UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുരക്ഷ ആഡംബരമാകേണ്ട; എന്നുകരുതി വേണ്ടെന്നാണോ?

Avatar

കെ എ ആന്റണി

ജനപ്രതിനിധികള്‍ ജനാധിപത്യത്തിന്റെ ദീപശിഖ ഏന്തുന്നവരാകുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ജനങ്ങള്‍ തന്നെയാണ്. ജനങ്ങളെ പേടിച്ച് പൈലറ്റ്‌ വാഹനങ്ങളും അകമ്പടി സേനയുമായി പോകുന്ന മന്ത്രിമാര്‍ ജനങ്ങളില്‍ നിന്ന് അകന്നുപോകുന്നില്ലേ എന്ന വലിയൊരു ചോദ്യത്തിനുള്ള മറുപടിയായിരിക്കും പിണറായി വിജയന്‍ മന്ത്രിസഭയുടെ പുതിയ തീരുമാനം.

മന്ത്രിമാരുടെയും മുന്‍ മന്ത്രിമാരുടെയും ഒക്കെ സുരക്ഷ വെട്ടിച്ചുരുക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. ഇത് സംബന്ധിച്ച ശിപാര്‍ശ സുരക്ഷാ അവലോകന സമിതി സര്‍ക്കാരിനു മുന്‍പാകെ സമര്‍പ്പിച്ചു എന്നാണു അറിയുന്നത്. അവശേഷിക്കുന്ന ഏക കടമ്പ മന്ത്രിസഭാ തീരുമാനമാണ്. വലിയ മാറ്റങ്ങള്‍ ഇല്ലാതെ തന്നെ മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. സുരക്ഷാ അവലോകന സമിതിയുടെ പൂര്‍ണ്ണരൂപം ലഭ്യമല്ലെങ്കിലും പുറത്തു വരുന്ന വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ഇതൊക്കെയാണ്.

ഇനി മുതല്‍ മുഖ്യമന്ത്രിക്കോ സഹമന്ത്രിമാര്‍ക്കോ ആവശ്യത്തില്‍ കവിഞ്ഞ സുരക്ഷ ഉണ്ടാകില്ല. പൈലറ്റ്‌ വാഹനവും അകമ്പടി വാഹനങ്ങളും ഇനിയങ്ങോട്ട് ഉണ്ടാവില്ല, അത്രതന്നെ. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഇസഡ് പ്ലസ് സുരക്ഷാ സംവിധാനം പിന്‍വലിക്കും. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്  ഒരു പതിറ്റാണ്ടില്‍ ഏറെയായി നല്‍കി വന്നിരുന്ന സംസ്ഥാന സര്‍ക്കാര്‍ വക സുരക്ഷയും ഇനിയങ്ങോട്ട് ഉണ്ടാവില്ല.

ഈ വാര്‍ത്തയോട് ഉമ്മന്‍ചാണ്ടിയോ മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ രമേശ്‌ ചെന്നിത്തലയോ ഈ കുറിപ്പ് തയ്യാറാക്കും വരെ പ്രതികരിച്ചു കണ്ടില്ല. പ്രതികരിച്ചതാവട്ടെ കോണ്ഗ്രസ് നേതാവ് പന്തളം സുധാകരന്‍ മാത്രം. സുരക്ഷ കേരളത്തില്‍ ഒരു ആഡംബരം ആണെന്നും പണ്ടു കാലത്ത് അതുണ്ടായില്ല എന്നും പറയുന്ന പന്തളം ഒരു കാര്യം വിഴുങ്ങിക്കളയുന്നു. കേരളത്തില്‍ അതീവ സുരക്ഷ കൊണ്ടുവന്ന ആദ്യത്തെയാള്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ നേതാവായിരുന്ന കെ കരുണാകരന്‍ എന്ന ലീഡര്‍ ആയിരുന്നു എന്ന കാര്യം.

സുധാകരന്‍ കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയാണോ സംസാരിക്കുന്നത് എന്നറിയില്ല. എങ്കിലും ഒരു കാര്യം വ്യക്തം, ദേശാടനത്തിനയച്ചതു പോലെ പാലക്കാട്ടെ കോങ്ങാട് പോയി മത്സരിച്ചു തോല്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവിന്റെ, തുടര്‍ന്നങ്ങോട്ടും പാര്‍ട്ടിയില്‍ ഉണ്ടാവണം എന്ന ആത്മാര്‍ത്ഥതയില്‍ നിന്ന് മാത്രമാണ് പഴയ കണക്കുപുസ്തകം തുറക്കാത്തത് എന്നു വേണം കരുതാന്‍. കണക്കുകള്‍ അവിടെ നില്‍ക്കട്ടെ, ഈ വാര്‍ത്ത പുറത്തു വിട്ട ചാനല്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. അതാവട്ടെ അത്യന്തം കൌതുകം ദ്യോതിപ്പിക്കുന്ന ഒന്നുകൂടിയാണ്. റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ ഉന്നയിച്ച പ്രശ്നത്തില്‍ നിന്നാണ് കാര്യങ്ങളുടെ തുടക്കം എന്നാണ് ചാനല്‍ പുറത്തു വിട്ടത്. സത്യമെന്തായാലും ഇത്തരം കാര്യങ്ങള്‍ നേരത്തെയും ചിലര്‍ ഉന്നയിച്ചിരുന്നു. പ്രത്യേകിച്ചും സ്ത്രീ ജനങ്ങള്‍ ആയ ചിലര്‍. ആഡംബരകൂത്താട്ടവുമായി എത്തുന്ന പോലീസ് സേനയുടെ, ടോയ്ലറ്റിനു മുന്‍പിലെ ശ്രദ്ധ അവര്‍ക്കൊരിക്കലും ഇമ്പകരമായിരുന്നില്ല. കേരള ഗവര്‍ണര്‍ ആയിരുന്ന ജ്യോതി വെങ്കിടാചലം മുതല്‍ കെആര്‍ ഗൌരിയമ്മ വരെ ഇത്തരം അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് സ്വൈര്യമായൊന്നു മൂത്രമൊഴിക്കാന്‍ പറ്റില്ലേ എന്ന് ചോദിച്ച ഗൌരിയമ്മയുടെ അതേ ചോദ്യം തന്നെയാണ് ചന്ദ്രശേഖരന്‍ എന്ന പുരുഷ സിപിഐ മന്ത്രിയും ചോദിക്കുന്നതെങ്കില്‍ അതില്‍ ഒട്ടും കുറ്റം കാണാനാവില്ല.

തനിക്കു നല്‍കിയ ആഭ്യന്തരസുരക്ഷ പിന്‍വലിച്ചതില്‍ തെറ്റില്ല എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തിരുവായ്ക്ക് എതിര്‍വായില്ല എന്ന നിലയില്‍ പറഞ്ഞുകഴിഞ്ഞു. 13 വര്‍ഷം താന്‍ ആവശ്യപ്പെടാതെ തന്നെ സംരക്ഷിച്ച സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ പിന്‍വലിക്കുന്നെങ്കില്‍ അത് ഉചിതമായ തീരുമാനം ആണെന്നും അദേഹം പറഞ്ഞു. കൂട്ടത്തില്‍ ഒരു കാര്യം കൂടി അദ്ദേഹം വ്യക്തമാക്കി. ഒന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എല്ലാം ഇങ്ങോട്ട് തന്നതാണ്. തിരിച്ചെടുക്കുന്നതില്‍ എനിക്കെന്തു വിരോധം. എന്ന് വച്ചാല്‍ ദൈവം തന്നു, തിരിച്ചെടുത്തു എന്ന ശൈലി. മറ്റൊന്ന് കൂടി പറഞ്ഞു അദ്ദേഹം. കേന്ദ്രം അനുവദിച്ച സംരക്ഷണ സേന ഇപ്പോഴും കൂട്ടത്തില്‍ ഉണ്ടെന്നും പിന്നെന്തിനാണ് രണ്ടു വിഭാഗം സുരക്ഷാഭടന്മാരും എന്ന ചോദ്യമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്.

വെള്ളാപ്പള്ളിയുടെ യുക്തി ആര്‍ക്കും മനസ്സിലാവും. കാരണം അദ്ദേഹം കേന്ദ്ര ദൌത്യസേനയുടെ സംരക്ഷണയിലാണ്. എന്ന് കരുതി ഇസഡ് പ്ലസ്‌ കാറ്റഗറിയില്‍ ഉള്ള ഉമ്മന്‍ചാണ്ടിയുടെ ഗതി അതാണോ എന്നാണ് പാവം കവി കൂടിയായ പന്തളം സുധാകരന്‍ ഇന്ന് രാവിലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒന്നയിച്ച കാര്യം. ജനങ്ങള്‍ക്കിടയില്‍ ഓടിനടന്നിരുന്ന ഉമ്മന്‍‌ചാണ്ടിയ്ക്ക് ഇത്തരം ഒരു കാറ്റഗറി സംരക്ഷണം നല്‍കിയത്  അദ്ദേഹം സ്വമേധയാ ആവശ്യപ്പെട്ടിട്ടല്ല എന്ന് പറയുന്നുണ്ടെങ്കിലും കനിഞ്ഞരുളിയത് സ്വന്തം ആഭ്യന്തരമന്ത്രിമാര്‍ ആയിരുന്നു എന്നുള്ളത് മറ്റൊരു കാര്യം. എന്നുകരുതി ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്താനാകില്ല. ജനങ്ങള്‍ക്കിടയില്‍ സദാസമയം ഇറങ്ങിനടക്കാന്‍ ആഗ്രഹിക്കുന്ന ഒരു നേതാവിനെ ചങ്ങലക്കിടാനുള്ള ഒരു ഏര്‍പ്പാടായി കൂടി വേണം ഇതിനെകാണാന്‍. ഉമ്മന്‍ചാണ്ടിയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത് അദ്ദേഹത്തിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ്. ഇരുഭാഗത്തും കുറ്റം ഉണ്ട് എന്ന് സാരം. സംരക്ഷണം ഇല്ലാതെ വരുന്ന ഒരു മുഖ്യമന്ത്രി, ആക്രമിക്കാന്‍ നില്‍ക്കുന്ന സഖാക്കള്‍, ഇതിനിടയില്‍പ്പെട്ടു പോകുന്ന പോലീസ്. കാര്യം വളരെ ലളിതമാണ്, അതുകൊണ്ടുതന്നെയാകണം പന്തളം സുധാകരന്‍ പണ്ടൊന്നും ഇങ്ങനൊരു ഏര്‍പ്പാട് ഉണ്ടായിരുന്നില്ലെങ്കിലും പുതിയകാലത്ത് ചില സംവിധാനങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചു പോകുന്നത്. ജനപ്രതിനിധികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആണെങ്കിലും അവര്‍ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തുമ്പോള്‍ ശത്രുക്കള്‍ ജാഗരൂകരാകുന്നു എന്നത് തികച്ചും സ്വാഭാവികമാണ്. അതില്‍ ഭയാശങ്കകള്‍ ഉണ്ടാകേണ്ടതില്ല.

പ്രശസ്ത ഖവാലി സൂഫി ഗായകന്‍ അംജത് സാബ്രി കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. പ്രവാചകനെതിരെ എന്തോ ഗാനത്തില്‍ ഉണ്ടായെന്നാണ് ആരോപണം. പ്രവാചകന്റെ നാമം കേട്ടാല്‍ അത് എതിരാണ് എന്ന് വിചാരിക്കുന്ന മാപ്പിള സംസ്കൃതിയുടെ പൂര്‍ണ്ണരൂപമായി ഐഎസ് മാറുന്നില്ല എന്ന് ആരൊക്കെ ആവര്‍ത്തിച്ചാലും പാകിസ്താനില്‍ നടക്കുന്ന കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. പാകിസ്താനില്‍ തന്നെയാണ് ബേനസീര്‍ ഭൂട്ടോയെയും നമുക്ക് നഷ്ടമായത്. കലാപങ്ങളുടെ നാടാണ് സിന്ധും പാകിസ്ഥാന്‍ പഞ്ചാബും അതിനപ്പുറമുള്ള ചില ദേശങ്ങളും. ഇതിനുമപ്പുറം ഇന്ത്യയിലും യുഎസുമായി സൗഹൃദം ഉണ്ടായിരുന്ന പത്താന്‍ദേശത്തും താലിബാന്‍ നേരത്തേ നിലയുറപ്പിച്ചിരുന്നു. ബന്ധങ്ങള്‍ക്ക് അപ്പുറത്തേക്ക് നീളുന്ന ഒരു യാത്ര തീവ്രവാദത്തിന്റെയും മതതീവ്രവാദത്തിന്റെതും ആകുമ്പോള്‍ ആളുകള്‍ പകച്ചു നില്‍ക്കാറുണ്ട്. ജാബ്രിയുടെയും ബേനസീര്‍ ഭൂട്ടോയുടെയും കൊലപാതകത്തില്‍ ആരൊക്കെ എങ്ങനെയൊക്കെ ഇടപെട്ടു എന്നത് വലിയൊരു ചോദ്യ ചിഹ്നമാണ്. ജാബ്രിയ്ക്ക് അംഗരക്ഷകര്‍ ഉണ്ടായിരുന്നിരിക്കാം. സര്‍ക്കാര്‍ നല്‍കിയതല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ബേനസീറിന് അതുണ്ടായിരുന്നു. എന്നിട്ടും അവര്‍ കൊല്ലപ്പെട്ടു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ചരിത്രം നമുക്ക് ഓര്‍മ്മയുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രത്ത് നടക്കുന്ന  അതിതീവ്രമായ കൊലപതകങ്ങളില്‍പ്പെട്ട ഒന്നാണ് അത്. ജനങ്ങളുമായി സംവദിക്കാന്‍ കല്‍പ്പിച്ചുകൂട്ടി ഇറങ്ങിപ്പുറപ്പെട്ട കോണ്‍ഗ്രസ് കുടുംബത്തിലെ ഒരു ദാരുണപുത്രന്‍ എന്ന രൂപത്തിലല്ല രാജീവ് ഗാന്ധിയുടെ കഥ പറയേണ്ടത്, ബേനസീര്‍ ഭൂട്ടോയുടെ കഥയും അങ്ങനെയല്ല പറയേണ്ടത്. ചില നേരങ്ങളില്‍ സുരക്ഷ ആവശ്യമുണ്ട്. ഇതില്ലെങ്കില്‍ ഭരണത്തിന്റെ ഗതി തന്നെ മാറിപ്പോകും.

എന്ന് കരുതി പോലീസിനെ ഉപയോഗിച്ച് ജനങ്ങളില്‍ നിന്നു സുരക്ഷാ നേടേണ്ട ഗതികേട് തങ്ങള്‍ക്കില്ല എന്നാവണം പിണറായി വിജയനും സംഘവും പറയുന്നത്. ആരെയും ആര്‍ക്കും ഏതു നിമിഷവും വെടി വച്ച് കൊല്ലാം. ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കൂ എന്ന നന്മ മുന്‍നിര്‍ത്തിക്കാണുന്ന ഇടത്ത് ഒരു നല്ല സ്തുതി പറയേണ്ടിവരും. മരണം ആരും ക്ഷണിച്ചു വരുത്തുന്നതല്ല. അത് എപ്പോഴെങ്കിലും വന്നിരിക്കും. എന്ന് കരുതി ഇതൊന്നും വേണ്ട എന്ന് കരുതിയാല്‍ ചിലപ്പോള്‍ അപകടങ്ങള്‍ സംഭവിക്കാം.

ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ ആണ് ജനപ്രതിനിധികള്‍ എന്നത് വാസ്തവമാണ്.. അവര്‍ ചില്ലുമേടകളില്‍ ഇരിക്കേണ്ടവരല്ല ജനങ്ങള്‍ക്കിടയിലേക്ക് തന്നെ ഇറങ്ങിച്ചെല്ലേണ്ടവരാണ്.ആ അര്‍ത്ഥത്തില്‍ പുതിയ തീരുമാനങ്ങള്‍ തികച്ചും സ്വാഗതാര്‍ഹമാണ്. ഭീരുക്കള്‍ പല തവണ മരിക്കുമ്പോഴും യഥാര്‍ത്ഥ മനുഷ്യര്‍ മരിക്കാതിരിക്കും എന്ന കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കുന്ന ഈ തീരുമാനം വരുംകാല സര്‍ക്കാരുകളും ഏറ്റെടുക്കട്ടെ.

പൈലറ്റ്‌ വാഹനങ്ങള്‍ ഇടിച്ചുമാരിച്ച കാല്‍നടക്കരുടെയും പിഞ്ചുകുട്ടികളുടേയേം ആത്മാക്കള്‍ (അങ്ങനെയോന്നുണ്ടെങ്കില്‍) ചിരിക്കട്ടെ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയിലെ ഒരു ശകലത്തോടെ ഇന്നത്തെ എഴുത്ത് അവസാനിപ്പിക്കട്ടെ.

‘ലോറിക്കടിപ്പെട്ടരഞ്ഞകുഞ്ഞുങ്ങള്‍ വന്നൂതിക്കെടുത്തട്ടെ പാതവിളക്കുകള്‍’

 ലോറി മാത്രം ആയിരുന്നില്ല. മന്ത്രിമാരുടെ പൈലറ്റ്‌ വാഹങ്ങള്‍ കയറിയും ഒരുപാടു കുഞ്ഞുങ്ങള്‍ ചതഞ്ഞരഞ്ഞിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍