UPDATES

ട്രെന്‍ഡിങ്ങ്

എബിവിപി അക്രമത്തിനെതിരെ പ്രതികരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ കളിയാക്കി സേവാഗും രണ്‍ദീപ് ഹൂഡയും

‘എന്റെ പിതാവിനെ കൊന്നത് പാകിസ്ഥാനല്ല, യുദ്ധമാണ് അദ്ദേഹത്തെ കൊന്നത്,’ എന്ന ഗുര്‍മെഹറിന്റെ ട്വിറ്ററിനെയാണ് ഇരുവരും കളിയാക്കിയിരിക്കുന്നത്

എബിവിപിയുടെ കാമ്പസ് അക്രമത്തിനെതിരെ പോസ്റ്റിട്ട ഡല്‍ഹി സര്‍കലാശാല വിദ്യാര്‍ത്ഥിയും കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളുമായ ഗുര്‍മെഹര്‍ കൗറിനെ കളിയാക്കി വീരേന്ദ്ര സേവാഗും ഹോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയും രംഗത്ത്. എബിവിപിയെ എതിര്‍ത്തതിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ 20 വയസുകാരിയായ ഗുര്‍മെഹറിനെ ക്രൂരമായ ട്രോളിംഗിന് ഇരയാക്കുന്നതിനിടെയാണ് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന സെവാഗ് അവരെ കളിയാക്കി രംഗത്തെത്തിയത്.


‘എന്റെ പിതാവിനെ കൊന്നത് പാകിസ്ഥാനല്ല, യുദ്ധമാണ് അദ്ദേഹത്തെ കൊന്നത്,’ എന്ന ഗുര്‍മെഹറിന്റെ പോസ്റ്റിന്റെ മാനുഷിക വ്യാപ്തി മനസിലാക്കാന്‍ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന് സാധിച്ചില്ല എന്ന് അദ്ദേഹത്തിന്റെ കോമാളിത്തരം നിറഞ്ഞ ട്വിറ്റര്‍ സന്ദേശം വ്യക്തമാക്കുന്നു. ‘രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയത് ഞാനല്ല, എന്റെ ബാറ്റാണ്,’ എന്നായിരുന്നു സേവാഗിന്റെ പോസ്റ്റ്. ട്വിറ്ററിലും ഫേസ്ബുക്കിലും പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന പോസ്റ്റുകളെ കളിയാക്കുക കൂടിയായിരുന്നു സേവാഗിന്റെ ലക്ഷ്യമെങ്കിലും അത് ഉയര്‍ത്തിയ സന്ദേശം കൗറിനെതിരെയായിരുന്നു എന്ന് വ്യക്തം. പെട്ടെന്ന് തന്നെ സേവാഗിന് പിന്തുണയുമായി നടന്‍ രണ്‍ദീപ് ഹൂഢ രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.


പക്ഷെ തന്റെ പിതാവിന്റെ മരണത്തെ കുറിച്ചുള്ള കൗറിന്റെ സന്ദേശത്തെ താഴ്ത്തിക്കെട്ടിയ ഇരുവരുടെയും നടപടി മറ്റുള്ളവര്‍ക്ക് അത്ര തമാശയായില്ല തോന്നിയത്. ആഴത്തിലുള്ള വിദ്വേഷം ഇല്ലാതാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയില്ലെങ്കിലും അവരെ കളിയാക്കാനെങ്കിലും ശ്രമിക്കരുതെന്ന് പലരും അഭിപ്രായപ്പെട്ടു. കൗറിന്റെ ദേശസ്‌നേഹത്തിന് അവരുടെ പിതാവിന്റെ ആത്യന്തിക ത്യാഗത്തിന്റെ മുദ്രയുണ്ടെന്നും അതിന് മറ്റുള്ളവരും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ശേഖര്‍ ഗുപ്ത ട്വീറ്റ് ചെയ്തു. എന്നാല്‍ ഒരു പാവം കുട്ടിയെ രാഷ്്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും നിയന്ത്രണരേഖ സംരക്ഷിക്കുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞ ഒരു മനുഷ്യന്റെ പുത്രിയെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ഹുഢ തന്റെ നിലപാടില്‍ ഉറച്ചു നിന്നു. വീരു വലിയ തമാശക്കാരനാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു.


എന്നാല്‍ ഗുര്‍മെഹര്‍ കൗര്‍ വളരെ ധൈര്യമുള്ള പെണ്‍കുട്ടിയാണെന്നും തന്റെ മനസിലുള്ളത് തുറന്നുപറയുന്ന ചിന്താശേഷിയുള്ള ഒരു വ്യക്തിയാണെന്നും ശേഖര്‍ ഗുപ്ത മറുപടി നല്‍കി. കാര്‍ഗില്‍ സൈനീകന്റെ മരണത്തെ സേവാഗ് അവഹേളിച്ചതിന് പുറമെ ചിന്താശേഷിയില്ലാത്ത പെണ്‍കുട്ടിയാണ് താന്‍ എന്ന ഹൂഢയുടെ അഭിപ്രായം കൂടി വന്നതോടെ ഗുര്‍മെഹര്‍ തന്നെ രംഗത്തെത്തി. ‘രാഷ്ട്രീയ കരു? എനിക്ക് ആലോചനാശേഷിയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തുന്നതിനെ പിന്തുണയ്ക്കാന്‍ എനിക്കാവില്ല..അത് തെറ്റാണോ?’ എന്ന് കൗര്‍ ഹൂഢയോട് ചോദിച്ചു. വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ് രംഗം മയപ്പെടുത്താന്‍ ഹുഢ ശ്രമിക്കുന്നതിനിടിയില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പേരുകേട്ട കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജ്ജു രംഗത്തെത്തി. ‘ആരാണ് ഈ ചെറിയ കുട്ടിയുടെ മനസില്‍ വിഷം വിതയ്ക്കുന്നത്?. ശക്തമായ ഒരു സായുധ സേന യുദ്ധം തടയുന്നു. ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ ദുര്‍ബലമായ ഇന്ത്യയെ പലരും ആക്രമിച്ചിട്ടുണ്ട്,’ എന്നായിരുന്നു റിജ്ജുവിന്റെ ട്വീറ്റ്.


റിജ്ജുവിന്റെയും ഹൂഢയുടെയും സന്ദേശങ്ങളില്‍ നിന്നും രണ്ട് കാര്യങ്ങളാണ് വ്യക്തമാകുന്നത്. സര്‍ക്കാരിനെയോ എബിവിപിയെയോ ആര് ചോദ്യം ചെയ്താലും അത് വ്യക്തമായ രാഷ്ട്രീയമാണെന്നും പെണ്‍കുട്ടികള്‍ക്ക് രാഷ്ട്രീയ ചിന്തകള്‍ ഉണ്ടാവുന്നത് തെറ്റാണെന്നും. തന്റെ പിതാവിന്റെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് കൗറിന്റെ പോസ്റ്റ് സഹായിക്കുക എന്ന് പറയുമ്പോള്‍ യുദ്ധവും അതിന്റെ നഷ്ടങ്ങളും എപ്പോഴും രാഷ്ട്രീയമാണ് എന്ന് തിരിച്ചറിയാനുള്ള യുക്തയാണ് ഹൂഢയ്ക്ക് നഷ്ടമാകുന്നത്. പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ മരിച്ചുവീഴുമ്പോള്‍ സര്‍ക്കാരിനെയോ സൈന്യത്തെയോ ചോദ്യം ചെയ്യരുത് എന്ന ബിജെപി യുക്തി തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. ഇതില്‍ അത്ഭുതത്തിന് അവകാശമില്ലെന്നും ട്വിറ്റര്‍ സംവാദത്തില്‍ പങ്കെടുത്ത ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഹരിയാനയില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം തേടുകയാണ് അദ്ദേഹത്തിന്റെ അമ്മയും സാമൂഹിക പ്രവര്‍ത്തകയുമായ ആഷ ഹൂഢ.


കൂടുതല്‍ അപകടകരമാണ് റിജ്ജുവിന്റെ ഇടപെടല്‍. എബിവിപിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ബലാല്‍സംഗം, വധ ഭീഷണികള്‍ നേരിടുകയാണ് ഗുര്‍മെഹര്‍ കൗര്‍. ഉത്തരവാദിത്വപ്പെട്ട ഒരു കേന്ദ്ര മന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു സന്ദേശം കൂടി വരുന്നതോടെ വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍