UPDATES

കടല്‍ മണല്‍ ഖനനം കേരളത്തിന് വേണ്ടെന്ന് കേന്ദ്ര ഏജന്‍സി; കത്ത് സര്‍ക്കാരിന് കൈമാറി

കടലിന്റെ ജൈവസമ്പത്ത് നശിപ്പിക്കുന്ന ഈ പദ്ധതിയെ കുറിച്ച് സാധ്യതാ പഠനം പോലും നടത്തേണ്ടത്തില്ലെന്ന ആവശ്യം ശക്തം

കടല്‍ മണല്‍ ഖനനം കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമാവില്ലെന്ന്  സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് സെന്റര്‍ (സിഎംഎഫ്ആര്‍ഐ). കടല്‍ മണല്‍ ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണ്. എന്നാല്‍ മണല്‍ ഖനനം നടത്തിയിരുന്ന ലോക രാജ്യങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ പദ്ധതി നടപ്പാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്ത് സിഎംഎഫ്ആര്‍ഐ സര്‍ക്കാരിന് കൈമാറി. സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സിയായ സിഎംഎഫ്ആര്‍ഐ ഇതേവരെ കടല്‍ മണല്‍ ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചിട്ടില്ല. ട്രോളിങ് കടലിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് മാത്രമാണ് വിശദമായ പഠനം നടത്തിയിട്ടുള്ളത്. എന്നാല്‍ ട്രോളിങ് പോലും കടലിലെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയും ജീവജാലങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇത് മുന്നില്‍ കണ്ടുകൊണ്ട് ട്രോളിങ്ങിനേക്കാള്‍ ദോഷകരമായി ബാധിക്കുന്ന കടല്‍മണല്‍ ഖനനത്തിന് സിഎംഎഫ്ആര്‍ഐക്ക് അനുകൂല പ്രതികരണം നല്‍കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ലെ കണക്കനുസരിച്ച് 537 ഇനം മത്സ്യങ്ങളാണ് കേരള തീരത്ത് കണ്ടുവരുന്നത്. കടല്‍ മണല്‍ ഖനനം പോലുള്ള പ്രവൃത്തികള്‍ മത്സ്യങ്ങളുള്‍പ്പെടെയുള്ള കടലിലെ ജൈവസമ്പത്ത് നശിപ്പിക്കുമെന്നും ഫിഷറീസ് മന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഫിബ്രവരി 27ന് ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ നിര്‍മ്മാണങ്ങള്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ മണലിന്റെ ആവശ്യകത നിറവേറ്റുന്നതിനായി ആഴക്കടല്‍ മണല്‍ ഖനനം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഹൈബി ഈഡന്‍ എംഎല്‍എ നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചു. ഒരിക്കല്‍ സാധ്യതാപഠനങ്ങള്‍ പോലും വേണ്ടെന്നു വച്ചിടത്തു നിന്ന് കടല്‍മണല്‍ ഖനനത്തിനുള്ള സാധ്യകളെക്കുറിച്ച് പഠിക്കാന്‍ വിവിധ സാമുദ്രികപഠന കേന്ദ്രങ്ങളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുകയാണ്.

‘കേരളത്തിലെ വികസനത്തിന്റെ പേരിലാണ് കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. കേരളത്തിലെ 10.5 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ഉപജീവനത്തെ ബാധിക്കുന്ന വലിയ വിഷയമായി ഇതിനെ കാണേണ്ടതുണ്ട്. മത്സ്യ മേഖലയുടേയും കേരള തീരത്തിന്റേയും ബീച്ചുകളുടേയും ജൈവ സവിശേഷമായ തകര്‍ച്ചയ്ക്ക് ഇതുവഴി തുടക്കം കുറിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.

1998ല്‍ ക്രൗണ്‍ മാരിടൈം എന്ന ബഹറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് കുറേ നാളുകളായി കേരളത്തിന്റെ ബീച്ചുകളും കടലും വട്ടമിട്ട് പറന്നുകൊണ്ട് ഇതിന് നേതൃത്വം കൊടുക്കുന്നത്. പല സന്ദര്‍ഭങ്ങളിലും ഇതിന്റെ സാധ്യതാ പഠനം പോലും നിര്‍ത്തിവച്ചതാണ്. ഗ്ലോബല്‍ ഇന്‍വസ്‌റ്റേഴ്‌സ് മീറ്റിന്റെ ഭാഗമായി യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തു തന്നെ വന്ന ഈ പ്രൊപ്പോസലിന് വലിയ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. പല വികസ്വര രാജ്യങ്ങളിലും മണല്‍ ഖനനം നടത്തിയ ഫിന്‍ലന്‍ഡ്, നോര്‍വേ പോലുള്ള രാജ്യങ്ങളെല്ലാം തന്നെ ഇന്ന് ഇതില്‍ നിന്ന് പിന്‍മാറിയിരിക്കുന്നു. പാരിസ്ഥിതികമായി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോകുന്ന, നമ്മുടെ ബയോഡൈവേഴ്‌സിറ്റിയെ വലിയ രീതിയില്‍ ബാധിക്കാന്‍ പോകുന്ന ഈ പദ്ധതി എല്‍ഡിഎഫിന്റെ തന്നെ പാരിസ്ഥിതികമായുള്ള വികസന പ്രഖ്യാപിത നയത്തില്‍ നിന്നുള്ള ഒരു വ്യതിചലനമാണ്. അതുകൊണ്ട് ഈ പദ്ധതിയില്‍ നിന്ന് ഗവണ്‍മെന്റ് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നു’ ഇതായിരുന്നു നിയമസഭയില്‍ ഹൈബി ഈഡന്‍ ഉന്നയിച്ച കാര്യം.

ഇതിന് മറുപടിയായി വിശദമായ പഠനങ്ങള്‍ നടത്തിയതിന് ശേഷമേ കടല്‍ മണല്‍ ഖനനം നടപ്പാക്കൂ എന്ന് വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ഉറപ്പു നല്‍കി. മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു; ‘ കേരളത്തില്‍ നിര്‍മ്മാണ മേഖലയിലുണ്ടായ കുതിച്ചു ചാട്ടം മണലിന്റെ ആവശ്യകത വളരെയധികം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേ കാരണം കൊണ്ടുതന്നെ അനിയന്ത്രിതമായി നദികളില്‍ നിന്നും മറ്റുമുള്ള മണല്‍ വാരല്‍ ഉണ്ടാക്കിയ പ്രത്യാഘാതം നമുക്കറിയാം. കേരളത്തില്‍ നിര്‍മ്മാണ മേഖലയില്‍ ലക്ഷക്കണക്കിനാളുകള്‍ പണിയെടുക്കുന്നുണ്ട്. നമ്മുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നം കൂടിയാണ്. നിര്‍മ്മാണ മേഖലയില്‍ മണലിന്റെ ലഭ്യതക്കുറവ് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കേന്ദ്രസ്ഥാപനമായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ സര്‍വെ വിഭാഗമാണ് കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സമുദ്രത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന മണല്‍ നിക്ഷേപം ലഭ്യമണോ എന്നതിനെ സംബന്ധിച്ച് പഠനം നടത്തിയത്. ഇത്തരത്തില്‍ കേരള തീരത്ത് നടത്തിയ സര്‍വെയുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ അതിനെപ്പറ്റി ആലോചിച്ചത്. ആഴക്കടല്‍ മണല്‍ ഖനനം പൊതുവെ മത്സ്യമേഖല, മത്സ്യസമ്പത്തിനെ എങ്ങനെ ബാധിക്കുമെന്നും പ്രത്യേകിച്ച് ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും കടല്‍ത്തട്ടിന്റെ ആകൃതിയില്‍ വരുന്ന മാറ്റം വേവ് ട്രാന്‍സ്‌ഫോര്‍മേഷനെ എങ്ങനെ ബാധിക്കുന്നുവെന്നും തുടങ്ങിയ വസ്തുതകളെ സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ട്. കേന്ദ്രസ്ഥാപനങ്ങളായ ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയ ശേഷം മാത്രമേ ഇതിന്റെ തുടര്‍നടപടികളുണ്ടാവൂ. മത്സ്യത്തൊഴിവാളികളേയും വിശ്വാസത്തിലെടുത്തതിന് ശേഷമേ സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കൂ’

Also Read: കടല്‍മണല്‍ കൊള്ളയ്ക്ക് പച്ചക്കൊടി; മുമ്പെതിര്‍ത്തവര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല

ഇതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ഇക്കാര്യത്തിലുള്ള സിഎംഎഫ്ആര്‍ഐയുടെ അഭിപ്രായം ആരാഞ്ഞിരുന്നു. അതിന് നല്‍കിയ മറുപടിയിലാണ് നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് സിഎംഎഫ്ആര്‍ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

2003ല്‍ കേരളം ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ബഹറിന്‍ ആസ്ഥാനമായ ക്രൗണ്‍ മാരിടൈം കമ്പിനിക്ക് കേരളതീരത്ത് കടല്‍മണല്‍ ഖനനത്തിന് അനുമതി നല്‍കിക്കൊണ്ട് കരാറില്‍ ഒപ്പു വച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫും മത്സ്യത്തൊഴിലാളി സംഘടനകളും സമരങ്ങളും പ്രക്ഷോഭങ്ങളുമായി മുന്നിട്ടിറങ്ങി ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കേരളത്തിലെ കടല്‍ത്തീരങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ഈ പദ്ധതിയുടെ ആലോചനകള്‍ വരുമ്പോള്‍ പ്രതിസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള ഈ നീക്കത്തിനെതിരെ പലഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. 2003ല്‍ കടല്‍മണല്‍ ഖനനത്തിനുള്ള സാധ്യതാ പഠനങ്ങള്‍ പോലും നിര്‍ത്തിവക്കുന്നതായി അന്ന് മന്ത്രിയായിരുന്ന കെവി തോമസ് പ്രഖ്യാപിച്ചിരുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍