UPDATES

ശക്തി കൂട്ടാന്‍ പുതിയ തന്ത്രവുമായി യാക്കോബായ സഭ, മാര്‍ത്തോമാ സഭയും ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭയുമായി ലയിക്കാന്‍ ആലോചന, സഭ തര്‍ക്കം വഴിത്തിരിവിലേക്ക്

പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അന്തിമതീരുമാനവും വന്നതോടെ യാക്കോബായ സഭയ്ക്ക് മുന്നില്‍ വഴികളടഞ്ഞിരിക്കുകയാണ്

ഓർത്തഡോക്സ് യാക്കോബായ തർക്കം രൂക്ഷമായ സാഹചര്യത്തിൽ പുതിയ സഭാ കൂട്ടായ്മയ്ക്ക് നീക്കം നടക്കുന്നു.   യാക്കോബായ സഭയുടെ നേതൃത്വത്തിലാണ്  സഭാ കൂട്ടായ്മയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നതായി വിവരം. മാര്‍ത്തോമാ സഭയും ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭയും യാക്കോബായ സഭയും ഒന്നിക്കാനുള്ള സാധ്യതകളാണ് സഭകളിലെ വൈദികര്‍ പങ്കുവക്കുന്നത്. സഭാ മേലധ്യക്ഷന്‍മാര്‍ ഇത്തരമൊരു നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ സഭകള്‍ക്കുള്ളില്‍ ശക്തമായി നടക്കുന്നതായാണ് ഒരു വിഭാഗം വൈദികര്‍ നല്‍കുന്ന വിവരം. ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന ാഹചര്യത്തില്‍ സാഹചര്യത്തില്‍ സഭാകൂട്ടായ്മ യാക്കോബായ സഭയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അന്തിമതീരുമാനവും വന്നതോടെ യാക്കോബായ സഭയ്ക്ക് മുന്നില്‍ വഴികളടഞ്ഞിരിക്കുകയാണ്. 1934ലെ ഭരണഘടന അംഗീകരിച്ച് ഓര്‍ത്തഡോക്‌സ് സഭയുമായി യോജിച്ച് പോവുക എന്നതാണ് യാക്കോബായ വിഭാഗത്തിന് മുന്നിലുള്ള ഒരു വഴി. കോടതി വിധി ബാധകമായ 1064 പള്ളികളും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ട് നല്‍കി പുതിയ പള്ളികളും സെമിത്തേരികളും സഥാപിക്കുക എന്നതാണ് മറ്റൊരു വഴി. എന്നാല്‍ ഈ രണ്ട് വഴികളും യാക്കോബായ വിശ്വാസികള്‍ അംഗീകരിക്കാന്‍ തയ്യാറാവില്ല. നിയമാനുസൃതമുള്ള മറ്റ് സഭകളുമായി ലയിച്ചു ചേരുക എന്നതാണ് മറ്റൊരു വഴി. മാര്‍ത്തോമാ സഭയും യാക്കോബായ സഭയും ഒന്ന് ചേരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ ആരംഭിച്ചതാണ്. സഭയ്ക്കുള്ളിലെ ഒരു വിഭാഗം അതിന് താത്പര്യം പ്രകടിപ്പിക്കുമ്പോള്‍ മറുവിഭാഗത്തിന് ഈ നീക്കത്തോട് കടുത്ത എതിര്‍പ്പായിരുന്നു. ഇതോടെ അത് സംബന്ധിച്ച ചര്‍ച്ചകള്‍ പലപ്പോഴും ഉപേക്ഷിക്കേണ്ടതായും വന്നു. എന്നാല്‍ യാക്കോബായ സഭയ്ക്ക് അധികാരമുള്ള പള്ളികളും അനുബന്ധ സ്വത്തുക്കളും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാവാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ സഭയെ സുരക്ഷിതമാക്കുക എന്ന ആലോചനകളാണ് ഒരു വിഭാഗം വൈദികര്‍ നടത്തുന്നത്. സഭാ മേലധ്യക്ഷന്‍മാര്‍ക്കും ഈ നീക്കത്തോട് യോജിപ്പാണെന്നാണ് അറിയുന്നത്. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും മാര്‍ത്തോമാ സഭയുമായുള്ള നല്ല ബന്ധം ഇതിന് സഹായകമാവുമെന്നാണ് ഒരു വിഭാഗം വൈദികരുടെ കണക്കുകൂട്ടല്‍. എന്നാല്‍ സഭയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച് എതിര്‍പ്പുകളും രൂക്ഷമായിട്ടുണ്ട്. വിശ്വാസ പ്രകാരം യോജിക്കാന്‍ കഴിയാത്ത മാര്‍ത്തോമാ സഭയുമായി യാക്കോബായ സഭ യോജിക്കാന്‍ കഴിയില്ലന്ന് സഭാ അധികാരികളിലൊരാള്‍ പറഞ്ഞു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് പോലും പ്രസക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ വിശ്വാസപരമായ പ്രശ്‌നങ്ങളുണ്ടെങ്കിലും ഓര്‍ത്തഡോക്‌സ് സഭയുമായി യാക്കോബായ സഭയ്ക്ക് ഒരിക്കലും ചേര്‍ന്ന് പോവാന്‍ കഴിയില്ലെന്നാണ് വിശ്വാസികളുടേയും വൈദികരുടേയും നിലപാട്. ചര്‍ച്ചകള്‍ സജീവമായതായും മലങ്കര മാര്‍ത്തോമാ സുറിയാനി സഭാ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമായയെ മലങ്കര മാര്‍പ്പാപ്പയായി അവരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായുമാണ് മാര്‍ത്തോമാ സഭാ വൈദികരും നല്‍കുന്ന വിവരം. ഈ നീക്കത്തിന് പിന്നില്‍ യാക്കോബായ സഭയും മാര്‍ത്തോമാ സഭയും ബിലീവേഴ്‌സ് സഭയുമാണെന്നുമാണ് ഇവര്‍ പറയുന്നത്.

ഒരു വശത്ത് ചര്‍ച്ചകള്‍ ഇത്തരത്തില്‍ പുരോഗമിക്കുമ്പോള്‍ പള്ളിത്തര്‍ക്കം സംബന്ധിച്ച തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്താതെ യോക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഉറച്ച് നില്‍ക്കുകയാണ്. ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിക്കയാണ്. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെ 18 സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും യാക്കോബായ സഭാ മേലധ്യക്ഷന്‍ കാതോലിക്ക ബാവയേയും പ്രതിചേര്‍ത്തുകൊണ്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയെ സമീപിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അധികാരങ്ങള്‍ കൈമാറുന്ന 2017 ജൂലൈ മൂന്നിലെ വിധി നടപ്പാക്കണമെന്നതാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം. ഇത് പലതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പകരം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഈ സമവായ ചര്‍ച്ചകളും ഫലം കണ്ടില്ല.
പല തവണ ഓര്‍ത്തഡോക്സ് സഭാ പുരോഹിതരും അധ്യക്ഷന്‍മാരും കോടതി വിധി പ്രകാരം തങ്ങളുടേതായ പള്ളികളില്‍ പ്രാര്‍ഥനയ്ക്കായെത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം മൂലം അതിന് സാധിക്കാതെ വന്നു. പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് പുരോഹിതനെത്തിയപ്പോള്‍ ആത്മഹത്യാ ഭീഷണിയുള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളുമായി യാക്കോബായ വിശ്വാസികള്‍ പള്ളിയങ്കണത്തില്‍ തടിച്ചുകൂടി. ഇതേ സ്ഥിതിയാണ് മറ്റ് പള്ളികളിലും തുടരുന്നത്. ഓര്‍ത്തഡോക്സ് പുരോഹിതന്‍മാര്‍ പ്രാര്‍ഥനയ്ക്കായെത്തുമെന്ന അറിയിപ്പ് ലഭിക്കുമ്പോള്‍ മുതല്‍ വിശ്വാസികള്‍ കനത്ത പ്രതിഷേധവുമായി പള്ളികളില്‍ തടിച്ച് കൂടുകയും പുരോഹിതര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ മടങ്ങുകയുമാണ് ചെയ്യുന്നത്. പോലീസ് സംരക്ഷണയിലാണ് ഓര്‍ത്തഡോക്സ് പുരോഹിതര്‍ എത്തുന്നതെങ്കിലും പോലീസിനെ നോക്കുകുത്തിയാക്കി പ്രതിഷേധക്കാര്‍ രംഗം കയ്യടക്കുന്ന കാഴ്ചയാണ് കേരളത്തിലെ പള്ളികളില്‍ കണ്ടുവരുന്നത്. പോലീസും യാക്കോബായ വിശ്വാസികളും ഒത്തുകളിക്കുകയാണെന്ന ആരോപണം ഓര്‍ത്തഡോക്സ് പുരോഹിതര്‍ പലതവണ ഉന്നയിച്ചു. ഇതിനിടെ തര്‍ക്കം രൂക്ഷമായതിനാല്‍ വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്സ് പുരോഹിതര്‍ പ്രാര്‍ഥനക്കെത്തിയത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. പ്രാര്‍ഥന നടക്കുന്നതറിഞ്ഞ് യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ തടിച്ച് കൂടുകയും നിരാഹാര സമരമുള്‍പ്പെടെ ആരംഭിക്കുകയും ചെയ്തു. കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ തങ്ങള്‍ക്ക് പ്രവേശിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേരള സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

സുപ്രീംകോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ്സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അയക്കും എന്ന മുന്നറിയിപ്പാണ് ജസ്റ്റിസ് അരുണ്‍ മിശ്ര നല്‍കിയത്. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് ചോദിച്ച കോടതി കോടതിവിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഇനിയും കോടതിക്ക് ക്ഷമിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കണം. ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും മനസ്സിലാക്കിക്കൊടുക്കണമെന്നും കോടതി പറഞ്ഞു. കോടതി വിധി നടപ്പാക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം വന്നതിന് ശേഷവും ഇരു സഭകളേയും ചര്‍ച്ചയ്ക്ക് വിളിച്ച് സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതിവിധി നടപ്പിലാക്കണമെങ്കില്‍ 1934ലെ ഭരണഘടനയുടെ ഒറിജിനല്‍ പകര്‍പ്പ് ഹാജരാക്കണമെന്ന് ചീഫ്‌സെക്രട്ടറി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നോട്ടീസ് നല്‍കി. ഇതാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രകോപിപ്പിച്ചത്. കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്നും സര്‍ക്കാരും പോലീസും ചേര്‍ന്ന് പള്ളികളില്‍ സമാന്തര ഭരണത്തിന് ഒത്താശചയ്യുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പറയുന്നു. കോടതി വിധി വന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് പോലും കോടതിയലക്ഷ്യമാണെന്നും വിധി നടപ്പാക്കുന്നതിന് പകരം സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ചൂണ്ടിക്കാട്ടി. 1934ല ഭരണഘടന സുപ്രീംകോടതിയും അംഗീകരിച്ച സാഹചര്യത്തില്‍ വിധി നടപ്പാക്കണമെങ്കില്‍ ഭരണഘടനയുടെ ഒറിജിനല്‍ ഹാജരാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതും കോടതിയലക്ഷ്യമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വാദം.

ഇതിനിടെ ഏത് വിധി ഉണ്ടായാലും യാക്കോബായ സഭയുടെ പള്ളികള്‍ വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഏത് കോടതി വന്നാലും പള്ളിയില്‍ നിന്ന് മാറിക്കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ സഭയുടെ ഭരണഘടന അവര്‍ ഒത്തിരി തിരുത്തി. എല്ലാം തിരുത്തുക, യാക്കോബായ സഭയെ തുരത്തുക എന്നതാണ് അവരുടെ ലക്ഷ്യം. ഞാനതുകൊണ്ട് ഒരു തീരുമാനമെടുത്തു. ഇനിയേത് കോടതിവിധി വന്നാലും പള്ളികള്‍ വിട്ടുകൊടുക്കില്ല. മാറിക്കൊടുക്കുകയുമില്ല.’ കാതോലിക്ക ബാവ പറഞ്ഞു. കാതോലിക്ക ബാവയുടെ ഈ പരാമര്‍ശവും കോടതിയലക്ഷ്യമാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നു.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

അതേസമയം പഴന്തോട്ടം പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ എറണാകുളം ജില്ലാ കോടതിയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനനുകൂലമായ നിലപാടാണെടുത്തത്. കോടതിയലക്ഷ്യമായി കേസ് എടുക്കുകയാണെന്ന് പറഞ്ഞ കോടതി ജില്ലാ പോലീസ് മേധാവിയോടും സിഐയോടും കോടതിയില്‍ ഹാജരാവണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഞായറാഴ്ച സിഐ പള്ളിയിലെത്തി പ്രാര്‍ഥനാ മുറി കുത്തിപ്പൊളിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി കൈമാറി. കോതമംഗലം പള്ളിയുടെ അവകാശം സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ചീഫ്‌സെക്രട്ടറിയോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതല്ലാം വിധി നടപ്പാക്കാന്‍ കോടതി തന്നെ മുന്‍കയ്യെടുക്കുമെന്നതിന്റെ ശുഭസൂചനകളാണെന്ന് ഓര്‍ത്തഡോക്‌സ് വൈദികന്‍ ഫാ.തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും പള്ളികള്‍ വിട്ടു നല്‍കാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്നും കോടതി വിധി നടപ്പാക്കാനാവില്ലെന്നും യാക്കോബായ സഭാ ഭരണസമിതി അംഗം ഫാ.സ്ലീബാ പോള്‍ പ്രതികരിച്ചു.

കോടതിവിധ നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും വിധി നടപ്പാക്കാനനുവദിക്കില്ലെന്ന് യാക്കോബായ വിഭാഗവും പറയുന്നു. വിധി നടപ്പായാല്‍ യാക്കോബായ സഭയ്ക്ക് മുഴുവന്‍ പള്ളികളിലുമുള്ള അവകാശം വിട്ടു നല്‍കേണ്ടി വരും. സ്വന്തമായി പള്ളികളോ സെമിത്തേരികളോ ഇല്ലാതാവുന്ന യാക്കോബായ വിഭാഗക്കാര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയോടോ മറ്റേതെങ്കിലും സഭകളോടോ ലയിക്കുകയാവും പിന്നീടുള്ള വഴി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍