UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങളുടെ ശത്രുരാജ്യത്തുള്ളവരാണ് ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യര്‍; ഇത് രാജ്യദ്രോഹമാണോ?

Avatar

(ചലചിത്ര താരവും കോണ്‍ഗ്രസ് നേതാവുമായ രമ്യ, പാകിസ്ഥാന്‍ നരകമല്ല എന്നു പ്രസ്താവിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം നേരിടുകയാണ്. തന്റെ കുട്ടിക്കാലം ചെലവിട്ട വീട് കാണാനുള്ള ഒരമ്മയുടെ ആഗ്രഹം സഫലമാക്കാന്‍, ഇന്ത്യയില്‍ പലരും ശത്രുദേശമായി കാണുന്ന ഒരിടത്തേക്കൊരുക്കിയ അസുലഭയാത്ര. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മാന്ദെര്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

 

വിഭജനത്തിന്റെ ദുരന്തദിനങ്ങളില്‍ 18 വയസുള്ളപ്പോള്‍ എന്റെ അമ്മയ്ക്ക്  അവരുടെ ജന്‍മനഗരമായ റാവല്‍പ്പിണ്ടി ഉപേക്ഷിച്ചുപോരേണ്ടിവന്നു. അവരൊരിക്കലും മടങ്ങിപ്പോയിരുന്നില്ല. അമ്മയ്ക്ക് 75 വയസായപ്പോള്‍, സാധ്യമെങ്കില്‍ അവര്‍ ജനിച്ചുവളര്‍ന്ന വീട്ടിലേക്കും നഗരത്തിലേക്കും കൊണ്ടുപോവുകയായിരിക്കും അമ്മയ്ക്ക് നല്‍കാവുന്ന എന്നത്തേയും മികച്ച സമ്മാനം എന്നു ഞാന്‍ കരുതി.

 

ഞാന്‍ പാകിസ്ഥാനിലെ എന്റെ സുഹൃത്തുക്കള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് ഇ-മെയില്‍ അയച്ചു. അവര്‍ ഉടന്‍ തന്നെ ആവേശപൂര്‍വം സ്വാഗതം ചെയ്തു. “ഒരു വിസ സംഘടിപ്പിക്കൂ, ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം.” എന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും ഞാന്‍ വിസയ്ക്കായി അപേക്ഷ നല്‍കി. ഒരു ചെറിയ ഇന്ദ്രജാലമെന്നോണം എല്ലാവര്‍ക്കും വിസ കിട്ടി. ഞാന്‍ യാത്രയ്ക്കുള്ള  വിമാന ടിക്കറ്റെടുത്തു. അധികം വൈകാതെ യാത്രയായി.

 

ഊഷ്മളമായ സ്വീകരണം
ഞങ്ങള്‍ ലാഹോറിലെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ വിമാനത്താവളത്തില്‍ നിന്നും ഞങ്ങളെ ഇസ്ലാമാബാദിലെ വീട്ടിലേക്ക് കൊണ്ടുപോയി. ആദ്യമൊക്കെ എന്റെ അമ്മയ്ക്ക് അല്പം പരിഭ്രമുണ്ടായിരുന്നെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഒരുപക്ഷേ ഹിംസാത്മകമായ ആ പലായനത്തിന്റെ ഓര്‍മ്മകളായിരിക്കാം; അല്ലെങ്കില്‍ പല ഇന്ത്യക്കാര്‍ക്കും ഇതൊരു ശത്രുരാജ്യമാണെന്നും ഇപ്പോഴിതോരു വിദേശരാജ്യമാണെന്നുമുള്ള തോന്നലായിരിക്കാം കാരണം. ഇസ്ലാമാബാദിലേക്കുള്ള കാര്‍ യാത്രയില്‍ അമ്മ പതുക്കെ സന്തോഷവതിയാകുന്നത് ഞാന്‍ കണ്ടു. എന്റെ സുഹൃത്തുക്കളും കാര്‍ ഡ്രൈവറും പറഞ്ഞിരുന്ന അവരുടെ കുട്ടിക്കാലത്തേതുപോലുള്ള പഞ്ചാബി അമ്മയെ ആഹ്ലാദിപ്പിച്ചു. മാറ്റങ്ങള്‍ വന്ന വഴിയോരങ്ങളില്‍ അവര്‍ കണ്ണുനട്ടിരുന്നു. അമ്മ പഞ്ചാബില്‍ താമസിച്ചിരുന്ന കാലത്ത് ഇസ്ലാമാബാദ് ഇല്ലായിരുന്നു.

 

ഇസ്ലാമാബാദില്‍ എന്റെ സുഹൃത്തുക്കളുടെയും അവരുടെ പരിചയക്കാരുടെയും മാതാപിതാക്കളുടെയും വീടുകളിലേക്ക് ഞങ്ങളെ ക്ഷണിച്ചു. അവരൊരുക്കിയ പഞ്ചാബി കവിതാ സായാഹ്നങ്ങളും അത്താഴവിരുന്നുകളും എന്റെ അച്ഛനമ്മമാരെ സന്തോഷിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത് എന്റെ അമ്മ വേനല്‍ക്കാലങ്ങള്‍ ചെലവഴിച്ച മുരീയിലെ ഹില്‍ സ്റ്റേഷനിലേക്ക് ഞങ്ങള്‍ പോയി.

 

എന്റെ അമ്മയ്ക്ക് ഒരാഗ്രഹം കൂടിയുണ്ടായിരുന്നു. റാവല്‍പ്പിണ്ടിയില്‍ ജനിച്ചുവളര്‍ന്ന ആ കോളനിയിലേക്ക് പോകാനാകുമോ? എന്റെ അച്ഛനും അദ്ദേഹം പഠിച്ച റാവല്‍പ്പിണ്ടിയിലെ പ്രസിദ്ധമായ ഗോര്‍ഡന്‍ കോളേജില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

 

വീട്ടിലേക്കൊരു മടക്കം
കുട്ടിക്കാലത്ത് ജീവിച്ചിരുന്ന കോളനിയുടെ പേര് ഗവല്‍ മണ്ടി എന്നാണെന്ന് അമ്മ ഓര്‍ത്തെടുത്തു. എന്റെ സുഹൃത്തുക്കള്‍ക്ക് ആ സ്ഥലം നന്നായി അറിയാമായിരുന്നു. അതിപ്പോള്‍ ഉയര്‍ന്ന ഇടത്തരക്കാരുടെ താമസപ്രദേശമാണ്. അവിടെയെത്തിയപ്പോള്‍ അമ്മ തന്റെ വീടിരുന്ന സ്ഥലം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഏതാണ്ട് അസാധ്യം എന്നുതന്നെ തോന്നി. എല്ലാം മാറിയിരുന്നു; പുതിയതായിരുന്നു. പഴയ വീടുകളെല്ലാം പൊളിച്ചു പണിത് പുതിയ വലിയ മാളികകള്‍ വന്നിരിക്കുന്നു. അവരുടെ ഗുരുദ്വാര ഇരുന്ന സ്ഥലം അമ്മ കണ്ടുപിടിച്ചു. അതിപ്പോള്‍ ഒരു ആരോഗ്യകേന്ദ്രമാണ്. പക്ഷേ അമ്മയുടെ വീട് കണ്ടുപിടിക്കാനാകാതെ ഞങ്ങള്‍ ഏതാണ്ട് നിരാശരായി. ഇത്രയും കൊല്ലങ്ങള്‍ക്കുശേഷം അതവിടെ ഉണ്ടാകുമോ എന്നുപോലും ഞങ്ങള്‍ക്ക് സംശയമായിരുന്നു.

 


ഹര്‍ഷ് മാന്ദെര്‍

 

ഞങ്ങള്‍ മടങ്ങാന്‍ തുടങ്ങവേയാണ് പഴയ വീടുകളിലൊന്നിന്‍റെ മട്ടുപ്പാവിലെ അലങ്കാരപ്പണികളിലേക്ക് അമ്മ കൈ ചൂണ്ടിയത്. “എനിക്കിതോര്‍മ്മയുണ്ട്. കാരണം ആ ചിത്രപ്പണിയെക്കുറിച്ച് എന്റെ അച്ഛന് വലിയ അഭിമാനമായിരുന്നു. അയല്‍പ്പക്കത്തൊന്നും അങ്ങനെയൊന്ന് ഇല്ലായെന്ന് അച്ഛന്‍ പറഞ്ഞിരുന്നു,” അമ്മ പറഞ്ഞു.

 

ഒന്നു ശ്രമിച്ചുനോക്കാമെന്ന് കരുതി ഞങ്ങള്‍ ആ വീട്ടുവാതിലില്‍ മുട്ടി. മധ്യവയസ്കനായ ഒരാളാണ് വാതില്‍ തുറന്നത്. ആരെക്കാണാനാണ് വന്നതെന്നു ചോദിച്ചു. അമ്മ ക്ഷമാപണസ്വരത്തില്‍ പറഞ്ഞു, “ബുദ്ധിമുട്ടിച്ചതിലും ഇങ്ങനെ പെട്ടന്നു കടന്നുവന്നതിലും ക്ഷമിക്കണം. പക്ഷേ, ഇന്ത്യയിലേക്ക് പോകേണ്ടിവരും മുമ്പ്, വിഭജനത്തിന് മുമ്പ് ഗവാല്‍ മണ്ടിയിലാണ് ഞാന്‍ എന്റെ കുട്ടിക്കാലത്ത് ജീവിച്ചത്. ഇതായിരുന്നിരിക്കാം എന്റെ വീടായിരുന്നത് എന്നു തോന്നുന്നു.”

 

വീടുടമസ്ഥന്റെ പ്രതികരണം പെട്ടെന്നായിരുന്നു. “അമ്മേ, എന്തിനാണ് ഇത് നിങ്ങളുടെ വീടായിരുന്നു എന്നു പറയുന്നത്? ഇതിപ്പോഴും നിങ്ങളുടെ വീടാണ്. സ്വാഗതം, വന്നാലും.” അയാള്‍ ഞങ്ങളെ ഉള്ളിലേക്ക് കൊണ്ടുപോയി.

 

അല്‍പസമയം കൊണ്ടുതന്നെ അതായിരുന്നു കുട്ടിക്കാലത്തെ വീടെന്ന് അമ്മ സ്ഥിരീകരിച്ചു. ഒരു സ്വപ്നത്തിലെന്നവണ്ണം അമ്മ മുറികളില്‍ നിന്നും മുറികളിലേക്ക് പോയി നോക്കി. പിന്നെ മേല്‍പ്പുരയിലേക്ക്. വീടിന്റെ ഓരോ മൂലയിലും മറഞ്ഞിരിക്കുന്ന ബാല്യകാലത്തെ ഓര്‍മ്മകളെ അമ്മ ഓര്‍ത്തെടുത്തു. ഡല്‍ഹിയില്‍ മടങ്ങിയെത്തി മാസങ്ങള്‍ക്കുശേഷവും തന്റെ സ്വപ്നങ്ങളില്‍ ആ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിറയുന്നത് അമ്മ എന്നോടു പറയുമായിരുന്നു.

 

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീട്ടുടമസ്ഥരോട് നന്ദി പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങി. പക്ഷേ അവരതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. “നിങ്ങള്‍ നിങ്ങളുടെ കുട്ടിക്കാലത്തെ വീട്ടിലേക്കാണ് വന്നിരിക്കുന്നത്. എന്നിട്ട് ഞങ്ങളോടോത്തു ഭക്ഷണം കഴിക്കാതെ നിങ്ങളെയെങ്ങനെ പറഞ്ഞയക്കും?” ഞങ്ങളുടെ എതിര്‍പ്പുകളൊന്നും അവര്‍ പരിഗണിച്ചില്ല. ഞങ്ങളുടെ എട്ടംഗ സംഘത്തിനും ഭക്ഷണം തയ്യാറായി. ഞങ്ങള്‍ക്ക് മാത്രമല്ല, ഞങ്ങളുടെ പാകിസ്ഥാനി സുഹൃത്തുക്കള്‍ക്കും. ഞങ്ങള്‍ വയര്‍ നിറച്ചു ഭക്ഷണം കഴിച്ചെന്നുറപ്പുവരുത്തിയെ അവര്‍ ഞങ്ങളെ വിട്ടുള്ളൂ.

 

പാകിസ്ഥാനിലേക്ക് യാത്രാസംഘങ്ങള്‍
ഞങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ ഞങ്ങളുടെ യാത്രാസാഹസത്തിന്റെ കഥ കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും പടര്‍ന്നു. അടുത്ത വര്‍ഷം, വീല്‍ ചെയറിനെ ആശ്രയിക്കുന്ന എന്റെ ഭാര്യാമാതാവ് അവരെയും അവരുടെ പാകിസ്ഥാനിലെ ബാല്യകാല ഗൃഹം കാണിക്കാന്‍ കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിച്ചു. ഇത്തവണ ഗുജ്റാന്‍വാലയായിരുന്നു. എന്റെ മാതാപിതാക്കളെ വിജയകരമായി കൊണ്ടുപോയതിന്റെ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഒപ്പം പല പ്രായമായ അമ്മാവന്മാരും അമ്മായിമാരും ചേര്‍ന്ന്. ഒടുവില്‍ ഞാനും ഭാര്യയും ആറ് വൃദ്ധരെയും കൂട്ടി പാകിസ്ഥാനിലേക്ക് തിരിച്ചു. ഞങ്ങളുടെ അനുഭവം ആദ്യത്തേതില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ഗുജ്രന്‍വാലാ ഗ്രാമത്തിലെ അവരുടെ പഴയ ഹവേലിയുടെ ഉടമസ്ഥന്‍ എന്റെ ഭാര്യാമാതാവിനെ വീല്‍ച്ചെയറിലിരുത്തി ആ വലിയ മാളിക മുഴുവന്‍ കാണിച്ചുകൊടുത്തു. ഭക്ഷണത്തിനുശേഷം അയാള്‍ അവരോടു ചോദിച്ചു, “നിങ്ങളുടെ കൃഷിയിടം ഒന്നു കണ്ടുവരണ്ടേ?”

 

രണ്ടു സന്ദര്‍ശനങ്ങളിലും എന്റെ ഭാര്യ തുണികളോ ചെരുപ്പോ കരകൌശല വസ്തുക്കളോ അങ്ങനെയെന്ത് വാങ്ങാന്‍, ഏത് കടയില്‍ കയറിയാലും ഇന്ത്യയില്‍ നിന്നാണെന്നറിഞ്ഞാല്‍ കടക്കാര്‍ വലിയ വിലക്കുറവ് നിര്‍ബന്ധിച്ച് തരുമായിരുന്നു. “നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്,” അവര്‍ പറയും. “എങ്ങനെയാണ് വിരുന്നുകാര്‍ക്ക് മേല്‍ ലാഭമെടുക്കാന്‍ കഴിയുക?”

 

ഈ യാത്രകളുടെ വാര്‍ത്ത വീണ്ടും പരന്നതോടെ മധ്യപ്രദേശിലെ ബര്‍വാണി എന്ന ചെറിയ പട്ടണത്തില്‍  കുഷ്ഠരോഗം ബാധിച്ചവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആശാഗ്രാം എന്ന എന്‍ജിഒ, അവരുമായി എനിക്ക് നീണ്ടകാലത്തെ ബന്ധമുണ്ട്, അവര്‍ക്കും ഇത്തരമൊരു സന്ദര്‍ശനം പാകിസ്ഥാനിലേക്ക് ഒരുക്കാന്‍ ആവശ്യപ്പെട്ടു.

 

ഒരിക്കല്‍ക്കൂടി പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ വിസ അനുവദിച്ചു. ഇത്തവണ ഒറ്റക്കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ; അവരെല്ലാം സസ്യാഹാരികളായിരുന്നു. ഭക്ഷണമൊഴിച്ച്, പാകിസ്ഥാനില്‍ ചെലവിട്ട ഒരാഴ്ച്ച അവര്‍ ശരിക്കും ആസ്വദിച്ചു. എല്ലാ രാത്രിയും വഴിയരികിലെ കടയില്‍ നിന്നും ജ്യൂസ് കുടിക്കാന്‍ അവര്‍ ചെല്ലും. ഓരോ രാത്രിയും അവര്‍ ഓരോ പുതിയ കട കണ്ടുപിടിക്കും. പക്ഷേ ഒന്നുമാത്രം ആവര്‍ത്തിച്ചു. ഒരൊറ്റ കടക്കാരനും പണം വാങ്ങിയില്ല. “ഇന്ത്യയില്‍ നിന്നുള്ള അതിഥികളില്‍ നിന്നും ഞങ്ങള്‍ പണം വാങ്ങില്ല,” ഓരോ തവണയും ഓരോ കടക്കാരനും പറഞ്ഞു. ഒരാഴ്ച്ച മുഴുവന്‍ ഇതുതന്നെ സംഭവിച്ചു.

 

കഴിഞ്ഞ 60 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ലോകത്തിലെ പല രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പാകിസ്ഥാനിലേതുപോലെ ഹൃദ്യമായ, മര്യാദയുള്ള ഒരു ജനതയെ ഞാന്‍ കണ്ടിട്ടില്ല.

 

ഈ പ്രഖ്യാപനമാണ് എന്റെ ഏറ്റവും പുതിയ രാജ്യദ്രോഹക്കുറ്റം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍