UPDATES

സയന്‍സ്/ടെക്നോളജി

ഹോക്കിങ്ങിന്റെ ചക്രക്കസേരയും ശബ്ദരേഖയും മ്യൂസിയങ്ങള്‍ക്ക്

ചക്രക്കസേരയും ശബ്ദസംവിധാനവും ഇതുവരെയുള്ള ശബ്ദ രേഖകളും ചേര്‍ത്ത് ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ ഒരു പ്രദര്‍ശനം ഒരുക്കുന്നതും പരിഗണനയില്‍ ഉണ്ട്

ആ ചക്രക്കസേര. സ്റ്റീഫന്‍ ഹോക്കിങ്ങിനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചക്രക്കസേര. ആ കസേരയും കംപ്യൂട്ടര്‍ നിയന്ത്രിത ശബ്ദ സംവിധാനവും ലോകത്തിനു സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹത്തിന്‍റെ കുടുംബമെന്നു സണ്‍ഡേ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തു. മ്യൂസിയങ്ങള്‍ക്ക് ഇവ സ്വന്തമാക്കാന്‍ അവസരമുണ്ട്.

കഴിഞ്ഞ മാസമാണ് പ്രപഞ്ചസത്യങ്ങള്‍ തേടിയുള്ള യാത്ര അവസാനിപ്പിച്ച്‌ 76 വയസ്സ് തികച്ച് സ്റ്റീഫന്‍ ഹോക്കിംഗ് വിടവാങ്ങിയത്. ജൂണ്‍ പതിനഞ്ചിനു വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ സര്‍ ഐസക്ക് ന്യൂട്ടന്‍റെ കല്ലറയ്ക്കരികിലായി ഹോക്കിങ്ങിന്‍റെ ചിതാഭസ്മം അടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇരുപത്തിയൊന്നാം വയസില്‍ അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് (ALS) എന്ന അപൂര്‍വ നാഡീ രോഗം ബാധിച്ച് കൈകാലുകള്‍ തളര്‍ന്നതോടെ ഒന്നോ രണ്ടോ കൊല്ലം കൂടി ആയുസ്സെന്നു വിധിച്ചതാണ് വൈദ്യശാസ്ത്രം. പ്രവചനങ്ങള്‍ തിരുത്തി അഞ്ചു ദശാബ്ദം കൂടി ജീവിച്ചിരുന്ന് അദ്ദേഹം പ്രപഞ്ച സത്യങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തിയത് ആ കസേരയില്‍ ഇരുന്നായിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ ഏറെയും ആ പ്രതിഭയുടെ സംഭാവനയാണ്.

ചക്രക്കസേരയും ശബ്ദസംവിധാനവും ഇതുവരെയുള്ള ശബ്ദ രേഖകളും ചേര്‍ത്ത് ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ ഒരു പ്രദര്‍ശനം ഒരുക്കുന്നതും പരിഗണനയില്‍ ഉണ്ട്. ഒരു തവണ ചാര്‍ജു ചെയ്‌താല്‍ മണിക്കൂറില്‍ എട്ടു മൈല്‍ വേഗത്തില്‍ 20 മൈല്‍ യാത്ര ചെയ്യാന്‍ സഹായിച്ചിരുന്നു സ്വീഡനില്‍ നിര്‍മ്മിച്ച ചക്രക്കസേര.

ഹോക്കിങ്ങിനു പറയാനുള്ളത് നമ്മെ കേള്‍പ്പിച്ചു കൊണ്ടിരുന്ന 33 വര്‍ഷം പഴക്കമുള്ള സിന്തസൈസര്‍ തകരാറിലായതിനെ തുടര്‍ന്ന് പുതുക്കി ഘടിപ്പിച്ചത് ജനുവരി 26 നായിരുന്നു.

പഴയ ശബ്ദത്തില്‍ നിന്ന് കൂടുതല്‍ വ്യക്തതയോടെ ആ സംവിധാനത്തില്‍ നിന്ന് ഹോക്കിങ്ങിനെ കേള്‍ക്കാന്‍ കുടുംബത്തിനു മാത്രമേ കഴിഞ്ഞുള്ളൂ. അതിനു ശേഷം പുറം ലോകത്തിനായി ഹോക്കിംഗ് പ്രഭാഷണമൊന്നും നടത്തിയില്ല. ഇനി ആ സംവിധാനം അദ്ദേഹത്തിന്റെ പഴയ പ്രഭാഷണങ്ങള്‍ കൂടുതല്‍ തെളിമയോടെ കേള്‍ക്കാന്‍ നമ്മെ സഹായിക്കും.

ഹോക്കിങ്ങിനു സംസാരശേഷി നഷ്ടമായത് 1985 ലാണ്. ഒരു ജെനീവ യാത്രയ്ക്കിടയില്‍ ന്യൂമോണിയ പിടിച്ച് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കിടക്കേണ്ടി വന്നു. രക്ഷപ്പെടില്ലെന്നു കരുതി വെന്റിലേറ്റര്‍ മാറ്റാന്‍ അനുവാദം തേടിയ ആശുപത്രിക്കാരെ അതിനനുവദിക്കാതെ ഹോക്കിങ്ങിനെ അദ്ദേഹത്തിന്‍റെ ഭാര്യ കേംബ്രിജിലെത്തിച്ചു. ഇന്ഫെക്ഷന്‍ നിയന്ത്രണത്തിലാക്കിയ ഡോക്ടര്‍മാര്‍ ശ്വസിക്കാനായി കഴുത്തില്‍ ശസ്ത്രക്രിയ നടത്തി ട്യൂബ് ഇട്ടതോടെ സംസാരശേഷി നഷ്ടപ്പെടുകയായിരുന്നു.

പില്‍ക്കാലത്ത് അത്യാധുനിക കംപ്യൂട്ടര്‍ അധിഷ്ടിത സംവിധാനങ്ങള്‍ വഴി ഹോക്കിംഗ് എന്ന പ്രതിഭയുടെ തലച്ചോറില്‍ നിന്നുള്ള ശാസ്ത്രീയ വിശകലനങ്ങള്‍ ഈ ലോകത്തിനു ലഭ്യമാക്കിയതിനു പിന്നില്‍ ഒട്ടേറെ സാങ്കേതിക വിദഗ്ധരുടെ കഠിനാധ്വാനമുണ്ട്.

തന്‍റെ വെബ്‌സൈറ്റില്‍ ഹോക്കിംഗ് അദ്ദേഹത്തിന്‍റെ കംപ്യൂട്ടര്‍ സംവിധാനത്തെക്കുറിച്ച് ഇങ്ങനെ കുറിച്ചു;

1997 മുതല്‍ തന്‍റെ കംപ്യൂട്ടര്‍ അധിഷ്ടിത കമ്മ്യൂണിക്കേഷന്‍ ഇന്‍റലിന്റെ സംഭാവനയാണെന്ന് പറയുന്നു ഹോക്കിംഗ്. ചക്രക്കസേരയുടെ കയ്യില്‍ പിടിപ്പിച്ചിരിക്കുന്ന ടാബ് ലെറ്റ്‌ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത് ഇന്റലിന്റെ ACAT എന്ന പ്രോഗ്രാം വഴിയാണ്.

സ്ക്രീനില്‍ തെളിയുന്ന കീബോര്‍ഡില്‍ എന്റെ കവിളിന്റെ ചലനം കൊണ്ട് കഴ്സര്‍ നിയന്ത്രിച്ച് അക്ഷരങ്ങള്‍ തിരഞ്ഞെടുത്ത് എഴുതാന്‍ സാധിക്കുന്നു. എന്‍റെ കണ്ണടയിലുള്ള ഇന്ഫ്രാറെഡ് സ്വിച്ച് ആണ് കവിളിന്റെ ചലനം പിടിച്ചെടുത്തു കംപ്യൂട്ടറിനു കൈമാറുക.

ഞാന്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വാക്കുകള്‍ സ്വിഫ്റ്റ്കീ തയാറാക്കിത്തന്ന പ്രോഗ്രാം കൃത്യമായി ഊഹിച്ചെടുക്കുന്നു. ആദ്യത്തെ ഒന്നോ രണ്ടോ അക്ഷരങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ എനിക്ക് വേണ്ട വാക്ക് തിരഞ്ഞെടുക്കാന്‍ ഉള്ള സംവിധാനം ആണ് ആ പ്രോഗ്രാമില്‍ ഉള്ളത്. ഒരു മുഴുവന്‍ വാചകം ആയാല്‍ എനിക്കത് സ്പീച്ച് പ്ലസ് തയാറാക്കി തന്ന സിന്തസൈസറിലേക്ക് അയയ്ക്കാം.

അത് എനിക്കു പറയാനുള്ളത് നിങ്ങളെ കേള്‍പ്പിക്കുന്നു. ACAT വഴി എനിക്കു വിന്‍ഡോസിലെ മൗസ് നിയന്ത്രിക്കാം. കംപ്യൂട്ടര്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നു. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കില്‍ ഇമെയില്‍ നോക്കാം. ഫയര്‍ഫോക്സ് ഉപയോഗിച്ചു സര്‍ഫ് ചെയ്യാം. വേഡ് ഉപയോഗിച്ച് എഴുതാം. എനിക്ക് ഇന്റല്‍ തന്ന ഏറ്റവും പുതിയ കംപ്യൂട്ടറിലെ വെബ്കാം വഴി സ്കൈപ് ഉപയോഗിച്ചു സുഹൃത്തുക്കളുമായി സംവദിക്കാം. എന്നെ അറിയുന്നവര്‍ക്ക് എന്‍റെ മുഖചലനങ്ങള്‍ക്കു മറുപടി നല്‍കാന്‍ അറിയാം.

എനിക്ക് ക്ലാസുകള്‍ നടത്താനുള്ള സൌകര്യവും ACAT ന്‍റെ ലെക്ചര്‍ മാനേജറിലുണ്ട്. നേരത്തെ തയാറാക്കുന്ന നോട്ടുകള്‍ ഓരോ പാരഗ്രാഫ് വീതം സ്പീച്ച് സിന്തസൈസറില്‍ ഇട്ടു പരിശോധിച്ച ശേഷമാണു ക്ലാസിനായി ഉപയൊഗിക്കുന്നത്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ എല്ലാം തന്നെ പരിശോധിക്കാറുണ്ട്. കംപ്യൂട്ടറുമായി സംവദിക്കാന്‍ കണ്ണും തലച്ചോറും ഉപയോഗിച്ചു കൊണ്ടുള്ള സങ്കേതങ്ങള്‍ പരീക്ഷിച്ചെങ്കിലും കവിളിന്‍റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന സ്വിച്ചാണ് തനിക്കേറ്റവും എളുപ്പവും ഇണങ്ങിയതുമായി തോന്നിയതെന്നു പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍