UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മോദിക്കു പൂട്ടിയിടാന്‍ കഴിയുന്ന പീടികയല്ല സോഷ്യലിസവും മതേതരത്വവും

Avatar

സി.ആര്‍.നീലകണ്ഠന്‍

ഭാരതീയതയെന്നതിന് സംഘപരിവാര്‍ നല്‍കുന്ന വ്യാഖ്യാനം എത്രമാത്രം വിഭാഗീയമാണെന്ന കാര്യം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല. ഇന്ത്യന്‍ ഭരണഘടന തങ്ങള്‍ക്ക് ഒരു ‘തടസ്സ’മാണ് എന്ന് സംഘപരിവാറിന് നന്നായറിയാം. ഭരണഘടനയുടെ ഉറച്ച അടിസ്ഥാനഘടനയില്‍ മാറ്റം വരുത്താന്‍  പാര്‍ലമെന്റിനു പോലും അവകാശമില്ലെന്ന് കേശവാനന്ദ ഭാരതി കേസില്‍ (1973) സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്നുവരെ സുപ്രീംകോടതിയില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള  13 അംഗ ബഞ്ചിന്റേതാണ് ആ വിധിയെന്നതിനാല്‍ അതിനെതിരെ സംസാരിക്കുന്നത് നിയമവിരുദ്ധമാണ്. (സുപ്രീംകോടതിവിധി നാട്ടിലെ നിയമമാണല്ലോ). ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിനുള്ള അധികാരപരിധി സംബന്ധിച്ച നിരവധി കേസുകള്‍ക്കൊടുവിലാണ് കേശവാനന്ദ ഭാരതി കേസ് വന്നെതെന്നോര്‍ക്കണം.

ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ തന്നെ അതില്‍ ഒട്ടേറെ നടപടിക്രമങ്ങളുണ്ടല്ലോ. പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ പിന്തുണ (മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാല്‍) അതിനാവശ്യമാണ്. എന്തായാലും ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി രാഷ്ട്രപതി അംഗീകരിക്കുക കൂടി ചെയ്യുന്നതുവരെ നിലവിലുള്ള ഭരണഘടനയാണ് പ്രാബല്യത്തിലെന്നറിയാത്തവരൊന്നുമല്ലല്ലോ ഈ നാട്ടിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും? അതുകൊണ്ട് തന്നെ ഭരണഘടനയില്‍ തെറ്റുവരുത്തുകയെന്നത്, ദേശീയഗാനത്തെയും ദേശീയപതാകയെയും അപമാനിക്കുന്നതിന് തുല്യമായ ക്രിമിനല്‍ രാജദ്രോഹക്കുറ്റമാണ്. ഇത്രയും പറയാന്‍ കാരണം ഒബാമ സന്ദര്‍ശനം കൊണ്ട് ധന്യമായ നമ്മുടെ ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് പുറത്തിറക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉണ്ടായ ഗൗരവതരമായ ഒരു തെറ്റാണ്.

‘ഇന്ത്യന്‍ ജനങ്ങളായ നാം പ്രഖ്യാപിക്കുന്നു…’ എന്ന രീതിയില്‍ തുടങ്ങി ഇന്ത്യയെ ഒരു ‘പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്’ ആയി പ്രഖ്യാപിക്കുന്ന ഭാഗത്തു നിന്നും ‘സോഷ്യലിസവും മതേതരത്വവും’ ഒഴിവാക്കപ്പെട്ടതാണ് വിഷയം. സര്‍ക്കാര്‍ വകുപ്പ് തന്നെ പുറത്തുവിട്ടതാണിത്. ഇതിനെ കേവലം ഒരു കൈത്തെറ്റോ അക്ഷരപിശകോ ആയി കാണാനാകില്ലല്ലോ. പ്രശ്‌നം കൂടുതല്‍ ഗൗരവതരമാക്കിയത് ഈ തെറ്റിനെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രാലയം നല്‍കിയ വിശദീകരണമാണ്. ഈ വാക്കുകള്‍ ഇന്ത്യയിലെ ആദ്യഭരണഘടനയിലില്ലെന്നും 1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തതുമാണെന്നാണ് വാദം. അതായത് ഇവ ഒഴിവാക്കപ്പെട്ടാലും യാതൊരു കുഴപ്പവുമില്ല എന്നാണതിനര്‍ത്ഥം. ഇവിടെയും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും ചെയ്യുന്ന മറ്റുകാര്യങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ വേണം ഈ തെറ്റിനേയും വിശദീകരണങ്ങളേയും കാണാന്‍.

സോഷ്യലിസമെന്ന വാക്കിന് ഇന്ന് പ്രസക്തിയുണ്ടോ? ഭരണഘടനാ ശില്‍പ്പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ നല്‍കിയ മറുപടികള്‍ നമ്മുടെ മുന്നിലുണ്ട്. സോഷ്യലിസം എന്ന വാക്ക് പ്രത്യേകമായി ചേര്‍ത്തില്ലെങ്കില്‍തന്നെ രാഷ്ട്രീയാധികാരവും സ്വാതന്ത്ര്യവും ലഭിക്കുന്നതിനോടൊപ്പം മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യവും സാമ്പത്തികവുമായ സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. ഇതുതന്നെയല്ലേ സോഷ്യലിസം? ഭരണഘടനയിലെ മൗലികാവകാശങ്ങളും സാമൂഹ്യ, സാമ്പത്തികനീതിക്കുവേണ്ടിയുള്ള 39-ാം വകുപ്പും മറ്റും ഇതിനു നിദര്‍ശനമാണെന്നും 1949-ല്‍ തന്നെ അംബേദ്ക്കര്‍ വ്യക്തമാക്കുന്നുണ്ട്. പിന്നീട് നിരവധി വിധികളിലൂടെ ഇക്കാര്യം ഇന്ത്യയുടെ സുപ്രീംകോടതി ആവര്‍ത്തിച്ചിട്ടുമുണ്ട്.

42-ാം ഭരണഘടനാ ഭേദഗതിക്കു മുമ്പുതന്നെ കേശവാദനന്ദ ഭാരതി കേസിലും മറ്റും ഭരണഘടനയുടെ ‘അടിസ്ഥാനഘടന’യില്‍ മാറ്റംവരുത്താന്‍ പാടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 1982-ല്‍ റണ്‍ബീര്‍സിംഗ് കേസില്‍ ‘തുല്യജോലിക്കു തുല്യവേതനം’ എന്ന തത്വം നടപ്പിലാക്കാന്‍, മൗലികാവകാശങ്ങളിലെ 14, 16 വകുപ്പുകള്‍ നിര്‍ദ്ദേശകതത്വങ്ങളിലെ 39 (വകുപ്പ്) എന്നിവക്കെല്ലാം ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’ എന്ന വാക്കും ഉദ്ധരിക്കുന്നുണ്ട് സുപ്രീംകോടതി. ഭരണഘടന വായിക്കുന്നതിനുള്ള പ്രകാശമായിട്ടാണ് കോടതി ഭരണഘടനയുടെ ആമുഖത്തെ കാണുന്നത്. ഏറെ പ്രസിദ്ധമായ ഡി.എസ്. നാരക് കേസില്‍ (1983) സുപ്രീംകോടതി ഈ നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നു. മൗലികാവകാശങ്ങള്‍, നിര്‍ദ്ദേശകതത്വങ്ങള്‍ എന്നിവയ്‌ക്കൊപ്പം സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന പ്രഖ്യാപനവും കോടതി ഉയര്‍ത്തിക്കാട്ടുന്നു. എന്താണ് സോഷ്യലിസം എന്നത് വിശദീകരിക്കുന്നുമുണ്ട്. തൊഴിലെടുക്കുന്നവരുടെ ജീവിതനിലവാരം മാന്യമായുള്ളതാണെന്നു ഉറപ്പിക്കാനും ജനനം മുതല്‍ മരണം വരെ അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നെതന് കോടതി കണ്ടെത്തുന്നു. സാമ്പത്തിക അസമത്വമെന്നത് വിഭവങ്ങളിലും വരുമാനത്തിലുമുള്ള സമത്വമാണ്. ഇത് മാര്‍ക്‌സിന്റേയും ഗാന്ധിയുടേയും ദര്‍ശനങ്ങളുടെ സമന്വയമാണെന്നും  ഗാന്ധിയന്‍ സോഷ്യലിസമാണെന്നും കോടതി പറയുന്നു. സുപ്രീംകോടതിവിധി ഇന്ത്യയ്ക്കാകെ  ബാധകമായ നിയമമാണെന്ന വസ്തുത സര്‍ക്കാരിനറിയാത്തതല്ലല്ലോ.

ഇതുപോലെ തന്നെയാണ് ‘മതേതരത്വം’ എന്ന വാക്കിന്റെയും പ്രാധാന്യം. സര്‍ക്കാര്‍ ഏതെങ്കിലും ഒരു മതത്തിന് പ്രത്യേക പ്രാധാന്യം നല്‍കാറില്ലെന്നതാണതിന്റെ അടിസ്ഥാനം. 1976 ല്‍ മതേതരത്വം ആമുഖത്തില്‍ ചേര്‍ക്കപ്പെടുന്നതിനു മുമ്പുതന്നെ (1974) സുപ്രീംകോടതി ഒരു പ്രമുഖ കേസില്‍ (സെന്റ് സേവ്യേഴ്‌സ് കോളേജ് – ഗുജറാത്ത് സര്‍ക്കാര്‍) ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ആമുഖത്തില്‍ പറയുന്നില്ലെങ്കിലും ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഉറപ്പിക്കുന്നു. ഇന്ത്യ ഒരു ‘മതേതരരാഷ്ട്രം’ ആണെന്ന്. ആമുഖത്തില്‍ ഏതു മതത്തിലും വിശ്വാസത്തിലും ആചാരത്തിലും പ്രവര്‍ത്തിക്കാനും അവ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ ഉണ്ടായിരുന്നല്ലോ. പിന്നീട് പല പ്രാവശ്യവും (1994-ല്‍ ബൊമ്മ കേസില്‍ മതേതരത്വം അടിസ്ഥാന ഘടകമാണെന്ന് പറയുന്നു.) ഇതാവര്‍ത്തിക്കുന്നു. 2003 ല്‍ അറുണാറോയ് കേസിലും ഇതു പറയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന് ഒരു ‘കൈപ്പിഴ’ പറ്റിയതാണെങ്കില്‍ പോലും അത് അക്ഷന്തവ്യമാണ്. ഇത് രാജ്യദ്രോഹക്കുറ്റമാണെന്ന് മുന്‍ഹൈക്കോടതി ചീഫ് ജസ്റ്റിസും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജി.ആര്‍. സച്ചാര്‍ പറയുന്നു. ഇത് ചെയ്തവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.

എന്നാല്‍ ഇത് കേവലം അറിയാതെ സംഭവിച്ച ഒരു ‘പിഴ’ അല്ലെന്ന വസ്തുത പുറത്തുവന്നുകൊണ്ടിരിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തില്‍ കടുത്ത വിഭജനവും വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ അവിശ്വാസവും സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. ഇവയൊക്കെ സമൂഹത്തില്‍ ഏതുതരം പ്രതികരണമുണ്ടാക്കുമെന്നറിയാനുള്ള ചില ‘ടെസ്റ്റ് ഡോസുകള്‍’ ആണ്. ശക്തമായ തിരിച്ചടികള്‍ വന്നാല്‍ ‘അത് ഞങ്ങളുടെ നിലപാടല്ല’ കൈകഴുകുകയെന്നതാണ് രീതി.

ഘര്‍വാപസി പോലുള്ള കോപ്രായങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഭരണകക്ഷിയുടെ കുടുംബത്തിലെ സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഒടുവില്‍ മോദി അറിഞ്ഞില്ലെന്നു വാദിക്കുന്നു. ഹിന്ദുപെണ്‍കുട്ടികളെ  വിവാഹം  വഴി മതംമാറ്റി ഇസ്ലാമിലേക്കെടുക്കുന്നുവെന്ന രീതിയില്‍ ചില സംഘടിത പ്രചരണം (ലൗ ജിഹാദ്) നടക്കുകയും അതിനുള്ള മറുപടിയായി യോഗി ആദിത്യനാഥും മറ്റും, ഒന്നിനുനൂറെന്ന രീതിയില്‍ മുസ്ലീം പെണ്‍കുട്ടികളെ തിരിച്ചു മാറ്റണം എന്നാവശ്യപ്പെട്ടുകയും ചെയ്തിട്ടും മോദി അറിഞ്ഞില്ല. ഈ ജനുവരി ഏഴാം തീയതി സാക്ഷി മഹാരാജ് എന്ന ബി.ജെ.പി. എം.പി. തന്നെ ഹിന്ദുസ്ത്രീകള്‍ നാലുകുട്ടികളെ വീതം പ്രസവിക്കണമെന്ന രീതിയില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തിയപ്പോഴും ഇതുതന്നെ സംഭവിച്ചു.

ഇവിടെയാണ് മേല്‍പ്പറഞ്ഞ രണ്ടു വാക്കുകള്‍ ഒഴിവാക്കിയതിന്റെ ലക്ഷ്യവും നാം കാണേണ്ടത്. സംഘപരിവാര്‍ തീവ്രവാദിയായ പ്രവീണ്‍ തൊഗാഡിയ, ശിവസേനയുടെ നേതാക്കള്‍ എന്നിങ്ങനെ പലരും ഈ വാക്കുകള്‍ ഒഴിവാക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങണമെന്നാവശ്യപ്പെടുന്നു. അതിനെല്ലാം പുറമെ കേന്ദ്രമന്ത്രിമാരടക്കം ഇതേ ആവശ്യം ഉന്നയിക്കുന്നു, ആവര്‍ത്തിക്കുന്നു. ഇതോടെ ലക്ഷ്യം പുറത്തുവന്നിരിക്കുന്നു. ഭരണഘടനയില്‍ മാറ്റം വേണമെന്നാര്‍ക്കും ആവശ്യപ്പെടാം. എന്നാല്‍ അതിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്നു വിലയിരുത്തപ്പെടണം.

സംഘപരിവാറിനു തീര്‍ത്തും ഇഷ്ടപ്പെടാത്ത വാക്കാണ് ‘മതേതരത്വം’ എന്ന് നമുക്ക് നന്നായറിയാം. ബഹുമതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു സമൂഹത്തില്‍ മതേതരത്വം ഇല്ലാതാക്കുകയും മതരാഷ്ട്രവാദികള്‍ക്ക് മേല്‍ക്കൈ കിട്ടുകയും ചെയ്താല്‍ എന്താകും ഫലമന്നറിയാന്‍ ഒരു വിഷമവുമില്ല. ഫാഷിസം അതിന്റെ എല്ലാ ക്രൂരതയും പുറത്തുകാട്ടുമെന്നു തീര്‍ച്ച.   വന്‍വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കും. ഇന്ത്യപോലൊരു രാജ്യത്തെ ഇത്തരമൊരവസ്ഥയിലേക്ക് നയിക്കുകയാണോ മോദിസര്‍ക്കാരിന്റേയും ബി.ജെ.പി.യുടെയും ലക്ഷ്യം? ഈ സാഹചര്യത്തിലാണ് സൗഹൃദസന്ദര്‍ശനത്തിന്റെ അവസാനഘട്ടത്തില്‍ ‘മതസഹിഷ്ണുത’ അനിവാര്യമെന്ന് യു.എസ്. പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിച്ചത് പ്രസക്തമാകുന്നത്. ഇക്കാര്യത്തില്‍ ഒബാമയുടെ ഉപദേശം നരേന്ദ്ര  മോദി സ്വീകരിക്കുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഒരു വിദേശ രാഷ്ട്രത്തലവന്‍ ഇത്ര പരസ്യമായി ഇന്ത്യയുടെ ഭരണകര്‍ത്താവിനോട് ഇങ്ങനെ പറയാമോ എന്ന പ്രധാന ചോദ്യം ആരും ചോദിക്കുന്നില്ലെന്നതാണ് രസകരമായ വസ്തുത. ‘വലിയേട്ടനോടുള്ള ഭയം’ കൊണ്ടാണോ, താന്‍ കുറ്റവാളിയാമെന്ന ബോധ്യം ഉള്ളതിനാലാണോ നരേന്ദ്ര  മോദി ഇക്കാര്യം ഉന്നയിക്കാതിരിക്കുന്നത്?

നമ്മുടെ വിഷയം അതല്ല. വാക്കില്‍ ഭാരതീയതയും മറ്റും പറയുമെങ്കിലും എന്നും (സ്വാതന്ത്ര്യസമരകാലത്തും) സാമ്രാജ്യത്വദാസ്യമായിരുന്നല്ലോ ഇവരുടെ സ്വഭാവം. ഇന്നും കാര്യമായ വികാസമൊന്നുമില്ല. സാമ്പത്തികനയങ്ങളില്‍ മന്‍മോഹന്‍ സിംഗിനേക്കാള്‍ ‘ഉദാരമതി’യും നിക്ഷേപസൗഹൃദക്കാരനുമാണ് താനെന്ന് സ്ഥാപിക്കാനാണല്ലോ നരേന്ദ്ര  മോദി ശ്രമിക്കുന്നത്.

വിദേശകോര്‍പ്പറേറ്റുകളുടെ സഹകരണമില്ലാതെ രാജ്യം വികസിക്കില്ലെന്ന് മോദി പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവര്‍ക്കുവേണ്ടി നമ്മുടെ പൊതുസമ്പത്തും പ്രകൃതിവിഭവങ്ങളും യഥേഷ്ടം നല്‍കലാണല്ലോ ‘നിക്ഷേസൗഹൃദ’ സമീപനം. അക്കാര്യത്തില്‍ ഇന്ത്യന്‍ പൊതുമേഖലാ ബാങ്കിലെ 6000 കോടി രൂപ, അദാനിക്കു ജാമ്യം നല്‍കി ആസ്‌ത്രേലിയന്‍ ഖനനത്തിന് അനുമതി വാങ്ങുന്നു. ലോകത്താര്‍ക്കും വേണ്ടാത്തതും ആരും ഉപയോഗിച്ചിട്ടില്ലാത്തതുമായ ആണവനിലയങ്ങള്‍ പതിനായിരക്കണക്കിന് കോടി രൂപ നല്‍കി വാങ്ങുകയും അതിന് അപകടമുണ്ടായാല്‍ അതിന് അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യക്കാരുടെ നികുതി പണം ജാമ്യമായി നല്‍കുകയും ചെയ്യുന്ന ‘ഉദാരമതിയായ ഭരണകര്‍ത്താവെ’ന്ന നിലയില്‍ ഒബാമക്കും അദാനി-അംബാനി-എസ്സാര്‍ തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്കും പ്രിയങ്കരനാണല്ലോ. ഇതിനുവേണ്ടി ഇന്നാട്ടിലെ ആദിവാസികളേയും  ദളിതരേയും കര്‍ഷകരേയും നഗരദരിദ്രരേയും കൂട്ടത്തോടെ കുടിയിറക്കുന്നതും മറ്റും ഒരു തെറ്റല്ലെന്നതിനാലാണല്ലോ ബ്രിട്ടീഷുകാര്‍ നടപ്പില്‍ വരുത്തിയതിനേക്കാള്‍ മോശപ്പെട്ട സ്ഥിതിയിലേക്ക്  ഭൂമി ഏറ്റെടുക്കല്‍ നിയമം മാറ്റിയത്; പാരിസ്ഥിതിക സംരക്ഷണ നിയമം മാറ്റിയത്; പാരിസ്ഥിതിക സംരക്ഷണ നിയമങ്ങളെല്ലാം മാറ്റാന്‍ ശ്രമിക്കുന്നത്. ഭരണഘടനയിലെ സോഷ്യലിസ്റ്റ് തുടങ്ങിയ പദങ്ങള്‍ ചൂണ്ടിക്കാട്ടി ആരെങ്കിലും (വക്കീലോ കോടതികളോ) സാമൂഹ്യ, സാമ്പത്തിക നീതിവേണമെന്നും മറ്റും പറഞ്ഞാല്‍ ‘വികസനം പിറകോട്ടടിക്കുമല്ലോ. അതുകൊണ്ടിനി വികസനത്തിന് തടസ്സമാകുന്നവര്‍ക്ക് ഒരു നീതിയും നിയമവും ബാധകമാകരുത്. സോഷ്യലിസമെന്ന വാക്ക് മിണ്ടിയാല്‍ ശിക്ഷവരും എന്നുകൂടി ഭരണഘടനയിലോ ശിക്ഷാനിയമത്തിലോ എഴുതിചേര്‍ക്കാനും  സാധ്യതയുണ്ട്.

എന്നാല്‍ ഭരണഘടനയുടെ ആമുഖത്തിനും വരികള്‍ക്കുമപ്പുറം മതേതരത്വവും സോഷ്യലിസവും  ഇന്ത്യന്‍ ജനാധിപത്യത്തില്‍ വേരുറപ്പിച്ചുപോയിട്ടുണ്ടെന്നതാണ് സത്യം. ‘ഏതെങ്കിലും ഒരു മാതാവിനും പൂട്ടിയിടാനും പിതാവിനു തുറന്നുകൊടുക്കാനും കഴിയുന്ന ഒരു പീടികയല്ല സ്വാതന്ത്ര്യം’. എന്ന് സച്ചിദാനന്ദന്‍ കവിതയില്‍ പറയുന്നതുപോലെ ഒരു മോദിക്ക് മായ്ച്ചുകളയാന്‍ കഴിയുന്നതല്ല ഈ സങ്കല്‍പ്പങ്ങള്‍ എന്ന് ജനകീയ പോരാട്ടച്ചൂടില്‍ നരേന്ദ്ര  മോദി തിരിച്ചറിയുമെന്നത് തീര്‍ച്ച.

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍