UPDATES

സയന്‍സ്/ടെക്നോളജി

ലോകത്തിലെ ആദ്യത്തെ ‘കൃത്രിമബുദ്ധി’ വാര്‍ത്താ അവതാരകനെ അവതരിപ്പിച്ച് സിന്‍ഹുവ ഏജന്‍സി

നിലവില്‍ ചൈനീസ് ഭാഷയായ മാന്‍ഡറിന്‍, ഇംഗ്ലീഷ് എന്നീ രണ്ടു ഭാഷകളില്‍ മാത്രമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരകന്‍ വാര്‍ത്ത വായിക്കുക

ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ കഴിഞ്ഞദിവസം പുതിയൊരു വാര്‍ത്താ അവതാരകനെ പരിചയപ്പെടുത്തി. കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വാര്‍ത്ത വായിക്കുന്ന, ലോകത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരകനാണ് കക്ഷി. സിന്‍ഹുവയും ചൈനീസ് സെര്‍ച്ച് എന്‍ജിനായ സോഹുവും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

മനുഷ്യന് സാധിക്കാത്ത വേഗത്തില്‍ ബ്രേക്കിങ് ന്യൂസുകള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നും പറയപ്പെടുന്നു. നിലവില്‍ ചൈനീസ് ഭാഷയായ മാന്‍ഡറിന്‍, ഇംഗ്ലീഷ് എന്നീ രണ്ടു ഭാഷകളില്‍ മാത്രമാണ് ഇവര്‍ വാര്‍ത്ത വായിക്കുക. സിന്‍ഹുവയുടെ തന്നെ വാര്‍ത്താ വായനക്കാരനായ സാങ് സാവോയെ അനുകരിച്ചാണ് എഐ വാര്‍ത്താ അവതാരകനേയും സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, ശബ്ദവും വാര്‍ത്താ അവതരണവും അത്ര സുഖകരമല്ലെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

ചൈനയില്‍ നടന്ന അഞ്ചാമത് വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിലാണ് കൃത്രിമബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാര്‍ത്താ അവതരണം എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. മുഖഭാവം കണ്ടാലോ, ശബ്ദം കേട്ടാലോ ഇത് മനുഷ്യനല്ല എന്ന് ചിന്തിക്കാന്‍ പ്രയാസമാകും. വര്‍ഷം മുഴുവനും യാതൊരു ക്ഷീണവും കാണിക്കാതെ, ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യും.

യഥാര്‍ഥത്തില്‍ ഇവന്‍ ഒരു യന്ത്രമനുഷ്യനല്ല. മറിച്ച്, ‘ഡിജിറ്റല്‍ സംയോജനം’ (ഡിജിറ്റല്‍ കമ്പോസിങ്) എന്ന സാങ്കേതിക വിദ്യയാണ് ഇതിന് പിന്നില്‍. അനേകം ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരാളുടെ അന്തിമ രൂപത്തെ സൃഷ്ടിച്ചെടുത്ത് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍ സംയോജനം.

ഈ അന്തിമ രൂപത്തിനൊപ്പം കൃത്രിമ ബുദ്ധികൂടെ കൂട്ടിയിണക്കി യഥാര്‍ഥ അവതാരകന്റെ ശബ്ദവും ചുണ്ടിന്റെ ചലനങ്ങളും മുഖത്തെ വികാരങ്ങളുമൊക്കെ സംയോജിപ്പിച്ചാണ് സിന്‍ഹുവയും സോഹുവും ഈ ഹൈടെക് അവതാരകന് ജന്മം കൊടുത്തത്.

ലോകത്തെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളും 800 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുമുള്ള ചൈനയിലെ ഇന്റര്‍നെറ്റ് ശൃംഖലയും ലോകത്തിലെ ഏറ്റവും വലുതാണ്. പക്ഷെ, പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് എന്നതാണ് വാസ്തവം. ചൈന ഒരു ഡിജിറ്റല്‍ പോലീസ് രാജ്യമായി മാറുമോ എന്ന് നിരീക്ഷകര്‍ ഭയക്കുന്നു.

അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ അയച്ച ചാരപേടകമാണോ ഔമൗമൗ?

ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറയുന്നു; 2060 ഓടെ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് യുഎൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍