UPDATES

വിദേശം

അമേരിക്കന്‍ പൌര എന്ന നിലയില്‍ കിംഗ് ജോംഗ് യുനിന്‍റെ അമ്മായിയുടെ രഹസ്യ ജീവിതം

Avatar

അന്ന ഫിഫീല്‍ഡ്
(വാഷിംഗ്ടണ്‍ ന്യൂസ്)

നേക്കഡ് കൌബോയിയെയും എല്‍മൊസും ഒക്കെ കടന്ന് ടൈംസ് സ്ക്വയറിലൂടെ അവര്‍ നടന്നു പോകുന്നത് കണ്ടാല്‍ അമേരിക്കന്‍ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ആഗ്രഹിക്കുന്ന ഏതോ ഒരു പ്രവാസി എന്നേ തോന്നൂ.

അറുപതുകാരിയായ, പാരമ്പര്യവേഷങ്ങള്‍ ധരിച്ച ആ കൊറിയന്‍ സ്ത്രീ ഭര്‍ത്താവിനൊപ്പം നടത്തുന്ന ഡ്രൈക്ലീനിംഗ് സ്ഥാപനത്തില്‍ ഷര്‍ട്ടുകള്‍ തേയ്ക്കുകയും പാന്റുകള്‍ തയ്ക്കുകയും ചെയ്യുന്നതില്‍ നിന്ന് ഒരു വാരാന്ത്യ അവധി എടുത്തതാണ്.

എന്നാല്‍ അവര്‍ വെറും ഒരു പ്രവാസിയല്ല. ഹൈഡ്രജന്‍ ബോംബിട്ട് ന്യൂയോര്‍ക്ക് തകര്‍ക്കും എന്ന് ഭീഷണിപ്പെടുത്തിയ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് യുനിന്റെ അമ്മായിയാണ് അവര്‍.

ഉത്തര കൊറിയയില്‍ നിന്നു ഒളിച്ചോടി സി ഐ എ യുടെ തണലില്‍ വന്നു ചേര്‍ന്നതിന് ശേഷം പതിനെട്ടുകൊല്ലമായി അമേരിക്കയില്‍ ഭര്‍ത്താവും മൂന്നു കുട്ടികളുമൊത്ത് രഹസ്യജീവിതം നയിക്കുകയാണിവര്‍. 

“എന്റെ ഇവിടെയുള്ള സുഹൃത്തുക്കള്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് പറയും, എനിക്ക് എല്ലാമുണ്ടെന്നു പറയും.” കോ യോംഗ് സുക്ക് എന്നാണ് ഉത്തര കൊറിയയുടെ രാജകുടുംബത്തിലെ അംഗമായിരുന്നപ്പോള്‍ അവരുടെ പേര്. “എന്റെ കുട്ടികള്‍ നല്ല സ്കൂളുകളില്‍ പോയി, അവര്‍ ജീവിതവിജയം നേടി, എന്റെ ഭര്‍ത്താവിനു എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനറിയാം.”

റി ഗാംഗ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന അവരുടെ ഭര്‍ത്താവ് ചിരിച്ചുകൊണ്ട് പറയുന്നു. “ഞങ്ങള്‍ അമേരിക്കന്‍ സ്വപ്നം സ്വന്തമാക്കിയെന്നു പറയാം.”

ഇങ്ങനെയാണ് ഉത്തര കൊറിയയുടെ തലപ്പത്ത് നിന്നും മധ്യവര്‍ഗ അമേരിക്കയിലേയ്ക്ക് ഒരു കുടുംബം യാത്ര ചെയ്തത്.

അമേരിക്കയിലെ അവരുടെ നിശബ്ദത അവസാനിപ്പിച്ച കോയും റിയും ഇരുപത് മണിക്കൂര്‍ രണ്ടു വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ റിപ്പോര്‍ട്ടര്‍മാരോട് സംസാരിച്ചശേഷം അവരുടെ വീട്ടിലേയ്ക്ക് തിരികെപ്പോയി. അവരുടെ അജ്ഞാതവാസത്തില്‍ നിന്ന് പുറത്തുവരുന്നതിനെപ്പറ്റി അവര്‍ക്ക് സങ്കോചമുണ്ടായിരുന്നു. ഉത്തര കൊറിയയെ സംശയത്തോടെ നിരീക്ഷിച്ചു മാത്രം ജീവിക്കുന്ന അമേരിക്കക്കാരുള്ള ഈ രാജ്യത്തില്‍ പക്ഷെ ആര്‍ക്കും തന്നെ അവര്‍ ഇവിടെ ഉണ്ടായിരുന്നു എന്നറിയില്ല.

അമേരിക്കയില്‍ അവര്‍ ഉപയോഗിക്കുന്ന പേരുകള്‍ പ്രസിദ്ധീകരിക്കരുത് എന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അവര്‍ താമസിക്കുന്നത് എവിടെയെന്നു വെളിപ്പെടുത്തരുതെന്നും. പ്രധാനമായും മുതിര്‍ന്ന, സാധാരണജീവിതം നയിക്കുന്ന അവരുടെ മക്കളെ സംരക്ഷിക്കാനാണിത്.

ഉത്തര കൊറിയയുടെ മൂന്നാം തലമുറ നേതാവ് കിം ജോംഗ് യുനിന്റെ അമ്മ കോ യോംഗ് ഹുയിയുമായി അസാധ്യ രൂപസാദൃശ്യമാണ് അവരുടെ സഹോദരി കോയ്ക്ക് ഉള്ളത്. അമേരിക്കയുടെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അയാളുമായി ഇവര്‍ക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്: കിം ജോംഗ് യുന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സ്കൂളില്‍ പഠിക്കുമ്പോള്‍ അയാളെ പരിപാലിച്ചത് ഇവരാണ്.

എന്നാല്‍ തൊണ്ണൂറ്റിയെട്ടില്‍ കിം ജോംഗ് യുനിന് പതിനാലും സഹോദരന്‍ കിം ജോംഗ് ചോലിന് പതിനേഴ്‌ വയസും പ്രായമായിരുന്നപ്പോള്‍ കോയും റിയും പിന്‍വാങ്ങാന്‍ തീരുമാനിച്ചു. കോയുടെ സഹോദരിയും രാജകുടുംബത്തോട് അവര്‍ക്കുള്ള കണ്ണിയുമായ കിം ജോങ്ങിന്റെ അമ്മ സ്തനാര്‍ബുദം ബാധിച്ചു അവശയായിരുന്നു. അവര്‍ രണ്ടായിരത്തിനാലിലാണ് മരിച്ചത്. കുട്ടികള്‍ മുതിരുകയും ചെയ്തിരുന്നു. രാജകുടുംബത്തിന് ഇനി തങ്ങളെ ആവശ്യമുണ്ടാകില്ല എന്നും തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോ എന്നും കരുതി അവര്‍ നാടുവിട്ടു.

എഴുപതു വര്ഷം നോര്‍ത്ത് കൊറിയ ഭരിച്ചവരാണ് കിം കുടുംബം. പേടിയുടെയും ഭീഷണിയുടെയും ബലത്തിലാണ് അവര്‍ ഭരിച്ചത്. ഈ സംവിധാനത്തില്‍ നിന്ന് ഗുണം നേടുന്നത് രാജകുടുംബവും തൊഴിലാളി പാര്‍ട്ടിയിലെ പ്രമുഖരുമാണ്. ഭരണം തകര്‍ന്നാല്‍ ഏറ്റവുമധികം നഷ്ടം സംഭവിക്കുന്നതും ഇവര്‍ക്ക് തന്നെ.

എന്നാല്‍ ഈ ദമ്പതികള്‍ നാടുവിട്ടുപോയപ്പോള്‍ എല്ലാ ഉത്തര കൊറിയക്കാരെയും പോലെ സൌത്ത് കൊറിയയിലേയ്ക്കല്ല, മറിച്ച് അമേരിക്കയിലേയ്ക്കാണ് അവര്‍ പോയത്.

അവര്‍ സാധാരണയില്‍ കൂടുതല്‍ സമയം അവരുടെ ഡ്രൈ ക്ലീനിംഗ് സ്റ്റോറില്‍ ജോലി ചെയ്തു. അവരുടെ മൂന്നുമക്കളും വളര്‍ന്നത് ഇവിടെയാണ്. അവര്‍ നല്ല കോളേജുകളില്‍ പഠിച്ചു. നല്ല ജോലി നേടി.

രണ്ടു നിലകളും രണ്ടു കാറുകളും ഉള്ള ഒരു വലിയ വീടാണ് അവരുടേത്. സ്വീകരണമുറിയില്‍ വലിയ ടിവി, വീടിനു പിന്നില്‍ ഗ്രില്‍. അവര്‍ ലാസ് വെഗാസില്‍ അവധിക്കാലം ആഘോഷിക്കും. രണ്ടുവര്‍ഷം മുന്‍പ് അവര്‍ സൌത്ത് കൊറിയയില്‍ പോയി. കോ ടിവി സീരിയലുകളില്‍ കാണുന്ന കൊട്ടാരങ്ങള്‍ സന്ദര്‍ശിച്ചു.

അവര്‍ ഒരു സാധാരണകുടുംബമാണ് എന്ന് തോന്നും.

എന്നാല്‍ ശ്രദ്ധിച്ചുനോക്കുക. അവരുടെ മൂത്തമകന്‍ സ്കീയിംഗ് ചെയ്യുന്ന ചിത്രം? അത് കിം കുടുംബത്തിന് വേനല്‍ക്കാല വസതിയുള്ള വോണ്‍സാനിലാണ്. ഫോട്ടോ ആല്‍ബത്തിലെ പെണ്‍കുട്ടിയോ? അത് കിം യോ ജോംഗ് ആണ്, ജോ ഉനിന്റെ ഇളയസഹോദരി. അവരാണ് തൊഴിലാളി പാര്‍ട്ടിയുടെ പ്രൊപ്പഗാന്‍ഡ ഡിവിഷന്‍ നടത്തുന്നത്.

വീടോ? അത് അമേരിക്കയില്‍ എത്തിയപ്പോള്‍ സിഐഎ അവര്‍ക്ക് നല്‍കിയ രണ്ടു ലക്ഷം ഡോളര്‍ ഒരുമിച്ചുനല്‍കി വാങ്ങിയതാണ്.

കിം ജോംഗ് യുനിനെ കോയും റിയും ഇരുപത് വര്‍ഷത്തോളമായി കണ്ടിട്ടില്ല, അവര്‍ ഔദ്യോഗികപദവികള്‍ ഒന്നും കൈകാര്യം ചെയ്തിട്ടില്ല. എന്നാല്‍ ഈ ദമ്പതികള്‍ വിലയേറിയ വിവരങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഒരു നിധിയാണ്.

ഉദാഹരണത്തിന് ആളുകള്‍ പൊതുവേ വിശ്വസിക്കുന്നത് പോലെ കിം ജോംഗ് യുന്‍ ജനിച്ചത് എണ്‍പത്തിരണ്ടിലോ എണ്‍പത്തിമൂന്നിലോ അല്ല. എണ്‍പത്തിനാലിലാണ് എന്ന് അവര്‍ സ്ഥിരീകരിക്കുന്നു. എങ്ങനെയാണ് അവര്‍ക്കത് ഉറപ്പിച്ചുപറയാനാവുക? അവരുടെ മൂത്തമകന്‍ ജനിച്ച അതേ വര്‍ഷമാണിത്. “അവര്‍ രണ്ടുപേരും ചെറുപ്പത്തിലെ കളിക്കൂട്ടുകാരായിരുന്നു. ഞാന്‍ അവരുടെ രണ്ടുപേരുടെയും ഡയപ്പര്‍ മാറ്റിയിട്ടുണ്ട്”, കോ ചിരിച്ചുകൊണ്ട് പറയുന്നു.

ചിലപ്പോഴൊക്കെ സിഐഎയുടെ രഹസ്യ സേന കോയെയും റിയെയും ഉത്തര കൊറിയന്‍ ആളുകളുടെ ചിത്രങ്ങള്‍ കാണിച്ചു ഇതാരാണ് എന്ന് സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടാറുണ്ട്.

കോയും റിയും പറയുന്ന കാര്യങ്ങള്‍ ഉറപ്പിക്കാനോ പ്രതികരിക്കാനോ സിഐഎ വിസമ്മതിച്ചു. ഈ ദമ്പതികളുടെ ജീവിതത്തിലെ കുറെ കാര്യങ്ങള്‍ സ്ഥിരീകരിക്കാം, പക്ഷെ ചില ഭാഗങ്ങള്‍ അപൂര്‍ണ്ണമാണ്.

ഇപ്പോഴും ഉത്തര കൊറിയന്‍ ഭരണത്തോട് അനുഭാവമുള്ളയാളാണ് റി. പ്യോംഗ്യാങ്ങില്‍ പോകാന്‍ അനുമതി ലഭിക്കാന്‍ റി ശ്രമിക്കാറുമുണ്ട്. തങ്ങളുടെ ശക്തനായ ബന്ധുവിനെപ്പറ്റി സംസാരിക്കുമ്പോള്‍ അവര്‍ ശ്രദ്ധാലുക്കളാണ്. “മാര്‍ഷല്‍ കിം ജോംഗ് യുന്‍” എന്നാണു അവര്‍ അയാളെ വിശേഷിപ്പിക്കുക.

അവര്‍ പറയുന്നത് വെച്ച് നോക്കിയാല്‍ ഒരിക്കല്‍ താന്‍ രാജാവാകും എന്ന് കേട്ടുവളര്‍ന്ന ഒരാളുടെ ചിത്രമാണ് മനസ്സില്‍ തെളിയുക.

തൊണ്ണൂറ്റിരണ്ടില്‍ കോ യൂംഗ് സുക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ എത്തിയപ്പോള്‍ കൂടെ മകന്‍ കിം ജോംഗ് ചോലും ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം അയാള്‍ നോര്‍ത്ത് കൊറിയയുടെ നേതാവായി മാറി. കിം ജോംഗ് ഉന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിയത് പന്ത്രണ്ടാം വയസില്‍, തൊണ്ണൂറ്റിയാറിലാണ്.

“ഞങ്ങള്‍ ഒരു സാധാരണവീട്ടില്‍ താമസിച്ചു, സാധാരണകുടുബം പോലെ ജീവിച്ചു. ഞാനാണ്‌ അവരുടെ അമ്മയെപ്പോലെ പെരുമാറിയത്.” ബേണിലെ കാലത്തെപ്പറ്റി കോ പറയുന്നു. “കൂട്ടുകാരെ വീട്ടില്‍ കൊണ്ടുവരാന്‍ ഞാന്‍ അവനെ പ്രോത്സാഹിപ്പിച്ചു. ഞങ്ങള്‍ക്ക് ഒരു സാധാരണജീവിതം നയിക്കണമെന്നുണ്ടായിരുന്നു. ഞാന്‍ കുട്ടികള്‍ക്ക് ഭക്ഷണമുണ്ടാക്കി. അവര്‍ കേക്ക് കഴിച്ചുകൊണ്ട് ലെഗോ കളിച്ചു.”

ഒരു ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉപയോഗിച്ച് റി ഉത്തര കൊറിയയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡിലേയ്ക്ക് സഞ്ചരിച്ചു. പലപ്പോഴും അവരുടെ ഇളയമകളെയും കിം ജോംഗ് യുനിന്റെ ഇളയ സഹോദരിയെയും കൂടെ കൊണ്ടുപോയി.

കുടുംബം വീട്ടില്‍ കൊറിയന്‍ സംസാരിക്കുകയും കൊറിയന്‍ ഭക്ഷണം കഴിക്കുകയും ചെയ്തു. ഒരു പ്രവാസി ജീവിതം ജീവിച്ചു. കോ കിം കുട്ടികളെ ഇപ്പോള്‍ ഡിസ്നി ലാന്‍ഡ് പാരിസ് എന്നറിയപ്പെടുന്ന യൂറോ ഡിസ്നിയിലേക്ക് കൊണ്ടുപോയി. അവരുടെ ഫോട്ടോ ആല്‍ബം നിറയെ സ്വിസ്സ് ആല്‍പ്സ് മലനിരകളില്‍ സ്കീ ചെയ്യുന്നതിന്റെയും ഫ്രഞ്ച് റിവേരയില്‍ നീന്തുന്നതിന്റെയും ഇറ്റലിയിലെ ഫ്രെസ്കോ റസ്റ്റോറന്‍റുകളില്‍ നിന്നു ഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങളാണ്.

കിം ജോംഗ് യുന്‍ ഗെയിമുകളും മെഷീനറിയും ഇഷ്ടപ്പെട്ടു. കപ്പലുകള്‍ പൊന്തിക്കിടക്കുന്നതും വിമാനങ്ങള്‍ പറക്കുന്നതും എങ്ങനെയെന്നു പഠിക്കാന്‍ ശ്രമിച്ചു. പിന്നീട് വ്യക്തമാകുന്ന സ്വഭാവസവിശേഷതകള്‍ അന്നേ അയാള്‍ കാണിച്ചിരുന്നു.

“അവന്‍ ഒരു പ്രശ്നക്കാരനായിരുന്നില്ല, പക്ഷെ ദേഷ്യക്കാരനായിരുന്നു. ക്ഷമ കുറവായിരുന്നു.” കോ ഓര്‍ക്കുന്നു. “പഠിത്തത്തില്‍ ശ്രദ്ധിക്കാതെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവിടുന്നതിനെപ്പറ്റി അമ്മ വഴക്ക് പറഞ്ഞപ്പോള്‍ അവന്‍ മറുത്തൊന്നും പറയില്ല, പക്ഷെ മറ്റു രീതിയിലാണ് പ്രതികരിക്കുക, നിരാഹാരം കിടന്നും മറ്റുമൊക്കെ.”

വേനല്‍ക്കാലത്ത് വീട്ടില്‍ പോയി വോണ്‍സാനില്‍ സമയം ചെലവിടുന്നത് കിമ്മിന് ഇഷ്ടമായിരുന്നു. അവരുടെ കുടുംബത്തിന് അവിടെ കടല്‍ത്തീരത്ത് വലിയൊരു വീടുണ്ടായിരുന്നു. പ്യോംഗ്യാങ്ങിലായിരുന്നു അവരുടെ പ്രധാന വീട്. അവിടെ സിനിമാ തിയേറ്ററും കളിക്കാന്‍ ഇഷ്ടം പോലെ ഇടവും ഉണ്ടായിരുന്നു.

“അവന്‍ ബാസ്ക്കറ്റ്ബോള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നെ അത് ഇഷ്ട വിനോദമായി മാറി”, യുവാവായ കിമ്മിനെ ആന്റി ഓര്‍ക്കുന്നു. മൈക്കല്‍ ജോര്‍ദാന്‍ ഫാനായിരുന്നു കിം. പല തവണ ബാസ്ക്കറ്റ് ബോള്‍ താരം ഡെന്നിസ് റോഡ്‌മാനെ ഉത്തര കൊറിയയില്‍ അതിഥിയായി വിളിച്ചിട്ടുണ്ട് പിന്നീട്. “ബാസ്ക്കറ്റ്ബോള്‍ ചേര്‍ത്തുപിടിച്ചായിരുന്നു കിം ഉറങ്ങിയിരുന്നത്.”

സുഹൃത്തുകളെക്കാള്‍ ഉയരം കുറവായിരുന്ന കിമ്മിനോട് ബാസ്ക്കറ്റ്ബോള്‍ കളിച്ചാല്‍ ഉയരം വയ്ക്കുമെന്ന് അമ്മ പറഞ്ഞിരുന്നുവെന്ന് കോ ഓര്‍ക്കുന്നു.

പിന്നീട് അവരുടെ വീട്ടില്‍ വെച്ച് റി ഇതുവരെ പ്രദര്‍ശിപ്പിക്കാത്ത ഒരു ഫോട്ടോ കാണിച്ചു. ലാമിനേറ്റ് ചെയ്ത് ഒരു കവറിലാക്കി സൂക്ഷിച്ചിരിക്കുന്ന ഫോട്ടോയില്‍ മെലിഞ്ഞ, പതിമൂന്നുകാരന്‍ കിമ്മും മുതിര്‍ന്ന സഹോദരനും പ്യോംഗ്യാങ്ങില്‍ ഒരു ടൂര്‍ണമെന്റ് കഴിഞ്ഞ് ബാസ്ക്കറ്റ്ബോള്‍ യൂണിഫോം ധരിച്ച് നില്‍ക്കുന്നു. റി മുന്‍നിരയില്‍ ഇരിക്കുന്നു, കോ പുറകില്‍ നില്‍ക്കുകയാണ്. കിമ്മിന്റെ കയ്യില്‍ ഒരു സ്വര്‍ണ്ണ ട്രോഫിയുണ്ട്.

ഒക്ടോബര്‍ രണ്ടായിരത്തി പത്ത് വരെ കിം ആണ് അച്ഛന്റെ പിന്മുറക്കാരന്‍ എന്ന് ലോകം അറിഞ്ഞിരുന്നില്ല. അപ്പോഴാണ്‌ പ്യോംഗ്യാങ്ങില്‍ നടന്ന തൊഴിലാളി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ തൊണ്ണൂറ്റിരണ്ടു മുതല്‍ താന്‍ ഉത്തര കൊറിയ ഭരിക്കും എന്ന് കിം അറിഞ്ഞിരുന്നു.

ഉത്തര കൊറിയയിലെ പ്രമുഖന്‍മാര്‍ പങ്കെടുത്ത എട്ടാം പിറന്നാളിലാണ് ഈ വിവരം കിം അറിഞ്ഞതെന്ന് ദമ്പതികള്‍ പറയുന്നു. നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ഒരു പട്ടാള ജനറലിന്റെ യൂണിഫോം അന്ന് കിമ്മിന് ലഭിച്ചു. ശരിക്കുള്ള ജനറല്‍മാര്‍ കിമ്മിന് മുന്നില്‍ വണങ്ങി അവനെ ആദരിച്ചു. അപ്പോള്‍ മുതല്‍ ആ ബഹുമാനം തുടരുന്നു. 

“ചുറ്റുമുള്ളവര്‍ അങ്ങനെ പരിഗണിക്കുമ്പോള്‍ ഒരു സാധാരണക്കാരനായി വളരുക അവനു അസാധ്യമായിരുന്നു”, കോ പറയുന്നു.

ഒരു നര്‍ത്തകിയായിരുന്ന സഹോദരി എഴുപത്തിയഞ്ചില്‍ യുവരാജാവ് കിം ജോങ്ങിന്റെ മൂന്നാം ഭാര്യയായപ്പോള്‍ മുതല്‍ സാധാരണസാഹചര്യങ്ങളില്‍ നിന്ന് കോയുടെ ജീവിതം നോര്‍ത്ത് കൊറിയയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലേയ്ക്ക് ഉയര്‍ന്നു.

“എനിക്ക് എന്റെ സഹോദരിയോട്ദ് നല്ല അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാവുക എളുപ്പമായിരുന്നില്ല, അതുകൊണ്ട് എന്റെ സഹോദരി എന്റെ സഹായം ആവശ്യപ്പെട്ടു. ഞാന്‍ സ്വന്തം രക്തമായത് കൊണ്ട് അവര്‍ക്ക് എന്നെ വിശ്വാസമായിരുന്നു”, കോ പറയുന്നു.

കിം ജോംഗ് രണ്ടാമനാണ് ഭാര്യാ സഹോദരിയെ വിവാഹം ചെയ്യാന്‍ റിയെ തെരഞ്ഞെടുത്തത്. അവരെല്ലാം പ്യോംഗ്യാങ്ങിലെ വീട്ടിലാണ് താമസിച്ചത്. വര്‍ഷങ്ങളോളം കോ സഹോദരിയുടെയും തന്റെയും കുട്ടികളെ വളര്‍ത്തി.

“നല്ല ജീവിതമായിരുന്നു ഞങ്ങളുടേത്”, കോ പറയുന്നു. ന്യൂയോര്‍ക്കില്‍ ഒരു സൂഷി ഭക്ഷണത്തിനിടെ പ്യോംഗ്യാങ്ങില്‍ വെച്ച് കൊഞ്ഞാക്കും സ്പാര്‍ക്ക്ലിംഗ് വാട്ടറും കവിയാറും കഴിച്ചതും കിം ജോംഗ് രണ്ടാമന്റെ മെഴ്സിഡസ് ബെന്‍സില്‍ യാത്ര ചെയ്തതും കോ ഓര്‍ക്കുന്നു.

പിന്നീടാണ് അവരുടെ യൂറോപ്യന്‍ ജീവിതം. എന്നാല്‍ തൊണ്ണൂറ്റിയെട്ടില്‍ സഹോദരിക്ക് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് പോയി.

ഇവിടെ വെച്ചാണ് കോയുടെയും റിയുടെയും കഥകള്‍ അവ്യക്തമാകുന്നത്. റി കിം ജോംഗ് യുനിന്റെ പ്രീതിക്ക് ശ്രമിക്കുന്ന സാഹചര്യത്തില്‍ അവരുടെ ജീവിതം അവ്യക്തമാക്കി ചിത്രീകരിക്കുന്നതാകുമോ?

റിയും കോയും പറയുന്നത് അനുസരിച്ച് യൂറോപ്പിലെ ചികിത്സ ഫലിക്കുന്നുണ്ടായിരുന്നില്ല. കോയുടെ സഹോദരിക്ക് ചികിത്സയ്ക്ക് വേണ്ടി അവര്‍ അമേരിക്കയിലേയ്ക് പോകാന്‍ തീരുമാനിച്ചു. അവരുടെ യാത്രയുടെ ലക്ഷ്യം കിം ജോംഗ് യുനിന്റെ അമ്മയെ രക്ഷിക്കാനായിരുന്നു എന്നാണു അവര്‍ പറയുന്നത്.

എന്നാല്‍ കിം ജോംഗ് യുനിന്റെ മാതാപിതാക്കള്‍ മരിച്ചാല്‍ തങ്ങളുടെ അവസ്ഥ എന്താകും എന്ന് പേടിച്ച് അവര്‍ അമേരിക്കയില്‍ അഭയം തേടിയതാണ് എന്നാണു സൌത്ത് കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. ഇതായിരുന്നു രാജകുടുംബവുമായുള്ള അവരുടെ ബന്ധം, ആ ബന്ധം അറ്റുപോയാല്‍ പിന്നെ എന്തുണ്ടാകും?

“ചരിത്രത്തിലെല്ലാം ശക്തനായ ഒരു നേതാവിന്റെ അടുത്ത ആളുകള്‍ അനാവശ്യമായി പ്രശ്നത്തില്‍ പെടുന്നത് കാണാം. അത്തരം സന്ദര്‍ഭത്തില്‍ പെടാതിരിക്കുന്നതാണ് നല്ലതെന് ഞങ്ങള്‍ക്ക് തോന്നി”, അവര്‍ പറയുന്നു.  

അവര്‍ക്ക് പേടിക്കാന്‍ കാരണവും ഉണ്ടായിരുന്നു എന്ന് നോര്‍ത്ത് കൊറിയ ലീഡര്‍ഷിപ്പ് വാച്ച് വെബ്സൈറ്റ് എഡിറ്റര്‍ മൈക്കല്‍ മാഡന്‍ പറയുന്നു.

“കോ യോംഗ് ഹുയി ഒരു അധികാരമോഹിയായ സ്ത്രീയായിരുന്നു- അവരുടെ മക്കള്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു, അതിനിടെ അവര്‍ ശത്രുക്കളെയും ഉണ്ടാക്കി. നിങ്ങള്‍ അവരുടെ സഹോദരിയും അളിയനും ആണെങ്കില്‍ നിങ്ങള്‍ക്ക് പേടി തോന്നും. നിങ്ങളെ ആര്‍ക്കെങ്കിലുമൊക്കെ എളുപ്പം ഇല്ലാതാക്കാന്‍ കഴിയും”

ഈ അപകടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. കോയുടെയും റിയുടെയും ഒപ്പം പ്യോംഗ്യാങ്ങില്‍ താമസിച്ച അമ്മാവന്‍ ജാംഗ് സോംഗ് തായെക്കിന്റെ കാര്യം നോക്കുക. അദ്ദേഹം വളരെ ശക്തനായി വരികയായിരുന്നു. രണ്ടായിരത്തിപതിമൂന്നില്‍ കിം അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി.  

തൊണ്ണൂറ്റിയെട്ടില്‍ റിയും കോയും അവരുടെ മൂന്നു കുട്ടികളും ബേണിലെ അമേരിക്കന്‍ എംബസിയിലേയ്ക്ക് ടാക്സി പിടിച്ചു. തങ്ങള്‍ നോര്‍ത്ത് കൊറിയന്‍ ഡിപ്ലോമാറ്റുകളാണെന്നും തങ്ങള്‍ക്ക് അഭയം വേണമെന്നും അവര്‍ പറഞ്ഞു. കുറെ ദിവസങ്ങള്‍ കഴിഞ്ഞ് ഒരു കൊറിയന്‍ വക്താവ് വാഷിംഗ്‌ടണില്‍ നിന്നും എത്തി. അവരെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള അമേരിക്കന്‍ പട്ടാളകേന്ദ്രത്തില്‍ എത്തിച്ചു.

മാസങ്ങളോളം അവര്‍ ബസിലെ ഒരു വീട്ടില്‍ താമസിച്ചു, അവരെ ചോദ്യം ചെയ്തു. അപ്പോഴാണ് റിയും കോയും അവരുടെ കുടുംബബന്ധം വെളിപ്പെടുത്തിയത്.

“കിം ജോംഗ് യുന്‍ ആരാണെന്നോ അയാള്‍ നേതാവാകുമെന്നോ അമേരിക്കന്‍ ഗവണ്മെന്റിനു അറിയില്ലായിരുന്നു”, റി പറയുന്നു.

കോയും റിയും തങ്ങളുടെ പക്കല്‍ ഉണ്ടെന്നു അവര്‍ അമേരിക്കയില്‍ എത്തുന്നത് വരെ അമേരിക്കന്‍ ഗവണ്‍മെന്‍റ് സൌത്ത് കൊറിയയെ അറിയിച്ചില്ല.

ഉത്തര കൊറിയന്‍ ഭരണത്തിന്റെ രഹസ്യങ്ങള്‍ അറിയാനായി വിശ്വസനീയ സ്രോതസുകള്‍ ഇല്ലാതെയിരുന്ന അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് അവര്‍ ഒരു ജാക്ക്പോട്ട് നേടിയത് പോലെയാണ് തോന്നിയത്.

എന്നാല്‍ തങ്ങള്‍ക്ക് കാര്യമായൊന്നും അറിയില്ലെന്ന് റി പറഞ്ഞു. “അവര്‍ കരുതിയത് ഞങ്ങള്‍ക്ക് ചില രഹസ്യങ്ങള്‍ അറിയാം എന്നായിരുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു”, അയാള്‍ പറയുന്നു. “ഞങ്ങള്‍ കുട്ടികളെ നോക്കുകയും അവരെ പഠിക്കാന്‍ സഹായിക്കുകയുമാണ് ചെയ്തത്. ഞങ്ങള്‍ അവരുടെ സ്വകാര്യജീവിതം ഒരുപാട് കണ്ടു, എന്നാല്‍ പട്ടാളകാര്യങ്ങളുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് മിലിട്ടറി രഹസ്യങ്ങലോ ന്യൂക്ലിയര്‍ വിവരങ്ങളോ അറിയില്ലായിരുന്നു.”

വളരെ കുറച്ച് ഇന്റലിജന്‍സ് മൂല്യമേ ഇവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ എന്ന് മാഡന്‍ പറയുന്നു. കിം രണ്ടാമന്‍ സംഗ് സര്‍വകലാശാലയില്‍ പഠിച്ച ഒരു ഉത്തര കൊറിയന്‍ വിദഗ്ധന്‍ ഇത് ശരിവയ്ക്കുന്നു.

“അവര്‍ക്ക് ഈ സിസ്റ്റം നന്നായി മനസിലാകും. അവര്‍ പക്ഷെ ക്ഷാമവും അതിജീവനവും കണ്ടില്ല, നേതൃമാറ്റം ഉണ്ടായതോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സംഭവങ്ങളോ ഒന്നും അവര്‍ക്കറിയില്ല. ഒരുതരത്തില്‍ അവര്‍ ഭൂതകാലത്തിലാണ് ജീവിക്കുന്നത്.”

അവര്‍ അമേരിക്കയിലെത്തിയപ്പോള്‍ കുറച്ച് ദിവസങ്ങള്‍ സിഐഎയുടെ അടുത്ത് വാഷിംഗ്ടന്‍ പ്രദേശത്താണ് അവര്‍ താമസിച്ചത്. ഒരു സൌത്ത് കൊറിയന്‍ പള്ളി സഹായ വാഗ്ദാനം ചെയ്ത ഒരു ചെറിയ പ്രദേശത്തേയ്ക്ക് പിന്നീട് അവര്‍ താമസം മാറ്റി. നോര്‍ത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരുപാട് പേര്‍ അവിടെയുണ്ടായിരുന്നു.

“പള്ളിയിലെ ആളുകള്‍ ഞങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങള്‍ ഉത്തര കൊറിയയില്‍ നിന്നാണ് എന്ന് അവര്‍ക്കറിയാമായിരുന്നു, എന്നാല്‍ ഞങ്ങള്‍ ഉത്തര കൊറിയക്കാരെപ്പോലെയല്ല ഇരുന്നത് എന്നവര്‍ പറഞ്ഞു. അവര്‍ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു.” കോ പറയുന്നു.

അങ്ങനെ അവര്‍ കൊറിയക്കാരും ഏഷ്യക്കാര്‍ തന്നെയും അധികമില്ലാത്ത മറ്റൊരിടത്തേക്ക് മാറി.

“ജീവിതം തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങള്‍ക്ക് ബന്ധുക്കള്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ദിവസവും പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്തു.” റി പറയുന്നു. അയാള്‍ ആദ്യം ഒരു ബില്‍ഡറായും പിന്നെ അറ്റകുറ്റപ്പണി ചെയ്യുന്നയാളായും ജോലി ചെയ്തു. അതിന് ഇംഗ്ലീഷ് അറിയേണ്ടായിരുന്നു.

ജോലി ചെയ്യാന്‍ കഴിയാതിരുന്നതില്‍ കോയ്ക്ക് ബുദ്ധിമുട്ട് തോന്നി. “ഭാഷയറിയാതെ എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന ഒരേയൊരു കാര്യം ഡ്രൈക്ലീനിംഗ് ആയിരുന്നു.” അവര്‍ കൊറിയന്‍ ഭാഷയില്‍ പറഞ്ഞു. റി ഇപ്പോള്‍ ഭേദപ്പെട്ട രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കും. എന്നാല്‍ കോയുടെ ഇംഗ്ലീഷ് ഇപ്പോഴും വളരെ മോശമാണ്.

അങ്ങനെ അവര്‍ ഒരു ചെറിയ കട തുടങ്ങി കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തുടങ്ങി. റി മെഷീനിലും കോ തുന്നല്‍പ്പണികളും. അവര്‍ വേഗം വിജയം കണ്ടു. “കുട്ടികള്‍ സ്കൂളില്‍ നന്നായി പഠിക്കുന്നതും ഭര്‍ത്താവ് കഠിനമായി ജോലി ചെയ്യുന്നതുമാണ് എനിക്ക് തുടര്‍ന്നുപോകാനുള്ള ശക്തിയും ഊര്‍ജവും തന്നത്” കോ പറയുന്നു.

അവരുടെ മക്കള്‍ക്ക് ഉത്തര കൊറിയയിലോ സൌത്ത് കൊറിയയിലോ താല്‍പ്പര്യമില്ല. അവരുടെ മൂത്തമകന്‍ ഒരു മാത്തമറ്റീഷ്യനാണ്. അവരുടെ രണ്ടാമത്തെ മകന്‍ ബിസിനസില്‍ സഹായിക്കുന്നു. മകള്‍ കമ്പ്യൂട്ടര്‍ വിദഗ്ധയാണ്.

സുഖകരമായ ജീവിതമാണ് അവരുടേത്. എന്നാല്‍ രാജകീയ ജീവിതമല്ല. ഗ്യാസ്സ്റ്റേഷനില്‍ ഭക്ഷണത്തിന് നിറുത്തിയപ്പോള്‍ കോ വെള്ളത്തിന് വില കുറവാണ് എന്നും ഡങ്കിന്‍ ഡോനട്ട്സില്‍ ബറിറ്റോസ് ഇല്ലായിരുന്നു എന്നും പറഞ്ഞു. എന്തായാലും ഇത് കൊഞ്ഞാക്കും കവിയാറും കഴിക്കുന്ന ജീവിതമല്ല.

ഇപ്പോള്‍ എന്തിനാണ് അവര്‍ മൌനം വെടിയുന്നത്?

റി പറയുന്നത് അയാള്‍ക്ക് ഉത്തര കൊറിയ സന്ദര്‍ശിക്കണം എന്നും അവരെപ്പറ്റി ഉത്തര കൊറിയയില്‍ ദക്ഷിണ കൊറിയ പ്രചരിപ്പിക്കുന്ന നുണകള്‍ തിരുത്തണം എന്നുമാണ്.

കഴിഞ്ഞ വര്‍ഷം റിയും കോയും മൂന്നു നോര്‍ത്ത് കൊറിയന്‍ നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. സൌത്ത് കൊറിയന്‍ മാധ്യമങ്ങളില്‍ വന്നു അവര്‍ കിം രാജവംശത്തില്‍ നിന്ന് പണം അപഹരിച്ചുവെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും പറയുന്നു. കേസ് നടത്താന്‍ അവര്‍ കംഗ് യോംഗ് സിയോക് എന്ന പ്രശസ്ത അഭിഭാഷകനെയാണ് തെരഞ്ഞെടുത്തതെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് കേസ് തള്ളിപ്പോയി.

ഇത്ര വര്‍ഷങ്ങള്‍ അമേരിക്കയില്‍ ജീവിച്ചെങ്കിലും ഇവരുടെ മനസ് ഉത്തര കൊറിയയിലാണ്.

ഭരണത്തെപ്പറ്റി മോശമായൊന്നും പറയാതിരിക്കാന്‍ ശ്രദ്ധിക്കുന്ന റി പറയുന്നത് വാഷിംഗ്‌ടണിനും പ്യോംഗ്യാങ്ങിനും ഇടയിലൊരു പാലമാകാന്‍ തനിക്ക് കഴിയുമെന്നാണ്.

“ഉത്തര കൊറിയയിലേയ്ക്ക് തിരിച്ചുപോവുക എന്നതാണ് എന്റെ ലക്‌ഷ്യം. എനിക്ക് അമേരിക്കയും മനസിലാകും, ഉത്തര കൊറിയയും മനസിലാകും. എനിക്ക് ഒരു നല്ല ഇടനിലക്കാരനാകാനാവും. ഞങ്ങള്‍ ഓര്‍ക്കുന്നയാളാണ് ഇപ്പോഴും കിം ജോന്ഗ് ഉനെങ്കില്‍ എനിക്ക് അയാളെ കാണാനും സംസാരിക്കാനും കഴിയും.”

എന്നാല്‍ റിയുടെ പ്രതീക്ഷയെ മണ്ടത്തരം എന്നാണു മാന്‍സൌരാവ് വിളിക്കുന്നത്.

“അയാള്‍ക്ക് അമേരിക്കയില്‍ ഒരു നല്ല ജീവിതമുണ്ട്. എന്തിനാണ് അയാള്‍ തിരിച്ചുപോകുന്നത്? അല്ലെങ്കില്‍ അയാള്‍ക്ക് മേല്‍ത്തട്ടില്‍ പോകാന്‍ ആഗ്രഹം കാണും” അയാള്‍ പറയുന്നു.

നാട് മിസ്‌ ചെയ്യുന്നു വെന്ന് കോ പറയുന്നു. എന്നാല്‍ പോകാന്‍ അവര്‍ക്ക് ആഗ്രഹമില്ല. റി പോകണമെന്നും അവര്‍ക്കില്ല. “എന്നാല്‍ ഈ വാശിക്കാരന്‍ ഭര്‍ത്താവിന്റെ മനസ് മാറ്റുന്നതെങ്ങനെ?”

ഭാഗ്യവശാല്‍ തീരുമാനം കിം ജോംഗ് യുന്‍ ആണ് എടുക്കേണ്ടത്. എന്തായാലും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഒരു ഇടനിലക്കാരന്‍ വേണമെന്ന് അയാള്‍ ഇപ്പോള്‍ കരുതുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍