UPDATES

വിദേശം

സ്‌കോട്‌ലണ്ടിനെ ആവേശിച്ച ‘അരക്കിറുക്കന്‍’ നേതാവ്

Avatar

ആഡം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു അരക്കിറുക്കനായ, എന്നാല്‍ നിരുപദ്രവകാരിയായ തീവ്രവാദിയായാണ് അടുത്തകാലംവരെ സ്‌കോട്‌ലണ്ട് ദേശീയവാദി നേതാവ് അലക്‌സ് സാല്‍മണ്ടിനെ കണക്കാക്കിയിരുന്നത്. സ്വതന്ത്ര സ്‌കോട്‌ലണ്ടിനെ കുറിച്ചുള്ള അയാളുടെ സ്വപ്നങ്ങളും സങ്കീര്‍ണ്ണമായ, പലപ്പോഴും പരസ്പരവിരുദ്ധമായ വ്യക്തിത്വത്തിന്റെ ഒരു വലിച്ചുനീട്ടലായെ കണക്കാക്കിയിരുന്നുള്ളൂ. രാജ്ഞിയോട് വിചിത്രമായ ആദരവുള്ള ഒരു സ്‌കോട് ദേശീയവാദിയായിരുന്നു സാല്‍മണ്ട്. സെയിന്റ് ആന്‍ഡ്ര്യൂസ് കോളേജില്‍ തന്റെ പെണ്‍സുഹൃത്തുമായുള്ള ഒരു തര്‍ക്കത്തിന് ശേഷം മാത്രം സ്‌കോടിഷ് ദേശീയ കക്ഷിയില്‍ ചേര്‍ന്നൊരാള്‍. സ്‌കോട്‌ലണ്ട് ശരിക്കും സ്വതന്ത്രമാകും വരെ മുട്ടുപാവാട (സ്‌കോട്‌ലണ്ട് പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രം) ധരിക്കില്ലെന്ന് ശപഥം ചെയ്‌തൊരാള്‍.

ആഗസ്ത് 18ന്റെ സ്വാതന്ത്ര്യ ഹിതപരിശോധന അടുത്തുവരികയും, സാല്‍മണ്ടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതകള്‍ ഒട്ടും ദുര്‍ബ്ബലമല്ലാതിരിക്കുകയും വന്നതോടെ, സാല്‍മണ്ടിന്റെ പ്രതിച്ഛായ ഏറെ മാറാന്‍ തുടങ്ങിയിരിക്കുന്നു. ഉക്രെയിന്‍ പ്രശ്‌നം കത്തിനിന്ന സമയത്ത് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന് അനുകൂലമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് അയാള്‍ നിറയെ പഴി കേട്ടു. ഡെയ്‌ലി ടെലഗ്രാഫ് ‘മുഠാളന്‍’ എന്നാണ് വിളിച്ചത്. ബ്രിട്ടന്റെ യാഥാസ്ഥിതിക മാസിക സിംബാബ്വെ ഏകാധിപതി റോബര്‍ട് മുഗാബെയുമായി അയാളെ താരതമ്യപ്പെടുത്തി.
ഒരു ‘കാലെഡോണിയന്‍ ഹിറ്റ്‌ലര്‍’ എന്ന് ബ്രിട്ടണിലെ ഒരു പ്രസിദ്ധ ചരിത്രകാരന്‍ സാല്‍മണ്ടിനെ വിശേഷിപ്പിച്ചിട്ടു ഏറെ നാളായില്ല.

ബ്രിട്ടണിലെ ഒരു പ്രധാന രാഷ്ട്രീയ നേതാവ് തന്റെ ഫെയ്‌സ്ബുക് പുറത്തില്‍ ‘Alex Salmond is a deluded w***er’ എന്നാണ് എഴുതി വെച്ചത്. മരിച്ചുപോയ വടക്കന്‍ കൊറിയന്‍ ഏകാധിപതി കിംജോങ്ഉന്‍ പോലെയാണ് സാല്‍മണ്ടിനെ ചിത്രീകരിച്ചിരിക്കുന്നതും. സാല്‍മണ്ടിനെപ്പോലെ അഭിപ്രായങ്ങളെ ഇത്രത്തോളം ധ്രുവീകരിക്കുന്ന രാഷ്ട്രീയക്കാര്‍ അധികമില്ല. സ്‌കോട്‌ലണ്ടിന്റെ ആദ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാവുന്നത്ര പിന്തുണയുമുണ്ട്. എന്നാല്‍ അത്രയേറെപ്പേര്‍ എതിര്‍ചേരിയിലുമുണ്ട്. സ്ത്രീകള്‍ക്ക് അയാളോടെന്തോ അത്ര പ്രതിപത്തിയില്ല എന്നതാണു വിചിത്രം. ഇയാളുള്ള കാരണം തങ്ങള്‍ സ്വാതന്ത്ര്യത്തിനെതിരായി വോട്ട് ചെയ്‌തേക്കാം എന്നാണ് ഈയിടെ നടത്തിയ ഒരു അഭിപ്രായ കണക്കെടുപ്പില്‍ പങ്കെടുത്ത പകുതിയിലേറെ സ്ത്രീകളും പറഞ്ഞത്. ‘ധിക്കാരി”അതിമോഹി”സത്യസന്ധതയില്ലാത്തവന്‍’ എന്നൊക്കെയാണ് അവരില്‍ പലരും സാല്‍മണ്ടിനെ വിശേഷിപ്പിച്ചത്.


തീവ്ര നിലപാടുകളെടുക്കുന്ന ഒരാള്‍ ഇത്രയേറെ രാഗദ്വേഷങ്ങള്‍ ജനിപ്പിക്കുക സാധാരണമാണ്. പക്ഷേ അതിലും വലിയൊരു ഘടകം ഇവിടുണ്ട്: സാല്‍മണ്ട് ഒരു തീവ്ര നിലപാട് സ്വീകരിക്കുക മാത്രമല്ല, അയാളതിനെ അസ്സലായി പ്രചരിപ്പിക്കുക കൂടി ചെയ്യുന്നു. സാല്‍മണ്ട് ചേരുന്നതിനും ദശകങ്ങള്‍ക്ക് മുമ്പുതന്നെ സ്‌കോടിഷ് ദേശീയവാദി കക്ഷി (Scottish Nationalist Patry-SNP) നിലവിലുണ്ട്. 1979ലെ പൊതുതെരഞ്ഞെടുപ്പില്‍ കക്ഷി തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്നാണ് ’79 സംഘം’ എന്നറിയപ്പെടുന്ന വിഭാഗത്തിലുള്ള സാല്‍മണ്ടും കൂട്ടരും കൂടുതല്‍ ഇടതുപക്ഷച്ചായയുള്ള പരിപാടി സ്വീകരിക്കാന്‍ എസ് എന്‍ പിയെ നിര്‍ബന്ധിതമാക്കിയത്. വിഭാഗീയതയെ തുടര്‍ന്ന് സാല്‍മണ്ടിനെ എസ് എന്‍ പിയില്‍ നിന്നും പുറത്താക്കിയിരുന്നു. പക്ഷേ വളരെ വേഗം തിരിച്ചെത്തിയ സാല്‍മണ്ട് പാര്‍ലമെന്റിലേക്ക് ജയിക്കുകയും ചെയ്തു. 1990 ആയപ്പോഴേക്കും അതിന്റെ നേതാവായ സാല്‍മണ്ട്, യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് കക്ഷി എന്ന നിലയില്‍ എസ് എന്‍ പിയെ രൂപപ്പെടുത്തി.

ഒരു നേതാവെന്ന നിലയില്‍ വിവാദങ്ങളുടെ കാലമായിരുന്നെങ്കിലും, എസ് എന്‍ പിക്ക് വിജയങ്ങളുടെ സമയം കൂടിയായിരുന്നു അത്. 1999ല്‍ ബ്രിട്ടണിലെ ലേബര്‍ സര്‍ക്കാര്‍ സ്‌കോട്‌ലണ്ടിന് ഗണ്യമായ അധികാരവികേന്ദ്രീകരണത്തിന് സമ്മതിച്ചു; ഒരു സ്‌കോടിഷ് പാര്‍ലമെന്റ് നിലവില്‍ വന്നു. 2000ത്തില്‍ നേതൃസ്ഥാനമൊഴിഞ്ഞ സാല്‍മണ്ട് 2004ല്‍ തിരികെയെത്തി കക്ഷിയെ വീണ്ടും വിജയത്തിലേക്ക് നയിച്ചു. 2007ല്‍ സ്‌കോട്‌ലണ്ടില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാരിനുള്ള സീറ്റുകള്‍ നേടിയ എസ് എന്‍ പി 2011ല്‍ കേവല ഭൂരിപക്ഷം നേടി. യു കെ യിലെ മുന്നണി സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ഹിതപരിശോധനക്കുള്ള 2012ലെ വാഗ്ദാനം അതിന്റെ ഏറ്റവും വലിയ നേട്ടമായി.
സാല്‍മണ്ട് എങ്ങനെയാണത് സാധിച്ചെടുത്തത്? വെറുപ്പിക്കുന്നതിലും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചെടുക്കാനുള്ള വ്യക്തിചാതുര്യം തന്നെ ആദ്യം. ബ്രിട്ടനിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളില്‍ സാല്‍മണ്ട് ഏറെക്കാലം നിറഞ്ഞുനിന്നിരുന്നു. സ്‌കോട്‌ലണ്ട് സ്വാതന്ത്ര്യ ഹിതപരിശോധനക്ക് മുമ്പുള്ള ചര്‍ച്ചകളില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.


പക്ഷേ ഇതുമാത്രമല്ല ഉള്ളത്. കാര്യങ്ങളെക്കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയുണ്ട്. തനിക്കനുകൂലമായ ഒരു ഹിതപരിശോധനക്കായി ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞു. ഇനിയിപ്പോള്‍, ഹിതപരിശോധനയില്‍ സ്വാതന്ത്ര്യവാദികള്‍ പരാജയപ്പെട്ടാല്‍ തന്നെയും, സ്‌കോട്‌ലണ്ടിന് കൂടുതല്‍ രാഷ്ട്രീയാധികാരം കിട്ടും. മാത്രമല്ല വീണ്ടുമൊരു ഹിതപരിശോധനക്ക് ഭാവിയില്‍ സാധ്യതകള്‍ അസ്തമിക്കുന്നുമില്ല. ഫലമെന്തായാലും സ്‌കോട്‌ലണ്ടും സാല്‍മണ്ടും വിജയിച്ച പോലെയാണ്.

എല്ലാംകൊണ്ടും സാല്‍മണ്ട് ഇത്രയധികം വിദ്വേഷത്തിന് പാത്രമാകുന്നത് അയാളുടെ പണിയില്‍ മിടുക്ക് കാണിക്കുന്നത് കൊണ്ടാണ്. ഒരുപക്ഷേ വിദ്വേഷം മാത്രമല്ല അയാള്‍ ജനിപ്പിക്കുന്നത്, ഭയം കൂടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍