UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുസാറ്റ് ഒരു ശാസ്ത്രജ്ഞനെ ഇല്ലാതാക്കുന്ന വിധം; ഡോ.ജോസഫ് മക്കൊളിലിന്‍റെ അനുഭവം

Avatar

വി ഉണ്ണികൃഷ്ണന്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയ്ക്ക്  മുന്‍പില്‍ ഡോ.ജോസഫ് മക്കൊളില്‍ 2011ല്‍ നടത്തിയ നിരാഹാര സത്യാഗ്രഹം ആരും മറന്നിരിക്കാന്‍ ഇടയില്ല. അന്നും അതിനു ശേഷവും കോടതിയും ഗവര്‍ണ്ണര്‍ അടക്കമുള്ള ഉന്നത അധികാരികള്‍ ഇടപെട്ടിട്ടു പോലും സര്‍വ്വകലാശാല വിസിയും മറ്റു ചില അധികൃതരും ചേര്‍ന്ന് അദ്ദേഹത്തെ ആട്ടിയിറക്കുന്ന കാഴ്ച്ചയ്ക്കും കേരള സമൂഹം സാക്ഷിയായി. വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞിട്ടും അതേ നിലപാടുതന്നെ തുടരുകയാണ് കുസാറ്റ് അധികൃതര്‍. കോടതി ഉത്തരവ് പോലും കീഴ്മേല്‍ മറിച്ച് ജോസഫ് മക്കൊളില്‍ എന്ന ശാസ്ത്രജ്ഞനെ സര്‍വ്വകലാശാല പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ് ഇപ്പോള്‍.

പോളിമര്‍  സോളാര്‍ സെല്‍, കാര്‍ബണ്‍ നാനോ ട്യൂബ് ഉപയോഗിക്കുന്ന സെന്‍സര്‍, പോളിമര്‍ നാനോ കൊമ്പോസൈറ്റുകള്‍ എന്നിവയില്‍  ഏറെ വര്‍ഷങ്ങളെടുത്ത് ഇദ്ദേഹം തയ്യാറാക്കിയ പ്രോജക്റ്റ് റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് കുസാറ്റിലെ സെന്റര്‍ ഫോര്‍ നാനോ മറ്റീരിയല്‍സ് ആന്‍ഡ്‌ ഡിവൈസസ് വിഭാഗം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ മറ്റീരിയല്‍സ് ആന്‍ഡ്‌ ഡിവൈസസ് എന്ന വിഭാഗത്തിന്റെ വളര്‍ച്ച ഇന്ന് എവിടെയെത്തിയിരിക്കുന്നു എന്ന് അധികൃതരോടല്ലാതെ ആരോടന്വേഷിച്ചാലും അതിനുപിന്നില്‍ ഉയര്‍ന്നു കേള്‍ക്കുക ജോസഫ് മക്കൊളില്‍ എന്ന പേരായിരിക്കും. ഇദ്ദേഹത്തോടുള്ള വൈരാഗ്യപൂര്‍ണ്ണമായ നടപടികളുടെ ഭാഗമായി അധ്യാപക ഹോസ്റ്റലിലെ പതിമൂന്നാം നമ്പര്‍ മുറിയില്‍ നിന്നും അധികൃതര്‍ അടിച്ചിറക്കി. കേരളം നാനോ സാങ്കേതികവിദ്യയെക്കുറിച്ച് ചിന്തിച്ചുതുടങ്ങും മുന്‍പ് അതെക്കുറിച്ച് വ്യക്തമായ പഠനം നടത്തുകയും അതു കുസാറ്റിലെത്തിക്കുകയും ചെയ്ത ഈ മനുഷ്യന്‍ ഇന്ന് കഴിയുന്നത്‌ കൊച്ചി പത്തടിപ്പാലത്തിനു സമീപമുള്ള ഒരു കുടുസ്സു മുറിലാണ്. ഈ അവസ്ഥയ്ക്കു കാരണമായത് തന്റെ ഗവേഷണവിഷയത്തിലെ അദ്ദേഹത്തിന്റെ മികവും.

2002ല്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി കുസാറ്റിലെത്തിയ ജോസഫ് മക്കൊളില്‍ നാലു പ്രോജക്ടുകള്‍ സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഇന്റര്‍യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ മറ്റീരിയല്‍സ് ആന്‍ഡ്‌ ഡിവൈസസ്, സെന്‍റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി സോഴ്സസ്, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ്  മറ്റീറിയല്‍സ്, നോബല്‍ സമ്മാനജേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ എന്നിവയുമായിരുന്നു അത്. പ്രോജക്റ്റുകളുടെ പ്രാധാന്യം മനസ്സിലാവുകയും അതിനു സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തപ്പോള്‍ മുതല്‍ ജോസഫ് മക്കൊളില്‍ അവഗണിക്കപ്പെടുകയായിരുന്നു. പദ്ധതിയുടെ ഓരോ ഘട്ടത്തില്‍ നിന്നും ജോസഫ് മക്കൊളില്‍ എന്ന പേര് വെട്ടിമാറ്റപ്പെട്ടു, പകരം സര്‍വ്വകലാശാ വിസിയുടെ വിശ്വസ്തഭൃത്യന്മാരുടെ പേരുകള്‍ തിരുകിക്കയറ്റപ്പെടുകയും ചെയ്തു. സെന്റര്‍ ഡയറക്ടര്‍/ സയന്റിസ്റ്റ് ഇന്‍ചാര്‍ജ്ജ് എന്ന സ്ഥാനം നല്‍കാമെന്ന വാഗ്ദാനം കാറ്റില്‍പ്പറത്തി ഗവേഷക വിഭാഗത്തില്‍ പ്രോജക്റ്റ് സയന്റിസ്റ്റായാണ് ഇദ്ദേഹത്തെ നിയമിക്കുന്നത്.  അതും അപേക്ഷ ക്ഷണിച്ച് അഭിമുഖത്തിലൂടെ, തന്റെ തന്നെ പ്രോജക്റ്റില്‍ ഒന്നുമല്ലാത്ത ഒരു സ്ഥാനം നല്‍കി ഈ ശാസ്ത്രജ്ഞനെ അന്നേ കുസാറ്റ് പിന്തള്ളിയിരുന്നു.

കുടുംബങ്ങള്‍ തമ്മില്‍ തലമുറകളായി തുടരുന്ന കുടിപ്പകപോലെ മുന്‍ വൈസ് ചാന്‍സലറായ ഡോക്ടര്‍ രാമചന്ദ്രന്‍ തെക്കേടത്തിനു ശേഷം വന്ന ഡോക്ടര്‍ ജെ ലതയും മുന്‍പത്തേതില്‍ നിന്നും രൂക്ഷവും പ്രതികാരപരവുമായ നിലപാടു സ്വീകരിക്കുകയായിരുന്നു എന്ന് ജോസഫ് മക്കൊളില്‍ പറയുന്നു.

ഇതിനു വ്യക്തമായ തെളിവുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് റിപ്പോര്‍ട്ടില്‍ കൃത്രിമത്വം കാണിച്ചു എന്നുള്ളതാണ്. സിന്‍ഡിക്കേറ്റ് മീറ്റിംഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഗവര്‍ണ്ണര്‍ക്കയച്ച കത്തിലും വൈസ് ചാന്‍സലര്‍ സത്യവിരുദ്ധമായ കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.  മുന്‍പ് സമര്‍പ്പിച്ച പ്രോജക്റ്റില്‍ കൃത്രിമം കാട്ടിയതു പോലെ ഇവിടെയും സര്‍വ്വകലാശാല ഈ ശാസ്ത്രജ്ഞനെ ചതിക്കുകയായിരുന്നു.


27.8.12ല്‍ ഡയറക്ടറിനു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ ആറു മുതല്‍ എട്ടു വരെയുള്ള പേജുകളില്‍ തിരുത്തലുകള്‍ നടത്തുകയും ജോസഫ് മക്കൊളിന്റെ ഗവേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. അതേ കോപ്പി തന്നെ 26.08.12ല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനും ഗവര്‍ണ്ണര്‍ക്കും അയയ്ക്കുക വഴി ചാന്‍സലര്‍ സ്ഥാനം വഹിക്കുന്ന ഗവര്‍ണ്ണറെ വരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വൈസ് ചാന്‍സലറുടെ ഭാഗത്തു നിന്നുണ്ടായി. ഇത്തരം കത്രികവയ്പ്പുകള്‍ 2010ലും ഉണ്ടായിരുന്നു. എന്നാല്‍ രണ്ടു തവണയും ഗവര്‍ണ്ണറെ നേരിട്ടുകണ്ടും ഇമെയില്‍ വഴിയും സത്യാവസ്ഥ ബോധിപ്പിച്ചതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ ഉടനടി തീരുമാനം ഉണ്ടാവണം എന്ന് അദ്ദേഹം സര്‍വ്വകലാശാലയ്ക്ക് സന്ദേശമയയ്ക്കുകയുണ്ടായി. എന്നാല്‍ ഇന്നുവരെ ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്നും അയച്ചിട്ടുള്ള ഇമെയില്‍ സന്ദേശങ്ങളോ നിര്‍ദ്ദേശങ്ങളോ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് കൂടുമ്പോള്‍ വൈസ് ചാന്‍സലര്‍ ചര്‍ച്ചയ്ക്കു വയ്ക്കുകയുണ്ടായില്ല. 20.02.2010ല്‍ നടന്ന 553മത് സിന്‍ഡിക്കേറ്റ് മുതല്‍ 20.02.16ല്‍ നടന്ന 629മത് സിന്‍ഡിക്കേറ്റ് വരെ ഇതേ പ്രതികരണം തന്നെ വിസി തുടര്‍ന്നു. എപ്പോഴെങ്കിലും ഇതേക്കുറിച്ച് ചോദ്യമുണ്ടാവുകയാണെങ്കില്‍ പഴയ മറുപടി തന്നെ ആവര്‍ത്തിക്കപ്പെടും. കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ ഈ വിഷയം അജണ്ടയില്‍ ഇല്ലാഞ്ഞിട്ടു കൂടി ചര്‍ച്ചയില്‍ ഉയര്‍ത്തിയ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയ്ക്ക് മറുപടി നല്‍കിയത് പഴയ വാദങ്ങള്‍ തന്നെ ഉയര്‍ത്തിയാണ്. ഗവര്‍ണ്ണര്‍ ഇക്കാര്യത്തില്‍ ഇടപെട്ടതായും ആ രേഖകള്‍ സിന്‍ഡിക്കേറ്റില്‍ വരാത്തതിനെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ വിസി  പറഞ്ഞത് ‘എന്തിനാണ് രേഖകള്‍ ഞാന്‍ പറഞ്ഞാല്‍ പോരേ’ എന്നാണ്. സ്വേച്ഛാധിപത്യപരമായ നിലപാടുകളാണ് കുസാറ്റ് സര്‍വ്വകലാശാലയില്‍ നിലവിലുള്ളത് എന്ന് വിസിയുടെ ഈ ഒറ്റ പരാമര്‍ശത്തില്‍ നിന്ന് തന്നെ വ്യക്തമാണ്‌.

രണ്ടാമതായി ഇതില്‍  കോടതി ഉത്തരവ് വരെ അവഗണിച്ചുകൊണ്ടുള്ള നടപടികളാണ് വിസി സ്വീകരിച്ചത് എന്നാണ്. 2009ല്‍ പ്രോജക്റ്റ് സയന്റിസ്റ്റ്എന്ന തസ്തികയില്‍ കുസാറ്റില്‍ ചേര്‍ന്ന ജോസഫിനെ കാലാവധി കഴിഞ്ഞു എന്നു കാട്ടി പുറത്താക്കാനുള്ള ശ്രമം നടന്നു. രേഖകളില്‍ കൃത്രിമം കാട്ടിയാണ് പ്രോജക്റ്റ് കാലാവധി അവസാനിക്കുന്നത് വരെ എന്നത് രണ്ടു വര്‍ഷത്തേക്ക് എന്ന് മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് കോടതില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ശമ്പളക്കുടിശിക തീര്‍ത്തു നല്‍കണം എന്നും സയന്റിസ്റ്റ് ആയിത്തന്നെ തസ്തിക നിലനിര്‍ത്തണമെന്നും  ഉത്തരവുണ്ടായി. എന്നാല്‍ സിന്‍ഡിക്കേറ്റ് കൂടാതെയും ഈ വിഷയം ചര്‍ച്ചയ്ക്കു വയ്ക്കാതെയും കോടതി ഉത്തരവിനെ ചെറുത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വ്വകലാശാല പടിക്കല്‍ നിരാഹാരം കിടന്ന ശാസ്ത്രജ്ഞനെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെക്കൊണ്ട് പുറത്താക്കിക്കുകയായിരുന്നു. അന്നത്തെ സംഭവം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ഇതിലിടപെടുകയും ചെയ്തിരുന്നു. എന്നാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്ന പേരില്‍ മറ്റൊരു പരാതി ഫയല്‍ ചെയ്യുകയാണ് സര്‍വ്വകലാശാല ചെയ്തത്. ശേഷമിറങ്ങിയ ഉത്തരവുകളില്‍ പലതിലും ജോസഫ് മക്കൊളില്‍ എന്ന വ്യക്തിയും സര്‍വ്വകലാശാലയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നുപോലും പരാമര്‍ശമുണ്ടായിരുന്നു.

ഇതേ വിധത്തില്‍ തന്നെ കോടതി ഉത്തരവ് കാറ്റില്‍പ്പറത്തിയ ഒരു നടപടിയായിരുന്നു ജോസഫിനെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. അതും വിധിയില്‍ പറഞ്ഞ തീയതി വരെ ഹോസ്റ്റലില്‍ താമസിക്കാന്‍ കോടതി അനുവാദം നല്‍കിയപ്പോള്‍. ആ കേസില്‍ പ്രതിഭാഗത്തുണ്ടായിരുന്ന സര്‍വ്വകലാശാലയുടെ അഭിഭാഷകന്‍ രേഖാമൂലം നല്‍കിയ ഒരു അറിയിപ്പിന്റെ ബലത്തില്‍. ഇക്കാരണത്താല്‍ എന്തു നടപടിയുണ്ടായാലും കോടതിയില്‍ നേരിടാം എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അതു തന്നെ പ്രത്യക്ഷമായ കോടതി വിധിയുടെ നിഷേധമാണ് എന്ന് വ്യക്തം.

ഇതിനിടയില്‍ ഒരു വ്യാജ കത്തുയര്‍ത്തി ജോസഫ് മക്കൊളില്‍നെതിരെ പ്രതിഷേധമുയര്‍ത്താനും ഇവര്‍ തുനിഞ്ഞു. ഡോക്ടര്‍ എംആര്‍ അനന്തരാമന്‍, ഡോക്ടര്‍ കെ സാജന്‍, ഡോക്ടര്‍ എ രാമചന്ദ്രന്‍ എന്നിവരായിരുന്നു ഇതിന്റെ പിന്നില്‍. ഇതേ എംആര്‍ അനന്തരാമന്‍ അടക്കമുള്ളവരാണ് 627 മത് സിന്‍ഡിക്കേറ്റ് മീറ്റിംഗില്‍ ജോസഫിനെതിരെയുള്ള നിലപാടു സ്വീകരിക്കുന്നതില്‍ വിസിയ്ക്ക് പിന്തുണ നല്കിയതും.

ഈ വിഷയത്തില്‍ ജോസഫ് മക്കൊളില്‍ സമീപിക്കാത്ത ഉദ്യോഗസ്ഥരുമില്ല, സംഘടനകളുമില്ല. മുന്‍പൊരിക്കല്‍ പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍ ഇതിലിടപെട്ടിരുന്നു. അന്നാണ് അദ്ദേഹത്തിന്റെ ഓണറേറിയത്തില്‍ വര്‍ദ്ധനയുണ്ടാവുന്നത്. എന്നാല്‍ പിന്നീട് 7 ലക്ഷത്തോളം  രൂപ നല്‍കി ഫൈനല്‍ സെറ്റില്‍മെന്റ് നടത്തിയെന്നാണ് സര്‍വ്വകലാശാല അവകാശപ്പെടുന്നത്. എന്നാല്‍ അത് കുടിശ്ശിക വന്ന ശമ്പളമാണ് എന്നുള്ളത് ജോസഫ് വ്യക്തമാക്കുന്നു.

മനുഷ്യാവകാശ സംഘടന മുതല്‍ സെന്‍ട്രലൈസ്ഡ് പബ്ലിക് ഗ്രീവന്‍സ് റീഡ്രസ്സ് ആന്‍ഡ്‌ മോണിറ്ററിംഗ് സിസ്റ്റം വരെ അദ്ദേഹം പരാതിയുമായി പോയിക്കഴിഞ്ഞു. തനിക്കു നീതി ലഭിക്കും എന്ന പ്രതീക്ഷയില്‍ 53മത്തെ വയസ്സിലും ജോസഫ് മക്കൊളില്‍ പോരാട്ടം തുടരുകയാണ്. 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍