UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയ സമരം; എന്തുകൊണ്ട് സര്‍ക്കാര്‍ സമവായത്തിലെത്തണം?

Avatar

കെ എ ആന്‍റണി

സ്വാശ്രയ വിഷയത്തിൽ യുഡിഎഫ് എംഎല്‍എമാർ നിയമസഭാ കവാടത്തിൽ നടത്തിവരുന്ന നിരാഹാര  സമരം എങ്ങുമെത്താതെ തുടരുകയാണ്. സഭയ്ക്കുള്ളിലെ യുഡിഎഫ് പ്രതിഷേധവും അങ്ങനെ തന്നെ. സമരം ആരംഭിച്ചുപോയ സ്ഥിതിക്ക് വെറുതെയങ്ങു പിൻവാങ്ങാനില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും കൂട്ടരും. അതേസമയം സ്വാശ്രയ മാനേജ്മെന്റുകളുടെ മെഡിക്കൽ- ഡെന്റൽ അഡ്മിഷൻ കാര്യത്തിൽ തങ്ങൾ ഉണ്ടാക്കിയ കരാർ തത്കാലം സുപ്രീം കോടതി ശരിവച്ച സ്ഥിതിക്ക് യാതൊരുവിധ വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന നിലപാടിലാണ് സർക്കാർ. ഇരുവിഭാഗവും പിടിവാശി തുടരുമ്പോൾ ജനകീയവും നാടിൻറെ വികസനവുമായി ബന്ധപ്പെട്ടതുമായ ഒട്ടേറെ തീരുമാനങ്ങൾ എടുക്കേണ്ട ഒരു സമ്മേളനമാണ് പ്രതിസന്ധിയിലാകുന്നത്.

വേണ്ടത്ര ഗൃഹപാഠം നടത്താതെയാണ് യുഡിഎഫ് ഈ സമരം ആരംഭിച്ചത് എന്ന് പറയാതെ വയ്യ. യൂത്ത് കോൺഗ്രസ്സുകാർ തട്ടിക്കൂട്ടി തുടങ്ങിവച്ച ഒരു സമരം പിന്നീട് യുഡിഎഫ് ഏറ്റെടുക്കുകയായിരുന്നു. സാധാരണഗതിയിൽ വിദ്യാർത്ഥി സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ സമരം കാമ്പസുകളിൽ നിന്നാണ് തുടങ്ങുക. പിന്നീട് അത് യുവജനസംഘടനകളും രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കുന്നു. ഇവിടെ കാര്യങ്ങൾ തലതിരിഞ്ഞാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ എല്ലാ പോരായ്മയും ഈ സമരത്തിൽ കാണാനുണ്ടുതാനും. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. 

എന്തായാലും സമരം ഏറ്റെടുത്തു പുലിവാല് പിടിച്ച അവസ്ഥയിലാണ് രമേശ് ചെന്നിത്തലയും കൂട്ടരും. യുഡിഎഫ് വിട്ട മാണി കോൺഗ്രസ്സ് നിശബ്ദ പിന്തുണ നല്കിയിട്ടു പോലും സമരം എങ്ങും എത്തിക്കാൻ ആവാത്ത അവസ്ഥ.  സര്‍ക്കാരാവട്ടെ കടുംപിടുത്തം തുടരുകയും ചെയ്യുന്നു. പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്നുകഴിഞ്ഞതിനാൽ സമരം ഒരുപാട് നാൾ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് പ്രതിപക്ഷത്തിന് നന്നായി അറിയാം. അതുകൊണ്ട് സമരം വീണ്ടും തെരുവിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. നാളെ നിയോജക മണ്ഡല അടിസ്ഥാനത്തിൽ സമരം നടത്താനുള്ള തീരുമാനം ഇതിന്റെ  ഭാഗമായി തന്നെ വേണം കാണാൻ.

സർക്കാർ ദുരഭിമാനം വെടിയണമെന്നും ജനങ്ങളെയും പൊതു സമൂഹത്തെയും വിശ്വാസത്തിലെടുക്കണമെന്നും ആണ് ചെന്നിത്തല ഇപ്പോൾ പറയുന്നത്. ചുരുങ്ങിയ പക്ഷം സിപിഎം ഭരണ സമിതിയുടെ കീഴിലുള്ള പരിയാരം മെഡിക്കൽ കോളേജിലെ ഫീസെങ്കിലും കുറയ്ക്കണം എന്ന ഒരു ആവശ്യവും പ്രതിപക്ഷത്തെ ചിലർ ഉന്നയിക്കുന്നുണ്ട്. സുപ്രീം കോടതി ഉത്തരവ് പരിയാരത്തിനും ബാധകമാണെങ്കിലും അവിടുത്തെ ഫീസിൽ മാറ്റം വരുത്തി സർക്കാരിന് ഈ സമരം അവസാനിപ്പിക്കാവുന്നതേ ഉള്ളു.

അങ്ങനെ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കടക്കെണിയിലായ പരിയാരം കോളേജിനെ കൂടുതൽ പ്രതിസന്ധിയിലാക്കാനേ അത് ഉപകരിക്കൂ എന്നുമൊക്കെ സർക്കാർ വാദിച്ചേക്കാം. ഇതുവരെ മിണ്ടാതിരുന്ന യുവമോർച്ചക്കാർ ഇന്നുമുതൽ സമരത്തിനിറങ്ങുന്നുവെന്ന കാര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂട.   

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍