UPDATES

സയന്‍സ്/ടെക്നോളജി

ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹം കാര്‍ട്ടോസാറ്റ് 2 വിജയകരമായി വിക്ഷേപിച്ചു

കഴിഞ്ഞതവണ പിഎസ്എല്‍വി സി-39 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പുതിയ ദൗത്യത്തിലേക്ക് കടന്നത്.

ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി-സി 40 റോക്കറ്റ് ഉപയോഗിച്ചാണ് കാര്‍ട്ടോസാറ്റ് 2 വിക്ഷേപിച്ചത്. ഇതുള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി 40 വിക്ഷേപിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 42-ാമത് വിക്ഷേപണ ദൗത്യമാണിത്. ദൗത്യം വിജയകരമായിരുന്നെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബഹിരാകാശ ഗവേഷണ രംഗത്തെ ഈ കുതിപ്പ് രാജ്യത്തെ കര്‍ഷരും മത്സ്യ തൊഴിലാളികള്‍ അടക്കമുള്ള പൗരന്‍മാര്‍ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തിനുള്ള പുതുവര്‍ഷ സമ്മാനമാണിതെന്ന് സ്ഥാനമൊഴിഞ്ഞ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ഇതിന് മുന്‍പുള്ള പിഎസ്എല്‍വി വിക്ഷേപണത്തില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി, പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിഞ്ഞു. ഇത് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പരീക്ഷണമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കെ ശിവനാണ് പുതിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍.

വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29നാണ് ആരംഭിച്ചത്. ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി 40 വിക്ഷേപിച്ചത്. റോഡ് മാപ്പിംഗ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുള്ള പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറകള്‍ കാര്‍ട്ടോസാറ്റ്-2വിന്റെ പ്രത്യേകതയാണ്. ഉപഗ്രഹങ്ങളടങ്ങിയ പിഎസ്എല്‍വി-സി40ക്ക് 1323 കിലോഗ്രാമാണ് ഭാരം. ഇതില്‍ കാര്‍ട്ടോസാറ്റ്-2 മാത്രം 710 കിലോയുണ്ട്. കഴിഞ്ഞതവണ പിഎസ്എല്‍വി സി-39 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പുതിയ ദൗത്യത്തിലേക്ക് കടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍