UPDATES

സയന്‍സ്/ടെക്നോളജി

100 രൂപ ചിലവില്‍ അരമണിക്കൂറിനുള്ളില്‍ ക്ഷയരോഗപരിശോധന ഫലം; ശ്രീ ചിത്രയുടെ ഉപകരണത്തിന് അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

ജീന്‍ ഡോട്ടിന്റെ കണ്ടുപിടിത്തതോടെ ക്ഷയ രോഗ പ്രതിരോധ, ചികിത്സാരംഗത്ത് വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കും.

ഹൃദയ ചികിത്സയുള്‍പ്പടെയുള്ള മേഖലയില്‍ ലോകത്തിന്റെ കൈയടി നേടിയ കണ്ടുപിടത്തങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആഗോള മെഡിക്കല്‍ രംഗത്ത് വീണ്ടും ശ്രദ്ധ നേടുന്നു. ലോകാരോഗ്യ സംഘടനയുടെ അടക്കമുള്ളവരുടെ അഭിനന്ദനത്തിന് ഇപ്പോള്‍ കാരണമായത്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ 100 രൂപ മാത്രം ചിലവരുന്ന ക്ഷയരോഗ പരിശോധനയ്ക്കുള്ള പുതിയ ഉപകരണമാണ്. നിലവില്‍ 4500 രൂപവരെ ചെലവ് വരുന്ന പരിശോധനയാണ് അരമണിക്കൂറിനകം തന്നെ പരിശോധന ഫലം വരെ ലഭിക്കുന്ന ഈ പുതിയ ഉപകരണം കൊണ്ട് സാധിക്കുന്നത്.

ജീന്‍ ഡോട്ട് എന്ന ഈ ഉപകരണം ശ്രീചിത്രയിലെ ഡോ.അനൂപ് കുമാര്‍ തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വികസിപ്പിച്ചത്. കഫത്തിന്റെ സാമ്പിളില്‍ നിന്ന് ഡിഎന്‍എ ഘടകങ്ങള്‍ വേര്‍തിരിച്ചാണ് ജീന്‍ഡോട്ട് രോഗനിര്‍ണയം നടത്തുന്നത്. അരമണിക്കൂറിനുള്ളില്‍ 20 സാമ്പിളുകള്‍ വരെ ഇതില്‍ പരിശോധിക്കാന്‍ സാധിക്കുമെന്നാണ് ഡോ. അനൂപ് കുമാറിനെ ഉദ്ധരിച്ച് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തിന്റെ വിവിധ ആശുപത്രികളില്‍ ജീന്‍ഡോട്ട് ഉപയോഗിച്ചുള്ള പരീക്ഷണ പരിശോധനകള്‍ നടത്താനുള്ള ശ്രമത്തിലാണ്. സംസ്ഥാന ടി ബി സെന്ററിന്റെ സഹകരണത്തോടെ നടത്തിയ പരീക്ഷണങ്ങളില്‍ ഉപകരണം വിജയമായിരുന്നു. ചെലവുകുറഞ്ഞ മാര്‍ഗമായതിനാല്‍ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഈ ഉപകരണത്തിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ഉപകരണത്തിന്റെ വിജയത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ സഹായം തേടുകയായിരുന്നു ശ്രീചിത്രയിലെ ഗവേഷകര്‍. ലോകാരോഗ്യ സംഘടനയിലെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ണെഡിക്കല്‍ റിസര്‍ച്ചിലെയും വിദഗ്ധര്‍ ജീന്‍ഡോട്ട് പരിശോധിച്ച് തുടര്‍ ഗവേഷണത്തിനും വികസനത്തിനും ശുപാര്‍ശ ചെയ്തു. ഉപകരണം വികസിപ്പിക്കുന്നതിനായി കൊച്ചയിലെ സ്വകാര്യ സ്ഥാപനവുമായി ശ്രീ ചിത്ര കരാറുമായി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇഷാന്ത് കുമാര്‍, ലോകാരോഗ്യസംഘടനയെ പ്രതിനിധീകരിച്ച് ഡോ. രജനി രാമചന്ദ്രന്‍, ഡോ. എസ്. എസ് ആനന്ദ്, ഡോ.മൈനിഡു (എന്‍ സി എം ആര്‍), ഡോ. ഷിബു, ഡോ. സുനില്‍, ഡോ ലക്ഷ്മി, തുടങ്ങിയവരുടെ സംഘമായിരുന്ന പരിശോധനയ്ക്ക് എത്തിയത്.

ഡോ. അനൂപിനെ കൂടാതെ ഡോ. സജീവ് നായര്‍, ഡോ. നീന, ഡോ. അനിതാ നായര്‍ തുടങ്ങിയവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു. ജീന്‍ ഡോട്ടിന്റെ കണ്ടുപിടിത്തതോടെ ക്ഷയ രോഗ പ്രതിരോധ, ചികിത്സാരംഗത്ത് വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കും. കൂടാതെ പരിശോധന ചെലവുകള്‍ കുറയുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക നീക്കിവയ്ക്കാനും സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍