UPDATES

സയന്‍സ്/ടെക്നോളജി

പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി

അഴിമുഖം പ്രതിനിധി

പ്ലാസ്റ്റിക് ബോട്ടില്‍ റീസൈക്ലിങ് പ്ലാന്റിന് സമീപത്തു നിന്ന് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഇനം ബാക്ടീരിയ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ നല്‍കുന്നു.

പോളി എത്തിലീന്‍ ടെറഫ്താലേറ്റ് (പിഇടി) എന്ന തരം പോളിമറാണ് ലോകമെമ്പാടും പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉഫയോഗിക്കുന്നത്. ഉപയോഗശേഷം ഇത് വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആഗോള ആശങ്കയാണ്. കുപ്പികള്‍ മുതല്‍ കുപ്പായം വരെയുടെ ഉപഭോക്തൃ ഉല്‍പന്നങ്ങളില്‍ പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 2013 വരെ മാത്രം 56 മില്ല്യണ്‍ ടണ്‍ പിഇടി ഉത്പന്നങ്ങളാണ് ലോകമെമ്പാടും മാലിന്യ പ്രശ്‌നം സൃഷ്ടിക്കുന്നത്.

വളരെ കുറച്ചു ഫംഗസ് വര്‍ഗ്ഗങ്ങള്‍ക്ക് മാത്രമേ പിഇടിയെ വിഘടിപ്പിക്കാന്‍ കഴിയുന്നതായി കണ്ടെത്തിയിട്ടുള്ളു. എന്‍സൈം ഉപയോഗിച്ചു കൊണ്ടുള്ള വിഘടനമാണ് ഇത് നടത്തുന്നത്. ജൈവ വിഘടനം ഇതുവരേയും പരിഹാരമായി സാധ്യമായിട്ടില്ല.

പരിസ്ഥിതിയിലെ പിഇടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രകൃത്യാലുള്ള സൂക്ഷ്മാണുക്കളില്‍ നിന്ന് കണ്ടെത്തിയ ഐഡിയോനെല്ല സാകെന്‍സിസ് 201-എഫ് 6 എന്ന പുതിയ ബാക്ടീരിയയാണ് പ്ലാസ്റ്റിക്കിനെ ഭക്ഷിക്കുന്നത്. ഈ ബാക്ടീരിയകള്‍ ആവശ്യമായ ഊര്‍ജ്ജവും കാര്‍ബണും ലഭിക്കാന്‍ 
സ്രോതസ്സായി ഉപയോഗിക്കുന്നത് പിഇടിയെയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

30 ഡിഗ്രി സെല്‍ഷ്യസ് താപ നിലയുള്ള സാഹചര്യത്തില്‍ ആറ് ആഴ്ച കൊണ്ട് ചെറിയ പിഇടി ഫിലിമിനെ പൂര്‍ണമായും വിഘടിപ്പിക്കാന്‍ ഈ ബാക്ടീരിയക്ക് കഴിഞ്ഞു. പിഇടിയില്‍ ജീവിക്കുമ്പോള്‍ ഈ ബാക്ടീരിയ പിഇടിയെ ഹൈഡ്രോലൈസ് ചെയ്യാന്‍ സാധിക്കുന്ന രണ്ട് എന്‍സൈമുകളേയും ഒരു രാസപ്രവര്‍ത്തന മധ്യവര്‍ത്തിയായ മോണോ (2-ഹൈഡ്രോക്‌സിഈതൈല്‍) ടെറിഫ്താലിക് ആസിഡിനേയും ഉല്‍പാദിപ്പിക്കുന്നു. ഈ രണ്ട് എന്‍സൈമുകളും പിഇടിയെ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത മോണോമറുകളായ ടെറിഫ്താലിക് ആസിഡും എത്തിലീന്‍ ഗ്ലൈക്കോളുമായി വിഘടിപ്പിക്കുന്നു.

ഐ എസ് എഫ് 6-4831 എന്ന എന്‍സൈം ജലവുമായി ചേര്‍ന്ന് പിഇടിയെ മറ്റൊരു പദാര്‍ത്ഥമായും ഈ പുതിയ പദാര്‍ത്ഥത്തെ രണ്ടാമത്തെ എന്‍സൈമായ ഐ എസ് എഫ് 6-0224 വീണ്ടും വിഘടിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ടു എന്‍സൈമുകള്‍ക്കും പിഇടിയെ വിഘടിപ്പിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

മറ്റു ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കുന്ന സമാനമായ എന്‍സൈമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ എന്‍സൈമുകള്‍ക്ക് സവിശേഷമായ വ്യക്തിത്വം അവയുടെ പ്രവര്‍ത്തനത്തിലുണ്ട്. ഇത് ഇത്തരം പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ രൂപപ്പെട്ടതിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സയന്‍സ് മാസികയിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍