UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് വാദം പൊളിയുന്നു; കനയ്യയ്ക്ക് എതിരായ ദേശദ്രോഹ കുറ്റം ഒഴിവാക്കിയേക്കും

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനുമേല്‍ ഡല്‍ഹി പൊലീസ് ചുമത്തിയിരിക്കുന്ന ദ്രോശദ്രോഹ കുറ്റം ഒഴിവാക്കിയേക്കും. ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. കനയ്യ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന് തെളിവ് കണ്ടെത്താന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. മറിച്ച് സീ ന്യൂസ് ചാനല്‍ നല്‍കിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് നടത്തിയതും രാജ്യദ്രോഹക്കുറ്റം ചുമത്തിയതും. 

തങ്ങളുടെ പക്കല്‍ ആവശ്യത്തിന് തെളിവുണ്ടെന്ന വാദമാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി അവകാശപ്പെടുന്നത്. എന്നാല്‍ കനയ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ തങ്ങള്‍ എതിര്‍ത്തേക്കില്ലെന്ന് കഴിഞ്ഞ ദിവസം ബസ്സി സൂചിപ്പിച്ചത് പോലീസിന്റെ വാദങ്ങള്‍ ദൂരബലമാകുന്നു എന്നതിന്റെ സൂചനയായിരുന്നു. ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് വീണ്ടും വാര്‍ത്താ ചാനലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പൊലീസിന്റെ കൈയില്‍ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെങ്കിലും അതിലെ ശബ്ദം വ്യക്തമല്ലെന്നും കനയ്യ യഥാര്‍ത്ഥത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയോ എന്ന തിരിച്ചറിയാന്‍ ആകുന്നില്ലെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. തെളിവില്ലെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഡല്‍ഹി പൊലീസ് രാജ്യദ്രോഹ കുറ്റം ഒഴിവാക്കും.

എ.എബി.വി.പി സംഘടനയില്‍പ്പെട്ട ചില വിദ്യാര്‍ത്ഥികളാണ് വാര്‍ത്താ ചാനലുകള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ കൈമാറിയത്. ഫെബ്രുവരി ഒമ്പതിന് നടന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ രണ്ട് ചാനലുകള്‍ മാത്രമാണ് എത്തിയിരുന്നത്. അതില്‍ സീ ന്യൂസ് ആകട്ടെ, കനയ്യ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ദേശദ്രോഹ മുദ്രാവാക്യം മുഴക്കി എന്ന ആരോപിച്ചായിരുന്നു തുടക്കം മുതല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കനയ്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ ദേശദ്രോഹ കുറ്റം ചുമത്താന്‍ ഡല്‍ഹി പോലീസ് പ്രധാനമായും  ഉപയോഗിച്ചതും സീ ന്യൂസിന്റെ റിപ്പോര്‍ട്ടുകളായിരുന്നു എന്നും സൂചനയുണ്ട്. 

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ രണ്ട് സംഘങ്ങള്‍ പ്രകടനം നടത്തിയപ്പോള്‍ ഒരു പൊലീസ് സംഘം അവിടെ ഉണ്ടായിരുന്നുവെന്ന് ഡല്‍ഹി പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നു.

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടയാള്‍ക്ക് ജാമ്യം നല്‍കാന്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. കനയ്യയുടെ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കേണ്ടി വരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍