UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ് ലിന്‍ ഇനി കത്തില്ല: പിണറായി

അഴിമുഖം പ്രതിനിധി

ആര്‍ എസ് എസ് ആണ് ഇന്നേറ്റവും വലിയ വര്‍ഗീയ ശക്തിയെന്നും എന്നാല്‍ ആര്‍ എസ് എസിന്റെ മറുപതിപ്പായാണ് മുസ്ലിം ജന വിഭാഗത്തില്‍ എസ് ഡി പി ഐയെപ്പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷ-അഴിമതി വിമുക്ത-വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി പിണറായി നയിക്കുന്ന നവകേരള യാത്രയ്ക്ക് മുന്നോടിയായി കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി ആര്‍ എസ് എസിനും എസ് ഡി പി ഐയ്ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. ആര്‍ എസ് എസിനെപ്പോലെ തന്നെ എസ് ഡി പി ഐയേും എതിര്‍ക്കേണ്ടതാണ്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിനെ പോലുള്ള പാര്‍ട്ടികള്‍ക്ക് പ്രത്യേക ചുമതലയുണ്ട്. എസ് ഡി പി ഐയും മറ്റും ഉയര്‍ത്തുന്ന വര്‍ഗീയ നിലപാടുകളെ എതിര്‍ക്കാന്‍ ലീഗ് തയ്യാറായി. അതിന്റെ പശ്ചാത്തലത്തിലാണ് ലീഗ് സമുദായത്തിലെ വര്‍ഗീയതെ എതിര്‍ക്കുന്നതില്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നുവെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാവ് ലിന്‍ കേസിന്റെ കാലം കഴിഞ്ഞുവെന്നും ഇനിയത് ആര് വിചാരിച്ചാലും കത്തിക്കാന്‍ കഴിയില്ലെന്നും ചീറ്റിപ്പോയ കാര്യമാണെന്നും പിണറായി പറഞ്ഞു. എന്നാല്‍ ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് കേസിനെ നേരിടുന്ന കാര്യത്തില്‍ പിണറായി സ്വീകരിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നാണ് കോടിയേരി പറഞ്ഞിരുന്നത്. എന്നാല്‍ കേസിനെ രാഷ്ട്രീയമായി നേരിടാനൊന്നുമില്ല. ജനങ്ങള്‍ അതിനെ അങ്ങനെ കാണുന്നുമില്ലെന്ന് നിലപാടാണ് പിണറായി സ്വീകരിച്ചത്.

അതേസമയം തന്നെ ലക്ഷ്യമിടുന്നതിനൊപ്പം സ്വന്തം പാര്‍ട്ടിയിലെ ആരെയോ ലക്ഷ്യം വയ്ക്കാനാണ് ലാവ് ലിന്‍ കേസിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പിണറായി ഇന്ന് രാവിലെ കാസര്‍കോഡ് പറഞ്ഞു.

മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നതിന് എതിരെയുള്ള ആര്‍ എസ് എസിന്റെ അസഹിഷ്ണുതയാണ് ന്യൂനപക്ഷ പ്രീണനം എന്ന ആര്‍ എസ് എസിന്റെ പദപ്രയോഗത്തിലൂടെ വരുന്നതെന്ന് പിണറായി പറഞ്ഞു.

നവകേരള യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ യുഡിഎഫില്‍ ശൈഥില്യം ഉണ്ടാകുമെന്ന് പിണറായി ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. എല്‍ഡിഫുമായി സഹകരിക്കാന്‍ രാഷ്ട്രീയമായി തീരുമാനം എടുക്കുന്ന കക്ഷികളെ മുന്നണിയുമായി സഹകരിപ്പിക്കും എന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

സിപിഐഎമ്മിനെ വരുന്ന തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന വിവാദത്തിന് പ്രസക്തിയില്ലെന്നും വി എസ് പാര്‍ട്ടിയുടെ സമുന്നത നേതാവാണെന്നും പിണറായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍