UPDATES

ഓഫ് ബീറ്റ്

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ജീവിതം; അല്ല, പോരാട്ടം

ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് ഒരു സ്റ്റാര്‍ ആണ് വിനീത്; ഒരു തരത്തിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രവും പ്രയോഗിക്കാതെ രണ്ടു വര്‍ഷം കൊണ്ട് വിനീത് അണിയിച്ചൊരുക്കിയത് 250നു മേല്‍ വധുക്കളെയാണ്

കര്‍ക്കിടകത്തില്‍ പൊതുവേ മംഗള കര്‍മ്മങ്ങള്‍ നടത്താറില്ല. വിവാഹം പ്രത്യേകിച്ചും. പല ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അതൊരു പഞ്ഞമാസം തന്നെയാണ്. പക്ഷേ വിനീതിന് അങ്ങനെയൊന്നുണ്ടാവാറില്ല.

ഇന്ന് കര്‍ക്കിടകം 19. ഈ മാസം തുടങ്ങിയ ശേഷം അഞ്ചോളം വര്‍ക്കുകള്‍ വിനീതിനെ തേടിയെത്തി. ഇനിയങ്ങോട്ട് ചിങ്ങം അവസാനം വരെ നിന്നു തിരിയാന്‍ സമയമില്ലാത്ത രീതിയില്‍ തിരക്ക്. തിരക്കിനിടയില്‍ അല്‍പ്പ സമയം തിരുവനന്തപുരം നഗരത്തിന്റെ തിരക്കില്‍ നിന്നുമകന്ന് ശ്രീകാര്യം എസ്എന്‍ കോളേജില്‍ നിന്നും ഏകദേശം നാല് കിലോമീറ്ററോളം ദൂരെ റിലയബിള്‍ ഗാര്‍ഡന്‍സിലുള്ള ഗായത്രി എന്ന വാടകവീട്ടില്‍ അവര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. വര്‍ക്കിനു ശേഷം വന്നു കയറിയതിന്റെ എല്ലാ ലക്ഷണങ്ങളും വീട്ടിലേക്ക് കയറുമ്പോള്‍ കാണാന്‍ കഴിയും.

ഹാളിന്റെ നടുവില്‍ പ്രൊഫഷണല്‍ മേക്കപ്പ് ബോക്‌സ് അതേപോലെയിരിപ്പുണ്ട്. കൂടെ രണ്ടു ട്രാവല്‍ ബാഗുകളും ചെറിയ കിറ്റുകളും. ഹാളില്‍ത്തന്നെയുള്ള ടീപ്പോയില്‍ ചാര്‍ജ്ജ് ചെയ്യാനിട്ട രീതിയില്‍ മൊബൈലും.

ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് ഒരു സ്റ്റാര്‍ ആണ് വിനീത്. ഇതേ ഫീല്‍ഡിലുള്ളവരെപ്പോലെ ഒരു ഓഫീസോ മറ്റോ ഇല്ലാതെയാണ് വിനീതിന്റെ പ്രവര്‍ത്തനം. ഒരു തരത്തിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രവും പ്രയോഗിക്കാതെ രണ്ടു വര്‍ഷം കൊണ്ട് വിനീത് അണിയിച്ചൊരുക്കിയത് 250നു മേല്‍ വധുക്കളെയാണ്.  ക്ലൈന്റ്‌സ് തന്നെയാണ് മൌത്ത് ടു മൌത്ത് പ്രൊമോഷനിലൂടെ വിനീതിനു വേണ്ടി മാര്‍ക്കറ്റിംഗ് ചെയ്യുന്നതും.

ഇനി അത്ര ചെറുതല്ലാത്ത ഒരു തിരുത്ത്; ഇപ്പോള്‍ വിനീതല്ല… സീമയാണ്.

വിനീതെന്ന പുരുഷനില്‍ നിന്നും സീമയിലേക്ക് അവര്‍ മാറിക്കഴിഞ്ഞു. താന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്, എന്നാല്‍ അതൊരു കുറവല്ല എന്നു തിരിച്ചറിഞ്ഞ് സീമ ജീവിക്കുന്നു. സമൂഹത്തില്‍ നിന്നും അകന്നല്ല, ഒരിക്കല്‍ തന്നെ മാറ്റിനിര്‍ത്തിയ സമൂഹത്തെക്കൊണ്ടു തന്നെ സീമയെന്ന വ്യക്തിയെ അംഗീകരിപ്പിച്ച്.

ചുറ്റുമുള്ള ലോകം ഇപ്പോഴും പൂര്‍ണ്ണമായി അവന്‍ അവള്‍ ആയി മാറിയതിനോടു പൊരുത്തപ്പെട്ടിട്ടില്ലെങ്കിലും സീമ തന്റെ വഴി സ്വയം തെളിച്ചു മുന്നോട്ടു പോവുകയാണ്. ഉള്ളില്‍ ഒരു സ്ത്രീയുണ്ട് എന്ന് തിരിച്ചറിഞ്ഞ നാള്‍ മുതല്‍ നേരിടാന്‍ തുടങ്ങിയ വെല്ലുവിളികള്‍ ഓരോന്നും മറികടന്നു പുതിയതിനെക്കണ്ടു പിന്മാറാതെ വീണ്ടും മുന്നോട്ട്…ഉയരങ്ങളിലേക്ക്…

തിരുവനന്തപുരം പുളിയറക്കോണം സ്വദേശിയാണ് സീമ. അമ്മയും അമ്മൂമ്മയും അനിയനും അവിടെത്തന്നെയുണ്ട്. എല്ലാ പിന്തുണയോടെ സീമയുടെ ഭര്‍ത്താവും നാട്ടിലുണ്ട്. പീഡിയാട്രീഷ്യന്‍ ആയ അദ്ദേഹം ഇപ്പോള്‍ തൃശൂര്‍ ഒരു ആശുപത്രിയില്‍ സേവനമനുഷ്ടിക്കുകയാണ്.

‘ഭിന്നലിംഗക്കാര്‍ എന്ന് മുദ്രകുത്തി സമൂഹം മാറ്റിനിര്‍ത്തിയ എല്ലാവരെയും പോലെ തന്‍റെ കുട്ടിക്കാലവും ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു.’

ഗായത്രിയിലെ ഹാളില്‍ ഫാനിനു കീഴെയിട്ട ഒരു കുട്ടിക്കസേരയില്‍ ചാരി സീമ അവരുടെ ജീവിതകഥ പറഞ്ഞു തുടങ്ങി.

‘പ്ലസ് ടു വരെ വിദ്യാഭ്യാസം.പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അപ്പോഴേക്കും എന്നെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലായി. കളിയാക്കലും ശല്യവും ഒക്കെ കാരണം പഠനം  നിര്‍ത്തേണ്ടി വന്നു.

ഞാന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആണ് അല്ലെങ്കില്‍ എന്റെയുള്ളില്‍ ഒരു സ്ത്രീയുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സമയമാണ്. സ്‌കൂള്‍ സമയത്ത് ഞാന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ ഇരുത്തുന്ന സമയത്ത് എന്റെ സ്ഥാനം എവിടെയാണ് എന്ന് തീരുമാനിക്കാന്‍ കഷ്ടപ്പെടേണ്ടി വന്നു. പഠിക്കുന്നതും കളിയ്ക്കാന്‍ പോകുന്നതും എല്ലാം വെവ്വേറെ. വല്ലാതെ ഒറ്റപ്പെട്ടു പോയി. ബോയ്‌സിന്റെ കൂടെ എനിക്ക് ഇടപെടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ കൂടെ ഇരിക്കാനും അവരോടൊപ്പം ഗെയിംസില്‍ പങ്കെടുക്കാനും ആയിരുന്നു താത്പര്യം. അവരും അനുവദിക്കാറില്ല. അപ്പോഴേക്കും ഒരു ക്ലാസ്സില്‍ ഞാന്‍ ഒറ്റയ്ക്കായി.രണ്ടിടത്തും എനിക്ക് കൂട്ടുകാര്‍ ഇല്ലാതെയായി. പോകുന്നതും വരുന്നതും എല്ലാം ഒറ്റയ്ക്ക്.

അപ്പോള്‍ ഞാന്‍ കരുതിയിരുന്നത് ഈ ലോകത്ത് എനിക്ക് മാത്രമേ ഇങ്ങനെ ഒരു വ്യത്യാസം ഉള്ളൂ എന്നായിരുന്നു.

വര്‍ഷങ്ങള്‍ കഴിയും തോറും എനിക്ക് മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. ഗേള്‍സ്‌ ഉപയോഗിക്കുന്ന തരം വസ്ത്രങ്ങള്‍. നെയില്‍ പോളിഷ്, ആഭരണങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ആയിരുന്നു എനിക്ക് താത്പര്യം.

വീട്ടില്‍ കുടുംബക്കാര്‍ ഒത്തുകൂടുമ്പോള്‍ സ്ത്രീകളുടെ സൈഡില്‍ മാത്രമേ ഞാന്‍ നില്ക്കു കയുള്ളൂ. അമ്മാവന്മാരും ചെറിയച്ഛനും അനിയനും ഒക്കെ നില്ക്കു ന്നയിടത്തു നിന്നും ഞാന്‍ പതുക്കെ അമ്മയും അമ്മായിമാരും മറ്റു സ്ത്രീകളും നില്ക്കുന്നയിടത്തേക്ക് മാറും. അവരോടൊപ്പം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ കേട്ട് ഞാന്‍ അങ്ങനെയിരിക്കും. പക്ഷേ ഇടയില്‍ നീയെന്തിനാ പെണ്ണുങ്ങളുടെ കൂടെയിരിക്കുന്നേ എന്നു ചോദിച്ച് അവര്‍ എന്നെ മാറ്റും.

അപ്പോള്‍ ഞാന്‍ ശരിക്കും പെട്ടുപോയ അവസ്ഥയിലായിരിക്കും. അവിടെയും ഇവിടെയും പോകാന്‍ പറ്റാതെ വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്, എല്ലാവരാലും അവഗണിക്കപ്പെട്ട്.. ഒറ്റപ്പെട്ട്.

ഫംഗ്ഷനുകളില്‍ പങ്കെടുക്കുമ്പോഴും അതുതന്നെയായിരുന്നു അവസ്ഥ. സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്തേക്ക് ആയിരിക്കും ഞാന്‍ പോവുക. സ്‌കൂളില്‍ ആയാലും മറ്റു പരിപാടികളില്‍ ആയാലും ഡാന്‍സ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ തെരഞ്ഞെടുക്കുക ഫീമെയില്‍ റോള്‍സ് ആയിരിക്കും. പാട്ടുകള്‍ പോലും അത്തരത്തില്‍ സെലക്റ്റ് ചെയ്യും. കുടുംബക്ഷേത്രത്തില്‍ ഉത്സവത്തിന് ഞങ്ങള്‍ സ്റ്റേജ് പ്രോഗ്രാംസ് പ്ലാന്‍ ചെയ്യാറുണ്ടായിരുന്നു. ഗേള്‍സിന്റെ ഡ്രസ്സായിരിക്കും ഞാന്‍ എടുക്കുക.

വളരെ ചെറുതായിരുന്നപ്പോള്‍ അതൊക്കെ വീട്ടുകാര്‍ ചിരിച്ചു തള്ളി. കുറേക്കൂടി വളര്‍ന്നപ്പോള്‍ അതും പ്രശ്‌നമായിത്തുടങ്ങി. വസ്ത്രധാരണവും നടത്തവും ഒക്കെ പ്രശ്‌നമായി ആളുകള്‍ കാണാന്‍ തുടങ്ങി.

അമ്മയില്‍ നിന്നും ചോദ്യങ്ങള്‍ ഒക്കെ വന്നു തുടങ്ങി.

നീയെന്താ ഇങ്ങനെ?

ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല. നീ ആണ്‍കുട്ടിയാണ് എന്നൊക്കെ അമ്മ പറയാന്‍ തുടങ്ങി. എന്തു ചെയ്താലും കുറ്റം. അപ്പോഴേക്കും പ്ലസ് വണ്‍ ആയി. ആളുകളുടെ ചോദ്യങ്ങളും കളിയാക്കലുകളും കൂടിത്തുടങ്ങി. 

അതുവരെ വീട്ടുകാരോടൊപ്പം ക്ഷേത്രങ്ങളില്‍ മാത്രം പോയിരുന്ന ഞാന്‍ പ്ലസ് ടു ആയപ്പോള്‍ അല്‍പ്പം കൂടി പുറത്തേക്ക് ഒക്കെ ഇറങ്ങാന്‍ തുടങ്ങി. ടൌണിലേക്ക് എത്തിയപ്പോള്‍ എന്നെപ്പോലെയുള്ളവരെ പരിചയപ്പെട്ടപ്പോള്‍ ആണ് ഞാന്‍ ഒറ്റയ്ക്കല്ല എന്ന് മനസ്സിലായത്.

ഞങ്ങള്ക്ക് പരസ്പരം മനസ്സിലാകും. ട്രാന്‌സ്‌ജെന്‍ഡറുകളുടെ വ്യക്തിത്വം അവര്‍ എത്ര മറച്ചു പിടിച്ചാലും മനസ്സിലാക്കാന്‍ മറ്റൊരു ട്രാന്‌സ്‌ജെന്‍ഡറിനു  കഴിയും. അതെങ്ങനെ സംഭവിക്കുന്നു എന്നറിയില്ല.

എന്റെ കാര്യത്തില്‍ അതില്‍ ഒരു ചെറിയ പിശക് വന്നിരുന്നു. കാരണം പ്ലസ് ടുവില്‍ പഠിക്കുന്ന സമയം വരെ ഞാന്‍ മാത്രമാണ് ഇത്തരത്തില്‍ ഉള്ളത് എന്ന് ധരിച്ചിരുന്ന എനിക്ക് അവരെ ആദ്യം മനസ്സിലായില്ല.

സിറ്റിയില്‍ വച്ച് ആണ് ഞാന്‍ അവരെ കാണുന്നത്.

എവിടെയോ പോയിട്ട് വരുന്നവഴി എന്നെ ‘ഹലോ ഹലോ’ എന്ന് പിന്നില്‍ നിന്നും ആരോ വിളിച്ചു…

മറ്റുള്ളവര്‍ എല്ലാം ചെയ്യുന്നതുപോലെ കളിയാക്കാന്‍ അല്ലെങ്കില്‍ ഉപദ്രവിക്കാന്‍ വരുന്നതാവും എന്നാണ് ഞാന്‍ കരുതിയത്. ആകെ പേടിച്ചു പോയി. സ്പീഡ് കൂട്ടി മുന്നോട്ടു പോയ എന്നോട് അവരില്‍ ഒരാള്‍ വന്നു പറഞ്ഞു. 

‘ഞങ്ങളും നിന്നെപ്പോലെയാണ്’

ഞങ്ങള്‍ പരിചയപ്പെട്ടു. എല്ലാ ദിവസവും കണ്ടു സംസാരിക്കാന്‍ തുടങ്ങി. ആരും കൂട്ടില്ലാതെ ഒറ്റപ്പെട്ട എനിക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. പിന്നീട് എല്ലാ ദിവസവും തമ്മില്‍ കാണാനും കാര്യങ്ങള്‍ പങ്കുവയ്ക്കാനും തുടങ്ങി.

എല്ലാവര്‍ക്കും അനുഭവങ്ങള്‍ ഒരു പോലെ തന്നെ. ചിലപ്പോഴൊക്കെ ക്ലാസിനു പോകാതെ അവരുടെ അടുത്തു പോകും. അന്ന് റിലൈന്‍സ് 500 രൂപയുടെ മൊബൈല്‍ ഇറക്കിയ സമയമാണ്. ഞാനും ഒന്നു വാങ്ങി. അത് കിട്ടിയതോടെ എപ്പോഴും കണക്ടഡ് ആയി.

അപ്പോഴേക്കും സ്‌കൂളിലും പുറത്തും നേരിടുന്ന കളിയാക്കലുകളുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും കട്ടി കൂടിവന്നു. ടീച്ചര്മാര്‍ തന്നെ കളിയാക്കാനും അപമാനിക്കാനും തുടങ്ങി. അതോടെ സ്‌കൂളില്‍ പോകാന്‍ മടുപ്പായി. 

അതിനിടയിലാണ് എന്റെ കൂട്ടരില്‍പ്പെട്ട ഒരാള്‍ കൊറ്റന്‍ കുളങ്ങര ക്ഷേത്രത്തിനെക്കുറിച്ച് പറയുന്നത്. ‘അവിടത്തെ ചമയവിളക്ക് എടുക്കാന്‍ പുരുഷന്മാര്‍ തന്നെ സ്ത്രീവേഷത്തില്‍ എത്താറുണ്ട്, നിനക്ക് താത്പര്യമുണ്ടെങ്കില്‍ അവിടെപ്പോവാം’ എന്ന് പറയുന്നത്.

കുടുക്കയില്‍ സൂക്ഷിച്ചു വച്ചിരുന്ന സമ്പത്ത് ഉപയോഗിച്ചാണ് കൊറ്റന്കുളങ്ങരയിലേക്ക് പോകാനുള്ള ഒരുക്കം. എന്തൊക്കെ വാങ്ങണം എന്നൊന്നും അറിയില്ല. ഡ്രസ്സും മറ്റുമൊക്കെ വാങ്ങിയതൊക്കെ സുഹൃത്തുക്കളോടൊപ്പം പോയാണ്.അവിടെച്ചെന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നു തന്നെ പറയണം. എന്നെപ്പോലെ ഒരുപാടു പേര്‍. 2005ലോ മറ്റോ ആണ് കൊറ്റന്‍ കുളങ്ങരയില്‍ ആദ്യമായി പോകുന്നത്. അതൊക്കെ രസകരമായ ഓര്‍മ്മകളാണ്. ഇപ്പോള്‍ മുടക്കാറില്ല’

സീമ മൊബൈലില്‍ കൊറ്റന്‍കുളങ്ങരയിലെ ചമയവിളക്കിന്റെ ചിത്രങ്ങള്‍ കാണിച്ചുതന്നു. ചമയവിളക്ക് ഏന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ ഒരുപാട്. സീമയെന്ന വ്യക്തിത്വത്തെ അത്രമാത്രം അവര്‍ ഇഷ്ടപ്പെടുന്നു എന്നുള്ളത് അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാന്‍ കഴിയും.
വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കിടയില്‍ അല്‍പ്പം സന്തോഷം നല്‍കുന്ന ചിലതാണ് കൊറ്റന്‍ കുളങ്ങരയില്‍ എത്തിയപ്പോള്‍ ഉണ്ടായത് എന്ന് സീമ പറഞ്ഞു.

‘അതിനു ശേഷം തിരികെയെത്തിയ സമയമാണ് മനസ്സു വേദനിപ്പിച്ച മറ്റൊന്നുകൂടിയുണ്ടായത്. അമ്മയും അച്ഛനും വിവാഹബന്ധം വേര്‍പെടുത്തി. അതോടെ പഠനം പൂര്‍ണ്ണമായും നിലച്ചു. ഇനിയെന്ത് എന്നുള്ള ചോദ്യം എന്നെ അലട്ടാന്‍ തുടങ്ങി.

എന്നെപ്പോലെയുള്ള ഒരു സുഹൃത്ത് അപ്പോള്‍ ഹോംനഴ്‌സ് ആയി ജോലി നോക്കുന്നുണ്ടായിരുന്നു, തൃശൂരിലെ ഒരു വീട്ടില്‍. അവര്‍ ജോലിക്ക് നില്ക്കുന്ന വീട്ടില്‍ രണ്ടു പേരുടെ ആവശ്യമുണ്ടായിരുന്നു. പ്രായമായ ഒരു അപ്പാപ്പനെ പരിചരിക്കണം. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരാള്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ മറ്റയാള്‍ അപ്പാപ്പന്റെ കാര്യങ്ങള്‍ നോക്കും. രണ്ടാമത്തെയാള്‍ പോയതോടെ അയാള്‍ക്ക് ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ പറ്റാതെയായി. അപ്പോഴാണ് എന്നെ വിളിക്കുന്നത്. വീട്ടില്‍ പറഞ്ഞപ്പോള്‍ ഒരു തരത്തില്‍ അംഗീകരിക്കുന്നുമില്ല.

വേറെ മാര്‍ഗ്ഗം ഒന്നുമില്ല. എന്നാല്‍ മുന്നോട്ടു പോയേ പറ്റൂ എന്ന അവസരത്തില്‍ ഞാന്‍ ആ ജോലി ഏറ്റെടുത്തു. ഞങ്ങള്‍ ഒരുമിച്ച് ആ വീട്ടിലെ കാര്യങ്ങള്‍ ചെയ്തു.ആദ്യമൊക്കെ പൊരുത്തപ്പെടാന്‍ പ്രയാസമായിരുന്നു എങ്കിലും പിന്നീട് ഞാന്‍ ജോലി ഇഷ്ടപ്പെടാന്‍ തുടങ്ങി. അവിടെ ഞാന്‍ എന്റെ വ്യക്തിത്വത്തിനനുസരിച്ചു ജീവിച്ചു. വസ്ത്രധാരണം ചെയ്തു. മൂന്നു മാസം അവിടെ നിന്നു. ലീവിന് പോയ ആള്‍ തിരികെ എത്തിയപ്പോഴേക്കും ഞാന്‍ ഒരുപാടു മാറിയിരുന്നു. ഞാന്‍ എന്നെ മനസ്സിലാക്കിത്തുടങ്ങിയിരുന്നു.

ഹോംനഴ്‌സുകളെ സപ്ലൈ ചെയ്തിരുന്ന ഏജന്‍സി വഴി എനിക്ക് മറ്റൊരു വീട്ടില്‍ ജോലി കിട്ടി. രണ്ടു വര്‍ഷത്തോളം ഞാന്‍ ആ മേഖലയില്‍ത്തന്നെ നിന്നു. അതിനിടയില്‍ ഒരു ദിവസം സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് ഒരാള്‍ അടുത്തു വന്നു ചോദിക്കുന്നത് ‘സ്റ്റേജ് പ്രോഗ്രാമിനൊക്കെ പോകാറുണ്ടോ’ എന്ന്.

എനിക്കാകട്ടെ സ്‌കൂളിലും മറ്റും സ്റ്റേജില്‍ കയറിയിട്ടുള്ള അനുഭവം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

‘കൊച്ചിന്‍ കൈരളി എന്ന ഗ്രൂപ്പിലെ അംഗമാണ് ഞാന്‍ . ട്രൂപ്പിലേക്ക് വരാന്‍ താത്പര്യമുണ്ടോ ‘എന്ന് അയാള്‍ ചോദിച്ചു. ഞാന്‍ വരാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. എന്റെ നമ്പര്‍ ആ വ്യക്തി വാങ്ങിയിട്ടു പോയി. ഒന്നും നടക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നുമില്ല.

അതിനിടയില്‍ ഞാന്‍ രണ്ടോ മൂന്നോ വീടുകളില്‍ നിന്നു. ഓരോയിടത്തു നിന്നും ഓരോ തരത്തിലുള്ള അനുഭവങ്ങള്‍. ചിലയിടത്ത് പ്രായമുള്ളവരെ അവഗണിക്കുന്ന മക്കള്‍, എസി റൂമില്‍ കിടന്നിട്ട് അച്ഛനമ്മമാരെ തകര ഷെഡില്‍ തള്ളുന്നവര്‍ എന്നിങ്ങനെ പലതും കണ്ടു.

ആറു മാസങ്ങള്‍ക്ക് ശേഷം തൃശൂര്‍ മിഷന്‍ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടുള്ള ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ ആണ് എന്റെ നമ്പര്‍ വാങ്ങിയ ആളുടെ കോള്‍ വരുന്നത്. ഫോട്ടോ സെഷനു വരാന്‍ പറഞ്ഞുകൊണ്ട്. കോസ്റ്റ്യൂം ഒക്കെ വാങ്ങണമായിരുന്നു. ഒരു വിധത്തില്‍ എല്ലാം തപ്പിയെടുത്ത് അതിനു പോയി. അവര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ കൊച്ചിന്‍ കൈരളിക്കു വേണ്ടി സ്റ്റേജില്‍ കയറി. 2006-07ല്‍ 10 ഓളം പ്രോഗ്രാമുകള്‍ ചെയ്തു.

അപ്പോഴേക്കും പല ട്രൂപ്പുകളില്‍ നിന്നും ബന്ധങ്ങളായി. അതോടെ ഹോംനഴ്‌സിംഗില്‍ ഒരു ബ്രേക്ക് വന്നു. അടുത്ത വര്‍ഷം വേറെ ട്രൂപ്പ് വേറെ പ്രോഗ്രാമുകള്‍. ആകെ തിരക്കിലേക്ക് വീണു. അതിനിടയില്‍ ആണ് പ്രണയത്തില്‍ ആകുന്നതും വിവാഹവും.

പ്രണയം; വിവാഹം

സൂര്യാ ടിവിയില്‍ രസികരാജ നമ്പര്‍ വണ്‍ വരുന്നത് അപ്പോഴാണ് . അതാണ് എന്റെ ആദ്യ ടിവി പ്രോഗ്രാം.

പ്രോഗ്രാമിന്റെ ഇടവേളകളില്‍ എപ്പോഴോ എനിക്കൊരു ഫോണ്‍ വന്നു. പ്രോഗ്രാം നന്നായിരുന്നു എന്ന് അഭിനന്ദനം അറിയിക്കാന്‍ ആയിരുന്നു കോള്‍. ഞാന്‍ അത്രത്ര കാര്യമായിട്ടെടുത്തില്ല. വീണ്ടും അതേ വ്യക്തിയുടെ ഫോണ്‍ വന്നു. എന്നെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചു. വീട്ടുകാരെക്കുറിച്ച് അറിഞ്ഞു.

എന്നും വിളിക്കുമായിരുന്നു. എന്നെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. തെറ്റിധാരണകള്‍ പലര്‍ക്കും ഉണ്ടാവാം. കാരണം സെക്ഷ്വല്‍ ആയ റിലേഷന്‍ ഇല്ലാതെ ഒരു ബന്ധം മുന്നോട്ടു പോകില്ല എന്നുള്ള ധാരണ കുറച്ചു പേരുടെ ഉള്ളിലുണ്ട്. എന്നാല്‍ ഞാനും ഭര്‍ത്താവും തമ്മില്‍ ഉള്ളത് മാനസികമായ ഒരു അടുപ്പമാണ്. ഒരു കൂട്ട്.

2008ല്‍ ആണ് ഞങ്ങള്‍ വിവാഹിതരാകുന്നത്. തൃശൂര്‍ തന്നെയുള്ള ഒരു ക്ഷേത്രത്തില്‍ വച്ച്. അതിനു ശേഷം ഞാന്‍  പൂര്‍ണ്ണമായും വീട്ടില്‍ നിന്നും അകന്നു.

അദ്ദേഹം ഇപ്പോള്‍ തൃശൂര്‍ ആണ്. തിരുവനന്തപുരത്തു തന്നെ ഞങ്ങള്‍ ഒരു വീട് വാടകയ്ക്ക് എടുത്തു. ആദ്യം പട്ടത്ത് ആയിരുന്നു. ഒന്നര വര്‍ഷത്തോളം അവിടെ താമസിച്ചു. അപ്പോഴേക്കും അമൃതാ ടിവിയില്‍ ഡ്യൂപ്പുകളെ മാത്രം പങ്കെടുപ്പിച്ച് സൂപ്പര്‍ ഡ്യൂപ്പ് എന്ന പരിപാടി വന്നു. ഭര്‍ത്താവാണ് അപേക്ഷ അയച്ചത്.

മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ആദ്യത്തെ ഓഡിഷനില്‍ തന്നെ സെലക്റ്റ് ആയി. പ്രതീക്ഷിച്ചില്ലെങ്കിലും രണ്ടാമത്തെതിലും അവര്‍ എന്നെ തെരഞ്ഞെടുത്തു. അവിടെയും കുറേ എപ്പിസോഡുകള്‍. തുടര്‍ന്ന് ഏഷ്യാനെറ്റിലെ കോമഡിസ്റ്റാര്‍ എന്ന പ്രോഗ്രാമിലും. അവര്‍ക്ക് വേണ്ടിയും കുറേഎപ്പിസോഡുകള്‍ ചെയ്തു. അത്യാവശ്യം അറിയപ്പെടുന്ന രീതിയില്‍ എത്തുകയും ചെയ്തു. 2013ല്‍ രാഗരത്‌നയുടെ ബെസ്റ്റ് ഫീമെയില്‍ ഡ്യൂപ്പ് അവാര്‍ഡ് കിട്ടിയിരുന്നു. മറ്റു ചില പുരസ്‌കാരങ്ങളും ലഭിച്ചു.

ഇടയ്ക്ക് കോട്ടയം നസീര്‍ സാറിന്റെ ട്രൂപ്പില്‍ പോകുമ്പോഴും ചില ഗള്‍ഫ് പരിപാടികള്‍ കിട്ടുമ്പോഴും ഉള്ളത് മാറ്റിനിര്‍ത്തിയാല്‍ വലിയ വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. മറ്റുള്ള ടിവി പ്രോഗ്രാമുകള്‍ക്ക് ഒക്കെ പോയാല്‍ നാലു ദിവസത്തേക്ക് 200-300 രൂപ കിട്ടിയാലായി. അതുകൊണ്ട് സൂപ്പര്‍ ഡ്യൂപ്പിലെ ചില സഹപ്രവര്‍ത്തകരോടൊപ്പം ചെറിയ പ്രോഗ്രാമുകള്‍ ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. അതോടൊപ്പം അര്‍ദ്ധനാരീശ്വരന്‍, ക്യാമറ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

എന്നാല്‍ അതുകൊണ്ടു ജീവിക്കാന്‍ പറ്റില്ല എന്ന് മനസ്സിലായി. പ്രതീക്ഷിച്ചിരുന്നാല്‍ പട്ടിണികിടക്കേണ്ടി വരുമെന്നും. അതോടെ ഒരു ആള്‍ട്ടര്‍നേറ്റീവ്  ഓപ്ഷന്‍ വേണം എന്ന് ചിന്തിക്കാന്‍ തുടങ്ങി. എനിക്ക് സ്വന്തം കാലില്‍ നില്‍ക്കണമായിരുന്നു. അതൊരു വാശിയായി ഉള്ളില്‍ വളരാന്‍ തുടങ്ങി.

ആ വാശിയാണ് തന്നെ മേക്കപ്പ് ഫീല്‍ഡിലേക്ക് എത്തിച്ചതെന്ന് സീമ പറയുന്നു. തന്നെ ഒന്നിനും കൊള്ളില്ല എന്ന് അപമാനിച്ചു പുറന്തള്ളിയ സമൂഹത്തോട് അവര്‍ക്ക് വിളിച്ചു പറയണമായിരുന്നു, താന്‍ ആരാണെന്ന്. മനസ്സിലുറപ്പിച്ച ആ കാര്യം സീമ ലക്ഷ്യത്തില്‍ എത്തിക്കുകയും ചെയ്തു.

ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ താത്പര്യമുണ്ടായിരുന്നു. അതിനായി പോകാന്‍ ഒരുങ്ങി ഇരിക്കുമ്പോള്‍ ആണ്. മേക്കപ്പിനെക്കുറിച്ച് ചിന്തിക്കുന്നത്. ആദ്യം ഞാന്‍ പങ്കെടുത്ത പ്രോഗ്രാം മുതല്‍ ഇന്നു വരെ എന്റെ മുഖത്ത് മറ്റൊരാള്‍ മേക്കപ്പ് ഇട്ടിട്ടില്ല. പക്ഷേ ഞാന്‍ ചെയ്യുന്നതില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടു താനും.

ഒരേയൊരു കുഴപ്പമേ ഉള്ളൂ. അന്നുവരെ ഞാന്‍ മറ്റൊരാള്‍ക്ക് മേക്കപ്പ് ഇട്ടിട്ടില്ല.

അതു പറഞ്ഞപ്പോള്‍ സീമ ചിരിക്കുന്നുണ്ടായിരുന്നു. മേക്കപ്പ് എന്ന കലയിലേക്ക് ഇറങ്ങുമ്പോള്‍ ഉള്ള അവസ്ഥയെപ്പറ്റി അവര്‍ വിശദീകരിച്ചു.

എന്റെ മുഖത്ത് മേക്കപ്പ് ഇട്ടു കുളമായാല്‍ ഞാന്‍ മാത്രം അനുഭവിച്ചാല്‍ മതി. ആരുമൊട്ടു പ്രശ്‌നം ഉണ്ടാക്കുകയുമില്ല. എന്നാല്‍ അതുപോലെയല്ല മറ്റൊരാളുടെ മുഖത്ത്. ഒന്നു പിഴച്ചാല്‍ ഫീല്‍ഡില്‍ നിന്നും ഔട്ട് ആകും.

ആദ്യം ബെംഗളുരു അടുത്തത് ഹൈദരാബാദ് പിന്നീട് മുംബൈ എന്നിവിടങ്ങളില്‍ പഠനം. അത് കഴിഞ്ഞപ്പോഴാണ് ശരിക്കുമുള്ള വെല്ലുവിളി മനസ്സിലായത്. എനിക്ക് ആരു വര്‍ക്ക് തരും? എവിടെപ്പോയി ചോദിക്കും?

അസിസ്റ്റ് ചെയ്യാന്‍ വന്നോട്ടെ എന്ന് പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളോടു പലരോടും ഞാന്‍ ചോദിച്ചു. അവരൊക്കെ എന്നെ ഒഴിവാക്കുകയായിരുന്നു. പ്രോഡക്റ്റുകള്‍ ഏതൊക്കെ വേണം, എവിടെനിന്നു വാങ്ങണം എന്നൊക്കെ നേരിട്ടറിയാവുന്ന ആര്‍ട്ടിസ്റ്റുകളോടും സജഷന്‍ ചോദിച്ചു. ആരും പറഞ്ഞു തന്നതുപോലുമില്ല.

കൂടാതെ ഫെയ്മസ് മേക്കപ്പ് പ്രൊഡക്റ്റുകളുടെ കമ്പനികളില്‍ ഭര്‍ത്താവിനെക്കൊണ്ട് നേരിട്ടു വിളിപ്പിച്ചും നെറ്റില്‍ നിന്നെടുത്തും സ്റ്റോറുകള്‍ എവിടെയെന്നു കണ്ടെത്തി.

പിന്നെ വേറൊന്നും ആലോചിച്ചില്ല. മേക്കപ്പ് സാമഗ്രികളെപ്പറ്റിയും രീതികളെപ്പറ്റിയും കൂടുതല്‍ പഠിക്കണം എന്നുറപ്പിച്ച് മുംബൈയിലെക്ക് വിമാനം കയറി. അതിനും കുറച്ചു കാശ് ഒപ്പിക്കേണ്ടി വന്നു. എങ്കിലും ഞാന്‍ പോയി സാധനങ്ങള്‍ വാങ്ങി.

നാട്ടില്‍ വന്നു കുറച്ച് ഈവന്റ് മാനെജ്‌മെന്റ് കമ്പനികളില്‍ കോണ്ടാക്റ്റ് ചെയ്തു. അതില്‍ ഒരിടത്ത് നിന്നും എനിക്ക് ഗ്രീന്‍ സിഗ്‌നല്‍ കിട്ടി. ഒരു ക്ലൈന്റിനെ ലഭിച്ചു. തിരുവനന്തപുരത്തുതന്നെ ആയിരുന്നു ഫംഗ്ഷന്‍. ആദ്യ ശ്രമം വിജയിച്ചു. പിന്നീട് അവരില്‍ നിന്നാണ് എനിക്ക് മറ്റുള്ള ക്ലൈന്റ്‌റുകളെ കിട്ടുന്നത്. ഇപ്പോള്‍ ഈ ഫീല്ഡില്‍  ഇറങ്ങിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. നിലവിലെനിക്ക്  മൂന്നു സ്റ്റാഫ് ഉണ്ട്. അവരൊക്കെ എന്നെ മനസ്സിലാക്കി കൂടെ നില്ക്കുന്നു’-സീമ പറഞ്ഞു നിര്‍ത്തി. 

സീമയുടെ മേക്കപ്പ് ലോകത്തെക്കുറിച്ച്

കേരളത്തില്‍ നിന്നും മാത്രമല്ല സീമയെത്തേടി ക്ലൈന്റ്‌സ് എത്താറുള്ളത്. ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നു കൂടാതെ യുഎസ് പോലെയുള്ള വിദേശരാജ്യങ്ങളില്‍ ഉള്ള മലയാളികളും വിവാഹ ദിവസങ്ങളിലും മറ്റു വിശേഷ അവസരങ്ങളിലും തങ്ങള്‍ക്ക് ഭംഗി കൂട്ടുവാന്‍ സീമയുടെ സര്‍വ്വീസ് ആവശ്യപ്പെടുന്നു.

തിരുവനന്തപുരം സ്വദേശിയായ അഖിലയുടെ വിവാഹം കഴിഞ്ഞിട്ട് അധികനാള്‍ ആയിട്ടില്ല. വിവാഹദിനത്തിലും അതിനോടനുബന്ധിച്ചും അഖിലയ്ക്ക് മേക്കപ്പ് ചെയ്തത് സീമയായിരുന്നു.

വധുവിനെ കൂടുതല്‍ മനോഹരിയാക്കുക എന്നത് ജോലിയെന്നതില്‍ ഉപരി ഒരു പാഷന്‍ ആയാണ് സീമ കാണുന്നത്. ഓരോരുത്തരുടെയും ചര്‍മ്മത്തിനും അതിന്റെ നിറത്തിനും അനുസരിച്ച് അവര്‍ക്കിണങ്ങിയ രീതിയും മേക്കപ്പ് വസ്തുക്കളും തെരഞ്ഞെടുക്കുന്നതില്‍ ട്രെയിനിംഗ് ലഭിച്ചിട്ടുണ്ട് . സീമയുടെ രീതികള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവര്‍ നല്ലൊരു കേള്‍വിക്കാരിയും കസ്റ്റമര്‍ക്ക് ആവശ്യമുള്ളത് തിരിച്ചറിയാനും അവരുടെ സംതൃപ്തി ഉറപ്പാക്കാനും ശ്രമിക്കുകയും ചെയ്യുന്നയാളുമാണ്” വധുവിന്റെ അമ്മ ബീന പറയുന്നു.

 

ഇത് ഒരാളുടെ അഭിപ്രായമല്ല. യുഎസ് മലയാളിയായ ദിവ്യയ്ക്കും ഇതേ അഭിപ്രായമാണ്. വധുവിനു മാത്രമല്ല മറ്റെല്ലാവര്‍ക്കും സീമ ചെയ്ത വര്‍ക്ക് ഇഷ്ടമായി എന്നാണ് ദിവ്യ പറയുന്നത്. അങ്ങനെ ഒരുപാടു പേര്‍.

പ്രൊഫഷനില്‍ വിജയം കൈവരിക്കാന്‍ സാധിച്ചെങ്കിലും സമൂഹത്തില്‍ പലപ്പോഴും അവഗണന നേരിടേണ്ടി വരാറുണ്ട് എന്നും ഇപ്പോഴും തങ്ങളോടുള്ള  സമീപനം മാറിയിട്ടില്ല എന്ന് സീമ പറയുന്നു.

‘പുറത്തിറങ്ങിയാല്‍ ഇപ്പോഴും ഞങ്ങളെ അവജ്ഞയോടെ നോക്കുന്നവര്‍ കുറവല്ല. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴൊക്കെ ഞാന്‍ ഒറ്റപ്പെട്ട കടകളില്‍ പോകാറില്ല. കാരണം മറ്റൊന്നുമല്ല. അത്തരം ഇടങ്ങളില്‍ അതിക്രമത്തിനിരയാകേണ്ടി വരും, കളിയാക്കലുകള്‍ നേരിടേണ്ടി വരും. എന്നാല്‍ വലിയ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ട്. കസ്റ്റമര്‍ ആണാണോ പെണ്ണാണോ ട്രാന്‌സ്‌ജെന്‍ഡര്‍ ആണോ എന്നൊന്നും അവര്‍ നോക്കാറില്ല. ഒരു പക്ഷേ മനസ്സില്‍ ഉണ്ടെങ്കിലും പുറത്തു കാട്ടാറില്ല. മറ്റുള്ളയിടങ്ങളില്‍ ഞങ്ങളെപ്പോലുള്ളവരെ പലതരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ട്.

കൂടുതലും പുരുഷന്മാര്‍ ആണ് മോശമായി പെരുമാറിയിട്ടുള്ളത്. ഒരു പുരുഷന്‍ ഒറ്റയ്ക്ക് ആണെങ്കില്‍ ഒരു പക്ഷേ അതിനു ശ്രമം ഉണ്ടാകാറില്ല. എന്നാല്‍ സമാന ചിന്താഗതിക്കാരായ ഒന്നോ രണ്ടോ പേര്‍ കൂടി ചേരുമ്പോള്‍ അതാവില്ല നടക്കുക. ചിലപ്പോള്‍ വാക്കാല്‍ മറ്റു ചിലപ്പോള്‍ ശാരീരികമായി. എല്ലാവരും അത്തരക്കാര്‍ ആണെന്നല്ല പറഞ്ഞു വരുന്നത്. മോശം സ്വഭാവമുള്ള ചിലര്‍ കാരണം മുഴുവന്‍ പുരുഷന്മാരുടേയും പേരിനാണ് കേടുണ്ടാവുക. സ്ത്രീകള്‍ അനുഭാവപൂര്‍ണ്ണമായാണ് മിക്കപ്പോഴും പെരുമാറുക.

ഞങ്ങളും മനുഷ്യര്‍ തന്നെയാണ്. വ്യത്യസ്തര്‍ ആണെന്നു മാത്രം. അവഗണിക്കേണ്ടവരല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്ഥാനം തന്നാല്‍ മാത്രം മതി‘.’

പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ മൊബൈലില്‍ മെസ്സേജ് വരുന്നുണ്ടായിരുന്നു, പുതിയ ക്ലൈന്റ്സ് ബുക്കിംഗിനായി സമീപിക്കുന്നു.

അടുത്തു തന്നെയിരുന്ന സാംസംഗ് ഗ്യാലക്‌സി ടാബില്‍ നോക്കി സീമ ഡേറ്റ് ചെക്ക് ചെയ്തു മറുപടി നല്കി.

വീണ്ടും തിരക്കുകളിലേക്ക്… കോളുകള്‍, മെസ്സേജുകള്‍…

അവര്‍ മുന്നോട്ടു പോവുകയാണ്. താന്‍ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി..ട്രാന്‍സ്ജെന്‍ഡര്‍ എന്നാല്‍ ഒതുക്കി, അവഗണിച്ചു നിര്‍ത്തേണ്ടവര്‍ അല്ല എന്ന് സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കാന്‍…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍