UPDATES

സയന്‍സ്/ടെക്നോളജി

സ്റ്റീഫന്‍ ഹോക്കിംഗ്‌ – ‘കാലത്തിന്റെ സംക്ഷിപ്ത ചരിത്ര’ത്തിന്റെ ലഘു ചരിത്രം

ഇത്തരത്തിലൊരു സംയോജിത സിദ്ധാന്തം രൂപീകരിക്കാനായാല്‍ എല്ലാം മനസിലാക്കാനാകുമെന്നായിരുന്നു സ്റ്റീഫന്റെ പക്ഷം – ‘ദൈവത്തിന്റെ മനസ്’ അടക്കം.

A Brief History of Time (കാലത്തിന്റെ സംക്ഷിപ്ത ചരിത്രം) ആണ് സ്റ്റീഫന്‍ ഹോക്കിംഗിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം. വിഖ്യാതമായ ഈ പുസ്തകത്തെക്കുറിച്ചാണ് ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പീറ്റര്‍ ഗുസാര്‍ഡി പറയുന്നത്. പുസ്തകത്തിന്‍റെ പ്രസിദ്ധീകരണാവകാശം തന്‍റെ സ്ഥാപനത്തിന് ലഭിച്ചതിനെക്കുറിച്ച് അടക്കമുള്ള കാര്യങ്ങള്‍.

ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്റെ കവറിലാണ് ഞാന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ ആദ്യമായി കാണുന്നത്. ഇന്ന് നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു കഥ അതിനകത്തുണ്ട്. പക്ഷെ അന്ന് അതൊരു പുതിയ വെളിപ്പെടുത്തലായിരുന്നു. കേംബ്രിഡ്ജിലെ ഒരു ആസ്‌ട്രോ ഫിസിസിസ്റ്റ് പ്രപഞ്ചത്തിന്റെ മഹത്തായ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നു. നാഡീസംബന്ധമായി രോഗം കാരണം ഇതിനകം അദ്ദേഹം വീല്‍ചെയറിലായി കഴിഞ്ഞു.

പ്രൊഫ.ഹോക്കിംഗിന്റെ ഷൂസിനെ പറ്റി, അതിന്റെ നിലം തൊടാത്ത വൃത്തിയുള്ള സോളുകളെ പറ്റി, എഴുത്തുകാരന്‍ തിമോത്തി ഫെറിയുടെ വിവരണം മറക്കാനാവില്ല. ഒരു ലിറ്റററി ഏജന്റുമൊത്ത് ഉച്ചഭക്ഷണം കഴിക്കാന്‍ പോകുന്ന വഴിയില്‍ ഞാന്‍ ഹോക്കിംഗിന്റെ ആര്‍ട്ടിക്കിള്‍ വായിച്ച് പൂര്‍ത്തിയാക്കി. ലിറ്ററി ഏജന്റ് എഐ സുക്കര്‍മാനുമായി ഞാന്‍ ഇക്കാര്യം സംസാരിച്ചു. അദ്ദഹവും പ്രൊഫ.ഹോക്കിംഗിനെ കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. ഒരു പോപ്പുലര്‍ ബുക്ക് എഴുതാന്‍ ഹോക്കിംഗിന് താല്‍പര്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നു അത്. മാസങ്ങള്‍ക്ക് ശേഷം സുക്കര്‍മാന്‍ എനിക്കൊരു ചെറിയ കയ്യെഴുത്ത് പ്രതി അയച്ചുതന്നു. ഒപ്പം A Brief History of Timeന്റെ പ്രസിദ്ധീകരണാവകാശം നേടിയെടുക്കുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള ക്ഷണവും.

ആ സമയത്ത് ഞാന്‍ ബന്റാം ബുക്‌സില്‍ സീനിയര്‍ എഡിറ്ററായിരുന്നു. വലിയ പബ്ലിഷിംഗ് ഹൗസുകള്‍ ഹോക്കിംഗിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശത്തിനായി മത്സരിക്കുമ്പോള്‍ ബന്റാമിന് പ്രതീക്ഷക്കൊന്നും വകയുണ്ടായിരുന്നില്ല. ഏതായാലും പ്രൊഫ.ഹോക്കിംഗിന് പ്രതിഫല വാഗ്ദാനം അടക്കം ഒരു കത്തയച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് പ്രസിദ്ധീകരണാനുമതി തന്നു.

മാസങ്ങള്‍ക്ക് ശേഷം സ്റ്റീഫന്‍ ഹോക്കിംഗ് യുഎസില്‍ വന്നു. ചിക്കോഗായിലെ ഫെര്‍മി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കാന്‍. ബ്രിട്ടനില്‍ സ്റ്റീഫന് അതുവരെ പബ്ലിഷറില്ലാതിരുന്നത് കാരണം ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഇംഗ്ലീഷ് എഡിഷന്‍ എഡിറ്റ് ചെയ്യാനുള്ള ചുമതല എനിക്കായി. അതൊരു വെല്ലുവിളി തന്നെയായിരുന്നു. അല്ല എന്ന് അഭിനയിക്കാന്‍ ഞാന്‍ തയ്യാറല്ല. ശാസ്ത്രത്തിന്റെ വിശുദ്ധ പാത്രത്തിലേയ്ക്കുള്ള 100 പേജുകള്‍.

രണ്ട് പ്രത്യേക വിഭാഗങ്ങളായ എന്നാല്‍ പരസ്പരം വളരെയധികം ആശ്രയിച്ചിരിക്കുന്നവയെ സംയോജിപ്പിക്കുന്ന തിയറി – പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് ആറ്റത്തിനകത്തെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുമ്പോള്‍ ആസ്‌ട്രോഫിസിക്സ്‌ ഗാലക്‌സികളിലേയും നക്ഷത്ര ഗണങ്ങളിലേയും ഗുരുത്വാകര്‍ഷണം പോലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു – ഇത്തരത്തിലൊരു സംയോജിത സിദ്ധാന്തം രൂപീകരിക്കാനായാല്‍ എല്ലാം മനസിലാക്കാനാകുമെന്നായിരുന്നു സ്റ്റീഫന്റെ പക്ഷം – ‘ദൈവത്തിന്റെ മനസ്’ അടക്കം.

ആ സമയത്ത് ഞങ്ങളുടെ ലക്ഷ്യം സാധാരണക്കാരന് മനസിലാകുന്ന ശാസ്ത്രീയമായി കൃത്യതയുള്ള പുസ്തകങ്ങള്‍ പുറത്തിറക്കുക എന്നതായിരുന്നു. സ്റ്റീഫന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് ഓരോ കാര്യങ്ങള്‍ സംബന്ധിച്ചും വ്യക്തമായി മനസിലാകുന്നത് വരെ ഞാന്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഈ പുസ്തകത്തിനുള്ള എന്റെ ആദ്യ സംഭാവന ഇതാണ്. മാസങ്ങള്‍ നീണ്ട ആശയവിനിമയം വേണ്ടി വന്നു ഇതിന്. എന്നാല്‍ ആ സമയത്തുണ്ടായ അസുഖം സ്റ്റീഫന്റെ സംസാര ശേഷിയും നഷ്ടപ്പെടുത്തി. സ്റ്റീഫന്റെ നിശ്ചയദാര്‍ഢ്യവും പിന്നെ ചില കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളും പുസ്തകം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. ആദ്യ ഡ്രാഫ്റ്റ് സ്റ്റീഫന്‍ 1987ല്‍ പൂര്‍ത്തിയാക്കി.

ബാക്കിയെല്ലാം ചരിത്രമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകമായി അത് മാറി. 35ലധികം ഭാഷകളിലേയ്ക്ക് പുസ്തകം തര്‍ജ്ജമ ചെയ്യപ്പെട്ടു. 10 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞു. പ്രപഞ്ചത്തിലെ എല്ലാത്തിനേയും സംബന്ധിച്ച തിയറി തലമുറകളെ സ്വാധീനിച്ച് കൊണ്ടേയിരിക്കുന്നു. A Brief History of Timeന്റെ പ്രസിദ്ധീകരണത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. അതെഴുതിയ ബുദ്ധിമാനായ മനുഷ്യനുമായി സൗഹൃദമുണ്ടാക്കാന്‍ സാധിച്ചതിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍