UPDATES

സയന്‍സ്/ടെക്നോളജി

ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യം; നാല് ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് വിപുല പരിശീലനം നല്‍കാന്‍ റഷ്യ

യൂറി ഗഗാറിന്‍ കോസ്മനോട്ട് ട്രെയിനിങ് സെന്ററില്‍ 15 മാസമായിരിക്കും ഇവര്‍ക്ക് പരിശീലനം.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം- ഗഗന്‍യാനില്‍ പങ്കെടുക്കുന്ന ബഹിരാകാശയാത്രികര്‍ക്ക് റഷ്യ പരിശീലനം നല്‍കും. നവംബര്‍ മാസത്തോടെ നാല് ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ പരിശീലനത്തിനായി റഷ്യയിലേക്ക് തിരിക്കും. ഇന്ത്യ 12 ബഹിരാകാശയാത്രികരെ റഷ്യയിലേക്ക് അയക്കുമെന്നും അതില്‍നിന്നും നാലുപേരെ വിപുലമായ പരിശീലനത്തിനായി റഷ്യ തിരഞ്ഞെടുക്കുമെന്നും ഇസ്റോ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണ് ഗഗന്‍യാന്‍. 2022-ഓടെ ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി നടപ്പാകും.

യൂറി ഗഗാറിന്‍ കോസ്മനോട്ട് ട്രെയിനിങ് സെന്ററില്‍ 15 മാസമായിരിക്കും പരിശീലനം. തുടര്‍ന്ന് ഇവര്‍ക്ക് ഇന്ത്യയിലും ആറു മുതല്‍ എട്ടുമാസം വരെ പരിശീലനം നല്‍കും. ഇതുസംബന്ധിച്ചുള്ള കരാറില്‍ റഷ്യയുടെ സ്പേസ് ഏജന്‍സി റോസ്‌കോസ്മോസിന്റെ ഉപസ്ഥാപനമായ ഗ്ലാവ്കോസ്മോസുമായി ഐ.എസ്.ആര്‍.ഒ ഒപ്പിട്ടു. റോസ്‌കോസ്‌മോസ് ഡയറക്ടര്‍ ജനറല്‍ ദിമിത്രി റോഗോസിനും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിലാണ് പദ്ധതി സംബന്ധിച്ചു ചര്‍ച്ചചെയ്തു ധാരണയിലെത്തിയത്.

ബഹിരാകാശ വിമാനങ്ങള്‍, സാറ്റലൈറ്റ് നാവിഗേഷന്‍, എഞ്ചിന്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും സഹകരിക്കുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളും ആലോചിക്കുന്നതായി റോഗോസിനും ഡോവലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യന്‍ സ്റ്റേറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ സ്‌പേസ് ആക്റ്റിവിറ്റീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗഗന്‍യാന്‍ വിജയകരമായാല്‍ റഷ്യക്കും അമേരിക്കക്കും ചൈനക്കും ശേഷം ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാഷ്ട്രമാകും ഇന്ത്യ.

ഉന്നത ഇന്ത്യന്‍ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ദേശീയ ഉപദേശക സമിതി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെന്ന് നേരത്തെ കെ ശിവന്‍ പറഞ്ഞിരുന്നു. മുന്‍ ഇസ്റോ ചെയര്‍മാന്‍ കെ കസ്തൂരിരങ്കന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അശുതോഷ് ശര്‍മ, പ്രധാനമന്ത്രിയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയ് രഘവന്‍, പ്രതിരോധ ഗവേഷണ വികസന സംഘടന ചെയര്‍മാന്‍ ജി സതീഷ് റെഡ്ഡി എന്നിവര്‍ അതിലെ അംഗങ്ങളാകും.

Read: തായ്ലാന്‍ഡ് കൊട്ടാരം രാജപത്‌നിയുടെ അപൂര്‍വ ചിത്രങ്ങളും ജീവചരിത്രവും പുറത്തുവിട്ടു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍