UPDATES

വായന/സംസ്കാരം

ചുവര്‍ചിത്രകലയിലെ ആണ്‍കുത്തക തകര്‍ത്ത് ഒരു ചിത്രകാരി; സീമ സുരേഷിന്റെ വിശേഷങ്ങള്‍

ചുമര്‍ചിത്ര വര തീണ്ടാപ്പാടകലയല്ല; കാലത്തിന്റെ ചുമരെഴുത്തുമായി ഒരു പെണ്‍വര

ചുമര്‍ചിത്രം വരയ്ക്കാന്‍ സ്ത്രീകളെ ഏല്‍പ്പിക്കുന്നത് വളരെ അപൂര്‍വമാണ്. പഞ്ച വര്‍ണത്തില്‍ ചാലിച്ചെടുക്കുന്നത് ഐതീഹ്യവും വിശ്വാസവും ഭക്തിയും കൂട്ടുപിണഞ്ഞ ചിത്രങ്ങളാണ്. എറണാകുളം തമ്മനം അനന്തപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ചുവരിലാണ് സീമ സുരേഷ് ചിത്രമെഴുതുന്നത്. ഗുരുവായൂരപ്പന്റെയും രാധാമാധവ ചിത്രമാണ് വരയ്ക്കുന്നത്.

പുരാണ കഥകളിലെ കണ്ണനും ശ്രീരാമനും മനസില്‍ നിറഞ്ഞപ്പോള്‍ ചുവര്‍ചിത്ര കലയോടായി ഭ്രമം. ദക്ഷിണ വയ്ക്കാന്‍ കൊതിച്ചത് ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ചിത്രകലാലയത്തിലായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് തീണ്ടാപ്പലക നിലനിന്നതിനാല്‍ ആഗ്രഹം നടന്നില്ല. മാഹിയിലെ മലയാള കലാഗ്രാമത്തില്‍ ചേര്‍ന്നാണ് ചുവര്‍ചിത്രകല പഠിച്ചത്.

പുരാണങ്ങളോടുള്ള ഇഷ്ടംകൂടിയായതോടെ കേരളത്തില്‍ ചുവര്‍ചിത്രകല ആദ്യമായി അഭ്യസിച്ച പെണ്‍കുട്ടികളില്‍ ഒരാളായി. ചുമര്‍ച്ചിത്രങ്ങള്‍ എന്നും അതത് ദേശത്തിന്റെ ബിംബങ്ങളും വിശ്വാസങ്ങളുമാണ് പ്രതിഫലിപ്പിക്കുന്നത്. പൗരാണികമായ വിശ്വാസങ്ങളേയും ഇതിഹാസ തുല്യമായ സംഭവങ്ങളേയും കഥാപാത്രങ്ങളെയുമെല്ലാം അവ പഞ്ചവര്‍ണ്ണത്തിന്റെ മനോഹാരിതയില്‍ പൂര്‍ത്തിയാക്കുന്നു . പുരാണങ്ങളാണ് എപ്പോഴും ചുമര്‍ച്ചിത്രങ്ങളുടെ ജീവവായു. ബൈബിളും മറ്റു വിശ്വാസ ഗ്രന്ഥങ്ങളിലെ സന്ദര്‍ഭങ്ങളും ഇടയ്‌ക്കെല്ലാം വിഷയങ്ങളായി എത്തും.

നമുക്കു പരിചതമായ, കണ്ണിലും കരളിലുമായി നമ്മള്‍ അനുഭവിച്ച് അറിഞ്ഞ തനി കേരളീയ കലാരൂപങ്ങള്‍ ചുമര്‍ച്ചിത്രങ്ങളില്‍ സന്നിവേശിക്കുക അപൂര്‍വ്വമാണ്. എല്ലാ തലാരൂപങ്ങളും ഒരുമിച്ച് ഒരുക്യാന്‍വാസില്‍ ജീവനോടെ തുടിച്ചു നില്‍ക്കുന്നത് അത്യപൂര്‍വ്വവും. സഹായിയായ സജി അരൂരിനൊപ്പം കഥകളി, തെയ്യം, കളരിപ്പയറ്റ്, വള്ളംകളി, മോഹിനിയാട്ടം, തൃശൂര്‍പ്പൂരം തുടങ്ങിയവയെല്ലാം ഒരേ ക്യാന്‍വാസില്‍ ഒരുക്കുകയാണ് സീമ. രൗദ്രവും കരുണവും മോഹനവുമെല്ലാം പഞ്ചവര്‍ണ്ണങ്ങളുടെ ചേരുവയില്‍ നിറഞ്ഞു നില്‍ക്കുന്നു.

എട്ടടി നീളവും അഞ്ചടി ഉയരവുമുള്ള വലിയ ക്യാന്‍വാസിലാണ് കേരളീയ പാരമ്പര്യ കലാരൂപങ്ങളെല്ലാം ഒന്നിച്ചു ചേരുന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് ചിത്രം പൂര്‍ത്തിയാക്കുന്നത്.

കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഇന്‍ ആര്‍ട്ട് എന്ന ചിത്രകലാ പരിശീലന കേന്ദ്രത്തിന്റെ അമരക്കാരിയാണ് സീമ. ചിത്രകലയുടെ കുലപതികളായ എം.വി ദേവന്റെ ശിക്ഷണത്തിലാണ് സീമ ചിത്രകല അഭ്യസിച്ചത്.

പതിനഞ്ചു വര്‍ഷത്തോളമായി ചിത്രരചനയും അധ്യാപനവും തുടരുന്ന സീമ കേരളത്തിനകത്തും ദുബൈയിലുമെല്ലാം ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍ മിസ് യൂണിവേഴ്‌സ് നതാലി ഗ്ലബോവ അടക്കമുള്ള പ്രമുഖര്‍ സീമയുടെ ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. ചിത്രകലാ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് കേരളീയ കലാരൂപങ്ങള്‍ സമന്വയിപ്പിച്ചുള്ള ഭീമന്‍ ചിത്രമെന്ന് സീമ പറഞ്ഞു. അമേരിക്കന്‍ മലയാളിയായ അജീഷ് നായര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം നിരവധി പുതിയ പരീക്ഷണങ്ങളും സീമയും സജിയും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെതന്നെ ഏറ്റവും വലിയ ഗുരുവായൂരപ്പന്‍ ചുമര്‍ചിത്രം ആര്‍ട്ട് ഇന്‍ ആര്‍ട്ടില്‍ ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഏഴടിയോളമാണ് നില്‍ക്കുന്ന ഗുരുവായൂരപ്പന്‍ ചിത്രത്തിന്റെ ഉയരം. ഒമ്പതടി ഉയരത്തിലുള്ള ശ്രീരാമ ചിത്രമാണ് അടുത്ത അത്ഭുതം. ഇതിന്റെ രചന അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഗണപതിയുടെ വ്യത്യസ്ത ഭാവങ്ങള്‍, രാധാ മാധവം, കണ്വാശ്രമത്തിലെ ശകുന്തള, നടന മുദ്രകള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ചുമര്‍ച്ചിത്രത്തിന്റെ മനോഹാരിതയില്‍ ഇവര്‍ ഒരുക്കിയിട്ടുണ്ട്.

പന്ത്രണ്ടു വര്‍ഷത്തിലധികമായി കൊച്ചി പാലാരിവട്ടത്ത് തമ്മനം റോഡില്‍ ആര്‍ട്ട് ഇന്‍ ആര്‍ട്ട് എന്ന പേരില്‍ ചിത്രകലാ വിദ്യാലയവും സീമ നടത്തുന്നുണ്ട്. അഞ്ചു വയസ്സു മുതലുള്ള കുട്ടികള്‍ മുതല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള പ്രൊഫഷണലുകള്‍ വരെ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. താന്‍ പഠിച്ച കല പരമാവധി പേരിലേക്ക് പകര്‍ന്നു കൊടുക്കണം എന്നാണ് സീമയുടെ ആഗ്രഹം. കല കലയാകുന്നത് അത് ജനകീയമാകുമ്പോള്‍ ആണെന്നും സീമ വിശ്വസിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

സി ബി ശ്രീനിവാസ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍