ടീം അഴിമുഖം
ഇന്ത്യന്‍ സൈന്യം യാഥാര്‍ത്ഥ്യത്തോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്.
കരയേക്കാള്‍ അത്യധികം സങ്കീര്‍ണമാണ് സമുദ്രം, അതില്‍ നടത്തുന്ന തിരച്ചിലിലൂടെ സങ്കല്‍പ്പാതീതമായ രീതിയില്‍ നമ്മുടെ മാനുഷിക ശേഷി പരീക്ഷിക്കപ്പെടുകയാണ്.
ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ അന്‍റോണോവ്-32നു വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസം പിന്നിടുമ്പോഴും തെക്കേ ഇന്ത്യക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കും ഇടയില്‍ അപ്രത്യക്ഷമായ വിമാനം കണ്ടുപിടിക്കാന്‍ സൈന്യം ബുദ്ധിമുട്ടുകയാണ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വെള്ളിയാഴ്ച രാവിലെ 29 പേരുമായി കാണാതായ അന്‍റോണോവ്-32നു വേണ്ടിയുള്ള തിരച്ചില്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കമുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് പ്രതികൂലമായ കാലാവസ്ഥയിലും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈയില്‍ നിന്നും 151 നോട്ടിക്കല്‍ മൈല്‍ അകലെ അന്‍റോണോവ്-32മായി അവസാനം റഡാര്‍ ബന്ധം ഉണ്ടായ സ്ഥലത്തിന് 200 മുതല്‍ 400 നോട്ടിക്കല്‍ മൈല്‍ വരെ ചുറ്റളവില്‍ തകര്‍ന്നു വീഴാന്‍ സാധ്യത ഉള്ള മേഖല ആയി കണ്ട് തിരച്ചില്‍ നടത്തുകയാണ്. ഒരു നോട്ടിക്കല്‍ മൈല്‍ 1.8 കിലോമീറ്റര്‍ ആയിട്ട് കണക്കാക്കാം.
ഇതുവരെ എടുത്തുപറയേണ്ട മുന്നേറ്റങ്ങള്‍ ഒന്നുമില്ലെന്നും വരും ദിവസങ്ങളിലും ഇതേ അവസ്ഥ തന്നെയാണെങ്കില്‍ തിരച്ചില്‍ നടത്തുന്ന മേഖലയുടെ പരിധി കൂട്ടുമെന്നും ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ താംബരം വ്യോമതാവളത്തില്‍ നിന്നും പോര്‍ട്ട് ബ്ലെയറിലേക്ക് പോയ അന്‍റോണോവ്-32നായുള്ള തിരച്ചില്‍ നടത്താന്‍ 19 യുദ്ധക്കപ്പലുകളും 17 വിമാനങ്ങളും ഒരു അന്തര്‍വാഹിനിയും ആണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
സമുദ്രത്തിന്റെ വെല്ലുവിളികള്‍
കാണാതായ വിമാനത്തിനുള്ള തിരച്ചിലില്‍ ഇന്ത്യന്‍ സൈന്യം കടുത്ത വെല്ലുവിളികള്‍ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച ചെന്നൈയില്‍ എത്തിയ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, എയർഫോഴ്സ് ചീഫ് മാർഷൽ അരൂപ് രാഹാ എന്നിവരോട് പ്രതികൂലമായ കാലാവസ്ഥയിലും 3500ഓളം മീറ്റര്‍ ആഴത്തിലും തിരച്ചില്‍ നടത്തുന്നതിന്റെ വെല്ലുവിളികളെ പറ്റി വിശദീകരിച്ചിട്ടുണ്ട് എന്ന് ഒരു സര്‍ക്കാര്‍ കുറിപ്പ് പറയുന്നു. കൂടുതല്‍ കപ്പലുകളും അന്തര്‍വാഹിനികളും ഉപയോഗിച്ചുള്ള ഊര്‍ജിതമായ അടുത്ത ഘട്ടം തിരച്ചിലിന്റെ കാര്യവും പരീക്കറെ അറിയിച്ചിട്ടുണ്ട്.
2014 മാര്‍ച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ കാണാതായ എം.എച്ച്.370ന്‍റെതിനു സമാനമായി കടലിലെ തിരച്ചില്‍ ശ്രമങ്ങള്‍ എല്ലാം നിഷ്ഫലം ആവാനുള്ള സാധ്യതയും ഉണ്ട്. വെള്ളത്തിന്റെ ഉപ്പുരസവും ഊഷ്മാവും മൂലം സൂചനകള്‍ക്ക് വേണ്ടി തിരയുന്ന സെന്‍സറുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതും തിരച്ചിലിന്‍റെ കാഠിന്യം കൂട്ടുന്നു.
പ്രക്ഷുബ്ധമായ കടലും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വിലങ്ങുതടി ആവുകയാണ്. ശനിയാഴ്ച ഇന്ത്യന്‍ വ്യോമസേനയും നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുമ്പോഴും കാലാവസ്ഥ മോശമായിരുന്നു എന്നാണ് അധികൃതര്‍ അറിയിച്ചത്.
ഏറ്റവും വേഗതയേറിയ യുദ്ധവിമാനങ്ങള്‍ക്ക് 50 മണിക്കൂര്‍ കൊണ്ട് ലോകം മുഴുവന്‍ ഒരു തവണ ചുറ്റാം എന്നിരിക്കെ ഏറ്റവും വേഗതയേറിയ കപ്പലിന് ഇതേ കാര്യം ചെയ്യാന്‍ സമയം വളരെ കൂടുതല്‍ ആവശ്യമാണ്.
ഈ കണക്കുകള്‍ എല്ലാം പറയും; ഭൂമിയുടെ 70 ശതമാനത്തില്‍ ഏറെയും വെള്ളം ആണ്.