UPDATES

രണ്ടാം മാറാട് കലാപ കേസ് സിബിഐയ്ക്ക് വിട്ടു

അഴിമുഖം പ്രതിനിധി

രണ്ടാം മാറാട് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയ്ക്ക് വിട്ടു. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. കോഴിക്കോട് സ്വദേശി കൊളക്കാട് മൂസ ഹാജി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേിക്കും.

2003ല്‍ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചില്ല. പിന്നീട് 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും അന്നത്തെ യുപിഎ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. മാറാട് കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹരജി 2009 ഫെബ്രുവരി 10-ന് കേരള ഹൈക്കോടതി തള്ളി. കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആറു തവണ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.

2002ലെ വര്‍ഗീയ കലാപത്തില്‍ 3 ഹിന്ദുക്കളും 2 മുസ്ലീങ്ങളുമാണ് കൊല്ലപ്പെട്ടത്. ഇതിന്‌റെ തുടര്‍ച്ചയായി 2003ലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടത് എട്ട്് ഹിന്ദുക്കളായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ സമീപത്തുള്ള ഒരു മുസ്ലീം പള്ളിയില്‍ നിന്ന് ആക്രമണത്തിന് ഉപയോഗിച്ചവയെന്നു കരുതപ്പെടുന്ന ആയുധങ്ങളും, ബോംബുകളും മറ്റും കണ്ടെടുത്തു.

കലാപത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന എ.കെ. ആന്റണി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് തോമസ് പി ജോസഫിന്‌റെ കമ്മീഷനാണ് കേസ് അന്വേഷിച്ചത്. മുസ്ലീം ലീഗിനും പോപ്പുലര്‍ ഫ്രണ്ടിനും (എന്‍ഡിഎഫ്) എതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. കലാപത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. 2001ല്‍ മാറാടിലെ മീന്‍ പിടുത്തക്കാര്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് 2012ല്‍ കൊളക്കാടന്‍ മൂസ ഹാജി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേരള പൊലീസ് ഐജി വിശദമായി അന്വേഷിച്ച കേസായതിനാല്‍ വീണ്ടും അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. പിന്നീട് നിലപാട് മാറ്റിയ സിബിഐ, അന്വേഷണം ഏറ്റെടുക്കാന്‍ തയ്യറാണെന്ന് കോടതിയെ അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍