UPDATES

വിദേശം

സ്‌കോട് യുദ്ധതന്ത്രങ്ങള്‍ ലണ്ടന്‍ ധനികരെ വേട്ടയാടുമ്പോള്‍

Avatar

സ്‌കോട് ഹാമില്‍റ്റന്‍, സ്വേഞ്ച ഓ ഡോണല്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

സ്‌കോട്‌ലണ്ട് ചരിത്രവുമായി മുഖാമുഖം നില്‍ക്കുമ്പോള്‍, ലണ്ടനിലെ ഖജാന സൂക്ഷിപ്പുകാര്‍ അവരുടെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടാന്‍ ഒരുങ്ങുകയാണ്. യുണൈറ്റഡ് കിംഗ്ഡവുമായുള്ള 307 വര്‍ഷത്തെ തങ്ങളുടെ രാഷ്ട്രീയബന്ധം സ്‌കോട്‌ലണ്ട് അവസാനിപ്പിക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ, അങ്ങനെ സംഭവിച്ചാല്‍ എന്തുചെയ്യണം എന്നാലോചിച്ചു തലപുകയ്ക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെയും സാമ്പത്തിക വകുപ്പിലെയും ഉദ്യോഗസ്ഥര്‍. വ്യാപാര ദിനത്തിന്റെ ആദ്യമണിക്കൂറുകളിലായിരിക്കും ഫലപ്രഖ്യാപനം എന്നതിനാല്‍, സ്വാതന്ത്ര്യത്തിന് അനുകൂലമായാണ് വോട്ടെങ്കില്‍, ആദ്യ 24 മണിക്കൂറില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍, പൗണ്ടിന്റെ വിലയിടിവ്, ബാങ്ക് പണ ലഭ്യതയുടെ കുറവ്, അങ്ങനെ ആഘാതങ്ങള്‍ നിരവധിയാകും.

നിലവിലെ സൂചനകളനുസരിച്ച് സ്‌കോട്‌ലണ്ടുകാര്‍ യുണൈറ്റഡ് കിംഗ്ഡത്തോടൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെങ്കിലും, എതിരായിട്ടുള്ള കടുത്ത ഫലത്തെ നേരിടാനും തയ്യാറെടുക്കുകയാണ് ഉദ്യോഗസ്ഥര്‍. ഒരുപക്ഷേ, 2008ലെ ലേമാണ്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചക്ക് ശേഷം നേരിട്ടേക്കാവുന്ന ഏറ്റവും വലിയ സാമ്പത്തിക വെല്ലുവിളി. പൗണ്ടിന്റെ വില ഏതാണ്ട് 10% ഇടിഞ്ഞേക്കുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 61% പേര്‍ ആശങ്കപ്പെട്ടത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക് കാര്‍നിയും, ധനമന്ത്രി ജോര്‍ജ് ഒസ്‌ബോനും ത്വരിതഗതിയില്‍ കാര്യങ്ങള്‍ നീക്കേണ്ടിവരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എങ്കില്‍ മാത്രമേ സ്‌കോട്‌ലണ്ട് വിട്ടുപോവുകയാണെങ്കില്‍ അവരുമായുള്ള 18 മാസത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കുള്ള വേണ്ടത്ര സമയമെടുക്കാന്‍ സാധിക്കൂ.

അതേസമയം, സ്‌കോട്‌ലണ്ട് സ്വാതന്ത്ര്യത്തിനായി തീരുമാനിച്ചാല്‍ തങ്ങളുടെ ആസ്ഥാനങ്ങള്‍ ഇംഗ്ലണ്ടിലേക്ക് മാറ്റുമെന്ന് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലണ്ടും, ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പും പ്രഖ്യാപിച്ചു കഴിഞ്ഞു. പരിവര്‍ത്തനം ഉണ്ടായാല്‍ അത് നിക്ഷേപകരില്‍ സൃഷ്ടിക്കുന്ന അങ്കലാപ്പ് ചെറുതായിരിക്കില്ല.
സ്‌കോട്‌ലണ്ട് ആസ്ഥാനമായ സാമ്പത്തിക വ്യാപാരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 10 മടങ്ങ് വരുമെന്നാണ് കാര്‍നി വ്യക്തമാക്കുന്നത്. ഏതാണ്ട് 1 ട്രില്ല്യന്‍ പൌണ്ട്‌സ് ($1.62ട്രില്ല്യന്‍). സ്‌കോട്‌ലണ്ടിന്റെ നാണയ, വായ്പാകേന്ദ്ര നയങ്ങള്‍ എന്താവുമെന്ന് ഇനിയും ധാരണയാകാത്തത് രാജ്യത്തിന്റെ ബാങ്കിംഗ് ഭാവിയെക്കുറിച്ച് അവ്യക്തത സൃഷ്ടിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

സ്‌കോട്‌ലണ്ടിനെ ആവേശിച്ച ‘അരക്കിറുക്കന്‍’ നേതാവ്
ലണ്ടന്‍ : തിരിച്ചു പോകാത്തവരുടെ നഗരം
ബ്രിട്ടനിലെ റോയല്‍ കുഞ്ഞും സാമൂതിരിയുടെ അധികാര പെന്‍ഷനും
ലണ്ടന് മേല്‍ ന്യൂയോര്‍ക്കിന്റെ പടയോട്ടം

 

സ്വാതന്ത്ര്യം വേണമെന്നാണ് ഫലമെങ്കില്‍ ധനവകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ നാളെ പുലര്‍ച്ചക്കുതന്നെ പണിതുടങ്ങും.
സ്വാതന്ത്ര്യവാദികളും, ഐക്യവാദികളും ഒപ്പത്തിനൊപ്പമാണെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത്. അല്‍പ്പമൊരു മുന്‍തൂക്കം ഐക്യവാദികള്‍ക്കാണ്. 52%വും 48%വും ആയാണ് നിലവിലെ അഭിപ്രായ സര്‍വ്വേ ഫലം. ചിലതില്‍ 51ഉം 49ഉം ആണ്. സ്‌കോട്‌ലണ്ട്, യുണൈറ്റഡ് കിംഗ്ഡവുമായുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിന്റെ ആപത്ശങ്കകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും അത് സമ്മതിക്കാന്‍ ലണ്ടനിലെ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ല. സ്‌കോട്‌ലണ്ട് സ്വാതന്ത്ര്യത്തെ ചൊല്ലി ടെലിവിഷനില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ പോര്‍ച്ചുഗലില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. കാമറോണ്‍ പിന്നീട് വിട്ടുപോകരുതെന്ന് വികാരഭരിതമായി സ്‌കോട്‌ലണ്ടുകാരോട് അഭ്യര്‍ത്ഥിച്ചു . അതിനിടെ സ്വാതന്ത്ര്യത്തിനായി തയ്യാറെടുക്കാന്‍ സ്‌കോട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ട് ഇരുവിഭാഗങ്ങളോടും പറയുന്നു.

എന്നാല്‍ രാഷ്ട്രീയക്കാരില്‍നിന്നും വ്യത്യസ്തമായി തങ്ങള്‍ക്ക് അടിയന്തരഘട്ടത്തിനുള്ള പദ്ധതികളുണ്ടെന്ന് കാര്‍നി വ്യക്തമാക്കി. അത്തരമൊരു ഘട്ടത്തില്‍ ഇടപ്പാടുകാരില്‍നിന്നും ഉണ്ടായേക്കാവുന്ന തിരക്കുപിടിച്ച പണം പിന്‍വലിക്കല്‍ നേരിടാന്‍ ആവശ്യമായ പണം, പണം പിന്‍വലിക്കല്‍ യന്ത്രങ്ങളില്‍ കരുതിവെക്കാന്‍ തയ്യാറെടുപ്പുകള്‍ നടന്നേക്കും. അത്യാവശ്യമായി വന്നാല്‍, പിന്‍വലിക്കാനുള്ള പണത്തിന് പരിധിയോ, പ്രത്യേക ബാങ്ക് അവധിയോ വരെ പ്രഖ്യാപിച്ചേക്കാം. സെപ്റ്റംബര്‍ 20നു നടക്കുന്ന ജി20 ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ആസ്‌ട്രേലിയയിലേക്ക് പോകാണോയെന്നാകും ഒസ്‌ബോനിനെ അലട്ടുന്ന ചിന്ത. പോകാന്‍ തീരുമാനിച്ചു എന്നു ധനവകുപ്പ് പറയുന്നെണ്ടെങ്കിലും, ഫലപ്രഖ്യാപനം സ്വാതന്ത്ര്യത്തിനനുകൂലമായാല്‍ അന്നേരത്തെ തിരക്കുപിടിച്ച ചര്‍ച്ചകളില്‍ അയാള്‍ക്ക് പങ്കെടുക്കാനാകില്ല. കാര്‍നി ജി20ല്‍ പോയി ആ സമയത്തേക്ക് ലണ്ടനില്‍ തിരിച്ചെത്തും.

സ്വാതന്ത്ര്യ പ്രഖ്യാപനം എന്തായാലും 2016, മാര്‍ച്ച് 24നേ ഉണ്ടാകൂ എന്നു സ്‌കോടിഷ് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അതുവരെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തന്നെയായിരിക്കും സ്‌കോട്‌ലണ്ടിന്റെ ധനകാര്യ ബാങ്ക്.
ഫലം വരാന്‍ ഇനി മണിക്കൂറുകളെയുള്ളൂ. ലോകത്ത് ബാലറ്റിലൂടെ ഒരു രാജ്യം കൂടി പിറക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍