UPDATES

വിദേശം

കിം ജോങ് ഉന്നിനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? വളരെക്കുറച്ച്; ഇതാ ഒരു വിദഗ്ധന്‍!

Avatar

അന്ന ഫിഫീല്‍ഡ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈയിടെ നടന്ന വടക്കന്‍ കൊറിയയുടെ ആണവ പരേക്ഷണത്തെക്കുറിച്ച് എഴുതിതയ്യാറാക്കിയ ഒരു പുറം കുറിപ്പുകളുമായി തയ്യാറെടുത്താണ് കെഞ്ചി ഫ്യൂജിമോടോ വന്നത്. അയാളുടെ നിഗമനം: കിം ജോങ് ഉന്നിന്റെ പ്രഥമ പരിഗണന സമ്പദ് രംഗം മെച്ചപ്പെടുത്തലാണ്. അതുകൊണ്ടു തന്റെ രാജ്യത്തിന്റെ സാങ്കേതികശേഷി ഇറാനെപ്പോലുള്ള സാധ്യത ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.

ഇത്തരത്തിലുള്ള വിശകലനങ്ങളാണ് ഫ്യൂജിമോടോയുടെ  ഇപ്പോഴത്തെ പ്രധാന കച്ചവടം. കാരണം കിമ്മിനെ നേരിട്ടുകണ്ട കൊറിയക്കാരനല്ലാത്ത അപൂര്‍വം പേരില്‍ ഒരാളാണ് അയാള്‍. നാലുവര്‍ഷം മുമ്പ് വടക്കന്‍ കൊറിയയുടെ തലവനായി കിം അധികാരമേറ്റെടുത്തത്തിന് ശേഷം അയാളുമായി സംസാരിച്ച അത്യപൂര്‍വം പേരില്‍ ഒരാളും.

2012-ല്‍ ‘മഹാനായ പിന്തുടര്‍ച്ചാവകാശി’ യുമായി ഒരു ലഹരിനിറഞ്ഞ ഉച്ചവിരുന്നു മാത്രമേ ഫ്യൂജിമോടോ ചെലവഴിച്ചിട്ടുള്ളൂ എന്നതും, അവര്‍ തമ്മില്‍ കണ്ടത്  മിക്കപ്പോഴും ഫ്യൂജിമോടോ ഇപ്പോഴത്തെ കിമ്മിന്റെ അച്ഛന്‍ കിം ജോങ് ഇല്ലിന്റെ കുശിനിക്കാരനായിരുന്നപ്പോഴും ആണെന്നതും പ്രശ്നമാക്കേണ്ടതില്ല.

വടക്കന്‍ കൊറിയയുടെ ഈ മൂന്നാം തലമുറ നേതാവിനെപ്പറ്റിയുള്ള അറിവ് അത്രയ്ക്ക് വിരളമാണ്. അതായത് ഇത്രയും അറിവ് വെച്ചുതന്നെ ഫ്യൂജിമോടോയ്ക്ക് ഒരു സവിശേഷ പദവി ലഭിക്കാന്‍ പ്രാപ്തമാക്കുന്നിടത്തോളം: ഒരു കിം ജോങ് ഉന്‍ വിദഗ്ധന്‍.

“ജപ്പാനിലെ ഇങ്ങനെ വേറെയാരുമില്ല. ഞാന്‍ മാത്രമാണുള്ളത്,” തൂലികാനാമത്തില്‍ അറിയപ്പെടുന്ന 68-കാരനായ ഫ്യൂജിമോടോ പറഞ്ഞു. “ഇതെല്ലാം രഹസ്യമാണ്. ഞാനെന്റെ രഹസ്യങ്ങള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണ്. ഇതിന്റെ പേരില്‍ എപ്പോള്‍ വേണമെങ്കിലും എന്നെ വെടിവെച്ചു കൊന്നേക്കാം.” 

കിമ്മിനെ കണ്ട ഏക ജപ്പാന്‍കാരന്‍ ഫ്യൂജിമോടോയാണ്. (കിമ്മിനെക്കണ്ട അമേരിക്കക്കാര്‍ ബാസ്കറ്റ്ബോള്‍ കളിക്കാരന്‍ ഡെന്നിസ് റോദ്മാനും സംഘവുമാണ്). ഇപ്പോള്‍ ഫ്യൂജിമോടോയ്ക്ക് വലിയ തിരക്കാണ്. അയാളുടെ പുതിയ പുസ്തകത്തിനെ ചട്ടയില്‍ അയാള്‍ കിമ്മിനെ ആലിംഗനം ചെയ്യുന്ന അയാളുടെ ബിസിനസ് കാര്‍ഡിലെ  ചിത്രമാണ്. “കിം ജോങ് ഇല്ലിന്റെ പാചകക്കാരന്‍. നിങ്ങള്‍ക്ക് സംസാരിക്കണമെങ്കില്‍ ദയവായി ഈ നമ്പറില്‍ വിളിക്കുക.”

വടക്കന്‍ കൊറിയന്‍ നേതാവിനെക്കുറിച്ച് സംസാരിക്കാന്‍ പ്രത്യക്ഷപ്പെടുന്നതിന് ജപ്പാന്‍ ടെലിവിഷന്‍ ചാനലുകള്‍ അയാള്‍ക്ക് ഒരുതവണ $1000 ആണ് നല്‍കുന്നത്. ജപ്പാനിലേയും ലോകത്തെ മറ്റിടങ്ങളിലെയും പത്രങ്ങള്‍ അതിന്റെ പകുതി തരാറുണ്ടെന്നും അയാള്‍ പറഞ്ഞു. (പണത്തിനുള്ള ഫ്യൂജിമോടോയുടെ ആവശ്യം പോസ്റ്റ് നിരസിച്ചു).

സര്‍ക്കാരും തന്റെ അഭിപ്രായങ്ങള്‍ക്കായി പണം തരാറുണ്ടെന്ന് ഫ്യൂജിമോടോ പറയുന്നു. എന്നാലതിന്റെ വിശദാംശങ്ങള്‍ അയാള്‍ പറഞ്ഞില്ല. തെക്കന്‍ കൊറിയ? ടെലിവിഷന്‍ നല്‍കുന്നപോലെയെന്ന് അയാള്‍ പറയുന്നു. യു.എസ്?“ഒരു പക്ഷേ” 2008-ല്‍ വിക്കിലീക്സ് പുറത്തുവിട്ട യു.എസ് നയതന്ത്ര രേഖകളില്‍ കാണുന്നത് ജപ്പാന്‍ അധികൃതര്‍ ഫ്യൂജിമോടോയുടെ ആദ്യപുസ്തകം സസൂക്ഷ്മം പഠിച്ചു എന്നാണ്. എന്നാല്‍ വര്‍ഷങ്ങളായി ജപ്പാന്‍ അധികൃതര്‍ തനിക്ക് പണം നല്‍കുന്നുണ്ടെന്ന വാര്‍ത്തകള്‍ ഈ മുന്‍ കുശിനിക്കാരന്‍ നിഷേധിച്ചു.

അനുഭവത്തിലും സ്വഭാവത്തിലും ഫ്യൂജിമോടോ പ്രത്യേകത പുലര്‍ത്തുന്നു.

തനിക്ക് ജീവഭയമുണ്ടെന്ന് പറഞ്ഞ് ഈ ചെറുനഗരത്തില്‍ പുറത്തിറങ്ങുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കുന്നുണ്ടെങ്കിലും അയാളെ എല്ലാവര്‍ക്കും തിരിച്ചറിയാം. വിലകൂടിയ കണ്ണടയും രത്നം പതിച്ച വാച്ചുമായി സാധാരണ കാറുകളുള്ള നിരത്തില്‍ വെള്ളിനിറത്തിലുള്ള ഒരു സ്പോര്‍ട്ട്സ്  കാറില്‍ മിന്നുന്ന അയാളെ തിരിച്ചറിയാന്‍ ഒട്ടും വിഷമവുമില്ല.

1982-ല്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു കുടുംബമുണ്ടായിരുന്ന ഫ്യൂജിമോടോ വടക്കന്‍ കൊറിയയില്‍ കുശിനിക്കാരനെ ആവശ്യമുണ്ടെന്ന ഒരു പരസ്യം കണ്ടാണ് പോയത്. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ അയാള്‍ കിം ജോങ് ഇല്ലിന് മീന്‍കറി വെച്ചുകൊടുക്കുന്ന അടുക്കളക്കാരനായി. 1983-ല്‍ ജനിച്ചുവെന്ന് ഫ്യൂജിമോടോ പറയുന്ന കിം ജോങ് ഉന്നിനും അയാളുടെ മൂത്ത സഹോദരനും ‘കളിക്കൂട്ടുകാരനായി’.

പിന്നെ സാഹസികമായ നാളുകളായിരുന്നു എന്നയാള്‍ പറയുന്നു. പ്രിയപ്പെട്ട നേതാവിനൊപ്പം ജെറ്റ് സ്കീയിങ്ങും മോടോര്‍സൈക്കിളോടിക്കലും. വിലകൂടിയ മത്സ്യങ്ങളും കൊന്യാകും വാങ്ങാന്‍ ലോകമാകെ പറന്നുനടക്കല്‍. ഒപ്പം ഭരണകൂടത്തിന് അനഭിമതനായാല്‍ വധിക്കപ്പെടുമെന്ന ഭീതിയും.

ടോകിയോവിലേക്ക് മീന്‍ വാങ്ങാന്‍ വന്ന അവസരത്തില്‍ 2001-ല്‍ രക്ഷപ്പെട്ടതോടെ “I Was Kim Jong Il’s Chef” എന്ന പുസ്തകം എഴുതി ഫ്യൂജിമോടോ. വടക്കന്‍ കൊറിയന്‍ നേതാവിന്റെ ഭക്ഷണത്തോടുള്ള ആര്‍ത്തിയെക്കുറിച്ച് നിരവധി കഥകള്‍ക്ക് അടിസ്ഥാനമായി ആ പുസ്തകം. തനിക്ക് ഒട്ടേറെ ആവശ്യക്കാര്‍ ഉണ്ടെന്നറിഞ്ഞ ഫ്യൂജിമോടോ തൊട്ടുപിറകെ രണ്ടു പുസ്തകങ്ങള്‍ കൂടി എഴുതി. ടെലിവിഷനില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

എന്നാല്‍ ചിലര്‍ക്കൊക്കെ അയാളുടെ വൈദഗ്ദ്ധ്യത്തിലും കഥകളിലും സംശയമുണ്ട്. അയാളുടെ പല കഥകള്‍ക്കും പൊരുത്തമില്ല. എന്നാല്‍ കിം ജോങ് ഇല്ലിന്റെ പിന്‍ഗാമിയായി കിം ജോങ് ഉന്‍ വരുമെന്ന് പ്രവചിച്ചതോടെ അയാളുടെ വിശ്വാസ്യതയേറി. നടുവിലെ പുത്രന്‍ കിം ജോങ് ചോല്‍ നേതാവായി വരും എന്നായിരുന്നു പൊതുവേ കരുതിയിരുന്നത്.

കിം ജോങ് 2010-ല്‍ രാഷ്ട്രതലവനായതോടെ പുതിയ നേതാവുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ആളുകള്‍ ആവശ്യപ്പെട്ടുതുടങ്ങി. 8 വയസുകാരനായ കിം തന്റെ കക്കൂസില്‍ ഇടിച്ചുകയറിയത്, കിം സ്വിറ്റ്സര്‍ലാണ്ടില്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ വിറ്റ്നി ഹൂസ്റ്റണ്‍ സി ഡി കടം വാങ്ങിയത്, അങ്ങനെയുള്ള കഥകള്‍.

ഈ കഥകള്‍ അയവിറക്കിയിരിക്കുമ്പോഴും ഒരു വടക്കന്‍ കൊറിയന്‍ ഏജന്റ് തന്റെ വാതിലില്‍ മുട്ടുമെന്ന ഭീതി അയാള്‍ക്കുണ്ട്. 2012-ല്‍ ഒരു കടയില്‍ നില്‍ക്കവേ ഒരു വടക്കന്‍ കൊറിയക്കാരനെന്ന് ഉറപ്പുള്ളയാളെ കണ്ടു. “എന്റെ കഥ കഴിഞ്ഞെന്നാണ് ഞാന്‍ കരുതിയത്.”

പക്ഷേ ആ മനുഷ്യനെ ഒരു ഹോട്ടലില്‍ വെച്ചു കണ്ടുമുട്ടി. അയാള്‍ ചുവന്ന പട്ടുതുണിയില്‍ പൊതിഞ്ഞ ഒരു ക്ഷണപത്രം നീട്ടി; പ്യോങ്യാങ് സന്ദര്‍ശിക്കാനുള്ള ക്ഷണം. അടുത്ത മാസം മറ്റൊരു സന്ദേശം ലഭിച്ചു: “ പരമോന്നത നേതാവ് കിം ജോങ് ഉന്‍ താങ്കള്‍ 2001-ല്‍ നല്കിയ വാഗ്ദാനം പാലിക്കണമെന്ന് ആഗ്രഹിക്കുന്നു.”

കിമ്മുമൊത്ത് കുതിരസവാരിക്ക് പോകാമെന്ന വാഗ്ദാനത്തെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. അങ്ങനെ ഫ്യൂജിമോടോ പോയി.

“വാതിലുകള്‍ പതുക്കെ തുറന്നപ്പോള്‍ ഞാനാദ്യം കണ്ടത് കിം ജോങ് ഉന്നിനെയാണ്. ‘ഏറെക്കാലമായി കണ്ടിട്ട് ഫ്യൂജിമോടോ-സാന്‍’ കിം പറഞ്ഞ്.” അപ്പോഴാണ് തനിക്ക് പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന് അയാള്‍ക്ക് ഉറപ്പായത്. കുട്ടിയായിരിക്കുമ്പോള്‍ ഫ്യൂജിമോടോയുടെ പേരിനൊപ്പം കിം, ജാപനീസ് ഭാഷയിലെ ഈ ബഹുമാനശബ്ദം ചേര്‍ക്കാറില്ലായിരുന്നു.

അഭിമുഖത്തില്‍ കിമ്മുമൊത്തുള്ള ചിത്രങള്‍ ഫ്യൂജിമോടോ പുറത്തെടുത്തു. 2013-ല്‍ കിം വധിച്ചു എന്നു കരുത്തുന്ന അമ്മാവന്‍ ജാങ് സോങ് ടയെകിനൊപ്പം ഫ്യൂജിമോടോ ഇരിക്കുന്ന ചിത്രം. മറ്റൊന്നില്‍ കിമ്മിനുമുന്നില്‍ തലകുനിക്കുമ്പോള്‍ കണ്ണുതുടയ്ക്കുന്ന ചിത്രം.

“ഞാന്‍ കിം ജോങ് ഉന്നിനോട് കൊറിയന്‍ ഭാഷയില്‍ പറഞ്ഞു: ഞാന്‍, ഫ്യൂജിമോടോ എന്ന ചതിയന്‍ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നു. അപ്പോള്‍ അയാള്‍ എന്റെ തോളത്തുതട്ടി പറഞ്ഞു “സാരമില്ല, സാരമില്ല.” ഞാന്‍ വല്ലാതെ കരഞ്ഞു.”

ഈ അനുഭവത്തെക്കുറിച്ചും അയാളോര് പുസ്തകമെഴുതി,“Broken Promise. A Full Confession to the Comrade General.” അതിന്റെ ചട്ടയിലാണ് രണ്ടുപേരും കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം.

തീന്‍മേശയ്ക്കപ്പുറമിരുന്ന് ആ കൂടിക്കാഴ്ച്ചയോര്‍ത്ത് ഫ്യൂജിമോടോ കരയാന്‍ തുടങ്ങി. പിന്നെ ധാരാളം വൈനും കൊറിയന്‍ മദ്യമായ സോജുവും കുടിച്ച് ആ കഥ പറയാനും. “ഞാന്‍ ദുഖിതനല്ല. കിം ജോങ് ഉന്നുമായുള്ള സംഭാഷണങ്ങള്‍ വിവരിക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ. അയാള്‍ക്ക് 7 വയസാകുമ്പോള്‍ മുതല്‍ എനിക്കയാളെ അറിയാം.”

കിമ്മിനെയും അയാളുടെ ഭരണത്തെയും കുറിച്ച് ഫ്യൂജിമോടോ ഇപ്പൊഴും നല്ലതു പറയുന്നു എന്നത് അത്ഭുതമാണ്. കാരണം അയാള്‍ 2001-ല്‍ ഫ്യൂജിമോടോ ഓടിപ്പോന്നപ്പോള്‍ അയാളുടെ കൊറിയക്കാരിയായ ഭാര്യയെയും രണ്ടു കുട്ടികളെയും സര്‍ക്കാര്‍ 6 കൊല്ലത്തെ കഠിനജോലികള്‍ക്കായി കല്‍ക്കരി ഖനിയിലേക്കയച്ചിരുന്നു. 2012-ലെ സന്ദര്‍ശനകാലത്ത് ഇപ്പോള്‍ പ്യോങ്യാങ്ങില്‍ പുനരധിവസിക്കപ്പെട്ടു എന്നു കരുതുന്ന ഭാര്യയെയും കുട്ടികളെയും അയാള്‍ കണ്ടു. പക്ഷേ ആരോഗ്യവാനായിരുന്ന തന്റെ 22-കാരനായ മകന്‍ ജോങ് ഉന്‍ അയാളുടെ സന്ദര്‍ശനത്തിന് കുറച്ചാഴ്ച്ചകള്‍ക്ക് മുമ്പ് മരിച്ചെന്നാണ് ഫ്യൂജിമോടോ അറിഞ്ഞത്. അത് തികച്ചും യാദൃശ്ചികമാണെന്ന് അയാള്‍ കരുതുന്നു.

എന്നാലും, അധികം അനുയായികളില്ലാത്ത ആ ഭരണകൂടാതെ പിന്തുണയ്ക്കേണ്ടത് തന്റെ കടമയായി ഫ്യൂജിമോടോ കണക്കാക്കുന്നുണ്ട്. സര്‍ക്കാരിന്റെ ക്രൂരതകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അയാള്‍ തള്ളിക്കളയുകയാണ്. ഇപ്പൊഴും ‘കോംറേഡ് ജനറലിന് ‘ കത്തെഴുതുന്നുണ്ട്  എന്നാണവകാശവാദം. എങ്കിലും ഒരിക്കല്‍ക്കൂടി പ്യോങ്യാങ്ങില്‍  മടങ്ങിച്ചെല്ലാനുള്ള വിസ പിന്നീട് അയാള്‍ക്ക് ലഭിച്ചിട്ടില്ല.

അതയാളുടെ ജീവിതശൈലിയെ ബാധിച്ചേക്കും. ഭക്ഷണപ്രിയനാണയാള്‍. “പത്രങ്ങള്‍ വിളിക്കുമായിരിക്കും,” ആണവ പരീക്ഷണത്തിന് 24 മണിക്കൂറിന് ശേഷവും ആരും വിളിക്കാതിരിക്കവേ അയാള്‍ പറഞ്ഞു.

എന്നിട്ടയാള്‍ വെള്ളിനിറത്തിലുള്ള കാറിലേക്ക് കയറി. കിം ജോങ് ഉന്നിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഒരു കത്തെഴുതാന്‍. വടക്കന്‍ കൊറിയയുടെ പരമ്മോന്നത നേതാവിന് ജനുവരി 8നു 33 തികഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍