UPDATES

കടല്‍മണല്‍ കൊള്ളയ്ക്ക് പച്ചക്കൊടി; മുമ്പെതിര്‍ത്തവര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല

ബഹറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൗണ്‍ മാരിടൈം കമ്പനിയുടെ കടല്‍ മണല്‍ ഖനന പദ്ധതി പൊടിതട്ടിയെടുത്തത് പിണറായിയുടെ ബഹറിന്‍ യാത്രയിലോ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമായിരുന്നു പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം. ഭരണമേറ്റെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ അതിരപ്പിള്ളി പദ്ധതിയിലടക്കം ആ വാഗ്ദാനം വ്യതിചലിക്കുന്നത് കേരള ജനത കണ്ടു. അതിനിടെയാണ് കടല്‍ മണല്‍ ഖനനമെന്ന വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടു പോവുകയാണ്. ജനാധിപത്യപരമായ സംവാദങ്ങളോ സമവായങ്ങളോ ഇല്ലാതെ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതി ചോദ്യംചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇടതുമന്ത്രിസഭയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനകത്തു പോലുമുണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കാതെ കടല്‍ മണല്‍ ഖനനം എന്ന പരിസ്ഥിതിയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന പദ്ധതിയുമായി മുന്നോട്ട് പോവാനാണു പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

2003ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിച്ച കടല്‍മണല്‍ ഖനന പദ്ധതിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സര്‍ക്കാരാണ് ഇപ്പോള്‍ ഈ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതെന്നതാണ് വിരോധാഭാസം. രണ്ടാഴ്ച മുമ്പ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് കടല്‍മണല്‍ ഖനനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും നടപ്പ് സാമ്പത്തിക വര്‍ഷം കടല്‍മണല്‍ ഖനനം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. ബഹറിന്‍ കേന്ദ്രമായ കമ്പനിയാണ് മണല്‍ ഖനനത്തിന് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഖനനത്തിന് അനുകൂല തീരുമാനം ഉണ്ടായതെന്നത് ദുരൂഹതയുണര്‍ത്തുന്നുണ്ട്.

1990കളുടെ അവസാനത്തിലാണ് ബഹറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൗണ്‍ മാരിടൈം കമ്പനി കേരളത്തിലെ കടല്‍ത്തീരങ്ങള്‍ ലക്ഷ്യമാക്കിയെത്തുന്നത്. മാവേലിക്കര സ്വദേശിയായ വിദേശ മലയാളി സുജാതന്‍ എന്ന വ്യക്തിയായിരുന്നു കമ്പനിയുടെ വക്താവായി കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. 2003 ജനവരി 18,19 തീയതികളില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ മേള (ജിം)ന്റെ മുഖ്യ പ്രചാരകര്‍ ഈ കമ്പനിയായിരുന്നു. ജിമ്മിന്റെ പ്രചരാണര്‍ഥം എറണാകുളം നഗരത്തില്‍ സ്ഥാപിച്ചിരുന്ന പ്രധാനപ്പെട്ട ഹോര്‍ഡിങ്ങുകളും ബോര്‍ഡുകളും ക്രൗണ്‍ മാരിറ്റൈം കമ്പനിയുടേതായിരുന്നു. കരയില്‍ അല്ലെങ്കില്‍ കടലില്‍ നിന്ന് കേരളത്തിന്റെ വികസനത്തിന് മണ്ണ് വേണം എന്ന മുദ്രാവാക്യമാണ് അന്ന് ഈ കമ്പനി ജിമ്മില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ജിം അവസാനിക്കുന്നതിന് മുമ്പ് തന്നെ അന്ന് കേരളം ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ക്രൗണ്‍ മാരിടൈം കമ്പിനിയുമായി കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ ചര്‍ച്ച വച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ കടല്‍മണല്‍ ഖനനത്തിന് അനുമതി നല്‍കുന്ന കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചു. എന്നാല്‍ സിപിഎം അടക്കമുള്ള എല്‍ഡിഎഫിലെ കക്ഷികളും മത്സ്യത്തൊഴിലാളി സംഘടനകളും പദ്ധതിയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളുമായി രംഗത്തെത്തി.

ജിമ്മിന്റെ മുഖ്യ സ്‌പോണ്‍സറായിരുന്നു അന്ന് ക്രൗണ്‍ മാരിടൈം കമ്പനി. അന്ന് കടല്‍മണല്‍ ഖനനത്തിനെതിരെ എല്‍ഡിഎഫും മത്സ്യത്തൊഴിലാളി സംഘടനകളും വലിയ കാമ്പയിന്‍ ആരംഭിച്ചു. എന്നാല്‍ ഈ കമ്പനിയുമായി കടല്‍മണല്‍ ഖനനത്തിന് യാതൊരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ അന്നു പറഞ്ഞത്. കെഎസ്‌ഐഡിസിയുടെ അന്നത്തെ ചെയര്‍മാനാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന രഹസ്യ യോഗത്തില്‍ കേരള സര്‍ക്കാരും ക്രൗണ്‍ മാരിടൈമും കടല്‍ മണല്‍ ഖനനത്തിനുള്ള കരാര്‍ ഒപ്പുവച്ചു. എന്നാല്‍ ഇക്കാര്യം പുറത്തുവന്നതോടെ പ്രതിഷേധവുമായി എല്‍ഡിഎഫും മത്സ്യത്തൊഴിലാളി സംഘടനകളും രംഗത്തെത്തി. എറണാകുളം ടൗണ്‍ഹാളില്‍ മത്സ്യത്തൊഴിലാളികളുടെ സംഘടനകളെല്ലാം ചേര്‍ന്ന് കണ്‍വന്‍ഷന്‍ നടത്തുകയും വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തു. ഭാരതപ്പുഴയിലേയും പെരിയാറിലേയും മണലെടുപ്പ്, കടല്‍മണല്‍ ഖനനം എന്നിവയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വലിയ കാമ്പയിന്‍ തന്നെ നടന്നു. പെരിയാറിന്റെ സംരക്ഷണത്തിന് വേണ്ടി മൂന്ന് ദിവസം നീണ്ട് നിന്ന പെരിയാര്‍ സംഗമം ആലുവ മണപ്പുറത്ത് നടന്നു. പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതോടെ നിക്ഷേപമേള വെറും ധൂര്‍ത്ത് മാത്രമായി മാറി. സര്‍ക്കാരും വന്‍കിട കമ്പനികളും ലക്ഷ്യമിട്ടിരുന്ന പദ്ധതികളില്‍ പലതും നടപ്പായില്ല. അതോടെ മണല്‍ എന്ന അമൂല്യ നിധിയെ സംരക്ഷിക്കാനായി വിവിധങ്ങളായ കാമ്പയിനുകള്‍ അന്നു മുതല്‍ ആരംഭിക്കുകയും ചെയ്തു. ഈ കാമ്പയിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി രൂപീകരിച്ചു. അന്ന് മന്ത്രിയായിരുന്ന കെ.വി.തോമസ് ആലോചനായോഗം വിളിച്ചു ചേര്‍ത്തു. എല്ലാവരും ഒറ്റക്കെട്ടായി പദ്ധതിയെ എതിര്‍ത്തു. അതോടെ കടല്‍മണല്‍ ഖനനം നടത്താനാവില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചു. അന്ന് കേരളത്തിലെ ഫിഷറീസ് സെക്രട്ടറിയായിരുന്ന കെ.കെ വിജയകുമാര്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ഇക്കാര്യത്തില്‍ തുറന്ന നിലപാട് സ്വീകരിച്ചതും ഗുണകരമായി. കടല്‍മണല്‍ ഖനനത്തിനുള്ള സാധ്യതാ പഠനം പോലും വേണ്ടെന്ന നിലപാട് കെ.വി തോമസ് സ്വീകരിച്ചതോടെ ആ പദ്ധതി നിലച്ചു. എന്നാല്‍ കടല്‍മണല്‍ ഖനനാനുമതി ലഭിക്കുന്നതിനായുള്ള ശ്രമം കമ്പനി പ്രത്യക്ഷത്തിലും പരോക്ഷവുമായി തുടര്‍ന്നുകൊണ്ടേയിരുന്നു.‘ മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജിന്റെ വാക്കുകള്‍.

കേരളത്തില്‍ മണല്‍ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍ കടല്‍മണല്‍ ഖനനത്തിന്റെ പ്രസക്തിയെന്തെന്ന് ചോദ്യവും അക്കാലത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ കടല്‍മണല്‍ ഖനനം നടത്താനൊരുങ്ങുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. മണല്‍ പേരിന് പോലും കിട്ടാനില്ല. പാറപൊട്ടിച്ചെടുത്ത എംസാന്‍ഡും, അന്യ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും കടല്‍മാര്‍ഗം കൊച്ചിയിലെത്തിക്കുന്ന മണലുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഡാമുകളില്‍ നിന്നുള്ള മണ്ണും ചെളിയും കോരി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ആലോചന വന്നിരുന്നു. മണല്‍ നിര്‍മാണ ആവശ്യങ്ങള്‍ക്കും ചെളി മണ്‍, ഓട്ടുപാത്ര നിര്‍മ്മാണത്തിനുമുപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും ആ ശ്രമം വിജയിച്ചില്ല. ഇപ്പോള്‍ മണല്‍ ലഭിക്കാനുള്ള മറ്റൊരു മാര്‍ഗമായി സര്‍ക്കാര്‍ കാണുന്നതാണ് കടല്‍മണല്‍ ഖനനം.

പുറം രാജ്യങ്ങളില്‍ പലയിടത്തും വര്‍ഷങ്ങളായി കടല്‍മണല്‍ ഖനനം നടക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഇത് വ്യാപകമായിരുന്നു. എന്നാല്‍ 90കളുടെ അവസാനത്തോടെ ഈ പ്രവൃത്തിയില്‍ നിന്നും പല രാജ്യങ്ങളും പിന്‍മാറിയതായി കാണാം. യൂറോപ്യന്‍ രാജ്യങ്ങളിലെ കടല്‍ അതിന്റെ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. രണ്ടോ മൂന്നോ ഇനം മത്സ്യങ്ങള്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ കടല്‍ത്തീരങ്ങളിലുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍പോലും കടലിന്റെ സ്വാഭാവിക പ്രകൃതിയെ നശിപ്പിക്കുന്ന മണലെടുപ്പിനെതിരെ ആ രാജ്യങ്ങളില്‍ വലിയ പ്രതിഷേധങ്ങളുയര്‍ന്നു. പല രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. രണ്ടായിരത്തിന്റെ ആരംഭത്തില്‍ ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയിലും നോര്‍വയിലെ ഓര്‍ലന്‍ഡിലും നടന്ന രണ്ട് സാര്‍വദേശീയ സമ്മേളനങ്ങളില്‍ കടലില്‍ നിക്ഷേപിതമായ മണല്‍ വെറും മണലല്ല എന്നും അതിന്റെ ഖനനം പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുമെന്ന നിരീക്ഷണം ആ സമ്മേളനങ്ങളില്‍ ഉയര്‍ന്നു വന്നു. ഇതിനെതിരെ കര്‍ക്കശമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്ന് രണ്ട് സമ്മേളനങ്ങളും ആഹ്വാനം ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ന്യൂസിലന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍ കടല്‍ മണലെടുപ്പിന്റെ ഫലമായി പക്കിരി ബീച്ച് അപ്രത്യക്ഷമായി. ഇതിനെതിരെ അവിടെ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും മണലെടുപ്പിന് നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. പസഫിക് കടലിടുക്കിലെ ദ്വീപ് സമൂഹങ്ങളില്‍ പ്രധാന വരുമാന സ്രോതസ്സ് ടൂറിസമായിരുന്നു. ആ രാജ്യങ്ങളിലെല്ലാം മണലെടുപ്പുമൂലം കടല്‍ത്തീരമിടിഞ്ഞു പോയി. ടൂറിസം മേഖല തകര്‍ന്നതോടെ സോളമന്‍ ഐലന്‍ഡ്, സിയറ ലിയോണ്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ വന്നു. അമേരിക്കയില്‍ ന്യൂജേഴ്‌സിയില്‍ മണ്ണെടുപ്പ് വ്യാപകമായിരുന്നെങ്കിലും അവിടെയും അത് നിര്‍ത്തിവച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ കടലില്‍ നിന്നുള്ള മണ്ണെടുപ്പ് കൂടുതലുണ്ടായിരുന്നത് ഇന്തോനേഷ്യയിലാണ്. സിംഗപ്പൂരിന്റെ വികസനത്തിനായാണ് ഇവിടുത്തെ മണ്ണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതും നിരോധിക്കപ്പെട്ടു. ഇതെല്ലാമാണ് കടലിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് ലോകത്തുണ്ടായിട്ടുള്ള അനുഭവങ്ങള്‍.

എന്നാല്‍ ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ് കേരളത്തിലെ കടല്‍ത്തീരങ്ങള്‍. കേരളത്തിന്റെ കടല്‍ കേരളത്തിലെ വനം പോലെ തന്നെയാണ്. കേരളത്തിന്റെയത്രയും ജനിതക വൈവിധ്യമുള്ള കടല്‍ത്തീരങ്ങള്‍ ലോകത്ത് തന്നെ കുറവാണ്. കേരളത്തിനോട് സമാനമായ കടല്‍ത്തീരങ്ങളുള്ളത് ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യയില്‍ നിലവില്‍ ട്രോളിങ് പോലും നിരോധിച്ചിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ ജനിതക കലവറയായ കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മണലെടുപ്പ് നടത്താനൊരുങ്ങുന്നത് എന്നിടത്താണ് ഇത് എതിര്‍ക്കപ്പെടേണ്ടതിന്റെ ആവശ്യകത. 571 ഇനം മത്സ്യ ഇനങ്ങളാണ് കേരളത്തിന്റെ കടല്‍ത്തീരത്ത് കാണപ്പെടുന്നത്. ഇത്രയും മത്സ്യ ഇനങ്ങള്‍ കാണപ്പെടുന്ന കടല്‍ത്തീരങ്ങള്‍ ലോകത്ത് തന്നെ വിരളമാണ്. ഈ മത്സ്യങ്ങള്‍, കടലിന്റെ അടിത്തട്ടിലുള്ള പ്ലവകങ്ങള്‍, കടല്‍പായലുകള്‍, പുഴുക്കള്‍ എന്നിങ്ങനെ പരസ്പര ബന്ധിതമായ ആവാസ വ്യവസ്ഥയാണിവിടെയുള്ളത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് കടലിലെ ജീവികളുടെ ഭക്ഷ്യശൃംഖലയും രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം മത്സ്യം ലഭിക്കുന്ന സംസ്ഥാനം കേരളമായിരുന്നു. ഇന്നത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. 2012ല്‍ 8.5 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. ഇപ്പോളത് 4.5 ലക്ഷം ടണ്‍ ആയി കുറഞ്ഞു. പ്രധാനമായി ലഭിച്ചിരുന്ന മത്തിയുടെ ലഭ്യത ഇരുപതില്‍ ഒന്നായി ചുരുങ്ങി. കാലാവസ്ഥ വ്യതിയാനം, എല്‍നിനോ പ്രതിഭാസം, ആഗോള താപനം, കടലിലെ അപ് വെല്ലിങ് എന്ന പ്രക്രിയയിലുണ്ടായിരിക്കുന്ന മാറ്റം ഇതെല്ലാം കടലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് വെല്ലുവിളിയുയര്‍ത്തിയിരിക്കുമ്പോഴാണ് മണല്‍ ഖനനത്തിനായി കടല്‍ത്തീരങ്ങളെ തീറെഴുതി നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

‘കടല്‍മണല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണെമെങ്കില്‍ ഉപ്പിന്റെ അംശം കളയാനായി അത് ശുദ്ധജലത്തില്‍ പലതവണ കഴുകി വൃത്തിയാക്കേണ്ടി വരും. ഇതിനുള്ള ശുദ്ധജലം എവിടെ നിന്ന് ലഭിക്കുമെന്നതാണ് ആദ്യത്തെ ചോദ്യം. കടല്‍ മണല്‍ എടുക്കുന്നത് വഴി കേരളത്തിന്റെ 672 തീരങ്ങളില്‍ അത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയതിന് ശേഷമേ ഇത്തരത്തിലൊരു പദ്ധതിയെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാവൂ. ഈ തീരങ്ങളില്‍ തന്നെ മണ്ണ് സമൃദ്ധമായുള്ളത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്. പക്ഷെ ഏറ്റവും കൂടുതല്‍ കടലാക്രമണത്തിന് ഇരയാവുന്നതും ഈ തീരങ്ങള്‍ തന്നെയാണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതില്‍ പലതും തിരിച്ച് കരവയ്പ് നടക്കാത്ത തീരങ്ങളാണ്. കടല്‍മണലെടുക്കുമ്പോള്‍ തീരം തന്നെയില്ലാതായേക്കും. സ്വകാര്യവ്യക്തികളെ ഖനനം ഏല്‍പ്പിക്കുമ്പോള്‍ അവര്‍ പരമാവധി ചൂഷണം ചെയ്യുമെന്ന മുന്‍ധാരണ സര്‍ക്കാരിനുണ്ടാവണം. കഴിഞ്ഞ സര്‍ക്കാര്‍ കരിമണല്‍ ഖനനത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാനായി കമ്മിഷനെ നിയമിച്ചിരുന്നു. ഈ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത് കേരളത്തിന്റെ തീരങ്ങള്‍ വളരെ ദുര്‍ബല അവസ്ഥയുള്ളതാണെന്നും അതിലുള്ള ഏത് തരത്തിലുള്ള ഇടപെടലുകളും പാരിസ്ഥിതികമായ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നാണ്. ഒരു കാരണവശാലും യന്ത്രവത്കൃത ഖനനം തീരങ്ങളില്‍ അനുവദിക്കാന്‍ പാടില്ലെന്നാണ് കരിമണല്‍ഖനനത്തെക്കുറിച്ചുള്ള ആ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖനനത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നെങ്കില്‍ അത് മണല്‍ കൊയ്ത്ത് (സാന്‍ഡ് ഹാര്‍വസ്റ്റ്) മാത്രമായിരിക്കണമെന്നുമാണ് അതില്‍ പറയുന്നത്. അതായത് അടിഞ്ഞുകൂടുന്ന മണ്ണ് തടുത്ത് വാരുകയല്ലാതെ മറ്റൊരു ഖനനവും നടത്താന്‍ പാടില്ലെന്നും പറയുന്നു. അത്രയും ഗൗരവകരമായ പ്രശ്‌നത്തില്‍ ഒരു പഠനവുമില്ലാതെ എങ്ങനെയാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുക. ലോകത്ത് കേരള തീരത്ത് മാത്രമാണ് ചാകര എന്ന പ്രതിഭാസം ഉണ്ടാവുന്നത്. ഇപ്പോള്‍ തന്നെ പല തീരങ്ങളിലും ഈ പ്രതിഭാസം അപ്രത്യക്ഷമായിക്കഴിഞ്ഞു.‘ പരിസ്ഥിതി പ്രവര്‍ത്തകനായ കൃഷ്ണകുമാര്‍ പ്രതികരിച്ചു.

Also Read: ജസീറ ഇവിടെയുണ്ട്; നാട് ഭരിക്കുന്ന ആണത്തം തീര്‍ത്ത ഊരുവിലക്കിനകത്ത്

മുമ്പ് ഇടതുപക്ഷ പ്രസ്ഥാനവും മത്സ്യത്തൊഴിലാളി സംഘടനകളും ചേര്‍ന്ന് എതിര്‍ത്ത് പരാജയപ്പെടുത്തിയ നടപടിയാണ് കടല്‍മണല്‍ ഖനനം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി പരിസ്ഥിതി സൗഹൃദ വികസനം എന്ന ആശയമാണ് പ്രകടന പത്രികയിലൂടെ മുന്നോട്ട് വച്ചത്. അങ്ങനെയിരിക്കെ മുന്നണിയുടെ പ്രകടന പത്രികയിലില്ലാത്ത കാര്യം, ഇടതുപക്ഷ മുന്നണിയ്ക്കകത്തു തന്നെ ഒരു സമവായത്തിലെത്താതെ, മത്സ്യത്തൊഴിലാളി സംഘടനകളുമായി ധാരണയിലെത്താതെ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കേരളത്തില്‍ 51 തീരദേശ മണ്ഡലങ്ങളില്‍ 38ലും എല്‍.ഡി.എഫ്. എം.എല്‍.എ.മാരാണ്. ഇവരുമായി പോലും കൂടിയാലോചിക്കാതെ, ജനാധിപത്യപരമായി നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ക്കകത്ത് ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് പ്രധാനമായി ഉയര്‍ന്നുവരുന്ന ആക്ഷേപം. രണ്ടാഴ്ച മുമ്പ് ഗവര്‍ണറുടെ പ്രഖ്യാപനത്തിലൂടെയാണ് പദ്ധതിയെക്കുറിച്ചുള്ള വിവരം പുറത്ത് വരുന്നത്.

കേരളത്തില്‍ വര്‍ഷാവര്‍ഷം രണ്ട് സെന്റിമീറ്റര്‍ വീതം കടല്‍ കയറുന്നതായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഈയടുത്ത് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. തീരം കുറയുന്നതും കടല്‍ കയറുന്നതും ഗൗരവകരമായ വിഷയമാണെന്നും അത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് സര്‍ക്കാര്‍ കടല്‍മണല്‍ ഖനനത്തിനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെ നയപ്രഖ്യാപനം വന്നിട്ട് ആഴ്ചകളായെങ്കിലും 2003ല്‍ സമരരംഗത്തുണ്ടായിരുന്ന ശാസ്ത്രസാഹിത്യപരിഷത്തും മറ്റ് പരിസ്ഥിതി സംഘടനകളും ഇതിനെതിരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍