UPDATES

അനൂപ് സി ബി

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

അനൂപ് സി ബി

സയന്‍സ്/ടെക്നോളജി

ഭൂമിയും മനുഷ്യരാശിയും ഒന്നടങ്കം നശിച്ചാലും തുടരും വോയേജർ പേടകങ്ങളുടെ വിസ്മയ യാത്ര

പ്രകാശം 9300 കോടി വർഷം സഞ്ചരിക്കുന്ന ദൂരമാണ് ഈ പ്രപഞ്ചത്തിന്റെ വ്യാസം !! ഭൂമിയിൽ നിന്ന് ഇത്ര മാത്രം ബൃഹത്തായ ഈ പ്രപഞ്ചത്തിലൂടെ ഒരു യാത്ര പോകുന്നത് ആലോചിച്ചു നോക്കൂ. ആ യാത്ര പോയിക്കൊണ്ടിരിക്കുകയാണ്  നാസ 1977 ൽ വിക്ഷേപിച്ച വോയേജർ -1 ഇപ്പോൾ.

അനൂപ് സി ബി

‘പ്രപഞ്ചം’ എന്ന വാക്ക് കേൾക്കുമ്പോൾ വിദ്യാലയത്തിൽ നിന്ന് ജ്യോതിശാസ്ത്രത്തെക്കുറിച്ച് മിതമായ അറിവ് മാത്രം ലഭിച്ച ഒരു സാധാരണക്കാരന്റെ ഓർമ്മയിൽ വരുന്നത് സൗരയൂഥവും (solar system) ഏതാനും നക്ഷത്രങ്ങളും മാത്രമാണ്. എന്നാൽ എത്ര മാത്രം വലുതാണ് ഈ പ്രപഞ്ചം എന്നറിയാൻ ശ്രമിക്കുമ്പോഴാണ് നമ്മുടെ ഭാവനാശക്തി പോലും എത്ര പരിമിതമാണ് എന്ന് നാം മനസ്സിലാക്കുക. സൂര്യനും, ഭൂമിയുൾപ്പെടുന്ന മറ്റ് ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും ചേർന്ന് ഉദ്ദേശം 900 കോടി കിലോമീറ്റർ വ്യാസത്തിൽ വ്യാപിച്ചു കിടക്കുന്ന നമ്മുടെ സൗരയൂഥം, ക്ഷീരപഥം (Milky Way)എന്ന ഗ്യാലക്സിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. 10,000 കോടിക്കും, 40,000 കോടിക്കും ഇടയിലാണ് ക്ഷീരപഥം ഗ്യാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണം. 10,000 കോടിയോളം ഗ്രഹങ്ങളും നമ്മുടെ ഈ ഗ്യാലക്സിയിൽ ഉണ്ട്. ഈ കണക്കിൽ അത്ഭുതപ്പെടുമ്പോൾ ഒന്ന് കൂടി മനസ്സിലാക്കുക. നമ്മുടെ ക്ഷീരപഥം (Milky Way) ഗ്യാലക്സി പോലുള്ള 20,000 കോടിയോളം ഗ്യാലക്സികൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്.

പ്രപഞ്ചത്തിന്റെ ഉദ്ഭവം 1380 കോടി വർഷം മുൻപ് നടന്ന ഒരു വലിയ പൊട്ടിത്തെറിയിൽ (big bang) നിന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ പൊട്ടിത്തെറിയോടെ വികാസം പ്രാപിക്കാൻ തുടങ്ങിയ പ്രപഞ്ചം  ഇപ്പോഴും 70 km/s/Mpc വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ എല്ലാ ദിശയിലും വികസിച്ചു കൊണ്ടിരിക്കുന്ന ‘നിരീക്ഷണയോഗ്യ പ്രപഞ്ച’ത്തിന്റെ (Observable universe) ഏകദേശ വ്യാസമായി കണക്കാക്കുന്നത് 9300 കോടി പ്രകാശവർഷങ്ങളാണ്. പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം. പ്രകാശം ഒരു സെക്കൻഡിൽ മാത്രം സഞ്ചരിക്കുന്നത് 2,99,792 കിലോമീറ്ററാണ്. ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം 9.4607 × 1012 km ആണ്. എന്ന് വെച്ചാൽ ഒരു പ്രകാശവർഷം ഏകദേശം 9.5 ട്രില്യൺ കിലോമീറ്ററാണ്. അപ്പോൾ പ്രകാശം 9300 കോടി വർഷം സഞ്ചരിക്കുന്ന ദൂരമാണ് ഈ പ്രപഞ്ചത്തിന്റെ വ്യാസം !! ഭൂമിയിൽ നിന്ന് ഇത്ര മാത്രം ബൃഹത്തായ ഈ പ്രപഞ്ചത്തിലൂടെ ഒരു യാത്ര പോകുന്നത് ആലോചിച്ചു നോക്കൂ. ആ യാത്ര പോയിക്കൊണ്ടിരിക്കുകയാണ് നാസ 1977 ൽ വിക്ഷേപിച്ച വോയേജർ -1 ഇപ്പോൾ.

വിക്ഷേപിക്കപ്പെട്ട് 2-3 കൊല്ലത്തിനുള്ളിൽ വ്യാഴത്തിന്റെയും (jupiter) ശനിയുടെയും (saturn) അരികിൽ എത്തി അവയെപ്പറ്റി പഠിച്ച വോയേജർ -1 പിന്നീട് പ്രപഞ്ചത്തിലൂടെയുള്ള അതിന്റെ അനന്തമായ യാത്ര ആരംഭിക്കുകയായിരുന്നു. 1977 ൽ തന്നെ വിക്ഷേപിക്കപ്പെട്ട വോയേജർ-2 എന്നൊരു ഇരട്ട സഹോദരൻ കൂടിയുണ്ട് ഈ ബഹിരാകാശ പേടകത്തിന്. വോയേജർ-1 നേക്കാൾ ഒരൽപം വേഗത കുറഞ്ഞ ഈ ബഹിരാകാശ പേടകവും മറ്റൊരു ദിശയിൽ പ്രപഞ്ചത്തിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. സെക്കന്റിൽ 17 കിലോമീറ്റർ വേഗത്തിലാണ് വോയേജർ-1 അതിന്റെ യാത്ര തുടരുന്നത്. അതായത് വെടിയുണ്ടയേക്കാൾ ഏകദേശം 20 മടങ്ങിലധികം വേഗത്തിൽ! നിങ്ങൾ ഈ ലേഖനം വായിക്കുമ്പോൾ, ഉറങ്ങുമ്പോൾ, ജോലിസ്ഥലത്തേക്ക് പോകുമ്പോഴെല്ലാം വോയേജർ-1 ഓരോ മണിക്കൂറിലും 62,140 km വീതം താണ്ടി പ്രപഞ്ചത്തിലൂടെയുള്ള  ആ യാത്ര തുടരുകയാണ്.

ഒരിക്കൽ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് ഒരു ബഹിരാകാശ പേടകം ഒരു ദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയാൽ ത്രസ്റ്ററുകൾ ഓഫ് ചെയ്താലും ഗുരുത്വാകർഷണബലങ്ങളൊന്നും ബഹിരാകാശത്ത്‌ അനുഭവപ്പെടാത്തതിനാൽ അനന്തമായി അതേ ദിശയിൽ, ഒരേ വേഗത്തിൽ ആ പേടകം സഞ്ചരിച്ചു കൊണ്ടേയിരിക്കും. പിന്നീട് ആ പേടകം നിർത്തണമെങ്കിൽ ത്രസ്റ്ററുകൾ എതിർദിശയിൽ പ്രവർത്തിപ്പിക്കേണ്ടി വരും. അതുകൊണ്ട് തന്നെ വോൾട്ടേജ് സെല്ലുകൾ മൃതിയടയുമെന്ന് കരുതുന്ന 2025ന് ശേഷവും വോയേജർ-1 അനന്തമായി സഞ്ചരിച്ചു കൊണ്ടേയിരിക്കും. വിക്ഷേപിച്ചു 37 കൊല്ലത്തിന് ശേഷം 2017, November 28ന് നാസ വോയേജർ – 1 ന്റെ നാല് ബാക്ക് അപ്പ് ത്രസ്റ്ററുകൾ (Backup thrusters) ഫയർ ചെയ്ത് സഞ്ചാരപഥം (trajectory) ശരിപ്പെടുത്തിയിരുന്നു. സുദീർഘമായ ഈ യാത്രക്കിടയിൽ  ഏതെങ്കിലും, നക്ഷത്രങ്ങളിലോ, ഗ്രഹങ്ങളിലോ, ബഹിരാകാശ വസ്തുക്കളിലോ വോയേജർ-1 ഇടിക്കാനുള്ള സാധ്യത ഇല്ല എന്ന് തന്നെയാണ് നാസ ജെറ്റ് പ്രൊപ്പൽഷൻ ലാബ്രോട്ടറിയിലെ ഗവേഷകർ പറയുന്നത്.

ഇപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 2140 കോടി കിലോമീറ്റർ അകലെയെത്തിയ വോയേജർ-1  പ്രകാശവേഗതയിൽ അയക്കുന്ന സിഗ്നൽ നാസയുടെ ട്രാക്കിങ് സ്റ്റേഷനിലെ റിസീവർ ആന്റിനയിൽ എത്താൻ 19 മണിക്കൂർ ആണ് എടുക്കുന്നത്. ഏകദേശം ഒരു റഫ്രിജറേറ്റർ ബൾബിന് സമാനമായ 20 വാട്ട്സ് (Watts) ശക്‌തിയിൽ വോയേജർ-1 അയക്കുന്ന സിഗ്നൽ ഭൂമിയിൽ എത്തുമ്പോൾ ലഭിക്കുന്നത് 0.00000000000000000000001 വാട്ട്സ് ശക്‌തിയിൽ ആണ്. ഈ ദുർബലമായ സിഗ്നലിനെ ആംപ്ലിഫൈ ചെയ്താണ് നാസ വിശകലനം ചെയ്യുന്നത്. വോയേജർ – 1ന്റെ വോൾട്ടേജ് സെല്ലുകൾ നിർജ്ജീവമാകില്ലായിരുന്നു എങ്കിൽ അടുത്ത 100 കൊല്ലത്തേക്ക് പോലും വോയേജർ – 1 അയക്കുന്ന സിഗ്നലുകൾ പിടിച്ചെടുക്കാൻ പ്രാപ്തമാണ് നാസയുടെ ട്രാക്കിങ് സ്റ്റേഷനിലെ റിസീവർ ആന്റിനകൾ എന്ന് ഗവേഷകർ പറയുന്നു. 1977ൽ നിർമ്മിച്ച വോയേജർ പേടകങ്ങളുടെ ഓൺ ബോർഡ് കമ്പ്യൂട്ടറിന്റെ മെമ്മറി പവർ വെറും 69.63 Kb ആണ്. നിങ്ങളുടെ കയ്യിലിരിക്കുന്ന 16 ജിബിയുടെ ഫോൺ വോയേജറിന്റെ കംപ്യൂട്ടറിനേക്കാൾ 2,40,000 മടങ്ങ് മെമ്മറി ഉള്ളതാണെന്ന് സാരം! 2025ഓടെ വോയേജർ -1ന്റെ വോൾട്ടേജ് സെല്ലുകൾ നിലയ്ക്കുമെന്നാണ് കരുതുന്നത്.

അന്യഗ്രഹജീവി സങ്കൽപ്പങ്ങളിൽ ഏറെ തല്പരനായ അമേരിക്കൻ ജ്യോതിശാസ്ത്ര ഗവേഷകൻ കാൾ സാഗന്റെ താത്പര്യപ്രകാരം രണ്ട് വോയേജർ പേടകങ്ങളിലും ഓരോ സുവർണ്ണ ഫലകങ്ങൾ (Golden records) ഘടിപ്പിച്ചിരിക്കുന്നു. എന്നെങ്കിലും അന്യഗ്രഹ ജീവികൾ വോയേജർ പേടകങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവർക്ക് ഭൂമിയെക്കുറിച്ചറിയാൻ ഹിന്ദി അടക്കമുള്ള 55 ഓളം വിവിധ ലോകഭാഷകളിൽ ഉള്ള ശബ്ദ സന്ദേശങ്ങളും, ഭൂമിയിലെ മഴ, സംഗീതം, സംഭാഷണങ്ങൾ എന്നിവയുടെ ശബ്ദരേഖകളും, ചിത്രങ്ങളും ഈ സുവർണ്ണ ഫലകങ്ങളിൽ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. കാൾ സാഗന്റെ പത്നി ആൻ ഡ്രുയാന്റെ ഒരു മണിക്കൂർ ദൈർഘ്യമുള്ള മസ്തിഷ്‌ക തരംഗങ്ങളും (brainwaves) ഈ സുവർണ്ണ ഫലകങ്ങളിൽ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. മനുഷ്യ മസ്തിഷ്‌ക തരംഗങ്ങൾ അന്യഗ്രഹ ജീവികൾക്ക് അപഗ്രഥനം ചെയ്യാൻ കഴിയുമെങ്കിൽ ഉപയോഗപ്രദമാകാനാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ സുവർണ്ണ ഫലകം പ്രവർത്തിപ്പിക്കേണ്ട വിധവും ലളിതമായ രേഖാചിത്രങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നു.

വിക്ഷേപിക്കപ്പെട്ട് 13 കൊല്ലത്തിന് ശേഷം 1990ൽ ഭൂമിയിൽ നിന്ന് 600 കോടി കിലോമീറ്റർ അകലെ എത്തിയ വോയേജർ-1 ഗവേഷകരുടെ നിർദ്ദേശപ്രകാരം അതിന്റെ ക്യാമറ ഭൂമിക്ക് നേരെ തിരിച്ച് അവസാനമായി ഒരു ഫോട്ടോ എടുത്ത് അയക്കുകയുണ്ടായി. ‘പെയിൽ ബ്ലൂ ഡോട്ട്’ (Pale Blue Dot) എന്നറിയപ്പെട്ട ലോകപ്രസിദ്ധമായ ആ ചിത്രത്തിൽ ഒരു ‘കുത്ത്‌’ വലിപ്പത്തിൽ നമുക്ക് ഭൂമിയെ കാണാം. മഹാപർവ്വതങ്ങളും, സമുദ്രങ്ങളും, മരുഭൂമികളും, ഈ മനുഷ്യരാശി മൊത്തവും നില കൊള്ളുന്ന  ഭൂമി ആ കൊച്ചു കുത്തിൽ ഒതുങ്ങുന്നു. അതിവിശാലമായ ഈ പ്രപഞ്ചത്തിൽ എത്ര ചെറുതാണ് നാം എന്ന് വോയേജർ – 1 പകർത്തിയ ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. ഭൂമിയിൽ നിന്നുള്ള 36 കൊല്ലത്തെ യാത്രക്ക് ശേഷം വോയേജർ-1 സൗരയൂഥം (Solar system) കടന്ന് നക്ഷത്രാന്തരീയ മേഖലയിൽ (interstellar region)ൽ എത്തിയതായി 2013 സെപറ്റംബർ 12ന് നാസ സ്ഥിരീകരിച്ചു. അങ്ങനെ നക്ഷത്രാന്തരീയ മേഖലയിൽ എത്തുന്ന ആദ്യത്തെ മനുഷ്യനിർമ്മിത വസ്തുവായി മാറിയിരിക്കുകയാണ് വോയേജർ-1. വോയേജർ – 2 ഉം സൗരയൂഥം കടന്ന് നക്ഷത്രാന്തരീയ മേഖലയിലേക്ക് എത്തിയതായി 2018 ഡിസംബർ 10ന് നാസ അറിയിച്ചിരുന്നു.


നക്ഷത്രാന്തരീയ മേഖലയിലൂടെ യാത്ര തുടരുന്ന വോയേജർ-1 അടുത്ത 300 കൊല്ലത്തിന് ശേഷം ഊർട്ട് ക്‌ളൗഡ്‌ (Oort Cloud) എന്ന മേഖലയിൽ എത്തിച്ചേരും. 30,000 കൊല്ലം ഈ ഊർട്ട് ക്‌ളൗഡ്‌ മേഖലയിലൂടെ സഞ്ചരിച്ചു പുറത്തെത്തുന്ന വോയേജർ-1, 40,000 കൊല്ലം കഴിയുമ്പോൾ സൂര്യനിൽ നിന്നും  17.6 പ്രകാശവർഷം ദൂരത്തിലുള്ള ഗ്ലീസ – 445 (Gliese 445) എന്ന നക്ഷത്രത്തിന്റെ സമീപത്ത്‌ കൂടി കടന്നു പോകും. 2,96,000 വർഷങ്ങൾ കഴിയുമ്പോൾ വോയേജർ – 2 സിറിയസ് നക്ഷത്രത്തിന് (Sirius) സമീപം 4.3 പ്രകാശവർഷം ദൂരത്തിലൂടെ കടന്നു പോകും. പ്രളയമോ, ഹിമപാതമോ, ഉൽക്കാപതനമോ, ആണവയുദ്ധമോ ഉണ്ടായി ഭൂമിയും, മനുഷ്യരാശിയും ഒന്നടങ്കം നശിച്ചാലും അനന്തമായ ഈ പ്രപഞ്ചത്തിലൂടെയുള്ള  വോയേജർ പേടകങ്ങളുടെ യാത്ര ഗ്രഹങ്ങളും, നക്ഷത്ര സമൂഹങ്ങളും മറി കടന്ന് തുടർന്ന് കൊണ്ടേയിരിക്കും.

( ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന പ്രപഞ്ചത്തിന്റെ വിസ്തൃതി, ഗ്യാലക്സികളുടെ എണ്ണം, നക്ഷത്രങ്ങളിലേക്കുള്ള ദൂരം തുടങ്ങിയ കണക്കുകൾ  നാസയും, വിവിധ സയൻസ് ജേർണലുകളും പ്രസിദ്ധീകരിച്ച പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ഇവ ഏകദേശ കണക്കുകൾ മാത്രമാണ്. ഇവയിൽ പലതും വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെന്ന് പുതിയ ശാസ്ത്ര പഠനങ്ങൾ പറയുന്നു.)

അനൂപ് സി ബി

അനൂപ് സി ബി

എഴുത്തുകാരൻ, രാഷ്ട്രീയ നിരീക്ഷകൻ, മാധ്യമപ്രവർത്തകൻ, ഡിസൈനർ, മൾട്ടിമീഡിയ ആർട്ടിസ്റ്റ്. തൃശ്ശൂർ സ്വദേശി. 2017 മുതൽ ബ്രാൻഡിങ് മാനേജരായി പ്രവർത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍