നു. കൂട്ടിയിടികള്‍ കഷണങ്ങളുടെ എണ്ണവും കൂട്ടുന്നു. അങ്ങനെ സംഭവിച്ചാല്‍ അവിടെ ഒരു ചെയിന്‍ റിയാക്ഷന്‍ നടന്നു എന്നു പറയാം. വലിയ അപകടകരമായ അവസ്ഥയാണത്. Kessler syndrome എന്നാണ് ഈയൊരു സാഹചര്യം അറിയപ്പെടുന്നത്. 1978ല്‍ Donald J. Kessler എന്ന നാസ ശാസ്ത്രജ്ഞനാണ് ഈയൊരു സാധ്യതയെ വിശദീകരിച്ചത്. ഉപഗ്രാവശിഷ്ടങ്ങള്‍ എണ്ണം ഒരു നിശ്ചിത എണ്ണത്തില്‍ കൂടിയാല്‍ ഇത്തരമൊരു ചെയിന്‍ റിയാക്ഷന്‍ എപ്പോള്‍ വേണമെങ്കിലും നടക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി. ഉപഗ്രഹങ്ങളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഇത്തരമൊരു സാധ്യതയെ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

ബഹിരാകാശമാലിന്യങ്ങളുടെ ഭീഷണി ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്. അതിനാല്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹങ്ങളുടെ ട്രാക്കിങ്ങിന് ഇപ്പോള്‍ ഏറെ പ്രാധ്യാനം കൊടുക്കുന്നുണ്ട്. അവ എപ്പോള്‍ എവിടെ ഉണ്ടാവും എന്ന് ഇതിലൂടെ മുന്‍കൂട്ടി അറിയാന്‍ കഴിയും. അപകടമുണ്ടാകും എന്ന സാഹചര്യത്തില്‍ എന്തെങ്കിലും അടിയന്തിരനടപടികള്‍ കൈക്കൊള്ളാന്‍ ഇത് സഹായിക്കും.

ചിത്രം: നിലവില്‍ അറിയാവുന്ന ഉപഗ്രഹങ്ങളുടെയും ബഹിരാകാശമാലിന്യങ്ങളുടെയും പ്രതീകാത്മകചിത്രം. ഇതില്‍ 95ശതമാനത്തോളവും പ്രവര്‍ത്തനകാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളോ അവയുടെ അവശിഷ്ടങ്ങളോ ആണ്.

ചിത്രത്തിനു കടപ്പാട്: NASA

നവനീത് കൃഷ്ണന്‍ എസ്

നവനീത് കൃഷ്ണന്‍ എസ്

സയന്‍സ് എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍