UPDATES

സിനിമ

ഷോണ്‍ പെന്‍, ‘എല്‍ ചാപോ’ അഭിമുഖം; ഹോളിവുഡിന്‍റെ അധോലോക കാമന (തിരിച്ചും)

Avatar

ആന്‍ ഹൊര്‍നാഡേ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ ദിവസം പിടിയിലായ മെക്സിക്കോയിലെ മയക്കുമരുന്നു രാജാവു ജോക്വിന്‍ ‘എല്‍ ചാപോ’ ഗുസ്മാനുമായ് ഹോളിവുഡ് നടന്‍ ഷോണ്‍ പെന്‍ നടത്തിയ കൂടിക്കാഴ്ച്ചയെ ഭൌമ-രാഷ്ട്രീയ കുരുക്കുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അയാളുടെ ത്വരയാണെന്ന് പറയാന്‍ എളുപ്പമാണ്. പക്ഷേ ഹോളിവുഡും സംഘടിത കുറ്റകൃത്യങ്ങളുടെ ലോകവും തമ്മിലുള്ള നാഭീനാളബന്ധത്തിന്റെ പാരമ്പര്യത്തുടര്‍ച്ചയാണ് ഈ സംഭവവും.

ഫ്രെഡ് അസ്റ്റെയരും ജിഞ്ചര്‍ റോജെഴ്സും പോലെ (“അയാള്‍ അവള്‍ക്ക് സമൃദ്ധിയും ആഢ്യത്വവും നല്‍കി, അവളയാള്‍ക്ക് രതിയും”) സംഘടിത കുറ്റകൃത്യലോകവും ഹോളിവുഡും പരസ്പരം ആവശ്യമുള്ളത് നല്‍കിക്കൊണ്ടിരുന്നു. അത് ഒരുവശത്ത് മൂലധനവും, ശക്തിയും അപകടത്തിന്റെ ഭ്രമിപ്പിക്കുന്ന ആകര്‍ഷണവുമാണ്. അല്ലെങ്കില്‍ മറുവശത്ത് സ്വീകാര്യതയും, താരപ്രഭയോടും വെള്ളിവെളിച്ചത്തോടും ചേര്‍ന്നുനില്‍ക്കാനുള്ള ത്വരയുമാണ്.

ഹോളിവുഡിലെ മേല്‍കൈ നേടാന്‍ ലക്കി ലൂസിയാനോയും അല്‍ കാപോണും പോരടിച്ച നാളുകള്‍ മുതല്‍, ‘The Godfather’-ല്‍ മൈക്കല്‍ കോര്‍ലിയോണിന്റെ വേഷം അഭിനയിക്കാന്‍ അല്‍ പാച്ചിനോയെ തെരഞ്ഞെടുക്കാന്‍ MGM-ല്‍ സമ്മര്‍ദം ചെലുത്താന്‍ അഭിഭാഷകനും ദല്ലാളുമായ സിഡ്നി കോര്‍ഷക് ചരടുവലിച്ച നാളുകള്‍ മുതല്‍ ഒരു പട്ടുകയ്യുറയിലെ പിച്ചളപ്പിടിയുള്ള കൈ പോലെ വിനോദവ്യവസായവും അധോലോകവും ഒത്തുപോകുന്നത് കാണാം. തൊഴിലാളി സംഘടനകളെ നിയന്ത്രിച്ചിരുന്ന ‘ചിക്കാഗോ സംഘം’ (Chicago Outfit- ഒരു ഇറ്റാലിയന്‍-അമേരിക്കന്‍ കുറ്റകൃത്യ ശൃംഖല) നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ ചിത്രീകരണ സംഘത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനായി ലോസ് ആഞ്ചലസിലെത്തിയ 1920-കളോളം ഈ ബന്ധത്തിന് പഴക്കമുണ്ട്. തന്റെ ‘Supermob’ എന്ന പുസ്തകത്തില്‍ കോര്‍ഷാകിനെ കുറിച്ചെഴുതിയ ഗാസ് റസ്സോ പറഞ്ഞത് ഏറെക്കാലം ഹോളിവുഡ് ഒരു ‘കുറ്റവാളി നഗരം’ ആയിരുന്നു എന്നാണ്. മിക്കവാറും 1980-കള്‍ വരെ.

“ശക്തമായ തൊഴില്‍ശേഷി വെച്ചുകൊണ്ട് നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയോ ഇടനിലക്കാരാവുകയോ ചെയ്തത് ചിക്കാഗോ സംഘമാണ്,” റസ്സോ പറഞ്ഞു. വിശ്വസനീയമായ രീതിയില്‍ പ്രചരിച്ച ഒരു ഹോളിവുഡ് കഥയനുസരിച്ച് ജില്‍ സെയിന്‍റ് ജോണിന് ‘Diamonds Are Forever’ ചിത്രത്തില്‍ ബോണ്ട് നായികയായി വേഷം ലഭിച്ചതു ഒരു കുറ്റത്തിനുപോലും ശിക്ഷിക്കപ്പെടാത്തവണ്ണം പിടിപാടുണ്ടായിരുന്ന കൊര്‍ഷാകുമായി അവര്‍ക്കുണ്ടായിരുന്ന സൌഹൃദത്തിന്റെ പേരിലായിരുന്നു.

“കോര്‍ഷാകില്‍ നിന്നോ ടീംസ്ടെഴ്സില്‍ നിന്നോ ഉള്ള സമ്മതം കാര്യങ്ങളുടെ നടത്തിപ്പിനെ മാറ്റിയിരുന്നു എന്നുതന്നെ പറയാം,” നിര്‍മ്മാതാവ് റോബര്‍ട് ഇവാന്‍സ് തന്റെ ‘The Kid Stays in the Picture” എന്ന പുസ്തകത്തിലെഴുതി. “കോര്‍ഷാകിന്റെ ഒരു വാക്ക്  സാന്റ അനിറ്റയിലെ  കാര്യങ്ങള്‍ അവസാനിപ്പിക്കുന്നു, വെഗാസ് അടച്ചു പൂട്ടുന്നു, ഡോഡ്ജേഴ്സ് അര്‍ദ്ധരാത്രിയില്‍ ബേസ്ബോള്‍ കളിക്കുന്നു.”

ഒരുപക്ഷേ അധോലോകവും ഹോളിവുഡും പരസ്പരം കൈമാറിയ ഏറ്റവും മൂല്യമുള്ള വസ്തുക്കള്‍ കഥകളാണ്. കുറ്റവാളികളുടെയും കുറ്റവാളി സംഘങ്ങളുടെയും കഥകള്‍ ഹോളിവുഡിന് എന്നും ആകര്‍ഷണമായിരുന്നു. ആ കഥകളുടെ ഏറ്റവും വലിയ ആരാധകര്‍ അതിനു പ്രേരകമായ കുറ്റവാളികളുമായിരുന്നു. “Godfather” രചയിതാവ് മരിയോ പൂസോ 1997-ല്‍ വാനിറ്റി ഫെയറിന്റെ നിക് ടോശാസിനോട് പറഞ്ഞു, “ ഗോഡ്ഫാദര്‍ എന്ന വാക്ക് ഒരു മാഫിയ അര്‍ത്ഥത്തിലല്ല ഒരിയ്ക്കലും ഉപയോഗിച്ചിരുന്നത്. പക്ഷേ ആ പുസ്തകത്തിനും ചലച്ചിത്രത്തിനും ശേഷം അവര്‍ സ്വയം ഗോഡ്ഫാദര്‍ എന്നു വിളിക്കാന്‍ തുടങ്ങി. ഒരു സ്വപ്നകഥപോലെ.”

പെന്‍-ഗുസ്മാന്‍ കഥയില്‍ അത് ഭ്രമാത്മകതയിലേക്കെത്തി. വില്ലന്‍മാരും നായകന്മാരും സ്വന്തം കഥ നിശ്ചയിക്കുന്ന മാധ്യമാഖ്യാനങ്ങളിലേക്കെത്തിയിരിക്കുന്നു. കാപോണിന്റെ മുന്‍സഹായികളായിരുന്ന രണ്ടുപേരെഴുതിയ (പ്രസിദ്ധീകരിക്കാത്ത) ഒരു നോവലില്‍ നിന്നും  “The Public Enemy” എടുത്ത 1931-കളിലും നിക്കോളാസ് പിലെഗിയുടെ എഴുത്തില്‍നിന്നും പ്രചോദനംകൈക്കൊണ്ട് “Goodfellows” എടുത്ത കാലവുമൊക്കെ ട്വിറ്ററിന്റെയും പൌര മാധ്യമപ്രവര്‍ത്തനത്തിന്റെയും, പ്രതിച്ഛായ സ്വയം നിര്‍മ്മിക്കുന്നതിന്റെയും ഇക്കാലത്ത് ചിരിച്ചുതള്ളും.

ഏതാണ്ടൊരു ആരാധികകൂടിയായിരുന്ന കേയ്റ്റ് ഡെല്‍ കാസ്റ്റിലോ എന്ന നടി വഴി തന്റെ സ്വന്തം കഥ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പറയാന്‍ ശ്രമം നടത്തിയ ഗുസ്മാന്‍ ചെയ്തതും ഇതാണ്. നിയമസംവിധാനവും മാധ്യമ പരിശോധനയുമെല്ലാം ഒഴിവാക്കി താനുദ്ദേശിക്കുന്ന രീതിയില്‍ തന്റെ കഥ ഒരു ആരാധകനായ   ഇടനിലക്കാരന്‍ വഴി പുറത്തെത്തിക്കുക.

ഇക്കാര്യത്തില്‍, തന്റെ ജീവിതം സിനിമയാക്കി അതില്‍ തന്റെ വേഷം അഭിനയിക്കാന്‍ ഡി ഡബ്ലു ഗ്രിഫിത്തിനോടാവശ്യപ്പെട്ട മെക്സിക്കന്‍ വിപ്ലവനായകന്‍ പാഞ്ചോ വില്ലയാണ് മഹാനായി അവതരിക്കാനുള്ള ജീവചരിത്ര സിനിമയ്ക്ക്  ഗുസ്മാന് മാതൃകയായിരിക്കുക (The Life of General Villa,” ഗ്രിഫിത് സംവിധാനം ചെയ്തില്ല. വില്ല തന്നെ സ്വന്തം വേഷം ചെയ്തു) അല്ലെങ്കില്‍ കുപ്രസിദ്ധരായ മയക്കുമരുന്ന് കള്ളക്കടത്തുകാരെയും കൊലപാതകികളെയും ജനപ്രിയനായകരാക്കുന്ന മെക്സിക്കന്‍ നാടന്‍പാട്ടുകളുടെ ചലച്ചിത്രാവിഷ്കരണം പോലെയൊന്നായിരിക്കും അയാള്‍ ആഗ്രഹിച്ചത്.  

ഏതുതരത്തിലായാലും, നിറപ്പകിട്ടുള്ള ഒരു പ്രതിനായകാണെ ഹോളിവുഡ് രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്നു ഗുസ്മാന് ഉറപ്പുണ്ടായിരുന്നു. പ്രത്യേകിച്ചും നിയമത്തിന് തൊടാനാകാത്ത വിധത്തില്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയ ഒരാളെ. അല്‍ പാച്ചിനോ അഭിനയിച്ച് ഒരു ഐതിഹ്യത്തിന്റെ തലത്തിലേക്കെത്തിയ 1983-ലെ “Scarface” പോലൊന്നായിരിക്കണം അയാളുടെ മനസില്‍. ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ “Escobar: Paradise Lost,” പോലെയുള്ള ഒന്നല്ല എന്നുമുറപ്പ്.

ഗുസ്മാന്‍റെ ആഗ്രഹങ്ങള്‍ക്ക് എരിവ് പകര്‍ന്നുകൊണ്ടു ഡെല്‍ കാസ്റ്റിലോ “La Reina del Sur” എന്നൊരു സോപ് ഓപ്പറയില്‍ ഒരു സ്പാനിഷ് മയക്കുമരുന്ന് സംഘത്തിന്റെ മേധാവിയായി അഭിനയിക്കുകയും ചെയ്തു. ഈ നാടകത്തില്‍ പെന്നിന്റെ പങ്ക് എന്താണെന്ന് ഇപ്പൊഴും നിശ്ചയമായിട്ടില്ല. ഒന്നുകില്‍ ഗുസ്മാന്റെ തിരക്കഥയില്‍ ഉപയോഗിക്കപ്പെട്ട ഒരു മണ്ടന്‍; അല്ലെങ്കില്‍ ഒട്ടും സാധ്യതയില്ലെങ്കിലും, നിയമത്തിന് മുന്നില്‍ അയാളെ കൊണ്ടുവരാന്‍ നിര്‍ണായക കക്ഷി.

എന്തായാലും ഗുസ്മാനുമായി ബന്ധപ്പെടാന്‍ പെന്‍ കടന്നുചെന്ന ലോകത്തിന്റെ വഴികള്‍ അയാളുടെ പ്രതിച്ഛായക്ക് ഒട്ടും ഗുണമല്ല ചെയ്യുക. സീന്‍ പെന്നിനൊപ്പം റോളിങ് സ്റ്റോണ്‍ മാസികയും ഇക്കാര്യത്തില്‍ സംശയത്തിന്റെ നിഴലിലാണ്. പെന്‍ നല്കിയ 11,000 വാക്കുകളുള്ള അഭിമുഖം ഒരുവാക്ക് പോലും മാറ്റാതെ പ്രസിദ്ധീകരിക്കാന്‍ സമ്മതിക്കുക മാത്രമല്ല അച്ചടിക്കും മുമ്പ് ഗുസ്മാന്റെ സമ്മതത്തിനായി നല്‍കുകകൂടി മാസിക ചെയ്തു.

സംഭവത്തിലെ വസ്തുതകള്‍ സമയമെടുത്താലും പുറത്തുവരും- സിനിമാ താരങ്ങളല്ല, മാധ്യമപ്രവര്‍ത്തകര്‍ വഴി. അതിനിടയില്‍ കുറ്റകൃത്യങ്ങളുടെയും വിനോദവ്യവസായത്തിന്റെയും ലോകങ്ങളെ തലമുറകളോളം കൂട്ടിപ്പിടിച്ച് നിര്‍ത്തിയ, ആത്മവഞ്ചനയുടെ സംസ്കാരം പുറത്തുവരുമായിരിക്കും.

എന്തായാലും ഈ സംഭവം ഇതുവരെയും ഒരു ദുരന്തത്തെക്കാളേറെ ഒരു മുന്നറിയിപ്പായാണ് വന്നത്. എന്തായാലും ഹോളിവുഡില്‍ ഒരു നിര്‍മ്മാതാവ് തിരക്കുപ്പിടിച്ച് അതിന്റെ നിര്‍മ്മാണാവകാശം കൈക്കലാക്കാന്‍ തുടങ്ങിയിരിക്കും എന്നുറപ്പ്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍