UPDATES

വിദേശം

ഇന്തോനേഷ്യയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, വ്യാപക പലായനം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

റിച്ചര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.

ഇന്തോനേഷ്യയിൽ വീണ്ടും ശക്തമായ ഭൂചലനം. റിച്ചര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. സുനാമി ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വ്യാപകമായി പലായനം ചെയ്തു.

മൊലൂക്കാ കടലില്‍ ഭൂമിക്ക് 24 കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വടക്കന്‍ സുലവേസിക്കും വടക്കന്‍ മലൂക്കുവിനും ഇടയ്ക്കാണ് മൊലൂക്ക കടല്‍ സ്ഥിതി ചെയ്യുന്നത്. സുനാമി ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജൻസിയാണ് മുന്നറിയിപ്പ് നല്‍കിയത്. അതോടെ കടൽത്തീരത്ത് താമസിക്കുന്നവര്‍ ഉള്‍പ്പടെയുള്ള പ്രദേശവാസികള്‍ മാറിത്താമസിക്കുവാൻ ആരംഭിച്ചു.

അതേസമയം മുന്നറിയിപ്പ് പിന്നീട് ഏജൻസി പിൻ‌വലിച്ചു. മരണമോ, നാശനഷ്ടങ്ങളോ ഉണ്ടായില്ലെങ്കിലും ഈ പ്രദേശങ്ങളിലും അടുത്തുള്ള ടെർണേറ്റ് സിറ്റിയിലും ശക്തമായ ഭൂചലനം അനുഭവപെട്ടു. ആറ് പ്രകമ്പനങ്ങളും പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. 2004ല്‍ സുമാത്ര തീരത്തുണ്ടായ ഭൂഗംഭം റിച്ചര്‍ സ്കെയിലില്‍ 9.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നുണ്ടായ സുനാമിയുടെ ഭാഗമായി ഈ പ്രദേശത്ത് 2,20,000 പേരാണ് മരണപ്പെട്ടത്.

തെക്ക് കിഴക്കൻ ഏഷ്യൻ രാഷ്ട്രമായ ഇന്തോനേഷ്യ ഭൂമിയിൽ ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന രാജ്യമാണ്. ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന പസഫിക് സമുദ്രത്തിലുള്ള ‘റിംഗ് ഓഫ് ഫയർ’ എന്ന് വിളിക്കപ്പെടുന്ന മേഖലയിലാണ് അതിന്‍റെ സ്ഥാനം എന്നതാണ് പ്രധാന കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍