ദന്തഗോപുരവാസിയായ ഒരു ശാസ്ത്രജ്ഞനല്ല. ജനകീയ മുഖമുള്ള ചിന്തകന്‍
സമകാലിക ശാസ്ത്രജ്ഞരില്‍ ഏറ്റവും പ്രമുഖനാണ് സ്റ്റീഫന്‍ ഹോക്കിങ്. പ്രപഞ്ചത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു ദിശാബോധം ശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്ക് പോലും നല്‍കുന്നതില്‍ അങ്ങേയറ്റം വിജയം വരിച്ച ഒരു പ്രമുഖ വ്യക്തി എന്ന സ്ഥാനം അദ്ദേഹത്തിനുണ്ട്. ആ രീതിയില്‍ വെറും ദന്തഗോപുരവാസിയായ ഒരു ശാസ്ത്രജ്ഞനല്ല. ജനകീയ മുഖമുള്ള ചിന്തകനായി അദ്ദേഹത്തിന് തന്നെ വെളിപ്പെടുത്താന്‍ കഴിഞ്ഞു.
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം നമ്മുടെ നാട്ടിലും പുറംനാട്ടിലും ലോകത്തെല്ലായിടത്തുമുള്ള ഭിന്നശേഷിയുള്ളയാളുകള്‍ക്ക് അങ്ങേയറ്റം പ്രചോദനമാകേണ്ട കാര്യമാണ്. കാരണം ചെറിയ വയസില്‍ കോളേജ് ജീവിതം ആരംഭിച്ച കാലത്തു തന്നെ അദ്ദേഹത്തെ വളരെ മാരകമായ രോഗം ഗ്രസിക്കുകയുണ്ടായി. അത് തലച്ചോറുകളെ, ന്യൂറോണുകളെ ബാധിക്കുന്ന വളരെ അപൂര്‍വമായ രോഗമായിരുന്നു. പരിശോധിച്ച ഡോക്ടര്‍മാരെല്ലാം അദ്ദേഹത്തിന് ഒരു ഭാവി ജീവിതമില്ല, മിക്കവാറും ഇരുപത് വയസിന് മുമ്പ് തന്നെ അദ്ദേഹം മരിക്കുമെന്ന് പ്രവചിക്കുകയുണ്ടായി. ഹോക്കിങ് പോലും താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ വളരെ നേരത്തെ, പ്രായത്തില്‍ പക്വതയെത്താതെ വിവാഹം കഴിക്കാനുള്ള കാരണം പോലും ഇതായിരുന്നു. കാരണം താന്‍ അധികം താമസിയാതെ മരിച്ചുപോകും, അതുകൊണ്ട് ആ വിവാഹ ജീവിതം സാക്ഷാത്കരിക്കണം എന്നതായിരുന്നു. പെണ്‍കുട്ടിയാകട്ടെ, രണ്ടോ മൂന്ന് തവണ ചിന്തിക്കുകയും അവസാനം തീരുമാനമെടുക്കുകയും ചെയ്തു. ഒരു മനുഷ്യന്‍ ഏത് സമയത്തും മരിച്ചുപോകാം, ഇന്ന് ആരോഗ്യമുള്ളയാള്‍ നാളെ മരിച്ചുപോയേക്കാം, അതുകൊണ്ട് ഒരു രോഗത്തിന്റെ പേര് പറഞ്ഞ് ആ ബന്ധം നിഷേധിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് ആ പെണ്‍കുട്ടി ധീരമായി അദ്ദേഹത്തെ വിവാഹം ചെയ്തു.
പിന്നീട് ഹോക്കിങിന്റെ ശരീരമാകെ തളരുകയും തലച്ചോറ് മാത്രം പ്രവര്‍ത്തിക്കുന്ന അവസ്ഥയുമായി. ഒരു ഭാഗത്ത് ശാരീരികമായി തളരുമ്പോള്‍ അതിനാനുപാതികമായി അദ്ദേഹത്തിന്റെ ബുദ്ധിക്ക് വളര്‍ച്ചയുണ്ടാവുകയായിരുന്നു. പ്രകൃതിയുടെ കോമ്പന്‍സേഷനായിരുന്നു അത്. അത്യപൂര്‍വമായ പ്രതിഭാസമാണത്. ഹോക്കിങ്ങിന് അദ്ദേഹത്തിന്റെ വിരലുകളുടെ അറ്റമല്ലാതെ മറ്റൊന്നും ഉപയോഗിക്കാനുള്ള കഴിവില്ലാത്ത ഘട്ടത്തിലേക്ക് അതിവേഗം നീങ്ങി. തലച്ചോറില്‍ ആശയങ്ങളുണ്ടായിരുന്നു. തലച്ചോറ് സജീവമായിരുന്നു. പക്ഷെ അതൊന്നും തന്നെ വെളിപ്പെടുത്താന്‍ കഴിയാത്ത തരത്തില്‍ അദ്ദേഹത്തിന്റെ പേശികള്‍ ദുര്‍ബലമായിരുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളില്ലായിരുന്നെങ്കില്‍, ഹോക്കിങ് അമ്പത് വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹം ഇന്ന് കൈവരിച്ച നേട്ടങ്ങളൊന്നും കൈവരിക്കാന്‍ കഴിഞ്ഞേക്കുമായിരുന്നില്ല. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സാങ്കേതിക വിദഗ്ദ്ധര്‍ കമ്പ്യൂട്ടര്‍ വഴി ആശയസംവേദനത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൊടുത്തത് കൊണ്ട് തന്റെ ചിന്തകളെ വാക്കുകളായും അച്ചടിമഷി പുരണ്ട എഴുത്തുകളായുമൊക്കെ മാറ്റാന്‍ കഴിഞ്ഞത്.
സ്റ്റീഫന്‍ ഹോക്കിംഗ് – ‘കാലത്തിന്റെ സംക്ഷിപ്ത ചരിത്ര’ത്തിന്റെ ലഘു ചരിത്രം
ലോകം മുഴുവന്‍ ചുറ്റി നടന്ന് സംസാരിച്ചതെല്ലാം തന്റെ ചെയറിലിരുന്ന് കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു. അതുകൊണ്ട് അദ്ദേഹം കൈവരിച്ച നേട്ടത്തെ ഇന്നത്തെ സാങ്കേതിക വിദ്യകളുടെ വിജയം കൂടിയായി കാണാം. ഒരു മനുഷ്യനെ എങ്ങനെ സാങ്കേതികവിദ്യക്ക് സഹായിക്കാന്‍ കഴിയുമെന്ന കാര്യം, ഇത് അദ്ദേഹത്തിന് മാത്രമല്ല ലോകത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കുമുള്ള നേട്ടമായി കാണാം. ഒരു മനുഷ്യന് എന്ത് തന്നെ വൈകല്യങ്ങളുണ്ടായാലും ശേഷിക്കുറവുകളുണ്ടായാലും അതൊക്കെത്തന്നെ ഏറ്റവും ശക്തിയുള്ള സാധ്യതകളാക്കി മാറ്റാമെന്ന് തെളിയിച്ചയാളായിരുന്നു ഹോക്കിങ്. അദ്ദേഹം ഏറ്റവും വലിയ പ്രചോദനമായിരിക്കുന്നത് ശാസ്ത്രത്തേക്കാള്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമാണ്. യഥാര്‍ഥത്തില്‍ ഹോക്കിങിന്റെ മരണവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള വിദ്യാലയങ്ങളിലും മറ്റും പ്രചരിപ്പിക്കേണ്ടതുണ്ട്.
ശാസ്ത്രലോകത്തിന് അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവന തമോദ്വാരങ്ങളെക്കുറിച്ചുള്ള അറിവുകളാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെയാണ് ഫിസ്‌ക്സിലും ജ്യോതിശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ അറിവ് പുരോഗമിച്ചത്. തമോഗര്‍ത്തങ്ങള്‍ എങ്ങനെയുണ്ടാവുന്നു, അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നുള്ള കാര്യങ്ങളൊക്കെത്തന്നെ അദ്ദേഹം വളരെ വ്യക്തമായി വിശദീകരിക്കുകയുണ്ടായി. അതാണ് അദ്ദേഹത്തിന്റെ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. വളരെ ലളിതമായി വായിച്ചുപോവാന്‍ പറ്റുന്ന, സാധാരണക്കാര്‍ക്ക് പോലും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ജ്യോതിശാസ്ത്രത്തിന്റെ ആരംഭം തൊട്ടുള്ള വളര്‍ച്ചയും പുരോഗതിയും എല്ലാം അതില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. പ്രപഞ്ചം എപ്പോഴും ഒരുപോലെയായിരുന്നു എന്ന സ്റ്റെഡി സ്റ്റേറ്റ് തിയറി, പ്രപഞ്ചം ഒരു പൊട്ടിത്തെറിയില്‍ നിന്നുണ്ടായെന്ന് പറയുന്ന എക്സ്പ്ലോറിങ് തിയറി എന്നിവയിലൂടെയല്ല, പ്രപഞ്ചത്തെക്കുറിച്ചുള്ള വലിയ ഒരു ബോധമാണ് പങ്കുവച്ചത്. എന്നുമാത്രമല്ല, അടുത്തകാലത്ത് പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് വളരെ ശക്തമായി പ്രചരണം നടത്തുകയുണ്ടായി. ഈ രീതിയില്‍ പോയിക്കഴിഞ്ഞാല്‍ മനുഷ്യന് ഭാവിയില്ല, പ്രപഞ്ചത്തിന് ഭാവിയില്ല എന്ന് ഒരു പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പറയുന്നത് പോലെ തന്നെ അദ്ദേഹം പറഞ്ഞു. പരിസ്ഥിതി കാര്യങ്ങളില്‍ പക്ഷെ അദ്ദേഹം വിദഗ്ദ്ധനായിരുന്നില്ല. എന്നാല്‍ പ്രപഞ്ചത്തിന്റെ കാര്യം വച്ചുകൊണ്ട് തന്നെ മനുഷ്യന്റെ ഈ പോക്ക് ശരിയല്ല എന്നുള്ള കാര്യം പറയുകയുണ്ടായി.
അദ്ദേഹത്തിന്റെ പ്രത്യേകതയെന്നാല്‍ പന്തയം വക്കുന്ന സ്വഭാവമുണ്ട്. ഏത് കാര്യം പുതിയതായി പറഞ്ഞാലും സമശീര്‍ഷരായ ശാസ്ത്രജ്ഞരുമായും സഹപ്രവര്‍ത്തകരമായും പന്തയം വക്കും. ചില പന്തയങ്ങളില്‍ വിജയിക്കുകയും ചിലതില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷെ അതൊക്കെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുത്തുകൊണ്ട് തന്റെ അറിവുകളെ കുറേക്കൂടി മെച്ചപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. പ്രപഞ്ചത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ പല കാര്യങ്ങളെക്കുറിച്ചും സ്വയം തിരുത്തുകയും കൂടുതല്‍ മെച്ചപ്പെട്ട അറിവുകളിലേക്ക് പോവുകയും ചെയ്യുകയുണ്ടായി.
ഐന്‍സ്റ്റീനെപ്പോലുള്ള മഹാരഥന്‍മാരായ ശാസ്ത്രജ്ഞരെപ്പോലെ യുദ്ധങ്ങളെ ഏറ്റവുമധികം അപലപിച്ചയാളുമായിരുന്നു ഹോക്കിങ്. വിയറ്റ്നാം യുദ്ധമുണ്ടായിക്കഴിഞ്ഞപ്പോള്‍ അതിനെതിരെ ശക്തിയായി പ്രതികരിക്കുകയുണ്ടായി. മനുഷ്യന്റെ നരവേട്ട, യുദ്ധത്തില്‍ ശത്രുവിനെതിരെ രാസകീടനാശിനികളുടെ പ്രയോഗവുമെല്ലാം വിമര്‍ശിച്ച് അദ്ദേഹം മുന്നോട്ട് വന്നിരുന്നു. അദ്ദേഹം ആ രീതിയിലും ഒരു വലിയ മനുഷ്യനായിരുന്നു. പ്രപഞ്ചവീക്ഷണമായാലും, ലോകവീക്ഷണമായാലും അതെല്ലാം മനുഷ്യന്റെ ഭാഗത്തുനിന്നുകൊണ്ടുള്ള ജനകീയവീക്ഷണമായിരുന്നു.
സ്റ്റീഫന്‍ ഹോക്കിങ് അര നൂറ്റാണ്ടിലേറെ കാലം അതിജീവിച്ചതിന് പിന്നിലെ ആ രഹസ്യം