UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൂറു ദിവസങ്ങള്‍; സെക്രട്ടേറിയേറ്റ് മാറിയത് ഇങ്ങനെ

Avatar

റിക്‌സണ്‍ ഉമ്മന്‍ വര്‍ഗ്ഗീസ്

സമയം ഉച്ചയ്ക്ക് 1.30
സെക്രട്ടേറിയേറ്റിന്റെ മതില്‍കെട്ടിനുള്ളില്‍ ജാനമ്മ എന്ന സ്ത്രീയും സുരക്ഷ ജീവനക്കാരും തമ്മില്‍ വാഗ്വാദത്തിലാണ്. ജാനമ്മയുടെ ആവശ്യം ഉള്ളിലേക്ക് കടക്കുകയെന്നതാണ്. സുരക്ഷ ജീവനക്കാര്‍ സമ്മതിക്കുന്നില്ല. വിവിധാവശ്യങ്ങള്‍ക്കായി എത്തിയിരിക്കുന്ന ചിലര്‍ ജാനമ്മയ്‌ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ആരാണീ ജാനമ്മ? അവരെയിപ്പോള്‍ തടയുന്ന സുരക്ഷാ ജീവനക്കാര്‍ക്കും അകത്തിരുന്ന് ജോലി നോക്കുന്ന വലിയ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അടുത്തറിയാവുന്ന, ഒരു തുണിക്കച്ചവടക്കാരി. ജാനമ്മയുടെ പക്കല്‍ നിന്നും ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങിയിട്ടുള്ളവരാണ് സെക്രട്ടേറിയേറ്റിലെ പല ഉദ്യോഗസ്ഥരും. ജാനമ്മയെ സംബന്ധിച്ച് ‘ലാഭമുള്ള കമ്പോളം’ ആയിരുന്നു സെക്രട്ടേറിയേറ്റ്. 

അങ്ങനെയുള്ളോരിടത്തു നിന്നും തന്റെ തുണിക്കച്ചവടം അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ് ജാനമ്മയ്ക്ക്. ഇനി വരില്ലെന്നു പറഞ്ഞെങ്കിലും ഒരു തവണയൊന്നു കയറിയേ പറ്റൂ. അതിനുപക്ഷേ പൊലീസുകാര്‍ സമ്മതിക്കുന്നില്ല. അതാണു ജാനമ്മയെ ശുണ്ഠിപിടിപ്പിക്കുന്നത്. അകത്തു കയറാതെയെങ്ങനെയാണ് കിട്ടാനുള്ള കാശ് വാങ്ങിച്ചെടുക്കുക? ഒടുവില്‍ സുരക്ഷ ജീവനക്കാര്‍ അയഞ്ഞു… ജാനമ്മ ഉള്ളില്‍ കയറി. ഒരുപക്ഷേ അവര്‍ക്ക് അകത്തു കയറാന്‍ എത്രയും നാവിട്ടടിക്കേണ്ടി വന്നത് ആദ്യമാണ്. ഇനിയൊരിക്കല്‍ അങ്ങനെയും സാധിക്കണമെന്നില്ല.

കാരണം, ഇവിടെ എല്ലാം മാറിയിരിക്കുകയാണ്…

പിണറായി വിജയന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍ പിന്നിടുമ്പോള്‍, എല്ലമൊന്നും ശരിയായെന്നു പറയാന്‍ കഴിയില്ലെങ്കിലും എല്ലാം ശരിയായേക്കുമെന്ന ഉറപ്പില്ലെങ്കിലും ചിലതൊക്കെ ഈ നൂറുദിവസങ്ങള്‍ക്കുള്ളില്‍ – അതും നമ്മള്‍ ഒരിക്കലും ശരിയാകില്ലെന്നു വിശ്വസിച്ചു പോന്നിരുന്ന കാര്യങ്ങള്‍ – ശരിയായാക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.

അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളില്‍ ഒന്നാണ് സെക്രട്ടേറിയേറ്റ്.

സെക്രട്ടേറിയേറ്റിലെ സുരക്ഷ ജീവനക്കാരോട് സംസാരിച്ചാല്‍ തന്നെ ഭരണസിരാകേന്ദ്രത്തില്‍ വന്നിരിക്കുന്ന അടുക്കും ചിട്ടയും എന്താണെന്നു മനസിലാക്കാം. “ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ ആളുകളെ അകത്തേക്കു കയറ്റി വിടുന്ന കാലം ഇപ്പോള്‍ മാറി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെപ്പോലെ ഇപ്പോള്‍ സെക്രട്ടേറിയേറ്റില്‍ വലിയ തിരക്കില്ല. പൊതുജനങ്ങള്‍ക്ക് വൈകുന്നേരം മൂന്നു മുതല്‍ അഞ്ചുവരെയാണ് മുഖ്യമന്ത്രിയെ കാണാന്‍ സമയം അനുവദിച്ചിരിക്കുന്നത്. കൃത്യസമയത്ത് തന്നെ മുഖ്യമന്ത്രി ഓഫിസില്‍ കാണും. വന്നിരിക്കുന്നവര്‍ക്ക് അദ്ദേഹത്തെ പോയി കാണാം (ഇടനിലക്കാരുടെ ആവശ്യമേയില്ല). മൂന്നുമണിക്ക് മുന്നേ മുഖ്യമന്ത്രിയെ കാണമെങ്കില്‍ പേഴ്‌സണല്‍ സ്റ്റാഫിലുള്ള ആരെങ്കിലുമായി ബന്ധപ്പെടണം. അവിടെ നിന്നും അറിയിപ്പു കിട്ടിയാല്‍ സെക്രട്ടേറിയേറ്റിനുള്ളിലേക്കു പോകാം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏതു മന്ത്രിയുടെ സ്റ്റാഫിലുള്ളവര്‍ വിളിച്ചു പറഞ്ഞാലും അതീവ സുരക്ഷ മേഖലയായ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കടത്തിവിടുമായിരുന്നു. അതൊന്നും ഇപ്പോള്‍ നടക്കില്ല;” സുരക്ഷ ജീവനക്കാര്‍ ഒരുപോലെ പറയുന്ന കാര്യങ്ങളാണിത്.

“സെക്രട്ടേറിയേറ്റിലെ എല്ലാ സെക്ഷനുകളും അടിമുടി മാറിയിട്ടുണ്ട്. എല്ലായിടത്തും ഒരു അടക്കും ചിട്ടയും വന്നതുപോലെയുണ്ട്; കോട്ടയത്തു നിന്നെത്തിയ സ്റ്റീഫന്‍ പീറ്റര്‍ മൊത്തമൊന്നു കണ്ണോടിച്ചുകൊണ്ടു പറയുന്നു. “തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച്, ഫോട്ടോയെടുത്ത് സുരക്ഷ ജീവനക്കാരുടെ വക വീണ്ടും പരിശോധന നടത്തിയശേഷമാണ് അകത്തു കയറാന്‍ കഴിയുന്നത്. പഴയപോലെയാര്‍ക്കും എന്തിനും കയറാമെന്ന രീതിയൊക്കെ പോയെ”ന്നു പറയുമ്പോള്‍ പുനലൂരുകാരന്‍ ജയകൃഷ്ണന്റെ മുഖത്ത് ചിരി.

ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നതില്‍ കാണിക്കുന്ന കൃത്യത (പേടിയെന്നാണ് ഒരു സുരക്ഷാജീവനക്കാരന്റെ കമന്റ്)യാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം. ഏതെങ്കിലും നേരത്തു കയറിവരാമെന്ന കാലമൊക്കെ കഴിഞ്ഞു. ഏതു സമയത്താണ് വകുപ്പ് സെക്രട്ടറിമാരുടെ മിന്നല്‍ സന്ദര്‍ശനം എന്നറിയാന്‍ കഴിയില്ല (ഇത്തരം കീഴ് വഴക്കങ്ങളൊന്നും മുമ്പ് ഇല്ലായിരുന്നല്ലോ എന്നു പല്ലു കടിക്കുന്നവരും കുറവല്ല).

ഭരണതലത്തില്‍ മാറ്റം വരുത്തണമെങ്കില്‍ അത് മുകള്‍ തട്ടില്‍ നിന്നു തന്നെ തുടങ്ങണം എന്ന തിരിച്ചറിവാണ് കാര്യങ്ങള്‍ ശരിയാവണ്ണം മുന്നോട്ടു കൊണ്ടുപോകാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നതിനു കാരണം. മന്ത്രിമാര്‍ ആഴ്ച്ചയില്‍ മൂന്നുദിവസം തലസ്ഥാനത്ത് ഉണ്ടാവണമെന്ന നിര്‍ദേശം തന്നെ വലിയൊരു മാറ്റമാണ്. മുകളിലുള്ളവര്‍ മാറുമ്പോള്‍ അവര്‍ക്കു തൊട്ടു താഴെയുള്ളവരും മാറാന്‍ നിര്‍ബന്ധിതരാകും. അങ്ങനെ ആ മാറ്റം താഴെ തട്ടുവരെ പ്രതിഫലിക്കും.

ഊണിനു ശേഷമുള്ള സെക്രട്ടേറിയേറ്റില്‍ കടന്നാല്‍ മേലെ തൂങ്ങിയാടി കറങ്ങുന്ന ഫാനുകളുടെ വരണ്ട ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഫയലുകള്‍ക്കു പിന്നില്‍ ഉറക്കം തൂങ്ങുന്ന മുഖങ്ങളായിരിക്കും കാണാന്‍ കഴിയുക. ഇന്നിപ്പോള്‍ ആരുടെ കണ്‍തടങ്ങളിലും ഉച്ചമയക്കത്തിന്റെ ക്ഷീണമില്ല. പണിയെടുത്തേ മതിയാകൂ എന്നു തിരിച്ചറിഞ്ഞതിന്റെ ബോധ്യം അവരുടെ കണ്ണുകളിലുണ്ട്. വളരെ ചെറിയ ഇടവേളകളെ ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്നുള്ളൂ. ഓരോ ഫയലും ഓരോ ജീവിതമാണെന്ന, ചരിത്രം മറന്നുപോകാത്ത, ആ ബോധ്യപ്പെടുത്തല്‍ ഉദ്യോഗസ്ഥരുടെ മേശപ്പുറങ്ങളില്‍ ഫയല്‍കൂനകള്‍ ഉണ്ടാക്കുന്നില്ല. കാര്യങ്ങള്‍ എല്ലാം വേഗത്തിലും സുതാര്യമായും നടക്കുന്നു. 

“ചുവപ്പു നാടുകള്‍ അഴിച്ചു കിട്ടാന്‍ വേണ്ടി കയറിയിറങ്ങി തളര്‍ന്നവരുടെ കണ്ണൂനീര്‍ ഒത്തിരി വീണിട്ടുണ്ടിവിടെ; ഇപ്പോള്‍ കാണുന്ന മാറ്റങ്ങള്‍ മനസിനുണ്ടാക്കുന്ന സംതൃപ്തി വലുതാണ്,” പിണറായിയുടെ രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്താണ് നില്‍ക്കുന്നതെങ്കിലും നല്ലതിനെ നല്ലതെന്നു തന്നെ പറയേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ജ്യോതിപ്രസാദ് തന്റെ കൈകള്‍ വായുവില്‍ അടിച്ചു സാക്ഷ്യപ്പെടുത്തുന്നു.

“മാസങ്ങള്‍ക്കു മുമ്പ് വരെ ഈ റോഡില്‍ എപ്പോഴും (സെക്രട്ടേറിയേറ്റിനു മുന്നിലേക്കു കൈചൂണ്ടിക്കൊണ്ട്) ഇങ്ങോട്ടു തിരിയുന്ന വാഹനങ്ങളുടെ തിരക്കായിരുന്നു;” ഗേറ്റില്‍ നില്‍ക്കുന്ന പൊലീസുകാരന്‍ പാതിചിരികലര്‍ന്നു പറയുന്നു.

എല്ലാം ശരിയാകണമെങ്കില്‍ ഇവിടെ നിന്നു തന്നെയാണ് മാറി തുടങ്ങേണ്ടത്. ആ മാറ്റം തുടങ്ങി കഴിഞ്ഞു. പരാതികള്‍ പലതുണ്ടായേക്കാമെങ്കിലും ചില സൂചനകള്‍ പ്രതീക്ഷ നല്‍കുന്നതാണ്; സെക്രട്ടേറിയേറ്റില്‍ ഈ നൂറു ദിവസത്തിനുള്ളില്‍ ഒരിക്കലങ്കിലും വന്നുപോയിരിക്കുന്നവര്‍ക്ക് അതു മനസിലാകും.

(സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനാണ് റിക്സണ്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍