UPDATES

സയന്‍സ്/ടെക്നോളജി

130 വര്‍ഷമായി തൂക്കത്തിന്റെ അടിസ്ഥാനഘടകമായിരുന്ന ‘കിലോഗ്രാം’ ചരിത്രമാകാന്‍ പോകുന്നു!

ഇതു വരെ പ്രത്യേക തൂക്കത്തിലുള്ള പ്ലാറ്റിനത്തിന്റെയും ഇറിഡിയത്തിന്റെയും സംയുക്ത മൂലകത്തിന്റെ പിണ്ഡമായിരുന്നു കിലോഗ്രാമിന്റെ മാനദണ്ഡം.

തൂക്കത്തിന്റെ അടിസ്ഥാനഘടകമായ കിലോഗ്രാം ചരിത്രമാകാന്‍ പോകുന്നു. 130 വര്‍ഷമായി കിലോഗ്രാമിന്റെ തൂക്കം നിര്‍ണയിക്കുന്ന പാരീസിലെ ലോഹസിലിണ്ടര്‍ മാറ്റി വൈദ്യുതകാന്തിക ബലം അടിസ്ഥാനമാക്കിയുള്ള പുതിയ രീതിക്ക് അംഗീകാരം നല്‍കാന്‍ വെള്ളിയാഴ്ച ഫ്രാന്‍സില്‍ ചേര്‍ന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്‌സ് ആന്‍ഡ് മെഷേഴ്‌സ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.

ഇതു വരെ പ്രത്യേക തൂക്കത്തിലുള്ള പ്ലാറ്റിനത്തിന്റെയും ഇറിഡിയത്തിന്റെയും സംയുക്ത മൂലകത്തിന്റെ പിണ്ഡമായിരുന്നു കിലോഗ്രാമിന്റെ മാനദണ്ഡം. പാരീസിലുള്ള ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സില്‍ വായുകടക്കാത്ത ചില്ലുകൂട്ടില്‍ അടച്ചുവച്ചിട്ടുള്ള ഈ പിണ്ഡത്തിന്റെ തൂക്കമാണ് ഒരു കിലോഗ്രാം എന്ന് കണക്കാക്കപ്പെടുന്നത്. കിലോഗ്രാമിന്റെ അന്താരാഷ്ട്ര മൂലരൂപം അഥവാ ലെ ഗ്രാന്‍ഡ് കെ എന്നാണ് ഇത് അറിയപ്പെടുന്നത്.

ലെ ഗ്രാന്‍ഡ് കെയ്ക്ക് കാലാന്തരത്തില്‍ തേയ്മാനമുണ്ടാകാമെന്നും അതിനാല്‍ ഇതിനെ കിലോഗ്രാമിന്റെ സ്ഥിരമാതൃകയാക്കുന്നതിന് പരിമിതിയുണ്ടെന്നും വാദമുയര്‍ന്നിരുന്നു. 1889 മുതലാണ് ഈ രീതി അവലംബിച്ചു തുടങ്ങിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരെല്ലാം പുതിയ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു.

കിബിള്‍ ബാലന്‍സാവും ഇനി കിലോഗ്രാമിന്റെ അടിസ്ഥാനമാതൃക. വൈദ്യുതകാന്തികശക്തി ഉപയോഗിക്കുമ്പോള്‍ ഭാരസന്തുലനം നേടാന്‍ എത്ര ഊര്‍ജം ഉപയോഗിക്കുന്നു എന്നതാണ് കിബിള്‍ ബാലന്‍സ് അളക്കുന്നത്. നോബല്‍ സമ്മാന ജേതാക്കളായ ബ്രയാന്‍ ജോസന്‍സണും, ക്ലൗസ് വോണ്‍ ക്‌ളിറ്റ്‌സിങുമാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്.

കിലോഗ്രാമിനോടൊപ്പം മറ്റ് മൂന്നു ബേസ് യൂണിറ്റുകള്‍കൂടെ വോട്ടെടുപ്പിന്റെ ഫലമായി പുനര്‍നിര്‍ണ്ണയിക്കപ്പെടുന്നുണ്ട്. അന്തരീക്ഷ ഊഷ്മാവ് അളക്കുന്ന കെല്‍വിന്‍ സ്‌കെയില്‍, ഒരു വസ്തുവിന്റെ അളവിനെ നിര്‍വചിക്കാനുപയോഗിക്കുന്ന മോള്‍, ഇലക്ട്രിക്കല്‍ കറണ്ടിന്റെ അളവു കോലായ ആമ്പിയര്‍ എന്നീ യൂണിറ്റുകള്‍ക്കാണ് മാറ്റം വരിക.

പുതിയ മാറ്റങ്ങള്‍ ശാസ്ത്ര പുരോഗതിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി അറിയപ്പെടുമെന്ന് ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് ഡയറക്ടര്‍ മാര്‍ട്ടിന്‍ മില്‍ട്ടണ്‍ പറഞ്ഞു. അതേസമയം, നിര്‍വചനം മാറുന്നുവെന്നുവെച്ച് അളവിലോ തൂക്കത്തിലോ കുറവും വരികയില്ല. മറിച്ച്, അത് കൃത്യവും സൂക്ഷ്മമാവുകയാണ് ചെയ്യുക.

അയ്യപ്പനെ രക്ഷിക്കാന്‍ ഇത് മൂന്നാം ഹര്‍ത്താല്‍; ജനത്തിനെ ആര് രക്ഷിക്കും?

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളിലൂടെ ‘ഹിന്ദുവിനെ ഉണര്‍ത്തുന്ന’ കെപി ശശികല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍