UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്കോട്ട്ലന്‍റ് ഹിതപരിശോധന ഇന്ത്യയ്ക്ക് നല്‍കുന്ന മുന്നറിയിപ്പുകള്‍

Avatar

ടീം അഴിമുഖം

വളരെ ചെറിയൊരു ഭൂരിപക്ഷത്തിന് പുറത്ത്, യുകെയില്‍ തുടരാനും, രാജ്ഞിയെ ബഹുമാനിക്കാനും, ലണ്ടനില്‍ നിന്നുള്ള വിവേചനത്തിനെതിരെ നിരന്തര പരാതികള്‍ തുടരാനും സ്‌കോട്ട്‌ലന്റില്‍ കഴിഞ്ഞ ആഴ്ച നടന്ന ഹിതപരിശോധന തീരുമാനിച്ചു.

തങ്ങളുടെ അസ്ഥിത്വം നേടിയെടുക്കാനുള്ള ഒരു ജനതയുടെ ശ്രമം എന്ന നിലയില്‍, ‘സ്‌കോട്ട്‌ലന്റ് ഒരു സ്വതന്ത്ര രാഷ്ട്രമാവണോ?’ എന്ന ചോദ്യത്തിന്മേലുള്ള സ്‌കോട്ടിഷ് വോട്ടര്‍മാരുടെ പ്രതികരണം ഇത് ആദ്യത്തേതായിരുന്നില്ല, അവസാനത്തേതുമാവില്ല. സ്‌കോട്ട്‌ലന്റ് പിരിയാനാണ് തീരുമാനിച്ചിരുന്നതെങ്കില്‍, അത് യൂറോപ്പിലും ലോകത്തെമ്പാടും കോലാഹലങ്ങള്‍ക്ക് വഴി തെളിക്കുകയും യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ വീറ്റോ അധികാരമുള്ള അംഗമായി തുടരാനുള്ള യുകെയുടെ അവകാശം ചോദ്യം ചെയ്യപ്പെടുകയും യൂറോപ്യന്‍ യൂണിയനിലുള്ള അതിന്റെ അംഗത്വം ചോദ്യം ചെയ്യപ്പെടുകയും ലണ്ടന്റെയും യുകെയുടെയും സാമ്പത്തിക സ്വാധീനത്തെ നിര്‍ണായകമായി ബാധിക്കുകയും സ്‌കോട്ട്‌ലന്റില്‍ അടിസ്ഥാനമാക്കിയുള്ള യുകെയുടെ ആണവായുധങ്ങള്‍ അടങ്ങിയ അന്തര്‍വാഹിനികളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുകയും സര്‍വോപരി സ്‌കോച്ച് വില കൂടുമെന്ന ഭയം ഉടലെടുക്കുകയും ചെയ്യുമായിരുന്നു. സാമ്പത്തിക രംഗത്തുള്ളവര്‍ മുതല്‍ വിസ്‌കി കുടിയന്മാര്‍ വരെ ചുരുളഴിയുന്ന നാടകത്തെ ആശങ്കയോടെയാണ് വീക്ഷിച്ചത്. യുകെയില്‍ തുടരാന്‍ സ്‌കോട്ട്‌ലന്റ് തീരുമാനിച്ചത് അവരില്‍ ആശ്വാസം പടര്‍ത്തി.

ഇപ്പോഴത്തെ സാഹചര്യത്തില്‍, ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളികള്‍ സജീവമാവില്ലായിരിക്കാം. എന്നാല്‍, പ്രകോപനപരവും അക്രമാസക്തവും കീഴ്വഴക്കങ്ങള്‍ ഇല്ലാത്ത തരത്തിലും, പ്രാദേശികവും മതപരവും മറ്റ് രീതിയിലുമുള്ള സ്വത്വങ്ങളുടെഅവകാശത്തിന് വേണ്ടിയുള്ള മുറവിളികള്‍ ഉയരുന്ന കാലത്താണ് നാം ജീവിക്കുന്നത്.

ഇന്ത്യയില്‍ ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? ചെറു വിഭാഗങ്ങള്‍ സ്വാതന്ത്ര്യം തേടുന്നതിന്റെ തിരകള്‍ ഇന്ത്യയില്‍ പുതുതായി ഉയര്‍ന്നുവരുമോ? കേരളത്തില്‍ ഒരു വിഭാഗീയ നീക്കം നമുക്ക് പ്രതീക്ഷിക്കാമോ?

ഈ ചോദ്യങ്ങള്‍ക്കൊന്നും നിലവില്‍ കൃത്യമായ ഉത്തരങ്ങളില്ല. ന്യൂ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ വിവേചനത്തെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് പ്രചാരം നേടുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വരുന്നതിന്റെ സൂചനകള്‍ ഇന്ത്യയില്‍ പ്രകടമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം വിഭാഗീയ ശക്തികള്‍ കരുത്താര്‍ജ്ജിയ്ക്കുന്നതിന് ഗൗരവതരമായ കാരണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കാരണങ്ങള്‍ നിരവധിയാണ്. ഒന്നാമതായി, ഉത്തര-ദക്ഷിണ സംസ്ഥാനങ്ങള്‍ തമ്മില്‍ നിര്‍ണായകമായ സാമ്പത്തിക അന്തരം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും ദാരിദ്ര്യത്തിലും അടിസ്ഥാന സൗകര്യങ്ങളിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും മറ്റും നിലനില്‍ക്കുന്ന നിര്‍ണായക അന്തരം ഇത്തരം വിഭാഗീയശക്തികള്‍ക്ക് ഇന്ധനം പകരാനുള്ള കാരണങ്ങളാണ്. യുപി, ബിഹാര്‍, പശ്ചിമ ബംഗാള്‍ മുതലായ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്ന കുടിയേറ്റക്കാര്‍ ഈ അന്തരത്തിനുള്ള തെളിവാണ്. കേരളത്തിന് കൂലി കുറഞ്ഞ തൊഴിലാളികളെ ആവശ്യമുണ്ടെന്നുള്ളത് ഒരു കാരണമാണെങ്കിലും. 

ജനസംഖ്യാ വളര്‍ച്ചയുടെയും വിഭവ ചൂഷണത്തിന്റെയും കാര്യങ്ങളിലും പ്രാദേശിക അസമത്വം നിലനില്‍ക്കുന്നുണ്ട്. വടക്കും തെക്കും തമ്മിലുള്ള അന്തരം വളരെ പ്രകടവും പ്രത്യക്ഷവുമാണ്. ഉദാഹരണത്തിന് ദക്ഷിണേന്ത്യയിലെ ഉര്‍വരത നിരക്ക് വെറും 1.9 ശതമാനം മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സാക്ഷരത നിരക്കായ 73 ശതമാനം, ദേശീയ ശരാശരിയേക്കാള്‍ പത്ത് ശതമാനം അധികമാണ്. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍, നഗരങ്ങളില്‍ ജീവിയ്ക്കുന്ന ആളുകളുടെ ശതമാനം അധികമാണ്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറവാണ്, വൈദ്യുതിയുള്ള വീടുകളുടെ ശതമാനം അധികമാണ്.

നിരക്ഷരത, പോഷണക്കുറവ്, കലാപം, അസമത്വം, വളരുന്നതും അസ്വസ്ഥരുമായ ജനങ്ങള്‍ എന്നിവയുടെ ഒരു ചെളിക്കുണ്ടാണ് ഉത്തരേന്ത്യ എന്ന് ഒരു താരതമ്യത്തില്‍ കാണാന്‍ സാധിക്കും.

എന്നാല്‍, സാമ്പത്തിക അന്തരത്തിന്റെ പേരില്‍ മാത്രം സ്വാതന്ത്ര്യത്തിനുള്ള മുറവിളികള്‍ ഉയരില്ല. കേന്ദ്രത്തോടുള്ള പ്രതിഷേധങ്ങളില്‍ നിന്നും അത് ഉയര്‍ന്നു വരാം. അതാണ് മാനദണ്ഡമെങ്കില്‍, ഇന്ത്യയില്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് മാത്രമേ ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയൂ. വടക്കന്‍ കാശ്മീരിലെ സംഘടനകളും രാജ്യത്തെ മിക്ക ഭാഗങ്ങളിലുമുള്ള ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ കേന്ദ്രാവഗണനയെ കുറിച്ചു പരാതിപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. നിരവധി സംഘടനകള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള വിഭജനം ആവശ്യപ്പെടുന്നുണ്ട്. ഈ ശ്രേണിയിലേക്ക് കൂടുതല്‍ പേര്‍ വന്നുകൊണ്ടിരിക്കുന്നു.

സ്‌കോട്ട്‌ലന്റിലെ ഹിതപരിശോധന നിരവധി മുന്നറിയിപ്പുകളാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. ഇത്രയും വൈവിദ്ധ്യവും ജനസംഖ്യയുമുള്ള ഒരു രാജ്യം ഒന്നിച്ചു നില്‍ക്കുകയും വികസനവഴിയില്‍ കൂട്ടായ്മ പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്യണമെങ്കില്‍, കൂടുതല്‍ സന്തുലിതവും ന്യായയുക്തവും സമത്വപൂര്‍ണവുമായ ഭരണനിര്‍വഹണ തത്വങ്ങള്‍ സ്വീകരിക്കാന്‍ ന്യൂഡല്‍ഹി തയ്യാറാവേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആവിശ്യത്തിന്‍റെ മറ്റൊരു ഘട്ടത്തിന് ഇന്ത്യ സാക്ഷിയാവുന്ന കാലം വിദൂരമല്ല.

ബെസ്റ്റ് ഓഫ് അഴിമുഖം

മോദി-സി ജീങ്പ്യിങ് കൂടിക്കാഴ്ച; അതിര്‍ത്തി പുകയുമ്പോള്‍ മുറുകുമോ ആലിംഗനം?
നമുക്ക് മനസിലാകില്ല കാശ്മീരിന്റെ വേദന
മധുരിക്കും മാമ്പഴങ്ങള്‍, പുളിക്കുന്ന നയതന്ത്രം
സ്കോട്ടിഷ് സ്വാതന്ത്ര്യ വാദം തുറന്നു വിട്ട ഭൂതം യു കെയെ ബാധിക്കുമ്പോള്‍- ഇഷാന്‍ തരൂര്‍ എഴുതുന്നു
മോദിയും ഒബാമയും ചരിത്രം കുറിക്കുമോ?

തിരുവിതാംകൂറും ഹൈദരാബാദും മറ്റും ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട 1940 കളിലെ മുന്നേറ്റങ്ങള്‍ മാഞ്ഞുപോയിരിക്കാം. സ്വാതന്ത്ര്യത്തിന് ശേഷം കാശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉയര്‍ന്നു വന്ന പുതിയ വിഭജന വാദങ്ങള്‍ കെട്ടടങ്ങലിന്റെ വക്കിലുമായിരിക്കാം. ഇന്ത്യ പോലെ നാനാത്വമുള്ള രാജ്യത്തിന്റെ ഏകത്വത്തിന് വെല്ലുവിളിയാവുന്ന സ്വത്വ രാഷ്ട്രീയത്തിന്റെ അന്ത്യമല്ല അതൊന്നും.

സ്വത്വ രാഷ്ട്രീയത്തിന്റെ ശക്തി കുറച്ചു കാണരുത്. സ്വത്വത്തെ കുറിച്ചുള്ള സൂക്ഷ്മബോധത്തോടൊപ്പം അവഗണനയെ കുറിച്ചുള്ള ആശങ്കകളും, ലോകമെമ്പാടും പുതിയ പ്രസ്ഥാനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് മുതല്‍ സ്‌കോട്ടിഷ് സ്വാതന്ത്ര്യ പ്രസ്ഥാനം വരെ, യുഎസിലെ ഫെര്‍ഗൂസണ്‍ പട്ടണത്തിലെ കലാപകാരികള്‍ മുതല്‍ കേരളത്തിലെ ആദിവാസികള്‍ വരെ, ഒരു പുതുരൂപത്തിലുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ ധാരകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ തരംഗത്തില്‍, ഹിതപരിശോധന ആവശ്യപ്പെടുന്ന അവസാന സമൂഹം സ്കോട്ട്ലന്‍റ് ആയിരിയ്ക്കില്ല. മറിച്ച് പല തുടക്കക്കാരില്‍ ആദ്യത്തേതാവാം അവര്‍. നമ്മുടെ അതിര്‍ത്തികളുടെ സ്ഥിരതയെ കുറിച്ചും ദേശ-രാജ്യങ്ങളുടെ കരുത്തിനെയും സംബന്ധിച്ച പുതിയ ചോദ്യങ്ങള്‍ വരും നാളുകളില്‍ ഉയര്‍ന്നുവരാം എന്ന ആശങ്ക നിലനില്‍ക്കുന്നു. ഈ തരംഗത്തെ ആരൊക്കെ അതിജീവിയ്ക്കും? എത്ര പുതിയ ദേശങ്ങള്‍ പിറവിയെടുക്കും?

ഇപ്പോള്‍ ലോകത്ത് എത്ര രാജ്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന കാര്യത്തില്‍ പോലും അഭിപ്രായ ഐക്യം നിലനില്‍ക്കുന്നില്ല. അപ്പോള്‍ അവര്‍ക്കെങ്ങിനെ ദൃഢമായ അതിര്‍ത്തികള്‍ വരച്ചെടുക്കാനാവും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍