UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യയുള്‍പ്പടെ 104 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം; ഒരു ലക്ഷത്തിലേറെ കംപ്യൂട്ടര്‍ സംവിധാനങ്ങളെ ബാധിച്ചു

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമിച്ചിരിക്കുന്നത്

ഇന്ത്യയുള്‍പ്പടെ 104 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം. കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് തങ്ങളുടെ വരുത്തിയിലാക്കി പണം ആവിശ്യപ്പെടുന്ന റാന്‍സംവേര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഉപയോഗിച്ചിരുന്ന സൈബര്‍ സംവിധാനങ്ങള്‍ തട്ടിയെടുത്തായിരുന്നു സൈബറാക്രമണം നടന്നത്. ഇന്ത്യയില്‍ ആന്ധ്രപ്രദേശ് പോലീസിന്റെ സൈബര്‍ ഇടങ്ങളിലാണ് ആക്രമണം നടന്നത്.

ആന്ധ്രാ പോലീസിന്റെ 25 ശതമാനം കംപ്യൂട്ടറുകളിലാണ് ആക്രമണം നടന്നിരിക്കുന്നത്. ചിറ്റൂര്‍, കൃഷ്ണ, ഗുണ്ടൂര്‍, വിശാഖപട്ടണം, ശ്രീകാകുളം തുടങ്ങിയ 18 പോലീസ് യൂണിറ്റുകളെ ആക്രമണം ബാധിച്ചു. കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം- ഇന്ത്യ (സെര്‍ട്ട്-ഇന്‍) ഡയറക്ടര്‍ ജനറല്‍ ഗുല്‍ഷന്‍ റായി ആക്രമണം സ്ഥിരീകരിച്ചു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആക്രമണം സംഭവിക്കാമെന്ന് മാര്‍ച്ചില്‍ മൈക്രോസോഫ്റ്റ് മുന്നറിപ്പ് നല്‍കിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്,ജര്‍മ്മനി, യുഎസ്, സ്‌പെയിന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും  ആക്രമണമുണ്ടായത്. വെള്ളിയാഴ്ചയാണ് ‘വാനാക്രൈ’ എന്ന റാന്‍സംവേറിന്റെ ആക്രമണം ശ്രദ്ധയിപ്പെട്ടതെന്ന് ആന്റിവൈറസ് രംഗത്തെത്തയും സൈബര്‍ സുരക്ഷ രംഗത്തെയും പ്രമുഖ കമ്പനിയായ അവാസ്ത പറഞ്ഞു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കംപ്യൂട്ടറുകളെ ആക്രമണം ബാധിച്ചെന്നാണ് സൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വേര്‍ടെക് വ്യക്തമാക്കിയിരിക്കുന്നത്.

ബ്രിട്ടന്റെ ആരോഗ്യമേഖലയെ (എന്‍ എച്ച് എസ്) കാര്യമായ തോതില്‍ തകര്‍ത്തു കളഞ്ഞു ഈ സൈബറാക്രമണം. 45 എന്‍ എച്ച് എസ് ട്രസ്റ്റുകളുടെ പ്രവര്‍ത്തനമാണ് തകരാറിലായത്. ബ്രിട്ടനിലെ പല ആശുപത്രികളുടെയും ശസ്ത്രക്രിയകള്‍ മുടങ്ങി കൂടാതെ പല ആശുപത്രികളിലെ രോഗികളെയും തിരിച്ചയച്ചു. റഷ്യയില്‍ ബാങ്കുകള്‍, റെയില്‍വേ, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. റഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ 1000-ഓളം കംപ്യൂട്ടറുകള്‍ ആക്രമണത്തിനിരയായി. ജര്‍മനിയിലെ റെയില്‍വേയുമായി ബന്ധപ്പെടുത്തിയിരുന്ന കംപ്യൂട്ടറുകള്‍ ആക്രമിക്കപ്പെട്ടുവെങ്കിലും ഗതാഗതം സംവിധാനം മുടങ്ങിയില്ല.

യുഎസ് കൊറിയര്‍ കമ്പനിയായ ഫെഡെക്‌സിന്റെ പ്രവര്‍ത്തനത്തെയും ആക്രണം കാരണം താറുമാറായി. സ്പാനിഷ് ടെലിഫോണ്‍ കമ്പനിയായ ടെലിഫോണിക്കയുടെ കംപ്യൂട്ടര്‍ ശൃംഖലയും തകര്‍ന്നു. ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയായ റെനോവിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഫ്രാന്‍സിലെയും സ്ലൊവേനിയയിലെയും ഫാക്ടറികള്‍ പൂട്ടി. നിസാന്‍ ഓട്ടോമൊബൈലിന്റെ ബ്രിട്ടനിലെ സതര്‍ലന്‍ഡിലുള്ള ഫാക്ടറിയുടെ പ്രവര്‍ത്തനവും അവതാളത്തിലായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍