UPDATES

ജെഎന്‍യു രാജ്യദ്രോഹ കേസ്: ഒളിവിലായിരുന്ന ഉമര്‍ ഖാലിദ് കാമ്പസില്‍ തിരിച്ചെത്തി

Avatar

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹ കേസില്‍ പ്രതികളായ ജെഎന്‍യുവിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രി സര്‍വകലാശാലയില്‍ തിരിച്ചെത്തി. ഉമര്‍ ഖാലിദും ഇവരില്‍ ഉള്‍പ്പെടുന്നു. തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വ്യാജ വീഡിയോ ചമച്ച് തങ്ങളെ കുടുക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.

ഇവര്‍ കാമ്പസില്‍ തിരിച്ചെത്തിയെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും കീഴടങ്ങില്ലെന്നും പൊലീസ് അറസ്റ്റ് ചെയ്യട്ടേയെന്നുമുള്ള നിലപാടാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. ഈ പൊലീസ് സംഘം ഇപ്പോള്‍ സര്‍വകലാശാലയുടെ പുറത്താണ് നിലയുറപ്പിച്ചത്. വസന്ത് കുഞ്ച് നോര്‍ത്ത് സ്‌റ്റേഷനിലെ പൊലീസ് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങും എന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് മടങ്ങിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പൊലീസിനെ ക്യാമ്പസിനുള്ളില്‍ കയറാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ സമ്മതിച്ചിരുന്നില്ല.

വിദ്യാര്‍ത്ഥികള്‍ പുറത്ത് വന്ന് കീഴടങ്ങിയില്ലെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘത്തെ അയക്കുമെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയത് ചര്‍ച്ച ചെയ്യാന്‍ സര്‍വകലാശാലയുടെ ഉന്നത അധികാരികള്‍ യോഗം ചേരും. ഈ യോഗം തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

ഫെബ്രുവരി 12 മുതല്‍ കാമ്പസില്‍ നിന്ന് കാണാതായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, രമ നാഗ, അശുതോഷ് കുമാര്‍, ആനന്ദ് പ്രകാശ് എന്നിവരാണ് തിരികെ എത്തിയത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് ജെഎന്‍യു കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുക്കുകയും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത്.

അന്വേഷണവുമായി സഹകരിക്കുന്നതിനാണ് തങ്ങള്‍ തിരിച്ചെത്തിയതെന്ന് മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും പിഎച്ച് ഡി വിദ്യാര്‍ത്ഥിയുമായ അശുതോഷ് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ നിന്നും ലോകത്തെമ്പാടു നിന്നും പിന്തുണ ലഭിച്ചത് തിരിച്ചു വരാനുള്ള ധൈര്യം നല്‍കി. ജനക്കൂട്ടം ആക്രമിക്കുന്ന അന്തരീക്ഷം നിലനിന്നിരുന്നതു കൊണ്ടാണ് താനും രമയും അനിര്‍ബനും അനന്തും പൊതുജനമധ്യത്തിലേക്ക് വരാതിരുന്നതെന്നും അശുതോഷ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉമര്‍ ഖാലിദുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും അശുതോഷ് വ്യക്തമാക്കി.ദല്‍ഹിയില്‍ തന്നെ തങ്ങള്‍ ഉണ്ടായിരുന്നുവെന്നും തിരിച്ചെത്താനുള്ള തീരുമാനം വ്യക്തിപരമായി എടുത്തതാണെന്നും കൂട്ടായി എടുത്തതുമല്ല. സര്‍വകലാശാലയെ ദേശവിരുദ്ധമെന്ന് മുദ്രകുത്തുന്നതിന് എതിരായി നടക്കുന്ന സമരത്തിന്റെ ഭാഗമാകുമെന്നും അശുതോഷ് പറഞ്ഞു.

തനിക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണം ഖാലിദ് തള്ളിക്കളഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തന്റെ സഹോദരിയെ അപമാനിച്ച് പോസ്റ്റിട്ടതില്‍ രോഷമുണ്ടെന്നും ഖാലിദ് പറഞ്ഞു.

പട്യാല ഹൗസ് കോടതിയില്‍ നടന്ന അക്രമത്തെ കുറിച്ചുള്ള ഹര്‍ജി മാര്‍ച്ച് പത്തിന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ മേല്‍ ചുമത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹ കുറ്റങ്ങള്‍ ഒഴിവാക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ സര്‍വകലാശാല നടപടി സ്വീകരിക്കണമെന്ന് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന പ്രതിഷേധത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളും പങ്കെടുക്കുമെന്ന് മുന്‍ ജെഎന്‍യു എസ് യു പ്രസിഡന്റ് അശുതോഷ് പറഞ്ഞു. ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയും എന്നതിനാല്‍ അവര്‍ ഞങ്ങളെ ഭയപ്പെട്ടുന്നുവെന്ന് ഉമര്‍ ഖാലിദും വ്യക്തമാക്കി.

ആഭ്യന്തര അന്വേഷണം നടത്താന്‍ ജാദവ് പൂര്‍ സര്‍വകലാശാല വിസിക്ക് തീരുമാനിക്കാന്‍ കഴിയുമെങ്കില്‍ എന്തു കൊണ്ട് നമ്മുടെ വിസി അതിന് മുതിരുന്നില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ രമാനാഗ ചോദിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍